ഞങ്ങളുടെ എന്‍.എ സുലൈമാന്‍ച്ച

വല്ലാത്ത ഒരു നഷ്ടബോധവും നിരാശയും സങ്കടവും. എന്ത് കൊണ്ട് എന്‍.എ സുലൈമാന്‍ ഞങ്ങള്‍ ഗവ. കോളേജിലെ സുഹൃത്തുക്കള്‍ക്കും സ്‌പോര്‍ട്‌സ് താരങ്ങള്‍ക്കും കായിക പ്രേമികള്‍ക്കും ഇത്രമേല്‍ പ്രിയപ്പെട്ടവനായി. നമ്മള്‍ ബാല്യവും കൗമാരവും യൗവ്വനവും കടന്ന് മധ്യവയസ്സിലും വാര്‍ദ്ധക്യത്തിലും എത്തുമ്പോഴും നമ്മുടെ സ്‌കൂള്‍-കോളേജ് കാലഘട്ടം മനസ്സില്‍ എന്നും പച്ചപിടിച്ചു നില്‍ക്കും. അതിനടിയില്‍ നമ്മുടെ ജീവിതത്തില്‍ പല സംഭവങ്ങളും കടന്നു പോയിട്ടുണ്ടാകാം, കോളേജുകള്‍ മാറി മാറി പഠിച്ചിട്ടുണ്ടാകാം, അതില്‍ എന്ത് കൊണ്ടാണ് കാസര്‍കോട് ഗവ. കോളേജും അവിടെത്തെ സഹപാഠികളും മാത്രം നമുക്ക് […]

വല്ലാത്ത ഒരു നഷ്ടബോധവും നിരാശയും സങ്കടവും. എന്ത് കൊണ്ട് എന്‍.എ സുലൈമാന്‍ ഞങ്ങള്‍ ഗവ. കോളേജിലെ സുഹൃത്തുക്കള്‍ക്കും സ്‌പോര്‍ട്‌സ് താരങ്ങള്‍ക്കും കായിക പ്രേമികള്‍ക്കും ഇത്രമേല്‍ പ്രിയപ്പെട്ടവനായി. നമ്മള്‍ ബാല്യവും കൗമാരവും യൗവ്വനവും കടന്ന് മധ്യവയസ്സിലും വാര്‍ദ്ധക്യത്തിലും എത്തുമ്പോഴും നമ്മുടെ സ്‌കൂള്‍-കോളേജ് കാലഘട്ടം മനസ്സില്‍ എന്നും പച്ചപിടിച്ചു നില്‍ക്കും. അതിനടിയില്‍ നമ്മുടെ ജീവിതത്തില്‍ പല സംഭവങ്ങളും കടന്നു പോയിട്ടുണ്ടാകാം, കോളേജുകള്‍ മാറി മാറി പഠിച്ചിട്ടുണ്ടാകാം, അതില്‍ എന്ത് കൊണ്ടാണ് കാസര്‍കോട് ഗവ. കോളേജും അവിടെത്തെ സഹപാഠികളും മാത്രം നമുക്ക് പ്രിയപ്പെട്ടവരാകുന്നത്, ഇത് എനിക്ക് മാത്രം തോന്നിയതാണോ, ഒരിക്കലും അല്ല, ഈ കോളേജും സുഹൃത്തുക്കളും എല്ലാവരുടെയും മനസ്സില്‍ ആഴത്തില്‍ പതിഞ്ഞു പോയി. രണ്ട് വര്‍ഷം മാത്രമേ ഞാന്‍ കാസര്‍കോട് ഗവ. കോളേജില്‍ പഠിച്ചിട്ടുള്ളു, പിന്നീട് നാല് വര്‍ഷം മംഗളൂരു സെന്റ് അലോഷ്യസ് കോളേജില്‍ ആയിരുന്നു. പക്ഷെ എന്റെ ഗവ. കോളേജ് ഓര്‍മകളില്‍ എന്നെ പിടിച്ചിരുത്തുന്ന കാരണങ്ങളില്‍ ഒന്ന് ഞങ്ങളുടെ പ്രിയപ്പെട്ട എന്‍.എ സുലൈമാന്‍ച്ച തന്നെ.
മരണത്തിന് തലേ ദിവസം. ലോകകപ്പ് ഫൈനല്‍ കാണാന്‍ എന്തേ സുലൈമാന്‍ച്ച ഖത്തറില്‍ നിന്ന് തിരികെ വന്നു എന്ന എന്ന് പള്ളിക്കരയില്‍ വെച്ച് ഞാന്‍ അദ്ദേഹത്തിന്റെ ഫസ്റ്റ് കസിനും എന്റെ സുഹൃത്തുമായ കെ.എം ഹനീഫയോടും ബപ്പിടി മുഹമ്മദ് കുഞ്ഞിയോടും തിരക്കിയിരുന്നു.
പിറ്റേന്നാണ് ഒരു ഇടിത്തീ പോലെ ഞെട്ടിക്കുന്ന വാര്‍ത്ത കേട്ടത്. എന്റെ ഫോണില്‍ ബപ്പിടി മുഹമ്മദ് കുഞ്ഞി, മുന്‍ ഫുട്‌ബോള്‍ താരം ഡിഗ്രി മുഹമ്മദ് കുഞ്ഞി, എന്റെ അനിയന്‍ മാഹിനലി എന്നിവരുടെ മിസ് കോളുകള്‍, ഒന്ന് പേടിച്ചു, എന്തായിരിക്കും ഇവര്‍ മൂന്നു പേര്‍ക്കും എന്നോട് പൊതുവായിട്ട് പറയാന്‍ ഉള്ളത്, ബപ്പിടി മുഹമ്മദ് കുഞ്ഞിയെ തിരിച്ചു വിളിച്ചു, കേട്ട വാര്‍ത്ത പ്രിയപ്പെട്ട സുലൈമാന്‍ച്ചന്റെ വിയോഗം, തമ്മില്‍ സംസാരിക്കാന്‍ കഴിയാതെ തരിച്ചുനിന്നുപോയി.
എന്‍.എ സുലൈമാന്റെ വേര്‍പാട് വ്യക്തിപരമായ നഷ്ടത്തിനപ്പുറം ജില്ലയിലെ കായിക വളര്‍ച്ചക്ക് തന്നെ തീരാനഷ്ടം തന്നെയാണ്. പെട്ടെന്ന് മനസ്സില്‍ തെളിഞ്ഞത് പത്ത് ദിവസം മുമ്പ് കെ.എം ഹനീഫയുടെ വീടായ അബ്രയില്‍ ഖത്തറില്‍ പോകുന്ന സുലൈമാന്‍ച്ചാക്ക് നല്‍കിയ യാത്രയയപ്പ് ചടങ്ങായിരുന്നു. പ്രൗഢ ഗംഭീരമായിരുന്നു ചടങ്ങ്. പടച്ചവന്‍ കെ.എം ഹനിഫയുടെ മനസ്സില്‍ തോന്നിപ്പിച്ചതാവാം സുലൈമാന്‍ച്ചയുടെ കൂടെയുള്ള അവസാനത്തെ ഒരു കൂടിച്ചേരല്‍. അത്ര സുന്ദരമായിരുന്നു അത്. ഒരു അവസാന യാത്ര പറച്ചില്‍ ആയിരുന്നു എന്ന് ഞങ്ങള്‍ ഒരിക്കലും കരുതിയില്ല.
കലാരംഗത്ത് സുലൈമാന്‍ച്ച കാട്ടിയ മികവ് അദ്ദേഹത്തിന്റെ ടീം അംഗമായ ഗിരിധര്‍ രാഘവന്‍ ഓര്‍ത്തെടുത്തു.
ഞാന്‍ അടുത്ത് കണ്ടതും അനുഭവിച്ചു അറിഞ്ഞതും ആയ സുലൈമാന്‍ച്ചയുടെ സംഘാടക മികവ്, ജില്ലാ രൂപീകരണത്തിന് മുമ്പ് അദ്ദേഹം വിദ്യാനഗര്‍ ഗവ. കോളേജ് ഗ്രൗണ്ടില്‍ നടത്തിയ ആദ്യത്തെ കേരള സംസ്ഥാന സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ്, അതിന്റെ വിജയത്തിന് ശേഷം രണ്ട് വര്‍ഷം കഴിഞ്ഞു താളിപ്പടുപ്പ് ഗ്രൗണ്ടില്‍ നടത്തിയ കാസര്‍കോട്ടെ ആദ്യത്തെ അഖിലേന്ത്യ സെവന്‍സ് ഫുട്‌ബോള്‍ കളക്ഷന്‍ ടൂര്‍ണമെന്റ്, തുടര്‍ന്ന് ഫുട്‌ബോള്‍ ടൂര്‍ണമെന്റകളുടെ ഒരു ഘോഷയാത്ര തന്നെയായിരുന്നു. 80കളുടെ അവസാനവും 90കളുടെ പകുതി വരെയും കാസര്‍കോട് മര്‍ച്ചന്റ്‌സ് അസോസിയേഷന് വേണ്ടിയും നാഷണല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബിന് വേണ്ടിയും സുലൈമാന്‍ച്ച നടത്തിയ ടൂര്‍ണമെന്റുകള്‍ അക്ഷരാര്‍ത്ഥത്തില്‍ വളര്‍ന്നു വരുന്ന ഫുട്‌ബോള്‍ താരങ്ങള്‍ക്ക് ഒരു മികച്ച പ്ലാറ്റ്‌ഫോം തന്നെയാണ് അദ്ദേഹം ഒരുക്കിയത്. അദ്ദേഹം നടത്തിയ എല്ലാ ടൂര്‍ണമെന്റിലും ബൂട്ട് കെട്ടിയ ഒരാള്‍ എന്ന നിലക്ക് ഞാന്‍ നേരിട്ട് കണ്ട ആ സംഘാടക മികവ് വിസ്മയിപ്പിക്കുന്നതായിരുന്ന. ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്റെ പ്രഥമ ട്രഷറര്‍ എന്ന നിലയില്‍ അദ്ദേഹം നടത്തിയ പ്രവര്‍ത്തനം ജില്ലാ ലീഗ് ഫുട്‌ബോള്‍ മത്സരങ്ങള്‍ താളിപ്പടുപ്പ് ഗ്രൗണ്ടിലും മൊഗ്രാല്‍ ഗ്രൗണ്ട് സ്ഥിരം വേദി ആക്കുന്നതിലും സഹായിച്ചു. ഫുട്‌ബോളില്‍ മാത്രം ഒതുങ്ങുന്നതായിരുന്നില്ല ആ പ്രതിഭ. തുടര്‍ന്ന് അങ്ങോട്ട് ജില്ലാ ടേബിള്‍ ടെന്നീസ് ടീമും ജില്ലാ ഷട്ടില്‍ ബാഡ്മിന്റണ്‍ ടീമും കെട്ടിപ്പടുക്കുന്നതില്‍ അദ്ദേഹം കാണിച്ച മിടുക്ക് ഒരിക്കലും വിസ്മരിക്കാന്‍ കഴിയില്ല.
സുഹൃത്ത് പരേതനായ അസീസ് ചൂരിയെ ചേര്‍ത്ത് പിടിച്ചു തുടര്‍ച്ചയായി അദ്ദേഹം നടത്തിയ ടേബിള്‍ ടെന്നീസ് ജില്ലാ ചാമ്പ്യന്‍ഷിപ്പുകള്‍, ജില്ലയിലെ ടേബിള്‍ ടെന്നീസ് താരങ്ങള്‍ക്ക് മത്സരപരിചയത്തിന് കര്‍ണാടക താരങ്ങളെ ഉള്‍പ്പെടുത്തി നടത്തിയ നിരവധി ടേബിള്‍ ടെന്നീസ് ഇന്‍വിറ്റേഷന്‍ ടൂര്‍ണമെന്റുകള്‍ എല്ലാം എന്റെ ഓര്‍മ്മയിലുണ്ട്. ഹസ്സന്‍ മാഷുമായി ചേര്‍ന്ന് ജില്ലാ ഷട്ടില്‍ ബാഡ്മിന്റണ്‍ ടീമും കെട്ടിപ്പെടുത്തു.
എനിക്ക് ഒരിക്കല്‍ ജില്ലാ ഷട്ടില്‍ ബാഡ്മിന്റണ്‍ ടീമിന്റെ മാനേജര്‍ ആയി തിരുവനന്തപുരത്ത് സ്റ്റേറ്റ് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന് പോകാനുള്ള അവസരമുണ്ടായി. ഷട്ടില്‍ കാര്യമായി അറിയാത്ത എന്നെ എന്തിന് ജില്ലാ ഷട്ടില്‍ ബാഡ്മിന്റണ്‍ ടീമിന്റെ മാനേജര്‍ ആക്കി എന്ന് എനിക്ക് അറിയില്ല.
ഒരിക്കല്‍ എനിക്ക് അദ്ദേഹത്തോട് പ്രതിഷേധം അറിയിക്കേണ്ട സാഹചര്യവുമുണ്ടായി. അത് കാര്‍ റാലി ചാമ്പ്യന്‍ മൂസ ഷെരീഫിനുള്ള ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ആദരവ് വൈകുന്നതിനെ ചൊല്ലിയായിരുന്നു. ഒരു ക്ഷമാപണത്തോടെ അഞ്ജു ബോബി ജോര്‍ജിനെ കാസര്‍കോട്ട് കൊണ്ട് വന്ന് അദ്ദേഹം ആ ആദരവ് പരിപാടി പിന്നീട് ഭംഗിയായി നിര്‍വഹിക്കുകയും ചെയ്തു. മൊഗ്രാലിലെ കുത്തിരിപ്പ മമ്മസ്ച്ചയെ സുലൈമാന്‍ച്ചക്ക് വളരെ ഇഷ്ടമായിരുന്നു. മമ്മസ്ച്ച മരണപ്പെട്ട ഒരാണ്ട് തികയുന്ന അതേ ദിവസം തന്നെ സുലൈമാന്‍ച്ചയും ഞങ്ങളെ വിട്ടു പോയി. അദ്ദേഹം ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ടായ സമയത്ത് നടന്ന ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ തിരഞ്ഞെടുപ്പില്‍ പ്രസിഡണ്ട് സ്ഥാനത്തേക്ക് അദ്ദേഹത്തിന്റെ കൂടി നിര്‍ബന്ധം കാരണം മത്സരിച്ചു ജയിച്ച എനിക്ക് പിന്നീട് ഏഴ് വര്‍ഷം സുലൈമാന്‍ച്ചയുടെ കൂടെ പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചു. ആ സമയത്ത് അദ്ദേഹം ഏറ്റെടുത്ത് നടത്തിയ കേരള സ്റ്റേറ്റ് ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പിന്റെ ഒരു ഭാഗം സ്‌പോണ്‍സര്‍ഷിപ്പ് എന്റെ കുടുംബം തന്നെ ഏറ്റെടുത്തു. കൂടാതെ സുഹൃത്തുക്കളായ ഗിരിധര്‍ ആര്‍, ബപ്പിടി മുഹമ്മദ് കുഞ്ഞി, മുന്‍ എസ്.ഐ വിശ്വന്‍, ജെയിംസ്, ഭാമ ടീച്ചര്‍, ഫാറൂഖ് കാസിം, പരേതനായ അബ്ദുല്ല പടിഞ്ഞാര്‍, നാഷണല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബിലെ കെ.എം ഹാരിസ്, ഗോളി ശംസു, ശുക്രിയ ഗ്രൂപ്പ് ചെയര്‍മാന്‍ ശിഹാബ്, മറ്റു സുഹൃത്തുക്കള്‍ എല്ലാവരും സുലൈമാന്‍ച്ചന്റെ കൂടെ നിന്നു. എല്ലാവരുടെയും സഹകരണം കൊണ്ട് ടൂര്‍ണമെന്റ് വന്‍ വിജയമായി.
ഇന്ത്യ ആതിഥേയത്വം വഹിച്ച അണ്ടര്‍-17 ലോകകപ്പിന്റെ ദീപ ശിഖാ പ്രയാണം കാസര്‍കോട്ട് നിന്നാണ് ആരംഭിച്ചത്. ഐ.എം വിജയന്‍ അടക്കമുള്ളവര്‍ മുഖ്യാതിഥികളായി എത്തുന്നു. മൂന്നു ദിവസം കാസര്‍കോട്ട് തന്നെ ഉണ്ടാവണമെന്ന് സുലൈമാന്‍ച്ച ആവശ്യപ്പെട്ടുന്നു. മൂന്നു ദിവസം സിറ്റി ടവറില്‍ താമസിച്ചു. ഐ.എം വിജയന്‍, ഇന്ത്യന്‍ താരം എം. സുരേഷ്, കേരള സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍ന്‍സില്‍ പ്രസിഡണ്ട് ടി.പി ദാസന്‍, പ്രസ്‌ക്ലബ്ബ് പ്രസിഡണ്ടും ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ രക്ഷാധികാരിയുമായിരുന്ന ടി. എ ഷാഫി തുടങ്ങിയവര്‍ പങ്കെടുത്ത ഗംഭീര ചടങ്ങായി ദീപശിഖാ പ്രയാണത്തിന്റെ ഉദ്ഘാടനം മാറി. കേരള സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ എന്‍.എ സുലൈമാനെ അഭിനന്ദനങ്ങള്‍ കൊണ്ട് പൊതിഞ്ഞു.
എന്‍.എ സുലൈമാന്റെ വിയോഗം കാസര്‍കോട് നാഷണല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബിന് മാത്രമല്ല അതേ അളവില്‍ തന്നെ മൊഗ്രാല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബിനും വലിയ നഷ്ടമാണ്.
(മുന്‍ ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡണ്ട്, മുന്‍ കേരള സ്റ്റേറ്റ് ഫുട്‌ബോള്‍ ടീം മാനേജറുമാണ് കുറിപ്പുകാരന്‍)


-പി.സി ആസിഫ്

Related Articles
Next Story
Share it