സാറാ അബൂബക്കര്‍ ഒരു ധീര വനിത

പൗരോഹത്യത്തിനെതിരെയുള്ള സമരത്തില്‍ ഒടുവില്‍ പള്ളിക്കുളത്തില്‍ ചാടി ജീവനൊടുക്കുന്ന ഒരു കഥാനായികയെ കന്നട നോവല്‍ സാഹിത്യത്തിനു നല്‍കിയ എഴുത്തുകാരിയാണ് ഈയിടെ അന്തരിച്ച സാറാ അബൂബക്കര്‍.മലയാള മണ്ണില്‍ ജനിച്ച് കന്നട സാഹിത്യത്തറവാട്ടില്‍ ഉന്നതമായ സ്ഥാനം അലങ്കരിച്ചവരാണവര്‍. മംഗളൂര്‍ യൂനിവേഴ്‌സിറ്റിയും ഹംപി വിശ്വവിദ്യാലയവും ഡോക്ടറേറ്റ് നല്‍കി സാറാ അബൂബക്കറിനെ ആദരിച്ചിരുന്നു. കര്‍ണ്ണാടക സര്‍ക്കാര്‍ നല്‍കി വരുന്ന രാജ്യോത്സവ പുരസ്‌ക്കാരത്തിനും ഇവര്‍ അര്‍ഹയായിരുന്നു. നാലാം ക്ലാസുവരെ മാതൃഭാഷയായ മലയാളത്തിലും തുടര്‍ന്ന് കന്നടയിലും പഠനം തുടര്‍ന്ന ഇവര്‍ വിവാഹ ശേഷം മംഗലാപുരത്തേക്ക് താമസം മാറ്റുകയായിരുന്നു. […]

പൗരോഹത്യത്തിനെതിരെയുള്ള സമരത്തില്‍ ഒടുവില്‍ പള്ളിക്കുളത്തില്‍ ചാടി ജീവനൊടുക്കുന്ന ഒരു കഥാനായികയെ കന്നട നോവല്‍ സാഹിത്യത്തിനു നല്‍കിയ എഴുത്തുകാരിയാണ് ഈയിടെ അന്തരിച്ച സാറാ അബൂബക്കര്‍.
മലയാള മണ്ണില്‍ ജനിച്ച് കന്നട സാഹിത്യത്തറവാട്ടില്‍ ഉന്നതമായ സ്ഥാനം അലങ്കരിച്ചവരാണവര്‍. മംഗളൂര്‍ യൂനിവേഴ്‌സിറ്റിയും ഹംപി വിശ്വവിദ്യാലയവും ഡോക്ടറേറ്റ് നല്‍കി സാറാ അബൂബക്കറിനെ ആദരിച്ചിരുന്നു. കര്‍ണ്ണാടക സര്‍ക്കാര്‍ നല്‍കി വരുന്ന രാജ്യോത്സവ പുരസ്‌ക്കാരത്തിനും ഇവര്‍ അര്‍ഹയായിരുന്നു. നാലാം ക്ലാസുവരെ മാതൃഭാഷയായ മലയാളത്തിലും തുടര്‍ന്ന് കന്നടയിലും പഠനം തുടര്‍ന്ന ഇവര്‍ വിവാഹ ശേഷം മംഗലാപുരത്തേക്ക് താമസം മാറ്റുകയായിരുന്നു. വസ്ത്രങ്ങളുടെ പളപളപ്പിനേക്കാള്‍ അവരിഷ്ടപ്പെട്ടത് പുസ്തകങ്ങളെയായിരുന്നു. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബത്തിലെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ കാര്യങ്ങളില്‍ അവര്‍ ഏറെ ശ്രദ്ധിക്കുകയും ഇടപെടുകയും ചെയ്തിരുന്നു. തന്റെ സമുദായത്തിലെ സ്ത്രീകളുടെ നേര്‍ക്ക് മതമേലാളന്മാര്‍ നടത്തുന്ന കയ്യേറ്റങ്ങള്‍ക്ക് നേര്‍ക്ക് അവര്‍ പ്രതികരിക്കാന്‍ തുടങ്ങി. തുടര്‍ന്ന് ഇതിന്റെ അനുരണങ്ങളൊക്കെയും അവരുടെ സൃഷ്ടികളിലും പ്രതിഫലിക്കാന്‍ തുടങ്ങി. നോവല്‍, ചെറുകഥ, നാടകം, വിവര്‍ത്തനം, ലേഖനങ്ങള്‍ അങ്ങനെ അവര്‍ കൈവെക്കാത്ത മേഖലകളില്ല. 1984ല്‍ ലങ്കേഷ് പത്രികയില്‍ അവരുടെ മാസ്റ്റര്‍ പീസെന്നു തന്നെ വിശേഷിപ്പിക്കാവുന്ന 'ചന്ദ്രഗിരിയ തീരദല്ലി' എന്ന നോവല്‍ ഖണ്ഡശയാ പ്രസിദ്ധീകരിക്കാന്‍ തുടങ്ങി. സമുദായത്തിലെ ദുഷിച്ച പ്രവണതകള്‍ക്കെതിരെയുള്ള തുറന്ന പോരാട്ടം തന്നെയായിരുന്നു അതിലെ കഥാതന്തു. മതമൗലികവാദികള്‍ ഇവര്‍ക്കു നേരെ ചീമുട്ട വരെയെറിഞ്ഞു.
എന്നിട്ടും അവര്‍ തളര്‍ന്നില്ല പിന്നെയും പിന്നെയും അവരുടെ തൂലികക്ക് മൂര്‍ച്ഛ കൂടിയതേയുള്ളു. സാറാ അബൂബക്കറിന്റെ മൂന്ന് നോവലുകളാണ് എന്റെ പിതാവ് പരേതനായ സി.രാഘവന്‍ മാഷ് മലയാളികള്‍ക്ക് പരിചയപ്പെടുത്തിയത്. ചന്ദ്രഗിരിക്കരയില്‍, നഫീസ, ചുഴി.
നാദിറ എന്ന പെണ്‍കുട്ടി, കുടിച്ചു തീര്‍ത്ത കണ്ണീരിന്റെ കഥയാണ് 'ചന്ദ്രഗിരിക്കരയില്‍' നിറഞ്ഞു നില്‍ക്കുന്നത്. വിയര്‍പ്പൊഴുക്കി ജോലി ചെയ്യാത്ത മുഹമ്മദിന്റെ മകളായിപ്പിറന്നതാണ് അവളുടെ ആദ്യത്തെ തെറ്റ്. കല്യാണം കഴിഞ്ഞു പോയതിനു ശേഷവും ഉപ്പ അവളുടെ ജീവിതത്തില്‍ കരിനിഴല്‍ വീഴ്ത്തുന്നു. തന്റെ രണ്ടാമത്തെ മകളുടെ നിക്കാഹിനുള്ള പണം കണ്ടെത്താന്‍ മരുമകന്‍ റഷീദിന്റെ മുമ്പില്‍ അദ്ദേഹം കൈ നീട്ടുന്നു. അവന്‍ തന്റെ നിസ്സഹായാവസ്ഥ പറഞ്ഞപ്പോള്‍ അയാള്‍ ബഹളമുണ്ടാക്കുന്നു. തുടര്‍ന്ന് മരുമകനറിയാതെ മകളെ തന്ത്രപൂര്‍വ്വം വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോകുന്നു. തുടര്‍ന്ന് റഷീദിനെക്കൊണ്ട് നാദിറയുടെ ഉപ്പ മൊഴി ചൊല്ലി വാങ്ങുന്നു. എല്ലാം നാദിറയുടെ ഉപ്പയുടെ പഠിപ്പുകേട്. പക്ഷെ അവര്‍ക്ക് പിരിയാന്‍ കഴിയുന്നില്ല. മൊഴിചൊല്ലിപ്പിരിഞ്ഞവര്‍ വീണ്ടും വിവാഹിതരാകണമെങ്കില്‍ 'ഒയ്യത്ത് മംഗലം' നടക്കണം. ഒരു രാത്രി വേറെ ഒരാളുടെ ഭാര്യയായി ജീവിക്കണം. അതിനുള്ള ഒരുക്കങ്ങള്‍ നടക്കുന്ന രാത്രിയില്‍ നാദിറ പള്ളിക്കുളത്തില്‍ ചാടി ജീവിതം അവസാനിപ്പിക്കുന്നു. ആ മരണം തന്റെ ജീവിതം നശിപ്പിച്ച പൗരോഹിത്യ സമൂഹത്തോടുള്ള സമരമായിരുന്നു.
പുരുഷകേന്ദ്രീകൃതമായ സമൂഹത്തില്‍ ആരോരും ആശ്രയമില്ലാതാക്കുന്ന സ്ത്രീ ജീവിതങ്ങളുടെ നേര്‍ക്കാഴ്ച്ചകളാണ് സാറയുടെ ഒരോ നോവലുകളും. നോവലിന്റെ അവസാന ഭാഗം ഭാവോജ്വലമാണ് 'നിക്കാഹ് ചൊല്ലുന്നത് നാദിറയുടെ കാതുകളിലും പതിഞ്ഞു. അതിലെ ഓരോ ശബ്ദവും ശിരസ്സില്‍ മഴു കൊണ്ട് വെട്ടുന്നത് പോലെ തോന്നി. ബാപ്പയും ഭര്‍ത്താവും ഈ മൗലവിയും കൂടി തന്നെ എന്തിനീ നരകത്തില്‍ തള്ളിയിട്ടു?' എന്നും. ഒടുവില്‍ അവള്‍ പള്ളിക്കുളത്തിനടുത്തുവന്നു, അവളാ വെള്ളത്തിലേക്ക് നോക്കി. നിശ്ചലമായ ജലാശയം. അതില്‍ റഷീദിന്റേയും കുഞ്ഞിന്റേയും മുഖം തെളിഞ്ഞു.
അവള്‍ വെള്ളത്തിലേക്ക് എടുത്തു ചാടി. കുളത്തിലെ ജലരാശി ആകെ പ്രക്ഷുബ്ധമായി. ആകാശം ഇരുണ്ടു. മേഘം ഇരുണ്ടു കൂടി. മഴ ഇടമുറിയാതെ പെയ്തു തുടങ്ങി.'


-ഗിരിധര്‍ രാഘവന്‍

Related Articles
Next Story
Share it