പള്ളങ്കോട് യൂസുഫ് ഹാജി നിസ്വാര്‍ത്ഥ സേവനത്തിന്റെ മഹനീയ മാതൃക

മലയോര മേഖലയില്‍ ഇന്നത്തെ പ്രഭാതം ഉണര്‍ന്നത്, പള്ളങ്കോട്ടെ യൂസൂഫ് ഹാജിയുടെ വിയോഗ വാര്‍ത്തയോടെയാണ്. ജനമനസ്സുകളില്‍ നിസ്വാര്‍ത്ഥ സേവനങ്ങളാല്‍ പ്രശോഭിതമായ നാമമാണ് പള്ളങ്കോട് യൂസുഫ് ഹാജി എന്നത്. സേവനം കൊണ്ട് ജനമനസ്സുകളില്‍ ഇടം നേടിയ വ്യക്തിത്വം. മുസ്ലിം ലീഗിന്റെ സമുന്നതനായ നേതാവ്. ദേലംപാടി പഞ്ചായത്തില്‍ തുടങ്ങി ജില്ലാ കമ്മിറ്റിയില്‍ വരെ വര്‍ഷങ്ങളുടെ സ്തുത്യര്‍ഹമായ സേവനം. നാടിന് വേണ്ടി, സമുദായത്തിന് വേണ്ടി, സമസ്തക്ക് വേണ്ടി, മഹല്ലത്തിന് വേണ്ടി പ്രവര്‍ത്തന നിരതമായ നല്ല നാളുകളാണ് യൂസുഫ് ഹാജിയുടേത്.ദീനി സേവനരംഗത്ത് എന്നും മുന്നില്‍ […]

മലയോര മേഖലയില്‍ ഇന്നത്തെ പ്രഭാതം ഉണര്‍ന്നത്, പള്ളങ്കോട്ടെ യൂസൂഫ് ഹാജിയുടെ വിയോഗ വാര്‍ത്തയോടെയാണ്. ജനമനസ്സുകളില്‍ നിസ്വാര്‍ത്ഥ സേവനങ്ങളാല്‍ പ്രശോഭിതമായ നാമമാണ് പള്ളങ്കോട് യൂസുഫ് ഹാജി എന്നത്. സേവനം കൊണ്ട് ജനമനസ്സുകളില്‍ ഇടം നേടിയ വ്യക്തിത്വം. മുസ്ലിം ലീഗിന്റെ സമുന്നതനായ നേതാവ്. ദേലംപാടി പഞ്ചായത്തില്‍ തുടങ്ങി ജില്ലാ കമ്മിറ്റിയില്‍ വരെ വര്‍ഷങ്ങളുടെ സ്തുത്യര്‍ഹമായ സേവനം. നാടിന് വേണ്ടി, സമുദായത്തിന് വേണ്ടി, സമസ്തക്ക് വേണ്ടി, മഹല്ലത്തിന് വേണ്ടി പ്രവര്‍ത്തന നിരതമായ നല്ല നാളുകളാണ് യൂസുഫ് ഹാജിയുടേത്.
ദീനി സേവനരംഗത്ത് എന്നും മുന്നില്‍ നിന്ന് നയിക്കാന്‍ സന്നദ്ധതയുളള അപൂര്‍വ്വം ആളുകളില്‍ യൂസുഫ് ഹാജിക്കുളള സ്ഥാനം വേറിട്ടതാണ്. മലയോര മേഖലയില്‍ ആദ്യ കാലം തൊട്ടെ പത്ര വിതരണ രംഗത്ത് സജീവമായിരുന്നതിലാവണം, അദ്ദേഹത്തെ പേപ്പര്‍ യൂസുച്ച എന്നാണ് നാട്ടുകാര്‍ വിളിക്കുന്നത്. ആ വിളിപ്പേരിന് സ്‌നേഹസൗന്ദര്യമുണ്ട്, ജനമനസ്സുകളില്‍ ഇടം നേടിയതാണത്. കാല്‍നടയായും സൈക്കിള്‍ ചവിട്ടിയും പത്രങ്ങള്‍ വിതരണം നടത്തിയ പതിറ്റാണ്ടുകള്‍. ജനങ്ങളുടെ, വാര്‍ത്ത അറിയാനുളള ആഗ്രഹങ്ങളെ നിറവേറ്റി കൊടുത്തതിലുളള സന്തോഷസൂചകം. മലയാളത്തിലെ മുഖ്യധാര പത്രങ്ങളെല്ലാം ഒരു കുടക്കീഴില്‍ പരാതികള്‍ക്കൊന്നും ഇടം നല്‍കാതെ വിതരണം ഏറ്റെടുത്ത്സ്തുത്യര്‍ഹമായ സേവനം നടത്തി വിരമിച്ചു.
സാമൂഹ്യ സാംസ്‌കാരിക മേഖലകളില്‍ ഒട്ടേറെ വ്യക്തി മുദ്രകള്‍ സ്വന്തം പേരില്‍ കുറിച്ചിട്ടുണ്ടെങ്കിലും ഇക്കാലമത്രയും സമുദായത്തിന്റെ ഉന്നമനത്തിനു വേണ്ടി പ്രവര്‍ത്തിക്കുകയും, പ്രായം തളര്‍ത്താത്ത പോരാട്ട വീര്യത്തോടെ അത് തുടര്‍ന്ന് കൊണ്ടിരിക്കുകയും ചെയ്തുവെന്നത് നിഷേധിക്കാനാവാത്ത വസ്തുതയാണ്. കുറച്ച് സംസാരിക്കുകയും കൂടുതല്‍ പ്രവര്‍ത്തിക്കുകയും ചെയ്യുക, ഇസ്ലാമിക പ്രവര്‍ത്തന മേഖലയില്‍ ആത്മാര്‍ത്ഥതയോടെ സഹകരിക്കുകയും മറ്റുള്ളവരെ അതിനു വേണ്ടി പ്രേരിപ്പിക്കുകയും ചെയുന്നതും ഒക്കെ ജീവിതത്തിലെ മഹത്തായ സേവനമായി കരുതിയ ആളാണ് യൂസുഫ് ഹാജി.
നന്മ പറഞ്ഞ് തരുന്ന മഹത്തായ സദസ്സുകളില്‍ മിക്കതിലും സജീവ സാന്നിദ്ധ്യമായിരിക്കും അദ്ദേഹം. കര്‍മ്മ രംഗങ്ങില്‍ കണിശത പുലര്‍ത്താനും തെറ്റ് കണ്ടാല്‍ തിരുത്താനും മടികാണിക്കാത്ത പ്രകൃതം. സമസ്തയുമായി ബന്ധപ്പെട്ട വേദികളിലൊക്കെ അനിഷേധ്യ സ്ഥാനവും ബഹുമാനവും ഉണ്ടായിരുന്നു. സ്റ്റേജുകളിലെ ആദ്യ ഇരിപ്പിട സ്ഥാനം ഉറപ്പിക്കാന്‍ വ്യഗ്രത കാണിക്കുന്നവരില്‍ നിന്നും യൂസുഫ് ഹാജി വിഭിന്നനായിരുന്നു. പ്രധാനപ്പെട്ട പരിപാടികളിലൊക്കെ രണ്ടാം നിരയിലോ മൂന്നാം നിരയിലോ ആയിരിക്കും ഇരിപ്പിടം തിരഞ്ഞെടുക്കുക. പണ്ഡിതന്മാര്‍ക്കിടയിലും യൂസുഫാജി ബഹുമുഖ വ്യക്തിത്വമാണ്. സമസ്തയുടെ സജീവമായ പ്രവര്‍ത്തകരില്‍ ഒരാളായിരുന്നു അദ്ദേഹം. അത്ര കണ്ട് നെഞ്ചിലേറ്റിയ പ്രവര്‍ത്തന പാടവമാണ്, സമസ്തയുമായി ബന്ധപ്പെട്ട് അദ്ദേഹത്തിനുള്ളത്.
സയ്യിദന്മാര്‍ക്കും പണ്ഡിതന്മാര്‍ക്കും ബഹുമാനാദരവുകള്‍ നല്‍കുന്നതില്‍ പിശുക്ക് കാണിക്കാറില്ല. തലയെടുപ്പുളള സാദാത്തീങ്ങളും ഉലമാക്കളും താന്‍ കൂടി ഉള്‍ക്കൊള്ളുന്ന മഹല്ലത്തുകളില്‍ സാന്നിദ്ധ്യമരുളണമെന്ന് ആഗ്രഹിക്കുകയും അതിനു വേണ്ടുന്ന കാര്യങ്ങളില്‍ വളരെ ആത്മാര്‍ത്ഥതയോടെ ശ്രമങ്ങള്‍ നടത്തുകയും ചെയ്തിരുന്നു.
സംഘടനകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുമ്പോള്‍ വളരെ കൃത്യതയും സത്യസന്ധതയും പുലര്‍ത്തുക, അലങ്കരിക്കുന്ന പദവികള്‍ക്ക് ബഹുമാനമുണ്ടെന്നും അതിന്റെ പരിശുദ്ധി കാത്തു സൂക്ഷിക്കേണ്ടതുണ്ടെന്നും ബോധ്യപ്പെടുത്തി തരിക ഒക്കെ അദ്ദേഹത്തിന്റെ ശീലമായിരുന്നു.
സമസ്ത കേരള ഇസ്ലാം മത വിദ്യഭ്യാസ ബോര്‍ഡിന് കീഴിലുളള മദ്രസകളുമായി ബന്ധപ്പെട്ട് ദീര്‍ഘ കാലമായി ചെയ്ത സേവന പ്രവര്‍ത്തനങ്ങള്‍ വിലമതിക്കാനാവാത്തതാണ്. മദ്രസ മാനേജ്മന്റ് രംഗത്ത് സ്തുത്യര്‍ഹമായ സേവനങ്ങള്‍ ചെയ്തിരുന്നു. വര്‍ഷങ്ങളായുള്ള സേവന പ്രവര്‍ത്തനങ്ങള്‍ക്ക് അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് പരപ്പയില്‍ നടന്ന റെയ്ഞ്ചിന്റെ സില്‍വര്‍ ജൂബിലി ആഘോഷത്തില്‍ വെച്ച് മാനേജ്മെന്റ് രംഗത്തെ ഇരുപത്തി അഞ്ച് വര്‍ഷത്തെ സേവനങ്ങള്‍ക്ക് സമസ്ത വിദ്യഭ്യാസ ബോര്‍ഡ് സെക്രട്ടറി എം.ടി. അബ്ദുല്ല മുസ്ല്യാര്‍ യൂസുഫ് ഹാജിയെ ആദരിക്കുകയുണ്ടായി. പിന്നിട്ട പാതകളത്രയും നിസ്വാര്‍ത്ഥ സേവനങ്ങളുടേതാണ്. കൃത്യനിഷ്ഠ, വിശ്വാസ്യത, ഇസ്ലാമിക കാര്യങ്ങളുമായുളള പ്രത്യേക താല്‍പര്യം ഈ വക വിശേഷണങ്ങള്‍ ചേര്‍ത്ത് നിര്‍ത്താന്‍ പറ്റിയവരില്‍ യൂസുഫ് ഹാജിയും ഉള്‍പ്പെടുന്നു. നന്മതിന്മകള്‍, ജാതിചിന്തകള്‍ ഇവയൊക്കെ വ്യക്തമായ കാഴ്ചപാടിലും സഹവര്‍ത്തിത്വത്തിലൂടെയും, പ്രപഞ്ചത്തിലെ ഓരോ വസ്തുവിനെയും സ്‌നേഹത്തോടെ പരിപാലിക്കാന്‍ കഴിഞ്ഞിരുന്ന വ്യക്തിത്വമായിരുന്നു. ഇതാണ്, യഥാര്‍ത്ഥത്തില്‍ ഒരു മനുഷ്യന്‍.
മറ്റുള്ളവരെ സ്‌നേഹത്തോടെ ചേര്‍ത്തു നിര്‍ത്താന്‍ സാധിക്കുകയെന്നതും വലിയ ഒരു ഭാഗ്യമാണ്. ആ ഭാഗ്യതാരകത്തിനു നന്മയുടെ സൗകുമാര്യതയുണ്ട്. സമൂഹത്തില്‍ ആദരവുണ്ട്. ആത്മാര്‍ത സേവനങ്ങളിലെ നിര്‍വൃതിയുണ്ട്. അതാണ് നാട്ടുകാരുടെ പ്രിയപ്പെട്ട പേപ്പര്‍ യൂസുച്ച. വാക്കുകളില്‍ ഒതുങ്ങാത്ത ചന്ദ്രശോഭയോടെ ജീവിച്ച ഒരു വ്യക്തിത്വമാണ് വിടപറഞ്ഞിരിക്കുന്നത്.
തഹജ്ജുദ് നിസ്‌കാരം നിര്‍വഹിച്ച് ദിക്‌റുകള്‍ ചൊല്ലി പ്രാര്‍ത്ഥനാ നിരതനായിരിക്കെ അല്ലാഹുവിന്റെ വിളിവന്നു. വുളൂഹിന്റെ വിശുദ്ധിയോടെ ആരും കൊതിക്കുന്ന മരണം പുല്‍കാന്‍ വിധിയുണ്ടായ സൗഭാഗ്യവാന്‍. അല്ലാഹു അദ്ദേഹത്തിന് സ്വര്‍ഗം നല്‍കട്ടെ. ആമീന്‍.


-റഫിഖ് സൈനി അഡൂര്‍

Related Articles
Next Story
Share it