ആ രാവ് പകലിലേക്ക് മറയുമ്പോഴേക്കും...

ശനിയാഴ്ച അര്‍ദ്ധരാത്രിയോടടുത്ത നേരം. മൊറോക്കൊക്കെതിരായ തോല്‍വിയെ തുടര്‍ന്ന് പോര്‍ച്ചുഗല്‍ നായകന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡൊ മുട്ടുകുത്തിനിന്ന് കണ്ണീര്‍ വാര്‍ക്കുന്നു. സന്ധ്യാരാഗം ഓഡിറ്റോറിയത്തിലെ ബിഗ് സ്‌ക്രീനിന് മുന്നില്‍ കുറേപേരുടെ കണ്ണീര്‍ വാര്‍ന്നുടയുന്നതും മറ്റുകുറേ പേര്‍ ആര്‍പ്പുവിളിക്കുന്നതും കേള്‍ക്കാം. എന്‍.എ സുലൈമാന്‍ കൂട്ടുകാര്‍ക്കൊക്കെ കൈവീശി സന്ധ്യാരാഗത്തിന്റെ പടികള്‍ കയറി മുകളിലേക്ക് പോവുകയായിരുന്നു അപ്പോള്‍. അല്‍പം ദൂരെ പാര്‍ക്ക് ചെയ്ത കാറിനരികിലേക്ക് നടന്നുപോകുന്നതിനിടയില്‍ അദ്ദേഹം പലരോടും സംസാരിക്കുകയും ഖത്തറില്‍ ചെന്ന് വേള്‍ഡ് കപ്പ് മത്സരങ്ങള്‍ കണ്ടുവന്നതിന്റെ വിശേഷങ്ങള്‍ പങ്കുവെക്കുകയും ചെയ്യുന്നുണ്ടായിരുന്നു. ആ കൈവീശലും […]

ശനിയാഴ്ച അര്‍ദ്ധരാത്രിയോടടുത്ത നേരം. മൊറോക്കൊക്കെതിരായ തോല്‍വിയെ തുടര്‍ന്ന് പോര്‍ച്ചുഗല്‍ നായകന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡൊ മുട്ടുകുത്തിനിന്ന് കണ്ണീര്‍ വാര്‍ക്കുന്നു. സന്ധ്യാരാഗം ഓഡിറ്റോറിയത്തിലെ ബിഗ് സ്‌ക്രീനിന് മുന്നില്‍ കുറേപേരുടെ കണ്ണീര്‍ വാര്‍ന്നുടയുന്നതും മറ്റുകുറേ പേര്‍ ആര്‍പ്പുവിളിക്കുന്നതും കേള്‍ക്കാം. എന്‍.എ സുലൈമാന്‍ കൂട്ടുകാര്‍ക്കൊക്കെ കൈവീശി സന്ധ്യാരാഗത്തിന്റെ പടികള്‍ കയറി മുകളിലേക്ക് പോവുകയായിരുന്നു അപ്പോള്‍. അല്‍പം ദൂരെ പാര്‍ക്ക് ചെയ്ത കാറിനരികിലേക്ക് നടന്നുപോകുന്നതിനിടയില്‍ അദ്ദേഹം പലരോടും സംസാരിക്കുകയും ഖത്തറില്‍ ചെന്ന് വേള്‍ഡ് കപ്പ് മത്സരങ്ങള്‍ കണ്ടുവന്നതിന്റെ വിശേഷങ്ങള്‍ പങ്കുവെക്കുകയും ചെയ്യുന്നുണ്ടായിരുന്നു. ആ കൈവീശലും യാത്ര പറച്ചിലും അവസാനത്തെതായിരുന്നുവെന്ന് ആരും കരുതിയില്ല. മണിക്കൂറുകള്‍ കഴിഞ്ഞതേയുള്ളു സുലൈമാന്റെ ചേതനയറ്റ ശരീരം നഗരത്തിലെ ആസ്പത്രിയില്‍ കിടക്കുന്നത് കണ്ട് എല്ലാവരുടേയും ഹൃദയം ഒരുപോലെ നുറുങ്ങി.
ശനിയാഴ്ച രാത്രി പോര്‍ച്ചുഗല്‍-മൊറോക്കൊ മത്സരം ആരംഭിക്കുന്നതിന് പത്ത് മിനിട്ട് മുമ്പ് ഞങ്ങള്‍ സംസാരിച്ചിരുന്നു. സന്ധ്യാരാഗത്തിലേക്കുള്ള കവാടത്തിനരികില്‍ നിന്ന് അദ്ദേഹം ലോകകപ്പ് ഫുട്‌ബോളിന്റെ കുറേ വിശേഷങ്ങള്‍ ഞാനുമായി പങ്കുവെച്ചു. കാസര്‍കോട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സ്ഥാപിച്ച ബിഗ് സ്‌ക്രീനില്‍ മത്സരങ്ങള്‍ കാണാന്‍ ഒഴുകിയെത്തിയവരെ കണ്ട് അദ്ദേഹം ഏറെ സന്തോഷിക്കുന്നുണ്ടായിരുന്നു. അസോസിയേഷന്റെ യുവഭടന്മാര്‍ ഏറ്റെടുത്ത് നടത്തിയ ധീരമായ ഈ പരിപാടി കേരളത്തിന് തന്നെ മാതൃകയാണെന്ന് അദ്ദേഹം പറയുകയും ചെയ്തു.
ഒരാഴ്ചമുമ്പ് ഞങ്ങള്‍ ഖത്തറിലെ അല്‍ബിദ ഫാന്‍ഫെസ്റ്റിവലില്‍വെച്ച് കണ്ടിരുന്നു. ഞങ്ങള്‍ നാട്ടിലേക്ക് മടങ്ങാനിരുന്നതിന്റെ തലേന്ന് രാത്രിയായിരുന്നു അത്. രാത്രി ഏറെ വൈകി ഫാന്‍ഫെസ്റ്റിലെ ആഘോഷപ്പൊലിമയില്‍ മുങ്ങികുളിക്കുന്നതിനിടയിലാണ് എന്‍.എ സുലൈമാനെ അദ്ദേഹത്തിന്റെ മകന്‍ സുനൈസിനും അര്‍ദ്ധസഹോദരന്‍ എന്‍.എ അബ്ദുല്ലക്കുഞ്ഞിക്കുമൊപ്പം കണ്ടത്. അന്ന് അര്‍ജന്റീന പ്രീക്വാര്‍ട്ടറിലേക്ക് കടന്ന ദിവസമായിരുന്നു. സൗദി അറേബ്യ ലോകകപ്പില്‍ നിന്ന് പുറത്തായ ദിവസവും. അര്‍ജന്റീനയുടെ ജേഴ്‌സി അണിഞ്ഞ് വല്ലാത്ത സന്തോഷത്തോടെ ആ വിജയം ആഘോഷിക്കുകയായിരുന്നു സുലൈമാന്‍. ഏറെ നേരം സംസാരിച്ച് ഞങ്ങള്‍ മടങ്ങി.
കഴിഞ്ഞ വെള്ളിയാഴ്ച സുലൈമാനും കുടുംബവും നാട്ടിലെത്തിയെങ്കിലും ഫൈനല്‍ മത്സരം കാണാന്‍ വേണ്ടി വീണ്ടും ഖത്തറിലേക്ക് പുറപ്പെടാനുള്ള ഒരുക്കങ്ങളിലായിരുന്നു അദ്ദേഹം. ശനിയാഴ്ച കണ്ടപ്പോള്‍ അക്കാര്യം പറയുകയും ചെയ്തു.
കാസര്‍കോടന്‍ പൊതുസമൂഹത്തിനിടയില്‍ നിറഞ്ഞുനിന്ന വ്യക്തിത്വമായിരുന്നു സുലൈമാന്‍. കൊട്ടുംകുരവയുമില്ലാതെ, ശബ്ദകോലാഹലങ്ങളില്ലാതെ തീര്‍ത്തും നിശബ്ദമായ മുന്നേറ്റമായിരുന്നു അത്. തള്ളിക്കയറി മുന്നില്‍ വന്നുനിന്ന് ആളാവുന്ന ശീലം അദ്ദേഹത്തിനില്ലായിരുന്നു. ഏറ്റെടുക്കുന്ന ദൗത്യങ്ങളോടുള്ള നീതിപൂര്‍വ്വമായ ഇടപെടലുകള്‍ സുലൈമാന് മുന്നില്‍ ഉയര്‍ച്ചയുടെ കോണിപ്പടികള്‍ തീര്‍ത്തു. കലയും കായികവും അദ്ദേഹത്തിന് ജീവവായുവായിരുന്നു. വിദ്യാര്‍ത്ഥിയായിരിക്കെ തന്നെ കലയോട് അമിതമായ താല്‍പര്യം കാട്ടിയ എന്‍.എ സുലൈമാന്‍ അക്കാലത്തെ മുസ്ലിം ചെറുപ്പക്കാര്‍ കൈവെക്കാത്ത ഇനങ്ങളിലാണ് പ്രാഗത്ഭ്യം തെളിയിച്ചത്. കലോത്സവങ്ങളില്‍ പൂക്കളമിട്ട് അദ്ദേഹം നിരവധി പേരുടെ ഹൃദയങ്ങളില്‍ പൂക്കളായി വിരിഞ്ഞു. പ്രച്ഛന്നവേഷമായിരുന്നു എന്‍.എ സുലൈമാന്റെ ശ്രദ്ധേയമായ മറ്റൊരിനം. അനുകരണങ്ങളോട് അദ്ദേഹത്തിന് ഒട്ടും താല്‍പര്യമില്ലായിരുന്നു. വ്യത്യസ്തതയാര്‍ന്ന വേഷങ്ങളാണ് എപ്പോഴും തിരഞ്ഞെടുത്തത്. മത്സരിക്കുക മാത്രമല്ല വിജയിക്കുക കൂടിവേണമെന്നത് എന്‍.എ സുലൈമാന്റെ ഒരു വാശിയായിരുന്നു. അതിന് വേണ്ടി ആരോടും പൊരുതാനും തയ്യാറായിരുന്നുവെന്ന് ഇന്നലെ സുലൈമാന്റെ വീട്ടില്‍ ഭൗതിക ശരീരം കണ്ട് വിങ്ങുന്നതിനിടയില്‍ സഹപാഠിയായ ഗിരിധര്‍ രാഘവന്‍ ഓര്‍ത്തെടുത്തു. ഒരിക്കല്‍ കോളേജില്‍ പൂക്കള മത്സരം നടക്കുന്നു. മിക്കപ്പോഴും പൂക്കളമിടുന്നതില്‍ സുലൈമാന്റെ ടീമില്‍ ഉണ്ടാവാറുണ്ടായിരുന്നത് ഗിരിധറും സഹോദരി വീണയും സുലൈമാന്റെ ബന്ധുകൂടിയായ കെ.എം ഹനീഫുമാണ്. അന്ന് കനത്ത മത്സരമാണ് നടന്നത്. ഏറ്റവും മനോഹരമായി തീര്‍ത്ത പൂക്കളത്തിന് തന്നെ വിധികര്‍ത്താക്കള്‍ സമ്മാനം പ്രഖ്യാപിച്ചു. എന്നാല്‍ സുലൈമാന്‍ വിട്ടില്ല. പൂക്കളമെന്നാല്‍ മേലെകാണുന്ന ഭംഗി മാത്രമല്ലെന്നും പൂക്കളത്തിന് എന്തൊക്കെ ഉപയോഗിക്കാം എന്നതിന് കൃത്യമായ മാനദണ്ഡങ്ങളുണ്ടെന്നും നിയമാവലിയുടെ പുസ്തകം ഉയര്‍ത്തിപ്പിടിച്ച് സുലൈമാന്‍ വാദിച്ചു. സമ്മാനം പ്രഖ്യാപിക്കപ്പെട്ട പൂക്കളത്തിന് എന്താണ് തകരാറെന്ന് വിധികര്‍ത്താക്കള്‍ ചോദിച്ചപ്പോള്‍ സുലൈമാന്‍ പറഞ്ഞു: പൂക്കള്‍ക്കടിയില്‍ പൂഴി നിറച്ചിരിക്കുകയാണ്. അത് നിയമവിരുദ്ധമാണ്.
സുലൈമാന്റെ വാദം ശരിയാണെന്ന് തെളിഞ്ഞു. വിധികര്‍ത്താക്കള്‍ പ്രഖ്യാപനം തിരുത്തി. സുലൈമാന്റെ ടീമിന് ഒന്നാം സ്ഥാനം.
പ്രച്ഛന്ന വേഷങ്ങളില്‍ സുലൈമാന്റെ ഏറ്റവും ശ്രദ്ധേയമായ ഇനം കല്‍പ്പകയേന്തിയ കര്‍ഷകന്റെ വേഷമായിരുന്നു. മേലാകെ ചെളിപുരട്ടി കല്‍പ്പകയുമേന്തി, ഒപ്പം ഒരു പശുവിനേയും കൂട്ടി വേദിയിലേക്ക് കയറിവരുന്ന സുലൈമാനെ ആ കാലഘട്ടത്തിലെ കാസര്‍കോട് ഗവ. കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്കും കോഴിക്കോട് സര്‍വ്വകലാശാല ഇന്റര്‍കോളേജിയറ്റ് കലോത്സവത്തിന് സാക്ഷിയ വിദ്യാര്‍ത്ഥികള്‍ക്കും മറക്കാനാവില്ല. പശുവിനെ കൊണ്ട് ചാണകമിടുവിച്ചിട്ടേ സുലൈമാന്‍ വേദിയില്‍ നിന്ന് ഇറങ്ങാറുള്ളു. പിന്നെയവിടെ കൂട്ടച്ചിരിയും മാലപ്പടക്കം പോലുള്ള കയ്യടിയുമാവും. താന്‍ പങ്കെടുക്കുന്ന മത്സരങ്ങളോട് അത്രമാത്രം കൂറുപുലര്‍ത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. ആത്മാര്‍ത്ഥത സുലൈമാന്റെ ബലഹീനതയായിരുന്നു. പൂര്‍ണ്ണത എന്ന വാക്കിന് വില കല്‍പ്പിച്ചതുകൊണ്ടാവാം അദ്ദേഹത്തിന്റെ എല്ലാ പ്രവര്‍ത്തികളും പൂര്‍ണ്ണതയെ തൊട്ടിരുന്നു.
ഒരു തിരഞ്ഞെടുപ്പ് കാലം. തളങ്കര ദീനാര്‍ നഗറിലെ ഒത്തകവലയില്‍ തിരഞ്ഞെടുപ്പ് ബൂത്തിന് മുന്നിലായി കല്‍പ്പകയേന്തിയ ഒരു കര്‍ഷകന്‍ നില്‍ക്കുന്നു.
ഞങ്ങള്‍ അന്ന് വിദ്യാര്‍ത്ഥികളാണ്. അനക്കമില്ലാതെ, മണിക്കൂറുകളോളം ഒറ്റനില്‍പ്പ് നിന്ന ആ കര്‍ഷകനെ ഒന്ന് 'അനക്കാന്‍' വേണ്ടി കുസൃതിക്കാരായ കുറേ വിദ്യാര്‍ത്ഥികള്‍ ആവത് ശ്രമിച്ചെങ്കിലും നിരാശയായിരുന്നു ഫലം. ഒരു ചെറുഅനക്കം പോലുമില്ലാതെ മണിക്കൂറുകളോളം ഒറ്റനില്‍പ്പ് അങ്ങനെ നില്‍ക്കാന്‍ ഒരാള്‍ക്ക് മാത്രമേ കഴിയൂ; അത് എന്‍.എ സുലൈമാന്‍ എന്ന പ്രഗത്ഭനായ ടാബ്ലോ കലാകരന്. സംഘനൃത്തങ്ങളിലും സുലൈമാന്‍ തിളങ്ങിയിരുന്നു.
എന്‍.എ സുലൈമാനെ കാണുമ്പോഴൊക്കെ ഞാന്‍ കെ.എം ഹസന്‍ എന്ന അസൂച്ചയെ ഓര്‍ക്കും. അസൂച്ചയുടെ സഹോദരി പുത്രനാണദ്ദേഹം. സുലൈമാന്റെ ശരീര ചലനങ്ങളിലും ഒരു പരിധി വരെ സ്വഭാവ ഗുണങ്ങളിലും അസൂച്ചയുടെ അനുകരണമുണ്ടായിരുന്നു. മാത്രമല്ല കന്നുകാലികളേയും പക്ഷിമൃഗാദികളേയും അസൂച്ചയെ പോലെ തന്നെ സുലൈമാനും ഹൃദയം ചേര്‍ത്ത് സ്‌നേഹിച്ചിരുന്നു. ഒരു പക്ഷെ കോഴിയുമായി ബന്ധപ്പെട്ട വലിയ ബിസിനസിലേക്ക് അദ്ദേഹം ചെന്നെത്തിയത് ആ വഴി സ്വീകരിച്ചതുകൊണ്ടാവാം.
സംഘടനാ രംഗങ്ങളില്‍ ഏറെ തിളങ്ങിയ ഒരാളായിരുന്നു സുലൈമാന്‍. കാസര്‍കോട് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ അമരത്തും വിവിധ സ്‌പോര്‍ട്‌സ് വിംഗുകളുടെ നേതൃത്വത്തിലും സുലൈമാന്‍ ശോഭിച്ചു. ഒരിടത്തും അദ്ദേഹത്തിന്റെ കോലാഹലങ്ങളുണ്ടായില്ല. എന്നാല്‍ സംഘടനകളെ യഥാര്‍ത്ഥ രീതിയില്‍ നയിച്ച് സമൂഹത്തിന്റെ പ്രശംസ നേടാന്‍ സുലൈമാന് കഴിഞ്ഞു. കാസര്‍കോട് നാഷണല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ പ്രസിഡണ്ടായി സുലൈമാനും വൈസ് പ്രസിഡണ്ടുമാരില്‍ ഒരാളായി ഞാനും തിരഞ്ഞെടുക്കപ്പെട്ടത് അടുത്തിടെയാണ്. നാഷണല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ പഴയകാല പ്രതാപത്തിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിനുള്ള പദ്ധതികളുടെ പിന്നാലെയായിരുന്നു ഞങ്ങള്‍. ഒരു സംഘാടകന്‍ എന്ന നിലയില്‍ സഹപ്രവര്‍ത്തകരുമായി കൂടിയാലോചിക്കുകയും അവരുടെ അഭിപ്രായങ്ങള്‍ക്ക് വില കല്‍പ്പിക്കുകയും ചെയ്ത് സുലൈമാന്‍ സംഘാടക മികവിന്റെ നേരടയാളം രേഖപ്പെടുത്തിയിരുന്നു.
കൂട്ടുകാരെന്നാല്‍ അദ്ദേഹത്തിന് ജീവനാണ്. അസീസ് ചൂരിയെന്ന ആത്മസുഹൃത്തിന്റെ വേര്‍പാടുണ്ടാക്കിയ ആഘാതത്തില്‍ നിന്ന് വര്‍ഷങ്ങള്‍ക്ക് ശേഷവും സുലൈമാന്‍ മുക്തനായിരുന്നില്ല. അസീസിന്റെ ഓരോ ചരമവാര്‍ഷികം വരുമ്പോഴും എന്നേയോ മുജീബ് അഹ്മദിനെയോ വിളിച്ച് ഉത്തരദേശത്തില്‍ ഒരു ഓര്‍മ്മപ്പരസ്യം നല്‍കും. അസീസിന്റെ പേരില്‍ പുരസ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തിയും ആത്മസുഹൃത്തിന്റെ കടമ അദ്ദേഹം നിറവേറ്റി. ഒരു കാലത്ത് സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ പ്രധാന ഭാഗമായിരുന്ന അസീസിന്റെ ഓര്‍മ്മയ്ക്കായി അദ്ദേഹത്തിന്റെ മകനെ ഒരു സ്‌പോര്‍ട്‌സ് വിംഗിന്റെ നേതൃസ്ഥാനത്തെത്തിച്ചും സുലൈമാന്‍ ആ കടമയ്ക്ക് ഇരട്ടി മധുരമേകി.
വ്യവസായി എന്ന നിലയില്‍ എന്‍.എ സുലൈമാന്റെ വളര്‍ച്ച ഉന്നതിയിലാണ്. എന്നാല്‍ അതിന്റെ ഒരു അഹങ്കാരവും സുലൈമാനില്‍ കണ്ടില്ല. മക്കളോടൊപ്പം ബിസിനസ് രംഗം കൂടുതല്‍ ഉന്നതിയിലേക്ക് വളര്‍ത്തുമ്പോഴും സ്‌പോര്‍ട്‌സിനോടും ആര്‍ട്‌സിനോടുമുള്ള അദ്ദേഹത്തിന്റെ കമ്പത്തിന് ഒട്ടും കുറവില്ലായിരുന്നു.
സുലൈമാന്‍ യാത്രയായി. അതൊരു മരണമായി തോന്നുന്നതേയില്ല. സന്ധ്യാരാഗത്തിന്റെ പടികള്‍ കയറി സുലൈമാന്‍ നടന്നുപോകുമ്പോള്‍ മരണത്തിന്റെ കാലൊച്ച ആരും കേട്ടതുമില്ല. സുലൈമാന്‍ വിടപറഞ്ഞിട്ടില്ല. കൂടുതല്‍ ഊര്‍ജ്ജസ്വലനായി, പ്രിയങ്കരനായി എല്ലാവരുടേയും ഹൃദയങ്ങളില്‍ ജീവിക്കുകയാണദ്ദേഹം.


-ടി.എ ഷാഫി

Related Articles
Next Story
Share it