പി. അബ്ദുറഹ്മാന്‍ എന്ന പട്‌ള അദ്രാന്‍ച, ജ്യേഷ്ഠ സഹോദരതുല്യ സുഹൃത്ത്

പട്‌ള അബ്ദുറഹ്മാന്‍ മരണപ്പെട്ട വാര്‍ത്ത ഞാന്‍ വാട്‌സാപ്പിലൂടെയാണ് അറിയുന്നത്. അബ്ദുല്‍ റഹ്മാന്‍, പട്‌ള സ്വദേശിയാണെങ്കിലും താമസം പുളിക്കൂര്‍ റഹ്മത്ത് നഗര്‍ ഭാഗത്തായിരുന്നു. അതിനാല്‍ തന്നെ എന്റെ അനുജന്‍ ഖാദര്‍ ആണ് മരണ വിവരം നല്‍കുന്നത്. 13ന് ഉച്ചക്ക് ശേഷം ഏതോ ഒരു സമയത്ത് അബ്ദുറഹ്മാന്‍ എന്നെ ഫോണില്‍ വിളിച്ചു. ഞങ്ങള്‍ ദീര്‍ഘനേരം സംസാരിച്ചു. വൈഫിന്റെ പാസ്‌പോര്‍ട്ട് റിനീവല്‍ ചെയ്തു കിട്ടിയതും, ഉംറ യാത്രക്ക് വേണ്ട ഒരുക്കങ്ങള്‍, സാമ്പത്തീകമടക്കം ചെയ്യേണ്ടതിനെ കുറിച്ചും, ഒരു മകന്‍ ദുബായില്‍ നിന്ന് നാട്ടില്‍ […]

പട്‌ള അബ്ദുറഹ്മാന്‍ മരണപ്പെട്ട വാര്‍ത്ത ഞാന്‍ വാട്‌സാപ്പിലൂടെയാണ് അറിയുന്നത്. അബ്ദുല്‍ റഹ്മാന്‍, പട്‌ള സ്വദേശിയാണെങ്കിലും താമസം പുളിക്കൂര്‍ റഹ്മത്ത് നഗര്‍ ഭാഗത്തായിരുന്നു. അതിനാല്‍ തന്നെ എന്റെ അനുജന്‍ ഖാദര്‍ ആണ് മരണ വിവരം നല്‍കുന്നത്. 13ന് ഉച്ചക്ക് ശേഷം ഏതോ ഒരു സമയത്ത് അബ്ദുറഹ്മാന്‍ എന്നെ ഫോണില്‍ വിളിച്ചു. ഞങ്ങള്‍ ദീര്‍ഘനേരം സംസാരിച്ചു. വൈഫിന്റെ പാസ്‌പോര്‍ട്ട് റിനീവല്‍ ചെയ്തു കിട്ടിയതും, ഉംറ യാത്രക്ക് വേണ്ട ഒരുക്കങ്ങള്‍, സാമ്പത്തീകമടക്കം ചെയ്യേണ്ടതിനെ കുറിച്ചും, ഒരു മകന്‍ ദുബായില്‍ നിന്ന് നാട്ടില്‍ അന്നെദിവസം എത്തിയ കാര്യവും പറഞ്ഞിരുന്നു. ഞാനും കുടുംബവും കൊച്ചിയിലേക്ക് യാത്ര ചെയ്യേണ്ടുന്ന വണ്ടി 13ന് രാത്രി 11.30ന് കാസര്‍കോട് നിന്നും പുറപ്പെടേണ്ടത്, വൈകി ഓടിക്കൊണ്ടിരിക്കുന്നു. രാവിലെ 7 മണിക്കേ സ്റ്റേഷനിലെത്തൂ എന്നൊക്കെയുള്ള തമാശകളും അതിനിടയില്‍ കൈമാറിയതായി ഓര്‍ക്കുന്നു. ഞങ്ങള്‍ 14ന് രാവിലെ അവിടെന്ന് പുറപ്പെട്ടു, പിന്നെ വിളിച്ചില്ല. 17ന് സന്ധ്യ കഴിഞ്ഞു സാധാരണ പോലെ വാട്‌സാപ്പ് തുറന്നപ്പോള്‍ ഫോട്ടോ സഹിതം മരണവാര്‍ത്ത കണ്ട് ഞാന്‍ ഞെട്ടി. ഹൃദയാഘാതം ആവാം ഹേതു. ഒരു കാരണം അത്രമാത്രം. എത്ര പെട്ടെന്ന്!
ഞാന്‍ ഉടനെ തുറന്നു നോക്കിയത് അദ്ദേഹത്തിന്റെ തന്നെ വാട്‌സാപ്പ് മെസേജ് ആണ്. വല്ല അസുഖ വിവരവും അതില്‍ വോയ്സ് മെസ്സേജ് ആയോ മറ്റോ ഉണ്ടോ എന്ന്. നേരത്തെ ഹൃദയ സംബന്ധമായ അസുഖം വന്ന് ചികിത്സ ബംഗളൂരു വരെ പോയി നടത്തിയിട്ടുമുണ്ട്. വാട്‌സ്ആപ്പില്‍ അബ്ദു റഹ്മാന്‍ ഒരു ദിവസം മുമ്പ് എനിക്ക് അയച്ചു തന്ന, ഞാന്‍ കാണാതെ പോയ ഒരു മെസേജ് ഉണ്ട്. ഒരു വിഡിയോ ക്ലിപ്പിംഗ്. പരസ്പരം ഭിന്നിച്ചു നില്‍ക്കുന്ന മുസ്ലിം സംഘടനകള്‍ ഒന്നിക്കേണ്ടതിന്റെ ആവശ്യം ചൊല്ലി ഒരു യുവാവ് സംസാരിക്കുന്നതാണ് അത്. കൂടെ ഒരു മുജാഹിദ് പണ്ഡിതനും സുന്നി ഉസ്താദും കൈകൊടുത്ത് ചിരിച്ചു നില്‍ക്കുന്ന ഒരു പടവും. നല്ല കാമ്പുള്ള വിവരണം. ഞാനത് ഇവിടെ കൊച്ചിയില്‍ എന്റെ മകന്‍ അസ്ഹറിന്റെ താമസ സ്ഥലത്ത് എല്ലാര്‍ക്കും കേള്‍പ്പിച്ചു. തൊട്ടു പിറ്റേന്നാണ് മറ്റൊരാള്‍ അയക്കുന്ന മെസേജിലൂടെ അബ്ദുറഹ്മാന്റെ മരണം അറിയാന്‍ കഴിയുന്നത്. ഇത്രയൊക്കെയുള്ളൂ മനുഷ്യജീവിതം എന്ന് എന്റെ മനസപ്പോള്‍ വാചാലമായി. അബ്ദുറഹ്മാന്‍ നേരത്തെ തൊഴിലുമായി ബന്ധപ്പെട്ട് മുംബൈയിലും ദുബായിലും ഒക്കെ ഉണ്ടായിരുന്നു. താമസം പട്‌ളയില്‍ നിന്ന് മാറിയ ശേഷം കുറച്ചു കാലം തളങ്കര കൊറക്കോടും താമസിച്ചിരുന്നു. ഇതൊക്കെ കൊണ്ടാവാം എന്നെപ്പോലും അതിശയിപ്പിച്ച ഒരു വലിയ സുഹൃദ് വലയത്തിന്റെ ഉടമയായിരുന്നു ആദരാന്‍ച്ച. നേരില്‍ കണ്ടാല്‍ അറിയാത്തവരാറുമില്ല. സ്വഭാവ ഗുണത്തിന്റെ കൂടി സവിശേഷത കൊണ്ടാവാം അത് എന്ന് പറയുന്നതില്‍ തെറ്റില്ല. അതുപോലെ പൊതുജ്ഞാനവും. അത് ദീനീപരവും രാഷ്ട്രീയവും എന്നില്ല എല്ലാ മേഖലകളിലും വ്യാപിച്ച അറിവാണ്. ആര്‍ക്കും നല്ലത് വരണമെന്ന് ആഗ്രഹിച്ചിരുന്ന മനുഷ്യന്‍. മധൂര്‍ സ്‌കൂളില്‍ നിന്ന് പ്രധാനാധ്യാപകനായി പിരിഞ്ഞ ജ്യേഷ്ഠന്‍ മുഹമ്മദ്കുഞ്ഞി ഈ കഴിഞ്ഞ കോവിഡ് കാലത്താണ് വിട പറഞ്ഞത്. ചെറിയ ക്ലാസുകളില്‍ എന്നെ പഠിപ്പിച്ച, എന്റെ ആദ്യ സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകനാണ് മുഹമ്മദ്കുഞ്ഞി മാസ്റ്റര്‍. അദ്ദേഹം അസുഖമാണെന്നറിഞ്ഞിട്ടും, പിന്നീട് മരണപ്പെട്ടു എന്ന അറിവ് ലഭിച്ചിട്ടും കോവിഡ് കാലമാകയാല്‍ അസുഖ ബാധിതനായ സമയത്തോ പിന്നീട് ജനാസയെയോ പോലും പോയി കാണാന്‍ പറ്റിയതില്ല.
അബ്ദുറഹ്മാന്റെ കാര്യത്തിലും ഞാന്‍ നാട്ടിലില്ലാത്തതിനാല്‍ ഒരു നോക്ക് കാണാനില്ലാതെ പോയി. പ്രാര്‍ത്ഥന മാത്രം. മരണാനന്തര യാത്രയില്‍ പടച്ചവന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.


-എ.എസ് മുഹമ്മദ്കുഞ്ഞി

Related Articles
Next Story
Share it