നീ ഒന്നും പറഞ്ഞില്ല; എത്ര സുനിശ്ചിതമായിരുന്നു എല്ലാം അല്ലേ?

എന്‍.എ. സുലൈമാന്‍ അവസാനം കണ്ടപ്പോള്‍ എന്നോടും അസൈനാര്‍ തോട്ടും ഭാഗത്തോടും ചര്‍ച്ച ചെയ്ത കാര്യം അഖിലേന്ത്യാ വോളിബോള്‍ ടൂര്‍ണമെന്റ് കോലായയുടെ നേതൃത്വത്തില്‍ കാസര്‍കോട് സംഘടിപ്പിക്കുന്നതിനെക്കുറിച്ചായിരുന്നു. അതിന്റെ അമരത്ത് സുലൈമാന്‍ നില്‍ക്കുമെന്നും ഏറ്റിരുന്നു. ഫണ്ടിന്റെ കാര്യത്തില്‍ വ്യാകുലത വേണ്ടെന്നും നടത്തിപ്പിന്റെ പേരില്‍ സ്റ്റേറ്റ് വോളിബോള്‍ ഫെഡറേഷന് കുറച്ച് പൈസ കൊടുക്കേണ്ടി വരുമെന്നും പരിപാടി ടിക്കറ്റ് വെച്ച് മാനേജ് ചെയ്യാമെന്നും ഏറ്റിരുന്നു.അതിന് വേണ്ടി വേള്‍ഡ് കപ്പ് കഴിഞ്ഞ ഉടനെ അവന്റെ വീട്ടില്‍ ഇരുന്ന് ഭാവി പരിപാടികള്‍ പ്ലാന്‍ ചെയ്യാമെന്നും... ആഗ്രഹം […]

എന്‍.എ. സുലൈമാന്‍ അവസാനം കണ്ടപ്പോള്‍ എന്നോടും അസൈനാര്‍ തോട്ടും ഭാഗത്തോടും ചര്‍ച്ച ചെയ്ത കാര്യം അഖിലേന്ത്യാ വോളിബോള്‍ ടൂര്‍ണമെന്റ് കോലായയുടെ നേതൃത്വത്തില്‍ കാസര്‍കോട് സംഘടിപ്പിക്കുന്നതിനെക്കുറിച്ചായിരുന്നു. അതിന്റെ അമരത്ത് സുലൈമാന്‍ നില്‍ക്കുമെന്നും ഏറ്റിരുന്നു. ഫണ്ടിന്റെ കാര്യത്തില്‍ വ്യാകുലത വേണ്ടെന്നും നടത്തിപ്പിന്റെ പേരില്‍ സ്റ്റേറ്റ് വോളിബോള്‍ ഫെഡറേഷന് കുറച്ച് പൈസ കൊടുക്കേണ്ടി വരുമെന്നും പരിപാടി ടിക്കറ്റ് വെച്ച് മാനേജ് ചെയ്യാമെന്നും ഏറ്റിരുന്നു.
അതിന് വേണ്ടി വേള്‍ഡ് കപ്പ് കഴിഞ്ഞ ഉടനെ അവന്റെ വീട്ടില്‍ ഇരുന്ന് ഭാവി പരിപാടികള്‍ പ്ലാന്‍ ചെയ്യാമെന്നും... ആഗ്രഹം ബാക്കി വെച്ച് സുലൈമാന്‍ പോയി. ഞങ്ങള്‍ കണ്ട മധുര സ്വപ്‌നം ബാക്കിയായി.
കോലായ് രൂപീകരിക്കുമ്പോള്‍ നിറയെ പ്രോത്സാഹനങ്ങളും സാമ്പത്തിക സഹായവും നല്‍കി ഒപ്പം കൂടിയ അപൂര്‍വം ചിലരില്‍ ഒരാള്‍. കായിക പരിപാടികളുമായി ആരെങ്കിലും എന്നെ ബന്ധപ്പെടുമ്പോള്‍ ഞാനാ പരിപാടികളിലേക്ക് ചീഫ് ഗസ്റ്റായി നിര്‍ദേശിക്കുകയും കൊണ്ടു പോകുകയും ചെയ്തിരുന്നത് സുലൈമാനെയായിരുന്നു.
അതിന്റെ ഒടുവിലത്തെ ഉദാഹരണം, ഉദുമ പടിഞ്ഞാറില്‍ ഒരു സ്‌കൂളിലെ പ്രധാനപ്പെട്ട കളി മാമാങ്കത്തിലേക്ക് സുലൈമാനെ മുഖ്യ അതിഥിയായി വേണമെന്ന് സംഘാടക സമിതിയുടെ അമരക്കാരിലൊരാളായ സാദിക് ഉദുമ ആവശ്യപ്പെട്ടപ്പോള്‍ ഒരു പാട് തിരക്കുകള്‍ക്കിടയിലും ഒട്ടും വൈമനസ്യം കാട്ടാതെ സുലൈമാന്‍ എന്നോടൊപ്പം വന്നു എന്നതാണ്.
എന്റെ വിദ്യാര്‍ഥി ജീവിതത്തിലെ, ഗവ. കോളേജിന്റെ ആദ്യ വര്‍ഷത്തിലാണ് സുലൈമാനെ ഓര്‍ക്കുമ്പോള്‍ ഞാന്‍ ചെന്നെത്തുന്നത്. 1983ല്‍. അന്നത്തെ കോളേജ് ഡേ പരിപാടിക്കിടയിലെ ഫാന്‍സി ഡ്രസ്സില്‍ ദേഹാസകലം ചേറില്‍ മുങ്ങി ഒരാള്‍ പോത്തുമായി സ്റ്റേജിലേക്കെത്തുന്നു. കാണികള്‍, ഞങ്ങള്‍ വിദ്യാര്‍ഥികള്‍ കയ്യടിച്ചാര്‍ത്തുവിളിക്കുന്നു. ആരാണീ കലപ്പയുമായി വരുന്ന കര്‍ഷകന്‍? പോത്തൊന്നു ചൂളി വാലുപൊക്കാന്‍ തുടങ്ങുമെന്നായപ്പോള്‍ ഉയര്‍ന്ന സുലൈമാന്റെ ചാട്ടവാര്‍... അതവന് മാത്രം കഴിയുന്ന മാജിക്കല്‍ ഇഫക്ടായിരുന്നു. ആ ഫാന്‍സി ഡ്രസ്സില്‍ സുലൈമാന്‍ ഒന്നാമതായി. അവിടം തൊട്ടു തുടങ്ങുന്നു ഞാനും സുലൈമാനുമായുള്ള ബന്ധം.
കാസര്‍കോട് തൊട്ട് പാലക്കാട് വരെ സ്വ പരിധിയില്‍ വരുന്ന അന്നത്തെ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ എസോണ്‍ പരിപാടിയിലും ഇതേ വേഷ പ്രച്ഛന്ന മത്സരം. കൂടാതെ, കെ.എം. ഹനീഫ്, ഗിരിധര്‍ രാഘവന്‍, വീണാ റാണി എന്നിവരെയൊക്കെ ഒപ്പം ചേര്‍ത്ത് നടത്തിയ പൂക്കള മത്സരവും ടാബ്ലോയും. മൂന്നിലും സുലൈമാന്റെ ടീം ഒന്നാമതെത്തി.
ആകെ രണ്ട് എഡിഷന്‍ മാത്രമുണ്ടായിരുന്ന അന്നത്തെ മലയാള മനോരമ ദിനപത്രം. അതിന്റെ കോഴിക്കോട് എഡിഷനില്‍ നിന്നും ഇറങ്ങിയ പിറ്റേന്നത്തെ പത്രത്തില്‍, ആദ്യ പേജില്‍ അച്ചടിച്ചു വന്നത് സുലൈമാന്‍ മാറ്റുരച്ച മൂന്ന് പരിപാടികളുടെ മൂന്ന് ഫോട്ടോകള്‍.
ഒരേ ദിവസം ഒരു പത്രത്തിന്റെ ആദ്യ താളില്‍ ഒരാളുടെ മൂന്ന് ഫോട്ടോകള്‍ ഒരുമിച്ചു പ്രത്യക്ഷപ്പെടുക എന്ന ബഹുമതി ഒരു പക്ഷേ സുലൈമാന് മാത്രം അവകാശപ്പെട്ടതായിരിക്കണം.
സുലൈമാന്‍ എന്നും സ്‌പോര്‍ട്ട്‌സ്മാന്‍ സ്പിരിറ്റോടെയും പോസിറ്റീവ് എനര്‍ജിയോടെയും ജീവിച്ചവനായിരുന്നു. അവന്റെ നിഘണ്ടുവില്‍ കനോട്ട്, ഇംപോസിമ്പിള്‍ എന്നീ വിപരീത ഫലമുളവാക്കുന്ന വാക്കുകളില്ലായിരുന്നു. ഏറ്റെടുക്കുന്ന ജോലിയില്‍ സുലൈമാന്‍ ഒരു സിംഹത്തെപ്പോലെയായിരുന്നു. അത് ചെയ്തു തീരും വരേക്കും അവന് വിശ്രമമില്ലായിരുന്നു.
സുലൈമാനുമായി അടുപ്പമുള്ളവര്‍ക്കെല്ലാം ഗാഢമായ ഒരോര്‍മയെങ്കിലും പങ്കിടാനുണ്ടാകും. അറിയപ്പെടാത്ത ആര്‍ക്കൊക്കെയോ സ്വന്തം ജീവിതം കൊണ്ട് തണലായി നിന്ന ഓര്‍മകള്‍. ഇന്ന് ഒരു വെള്ളമുണ്ടും പുതച്ച് ചേതനയറ്റ ആ ശരീരം കാണുമ്പോള്‍ മനസ്സിനെ സമാശ്വസിപ്പിക്കാന്‍ കഴിഞ്ഞില്ല.ചഞ്ചലം ഹി മന കൃഷ്ണാ എന്ന് അര്‍ജുനനെപ്പോലെ ഞാനും വിലപിച്ചു പോകുന്നു. ശോഭനമായ ഞങ്ങളുടെ സമ്പര്‍ക്ക സൗഭാഗ്യ സംഗമങ്ങള്‍ ഇപ്പോള്‍ സങ്കടകരമായ സ്മരണകളായി മനസ്സിനെ നോവിക്കുമ്പോള്‍, അവനുമായി ആര്‍ജിക്കാനായ ഉറ്റ ബന്ധവും അവന്‍ പകര്‍ന്നു നല്‍കിയ ആത്മ സൗഹൃദത്തിനു പാത്രീഭൂതനാകാന്‍ സാധിച്ചതിന്റെ സൗഭാഗ്യവും ഈ ജീവിതത്തില്‍ തന്നെ അനര്‍ഘനിധികളായി എന്റെ ഉള്ളില്‍ സൂക്ഷിക്കപ്പെടും.


-സ്‌കാനിയ ബെദിര

Related Articles
Next Story
Share it