പി.സി.കെ മൊഗ്രാലിനെ വീണ്ടും ഓര്‍ക്കുമ്പോള്‍...

നാടിന്റെ സര്‍വ്വമേഖലകളിലും സാന്നിധ്യം അടയാളപ്പെടുത്തി യാത്രയായ പി.സി.കെ മൊഗ്രാല്‍ എന്ന സാത്വികന്‍ ഒരിക്കല്‍ കൂടി ഓര്‍മ്മയുടെ തീരത്ത് സുഗന്ധം പരത്തി കടന്ന് വരികയാണ്.കാല്‍പന്ത് കളിയെ ജീവനുതുല്യം സ്‌നേഹിച്ച്, മൊഗ്രാല്‍ ഫുട്‌ബോളിനെ ജീവസുറ്റതാക്കി മാറ്റാന്‍ ഭഗീരയത്‌നം നടത്തിയ പി.സി.കെ എന്ന മൂന്നക്ഷരം ഇന്നും മൊഗ്രാല്‍ നിവാസികളുടെ മനസ്സില്‍ മായാതെ നില്‍ക്കുന്നു. 1993 മുതല്‍ 2006 വരെ മൊഗ്രാല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ പ്രസിഡന്റ് പദവി അലങ്കരിച്ച പി.സി കുഞ്ഞിപ്പക്കി, മൊഗ്രാല്‍ ഫുട്‌ബോളിന്റെ ഉന്നമനത്തിനായി ചെയ്ത സേവനങ്ങള്‍ എണ്ണമറ്റതാണ്. നിരവധി സംസ്ഥാന-ജില്ലാ-സര്‍വ്വകലാശാല […]

നാടിന്റെ സര്‍വ്വമേഖലകളിലും സാന്നിധ്യം അടയാളപ്പെടുത്തി യാത്രയായ പി.സി.കെ മൊഗ്രാല്‍ എന്ന സാത്വികന്‍ ഒരിക്കല്‍ കൂടി ഓര്‍മ്മയുടെ തീരത്ത് സുഗന്ധം പരത്തി കടന്ന് വരികയാണ്.
കാല്‍പന്ത് കളിയെ ജീവനുതുല്യം സ്‌നേഹിച്ച്, മൊഗ്രാല്‍ ഫുട്‌ബോളിനെ ജീവസുറ്റതാക്കി മാറ്റാന്‍ ഭഗീരയത്‌നം നടത്തിയ പി.സി.കെ എന്ന മൂന്നക്ഷരം ഇന്നും മൊഗ്രാല്‍ നിവാസികളുടെ മനസ്സില്‍ മായാതെ നില്‍ക്കുന്നു. 1993 മുതല്‍ 2006 വരെ മൊഗ്രാല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ പ്രസിഡന്റ് പദവി അലങ്കരിച്ച പി.സി കുഞ്ഞിപ്പക്കി, മൊഗ്രാല്‍ ഫുട്‌ബോളിന്റെ ഉന്നമനത്തിനായി ചെയ്ത സേവനങ്ങള്‍ എണ്ണമറ്റതാണ്. നിരവധി സംസ്ഥാന-ജില്ലാ-സര്‍വ്വകലാശാല താരങ്ങളെയാണ് അക്കാലയളവില്‍ പി.സി.കെ യുടെ നേതൃത്വത്തില്‍ വാര്‍ത്തെടുത്തത്. മൊഗ്രാല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബിനെ സംബന്ധിച്ചിടത്തോളം പ്രതാപകാലഘട്ടമായിരുന്നു അത്. അദ്ദേഹം പ്രസിഡണ്ട് പദവി ഒഴിയുന്നത് വരെ ആ സ്ഥാനത്തേക്ക് മറ്റൊരാളുടെ പേര് പോലും ഉയര്‍ന്നുവന്നില്ല എന്നത് മൊഗ്രാല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബിനെ പെരുമയുള്ള ഒരു ടീമാക്കി ഉയര്‍ത്തിക്കൊണ്ടുവരാന്‍ അദ്ദേഹത്തിന് സാധിച്ചുവെന്നതിനുള്ള അംഗീകാരമായിരുന്നു.
1959 ല്‍ കാസര്‍കോട് ഗവ. കോളേജില്‍ നിന്ന് ബി.എസ്.സി ബിരുദം നേടിയ ഉടന്‍ തന്നെ സര്‍ക്കാര്‍ സര്‍വ്വീസില്‍ പ്രവേശിച്ചെങ്കിലും ഫുട്‌ബോളിനോടുള്ള കമ്പം അദ്ദേഹം കൈവിട്ടില്ല. 1960ല്‍ മൊഗ്രാല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ക്യാപ്റ്റനായി പി.സി.കെ തിരഞ്ഞെടുക്കപ്പെട്ടു. തുടര്‍ന്ന് എം.എസ്.സി.യുടെ ജൈത്രയാത്രയായിരുന്നു. നിരവധി ടൂര്‍ണമെന്റുകളില്‍ പി.സി.കെ.യുടെ നായകത്വത്തില്‍ വെന്നിക്കൊടിപാറിക്കാന്‍ സാധിച്ചു. മികച്ച പന്തടക്കവും ശരവേഗത്തിലുള്ള ആക്രമണ ശൈലിയും കൊണ്ട്, കളിമൈതാനത്ത് ഇന്ദ്രജാലം തീര്‍ത്തിരുന്ന പി. സി.കെ.യുടെ ബലത്തില്‍ ആ കാലഘട്ടത്തില്‍ മൊഗ്രാല്‍ സ്‌പോര്‍ട്‌സ് ക്ലബ് കൊയ്ത നേട്ടങ്ങള്‍ അനവധിയാണ്.
1990 മുതല്‍ 2011 വരെ ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ വൈസ് പ്രസിഡണ്ടായും ഇതിനിടയില്‍ രണ്ട് വര്‍ഷം കെ.എഫ്.എ അംഗമായും പ്രവര്‍ത്തിച്ചു.
മൊഗ്രാല്‍ ചളിയങ്കോട് ജുമാ മസ്ജിദിന്റെ ജന.സെക്രട്ടറിയായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. മൊഗ്രാല്‍ ഗവ. ഹൈസ്‌കൂളിന്റെ പി.ടി.എ പ്രസിഡന്റായി 1981 മുതല്‍ 1991 വരെയുള്ള ഒരു ദശാബ്ദക്കാലം മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് പി.സി.കെ കാഴ്ചവെച്ചത്.
1981ല്‍ ഗവ.യു.പി സ്‌കൂള്‍ ആയിരുന്ന മൊഗ്രാല്‍ സ്‌കൂള്‍ പിന്നീട് ഹൈസ്‌കൂള്‍ ആയി മാറിയതിന് പിന്നിലും പി.സി.കെ യുടെ കയ്യൊപ്പുണ്ട്. പി.ടി.എ പ്രസിഡന്റ് പദവിയില്‍ ഇരിക്കുമ്പോള്‍ തന്നെ ഒരു പാട് കെട്ടിടങ്ങള്‍ പി.സി.കെ.യുടെ ശ്രമഫലമായി മൊഗ്രാല്‍ ഗവ. ഹൈസ്‌കൂളിന് അനുവദിച്ച് കിട്ടിയിട്ടുണ്ട്.
പെര്‍വാഡ് എസ്സ ഇംഗ്ലീഷ് മീഡിയം സ്‌കൂളിന്റെ മാനേജറായി പ്രതിഫലം കൈപ്പറ്റാതെ കുറച്ചുകാലം പി.സി.കെ സേവനം ചെയ്തിട്ടുണ്ട്. മാനേജര്‍ തസ്തികയ്ക്ക് മാനേജ്‌മെന്റ് ശമ്പളം നിശ്ചയിച്ചതോടെ അദ്ദേഹം ആ സ്ഥാനം തന്ത്രപരമായി ഒഴിഞ്ഞു.
ഇശല്‍ ഗ്രാമത്തിലെ ഒട്ടുമിക്ക പരിപാടികളിലും പി.സി.കെ.യുടെ സാന്നിധ്യം ഉണ്ടാവുമായിരുന്നു. ഹാസ്യത്തിന്റെ മേമ്പൊടികള്‍ ചേര്‍ത്തുള്ള അദ്ദേഹത്തിന്റെ പ്രസംഗം നാട്ടുകാര്‍ക്ക് ഏറെ ഇഷ്ടമായിരുന്നു. അദ്ദേഹത്തിന്റെ നര്‍മ്മം വിതറിയുള്ള സംസാരം കേള്‍ക്കാനുള്ള സുഖം വേറെത്തന്നെയായിരുന്നു.
ഉറ്റ സുഹൃത്തുക്കളായ ടി.എം കുഞ്ഞി- പി.സി.കെ കൂട്ടൊരുമയില്‍ വിരിയുന്ന, ചിരിയുടെ അമിട്ടിന് തിരികൊളുത്താറുള്ള നിരവധി രസകരമായ തമാശകള്‍ക്ക് സാക്ഷിയാവാന്‍ ഈയുള്ളവനും സാധിച്ചിട്ടുണ്ട്.
പി.സി.കെ നല്ലൊരു വായനക്കാരനും ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ഒരെഴുത്തുകാരനുമായിരുന്നു.
ഫുട്ബാളിനെ അതിരറ്റ് സ്‌നേഹിച്ച്, നാട്ടുകാരില്‍ നൊമ്പരം സൃഷ്ടിച്ച് കടന്ന് പോയ പി.സി കുഞ്ഞിപ്പക്കി എന്ന മൊഗ്രാലുകാരുടെ സ്വന്തം 'വലിയ പീസിച്ച'യുടെ മരണമില്ലാത്ത സ്മരണകള്‍ മൊഗ്രാല്‍ നിവാസികളുടെ മനസാന്തരങ്ങളില്‍ എന്നും നിലനില്‍ക്കും…

-ടി.കെ അന്‍വര്‍

Related Articles
Next Story
Share it