ചന്ദ്രഗിരിപ്പുഴ തേങ്ങുന്നു...
ഈയിടെയായി 'മണിയടി' കേള്‍ക്കുമ്പോള്‍ വല്ലാത്തൊരങ്കലാപ്പാണ്. എന്നിട്ടും ഫോണെടുത്തു; വിളിക്ക് കാതുകൊടുത്തു. അങ്ങേപ്പുറത്ത് സുഹൃത്തിന്റെ ശബ്ദം പതറുന്നു. ദുഃഖവാര്‍ത്തയാണ്: അപ്പോള്‍, ചന്ദ്രഗിരിപ്പുഴയുടെ തേങ്ങലാണോ നേരത്തെ കേട്ടത്? എങ്ങനെ തേങ്ങാതിരിക്കും! തന്റെ പ്രിയപ്പെട്ട 'അയല്‍ക്കാരി'യായിരുന്നല്ലോ ഒരു കാലത്ത് സാറാ അബൂബക്കര്‍ എന്ന എഴുത്തുകാരി. ആ തീരത്ത് നടന്ന ദുരന്തം മാലോകരെ അറിയിച്ച എഴുത്തുകാരി. ആ തൂലിക ചലിക്കാതായിട്ട് കുറച്ചുകാലമായി എന്നറിയാമായിരുന്നു. ഇപ്പോഴിതാ, എന്നന്നേക്കുമായി... ആ ദുഖ വിവരമാണ് സുഹൃത്ത് അറിയിച്ചത്. ഞാന്‍ ഉടനെ സബീനയെ വിളിച്ചു. സാറാ അബൂബക്കറുടെ പുത്രഭാര്യ […]
ഈയിടെയായി 'മണിയടി' കേള്‍ക്കുമ്പോള്‍ വല്ലാത്തൊരങ്കലാപ്പാണ്. എന്നിട്ടും ഫോണെടുത്തു; വിളിക്ക് കാതുകൊടുത്തു. അങ്ങേപ്പുറത്ത് സുഹൃത്തിന്റെ ശബ്ദം പതറുന്നു. ദുഃഖവാര്‍ത്തയാണ്: അപ്പോള്‍, ചന്ദ്രഗിരിപ്പുഴയുടെ തേങ്ങലാണോ നേരത്തെ കേട്ടത്? എങ്ങനെ തേങ്ങാതിരിക്കും! തന്റെ പ്രിയപ്പെട്ട 'അയല്‍ക്കാരി'യായിരുന്നല്ലോ ഒരു കാലത്ത് സാറാ അബൂബക്കര്‍ എന്ന എഴുത്തുകാരി. ആ തീരത്ത് നടന്ന ദുരന്തം മാലോകരെ അറിയിച്ച എഴുത്തുകാരി. ആ തൂലിക ചലിക്കാതായിട്ട് കുറച്ചുകാലമായി എന്നറിയാമായിരുന്നു. ഇപ്പോഴിതാ, എന്നന്നേക്കുമായി... ആ ദുഖ വിവരമാണ് സുഹൃത്ത് അറിയിച്ചത്. ഞാന്‍ ഉടനെ സബീനയെ വിളിച്ചു. സാറാ അബൂബക്കറുടെ പുത്രഭാര്യ […]
ഈയിടെയായി 'മണിയടി' കേള്‍ക്കുമ്പോള്‍ വല്ലാത്തൊരങ്കലാപ്പാണ്. എന്നിട്ടും ഫോണെടുത്തു; വിളിക്ക് കാതുകൊടുത്തു. അങ്ങേപ്പുറത്ത് സുഹൃത്തിന്റെ ശബ്ദം പതറുന്നു. ദുഃഖവാര്‍ത്തയാണ്: അപ്പോള്‍, ചന്ദ്രഗിരിപ്പുഴയുടെ തേങ്ങലാണോ നേരത്തെ കേട്ടത്? എങ്ങനെ തേങ്ങാതിരിക്കും! തന്റെ പ്രിയപ്പെട്ട 'അയല്‍ക്കാരി'യായിരുന്നല്ലോ ഒരു കാലത്ത് സാറാ അബൂബക്കര്‍ എന്ന എഴുത്തുകാരി. ആ തീരത്ത് നടന്ന ദുരന്തം മാലോകരെ അറിയിച്ച എഴുത്തുകാരി. ആ തൂലിക ചലിക്കാതായിട്ട് കുറച്ചുകാലമായി എന്നറിയാമായിരുന്നു. ഇപ്പോഴിതാ, എന്നന്നേക്കുമായി... ആ ദുഖ വിവരമാണ് സുഹൃത്ത് അറിയിച്ചത്. ഞാന്‍ ഉടനെ സബീനയെ വിളിച്ചു. സാറാ അബൂബക്കറുടെ പുത്രഭാര്യ സബീന എന്റെ വിദ്യാര്‍ത്ഥിനി ആയിരുന്നു മൂന്നുകൊല്ലം. അയല്‍ക്കാരിയും. ഫോണെടുക്കുന്നില്ല. കാര്യം മനസ്സിലായി. വൈകിട്ട് സബീന ഇങ്ങോട്ട് വിളിച്ചു. വിവരം പറഞ്ഞു. കഴിഞ്ഞ മാര്‍ച്ചിലാണ് സബീന ഞങ്ങളുടെ വീട്ടില്‍ അവസാനം വന്നത്. ഞങ്ങളെ ആശ്വസിപ്പിക്കാന്‍. പിന്നെ ഇടക്കിടെ വിളിക്കാറുണ്ടായിരുന്നു. ഉമ്മക്ക് ആളെ തിരിച്ചറിയാന്‍ കഴിയുന്നില്ല; ഓര്‍മ്മക്കേടുണ്ട് എന്ന് പറഞ്ഞു. ചെന്നു കാണാന്‍ കഴിഞ്ഞില്ല.
ഔപചാരികമായ ഒരു ചരമക്കുറിപ്പ്-അത് വേണ്ട തല്‍ക്കാലം. ആകെ ഒരു മരവിപ്പിലാണ് കുറേ മാസമായി ഞാന്‍. ചില ചിതറിയ ഓര്‍മ്മകള്‍ മാത്രം... രാഘവന്‍ മാഷ് പറഞ്ഞാണ് സാറാ അബൂബക്കറെക്കുറിച്ചുള്ള പരിചയം. കഥകളും നോവലുകളും വായിച്ചു. നേരിട്ട് കണ്ടു നമ്മുടെ നാട്ടുകാരിയായ കന്നഡ എഴുത്തുകാരിയെ. ഗേള്‍സ് ഹൈസ്‌കൂളിന്റെ സില്‍വര്‍ ജൂബിലി ആഘോഷം. മൂന്നുദിവസത്തെ പരിപാടികള്‍ തയ്യാറാകുമ്പോള്‍ ഞാന്‍ ഒരു നിര്‍ദ്ദേശം വച്ചു. വിദ്യാഭ്യാസ-സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ സാറാ അബൂബക്കറെ ക്ഷണിക്കണം. നമ്മുടെ പൂര്‍വ്വ വിദ്യാര്‍ത്ഥിനിയുടെ ഭര്‍തൃമാതാവാണ് എന്ന പരിഗണന കൂടിയുണ്ടല്ലോ. ഈ പ്രദേശത്തെ എഴുത്തുകാരി. മുസ്ലിം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം കണക്കിലെടുത്തു കൊണ്ടാണ് ചിരസ്മരണീയനായ കെ.എസ് അബ്ദുല്ല സാഹിബ് മുന്‍കയ്യെടുത്ത് ഗേള്‍സ് ഹൈസ്‌കൂള്‍ അനുവദിപ്പിച്ചത്. അഹ്മദ് മാഷ് ആ ചരിത്രം പറഞ്ഞിട്ടുണ്ട്. അങ്ങനെയൊരു സൗകര്യം ഇല്ലാതിരുന്ന കാലത്ത് പല പ്രതിസന്ധികളും എതിര്‍പ്പുകളും തരണം ചെയ്തുകൊണ്ട്, ഈ പ്രദേശത്ത് നിന്ന് ഇദംപ്രഥമമായി ഒരു മുസ്ലിം പെണ്‍കുട്ടി പതിനൊന്നാം ക്ലാസുവരെ പഠിക്കുക, വല്ലാത്തൊരു സാഹസം തന്നെ. പില്‍ക്കാലത്ത് ധാരാളം പെണ്‍കുട്ടികള്‍ക്ക് പത്താംതരം വരെയെങ്കിലും പഠിക്കാന്‍ കഴിഞ്ഞത് ഗേള്‍സ് ഹൈസ്‌കൂള്‍ ഉള്ളതുകൊണ്ടാണ്. ഈ സ്ഥാപനം ഇല്ലായിരുന്നെങ്കില്‍ അവരില്‍ പലരും കെ.എസ്. സാഹിബ് വിദ്യാഭ്യാസ മന്ത്രിയെ അറിയിച്ചതുപോലെ നാലാംതരത്തിനപ്പുറം പഠിക്കുകയില്ലായിരുന്നു.
സാറാ അബൂബക്കറെ പരിപാടിയില്‍ പങ്കെടുപ്പിക്കാന്‍ തീരുമാനിച്ചു. ഫോണ്‍ വഴി ക്ഷണിച്ചു, കത്തെഴുതി. ഒരു ദിവസം ഞാനും സഹ അധ്യാപകന്‍ അബൂബക്കര്‍ മാഷും മംഗലാപുരത്ത് വീട്ടില്‍ പോയി നേരിട്ട് ക്ഷണിച്ചു. വാഹനം ഏര്‍പ്പാടാക്കാമെന്ന് പറഞ്ഞിട്ട് അവര്‍ നിരസിച്ചു. സര്‍വീസ് ബസില്‍ വന്നു. വിജ്ഞാനപ്രദമായ പ്രഭാഷണം നടത്തി ബസ് വഴി തന്നെ മടങ്ങി.
എം.എ. റഹ്മാന്‍ മാസ്റ്റര്‍ തയ്യാറാക്കിയ ഡോക്യുമെന്ററി -'അരജീവിതങ്ങളുടെ സ്വര്‍ഗം' അതിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വഹിച്ചത് സാറാ അബൂബക്കറായിരുന്നു. സര്‍ക്കാര്‍ വക കശുമാവ് തോട്ടത്തില്‍ വിഷമഴ പെയ്യിച്ച് ദുരന്തത്തിലാക്കിയവരുടെ കാര്യത്തിലേക്ക് ശ്രദ്ധ ക്ഷണിച്ചുകൊണ്ട് എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമരസമിതി നടത്തിയ സത്യഗ്രഹത്തില്‍ പങ്കെടുത്തിട്ടുണ്ട് സാറാ അബൂബക്കര്‍. മടിക്കേരി, അയ്യങ്കേരിയിലെ സഫിയാ എന്ന പെണ്‍കുട്ടിയുടെ ദുരൂഹമായ തിരോധാനം -അതിനെക്കുറിച്ച് അന്വേഷണം നടത്തണം. സഫിയ എവിടെ? അവള്‍ക്ക് എന്തുപറ്റി? സഫിയയുടെ മാതാപിതാക്കളുടെ വേദന ഏറ്റെടുത്ത് അമ്പലത്തറ കുഞ്ഞികൃഷ്ണനും വി.കെ.പി. മുഹമ്മദും മറ്റും സര്‍ക്കാറിന്റെ ശ്രദ്ധക്ഷണിക്കാനായി അനിശ്ചിതകാല സത്യഗ്രഹം പ്രഖ്യാപിച്ചപ്പോള്‍ കലക്ടറേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തത് സാറാ അബൂബക്കറായിരുന്നു.
കോഴിക്കോട് മെഡിക്കല്‍ കോളേജിലെ അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ഖദീജ മുംതാസിന്റെ 'ബര്‍സ' എന്ന നോവല്‍ വായിച്ചപ്പോല്‍ അത് കന്നഡയിലേക്ക് മൊഴി മാറ്റണമെന്ന് ഞാന്‍ രാഘവന്‍ മാഷോട് അഭ്യര്‍ത്ഥിച്ചു. ചില ആരോഗ്യ പ്രശ്‌നങ്ങളാല്‍ അദ്ദേഹം ഒഴിഞ്ഞുമാറി. എന്റെ നിര്‍ബന്ധത്തിന് വഴങ്ങി അദ്ദേഹം പറഞ്ഞു. 'സാറയോട് പറയൂ' ഞാന്‍ സാറാ അബൂബക്കറെ അറിയിച്ചു. ആദ്യം ഒഴികഴിവ് പറഞ്ഞെങ്കിലും പിന്നീട് പരിഭാഷപ്പെടുത്തി. ഞാന്‍ വിവരം ഡോക്ടറെ അറിയിച്ചു. മംഗലാപുരത്ത് നടന്ന പ്രകാശനച്ചടങ്ങിലേക്ക് എന്നെയും വിളിച്ചിരുന്നു. എനിക്ക് പോകാന്‍ സാധിച്ചില്ല. ഗംഭീര സ്വീകരണമായിരുന്നു എന്ന് ഡോ. ഖദീജ മുംതാസ് മടക്കയാത്രക്കിടയില്‍ എന്നെ വിളിച്ച് അറിയിക്കുകയുണ്ടായി.
'ബര്‍സ'യാണ് കന്നഡയിലെ 'മുബെളക്കു'
സബീനയെ (സാറാ അബൂബക്കരുടെ പുത്രഭാര്യ) ഡോക്ടര്‍ ഇടക്കിടെ വിളിക്കാറുണ്ടായിരുന്നു എന്നറിയാം. 'ചന്ദ്രഗിരിക്കരയില്‍' എന്ന നോവല്‍ അവരുടെ അനുമതിയില്ലാതെ സിനിമയാക്കിയവരുടെ കൊടുംചതി അവരെ വല്ലാതെ വേദനിപ്പിച്ചിരുന്നു. ആ കൃതിയുടെ മലയാള വിവര്‍ത്തനം സംബന്ധിച്ചുണ്ടായ (ചിലര്‍ ഉണ്ടാക്കിയ) വിവാദം നമുക്ക് തന്നെ വലിയ നാണക്കേടുണ്ടാക്കുന്നതാണ്. താന്‍ നേരിട്ടറിഞ്ഞ ദുരന്തമാണ് സാറാ അബൂബക്കര്‍ നോവലായി ആവിഷ്‌കരിച്ചത്. തമിഴില്‍ അത് സിനിമയാക്കപ്പെട്ടു-അനുമതിയോടെ തന്നെ.
സ്വന്തം നാട്ടുകാരില്‍ ചിലര്‍ നീതികേട് കാട്ടിയെങ്കിലും.
ലങ്കേഷ് പത്രികയിലൂടെയായിരുന്നു ആദ്യകാലത്തെ സാഹിത്യ പ്രവര്‍ത്തനങ്ങള്‍. എന്നും നവോത്ഥാന പക്ഷത്തായിരുന്നു അവര്‍. വനിതാവിമോചനപ്പോരാളി.
ചന്ദ്രഗിരിപ്പുഴ തേങ്ങുന്നു തന്റെ അയല്‍ക്കാരിയുടെ വേര്‍പാടറിഞ്ഞിട്ട്. ഒപ്പം കണ്ണീരൊഴുക്കാനല്ലാതെ മറ്റെന്ത് ചെയ്യാനൊക്കും നമുക്ക്...
-നാരായണന്‍ പേരിയ