ഇപ്പോഴും മറക്കാനാവുന്നില്ല, ആ നന്മ ജീവിതവും അവസാന കൂടിക്കാഴ്ചയും

എപ്പോഴും ജീവിതത്തിന്റെ സന്നിഗ്ദ്ധ ഘട്ടങ്ങളിലെല്ലാം ഉപദേശ നിര്‍ദ്ദേശങ്ങള്‍ നല്‍കി എന്നെ ഏറെ സഹായിക്കുകയും സാന്ത്വനിപ്പിക്കുകയും ചെയ്തു വന്നിരുന്ന ഫോര്‍ട്ട് റോഡ് ടി.എ. അഹമദ്കുഞ്ഞി ഹാജിയുടെ വിയോഗം വ്യക്തിപരമായി എന്റെ വലിയ നഷ്ടങ്ങളിലൊന്നാണ്. തന്നെ സമീപിക്കുന്ന ഏത് ദുരനുഭവത്തെയും നേരിടുന്ന ആ ടെയിക് ഇറ്റ് ഈസി രീതി ഞാന്‍ പലപ്പോഴും അനുകരിക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ട ഒന്നാണ്. ആ അഭാവത്തിന്റെ ഈ കാലമത്രെയും ഞാന്‍ പലപ്പോഴും മുഖാമുഖം കണ്ടതാണ്. അത്രക്കും ഒരടുപ്പം ഞങ്ങള്‍ക്കിടയില്‍ നില നിന്നിരുന്നു. അത് മരണാനന്തരമാണ് കൂടുതല്‍ […]

എപ്പോഴും ജീവിതത്തിന്റെ സന്നിഗ്ദ്ധ ഘട്ടങ്ങളിലെല്ലാം ഉപദേശ നിര്‍ദ്ദേശങ്ങള്‍ നല്‍കി എന്നെ ഏറെ സഹായിക്കുകയും സാന്ത്വനിപ്പിക്കുകയും ചെയ്തു വന്നിരുന്ന ഫോര്‍ട്ട് റോഡ് ടി.എ. അഹമദ്കുഞ്ഞി ഹാജിയുടെ വിയോഗം വ്യക്തിപരമായി എന്റെ വലിയ നഷ്ടങ്ങളിലൊന്നാണ്. തന്നെ സമീപിക്കുന്ന ഏത് ദുരനുഭവത്തെയും നേരിടുന്ന ആ ടെയിക് ഇറ്റ് ഈസി രീതി ഞാന്‍ പലപ്പോഴും അനുകരിക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ട ഒന്നാണ്. ആ അഭാവത്തിന്റെ ഈ കാലമത്രെയും ഞാന്‍ പലപ്പോഴും മുഖാമുഖം കണ്ടതാണ്. അത്രക്കും ഒരടുപ്പം ഞങ്ങള്‍ക്കിടയില്‍ നില നിന്നിരുന്നു. അത് മരണാനന്തരമാണ് കൂടുതല്‍ ആഴത്തില്‍ മനസിനെ നോവിപ്പിക്കുന്നത്. ഞാന്‍ ആമദ്ച്ച എന്ന് വിളിക്കുന്ന അഹമദ്കുഞ്ഞി ഹാജി സര്‍വ്വോപരി സത്യസന്ധനും ദീനിനെ കേവലം അണിയുന്ന ഒരു കുപ്പായത്തിലപ്പുറം ജീവിതത്തില്‍ പകര്‍ത്തേണ്ട ഒന്നാണെന്ന് പ്രായോഗികമായി കാണിച്ചു തന്ന വ്യക്തി കൂടിയാണ്. അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ആ ഒടുവിലത്തെ ദിനവും രാവിലെ പതിവ് പോലെ ഹോട്ടലില്‍ വന്നിരുന്നു. അതാണ് മനസ്സില്‍ മായാത്ത, കൂടുതല്‍ നൊമ്പരപ്പെടുത്തുന്ന ഓര്‍മ്മ. അദ്ദേഹത്തിന്റെ സ്വാഭാവികമായ ചിരിയും പ്രസരിപ്പും ഇടകലര്‍ന്ന സംസാര രീതിയുമായി തന്നെ. കഴിഞ്ഞ 2022ലെ ആഗസ്ത് 21, ഒരു ഞായറാഴ്ചയിരുന്നു അത്. ഹോട്ടലില്‍ പതിവിന് വിപരീതമായി, തിരക്കല്‍പ്പം കുറവായിരുന്നു. കൗണ്ടറിനടുത്ത് നിന്ന് സംസാരിച്ച് കൈ തന്ന് സലാം പറഞ്ഞ് പിരിഞ്ഞ ആമദ്ച്ച.
ആമദ്ച്ചയുടെ മകന് എന്റെ മകളെ വിവാഹം ചെയ്തു കൊടുത്തതോടെയാണ് ഞങ്ങള്‍ക്കിടയില്‍ സൗഹൃദത്തിന് പുറമെ കുടുംബബന്ധം കൂടി ചേര്‍ക്കപ്പെടുന്നത്. ആരെയും സൗഹൃദത്താലടുപ്പിക്കുന്ന സ്നേഹ മസൃണമായ സംസാരരീതിയും അണച്ചു പിടിക്കലും. ആമദ്ച്ചയെ കുറിച്ചുള്ള ഓര്‍മ്മകള്‍ക്കൊപ്പം, ഇപ്പോഴും മനസിന് ഒരു കുളിരായി പിന്തുടരുന്നുണ്ട്. ആ ഓര്‍മ്മ ഇപ്പോള്‍ എന്നെ പുണരുന്നത് സ്നേഹത്തിന്റെ ഒരു നറുനനവിലൂടെയാണ്. ആമദ്ച്ചാന്റെ ജനാസ നിസ്‌ക്കാരത്തിന് എത്തിയ ഒരു വന്‍ജനാവലി എന്റെ ഓര്‍മ്മയില്‍ തെളിയുന്നു. ആ സൗഹൃദ മണ്ഡലത്തിന്റെ വിശാലത, ആ സ്നേഹസ്പര്‍ഷം അതാണതിന് പിന്നിലെന്ന് ഞാനിപ്പോഴോര്‍ക്കുന്നു. ആമദ്ച്ചയുമായി ജീവിതത്തിന്റെ ഏതെങ്കിലുമൊരു ദശയില്‍ ഒരിക്കലെങ്കിലും ബന്ധം സ്ഥാപിച്ചവര്‍ക്ക് പിന്നെയത് അറ്റു മുറിക്കാനാവാത്ത ഒന്നായി തീരുന്നു. ഞാന്‍ ഒരിക്കല്‍ ഉംറ നിര്‍വ്വഹിച്ചത് അദ്ദേഹത്തോടൊപ്പമായിരുന്നു. ഒരു റമദാന്‍ മാസം മുഴുവന്‍ മക്കയിലും മദീനയിലുമായി ആമദ്ച്ചയോടൊപ്പം ചെലവഴിച്ച എനിക്ക് വല്ലാത്ത ഊര്‍ജ്ജം നല്‍കിയ ഒന്നാണ് ആ സൗഹൃദം. എല്ലായിടത്തും ഓടി നടക്കാനും ഉപദേശ നിര്‍ദ്ദേശങ്ങള്‍ നല്‍കാനും ആമദ്ച്ച ഞങ്ങളുടെ പരിസരത്ത് തന്നെ എപ്പോഴും ഉണ്ടായിരുന്നു.
ഒരു സഹജീവിക്ക് ചെയ്തു നല്‍കുന്ന സഹായം വലതു കൈ നല്‍കുമ്പോള്‍ ഇടതു കൈ അറിയരുതെന്ന സത്യം മനസില്‍ വെച്ച് കൊണ്ട് തന്നെ ഞാന്‍ പറയട്ടെ, പലപ്പോഴും നിലനില്‍പ്പ് തന്നെ ഭീഷണിയാകുന്ന വിധം ആമദ്ച്ചയുടെ ഭാഗത്ത് നിന്ന് അത് പ്രവഹിച്ചിട്ടുണ്ടെന്ന് എനിക്കറിയാം. താന്‍ സ്വായത്തമാക്കിയ ദീനിപരമായ അറിവിനെ, അദബിനെ തന്റെ ജീവിത്തിലേക്ക്, കുടുംബത്തിലേക്ക് പകര്‍ത്തിയ അദ്ദേഹം അതവിടെ പാലിക്കപ്പെടുന്നത് മനസംതൃപ്തിയോടെ നോക്കിക്കണ്ടിരിക്കണം. അദ്ദേഹം വാര്‍ത്തെടുത്തത്, ഒരു മാതൃകാ കുടുംബം എങ്ങനെയായിരിക്കണമെന്ന്. കൂടെ സാക്ഷികളായവര്‍ക്കും അതൊരു പാഠമാണ്.
സഹോദരങ്ങളോടും ബന്ധുക്കളോടും, അകന്ന ബന്ധു അടുത്ത ബന്ധു അങ്ങനെയൊരു വേര്‍തിരിവ് അദ്ദേഹത്തിന്റെ സ്വഭാവ പരിസരത്ത് ഉണ്ടായിക്കണ്ടില്ല. അതിനും പുറത്ത് ഒരു സര്‍ക്കിളില്‍, സൗഹൃദങ്ങളോടും. തികഞ്ഞ ഇസ്ലാമിക മാനവീകത ചാലിച്ച പെരുമാറ്റം കൊണ്ട്. ആമദ്ച്ച എല്ലാവരെയും കരയിപ്പിച്ചാണ് അവസാനം കടന്നു പോയത്. മഗ്ഫിറത്തിനും മര്‍ഹമത്തിനും പ്രാര്‍ത്ഥിക്കുന്നു.


-ഹനീഫ് ബദരിയ

Related Articles
Next Story
Share it