കണ്ണ് നനയിപ്പിച്ച വിയോഗം

അപകടങ്ങളും മരണങ്ങളും ലോകത്തെ തന്നെ നടുക്കുന്ന ഗാസയുടെ രോദനവും നിത്യവും സങ്കടകരമായ വാര്‍ത്തകള്‍ കേട്ട് മനസ്സ് മരവിച്ചിരിക്കെ തേടിയെത്തിയൊരു മരണവാര്‍ത്ത മനസ്സിലുണ്ടാക്കിയ മുറിവ് എഴുതി ഫലിപ്പിക്കാനാവില്ല. ദിവസങ്ങളായി ചികിത്സയിലായിരുന്നെങ്കിലും ഇത്രപെട്ടെന്ന് സങ്കട കടലിലാക്കി പ്രിയ സുഹൃത്ത് പോയ്മറയുമെന്ന് നിനച്ചിരുന്നില്ല. പരവനടുക്കം കൈന്താര്‍ എന്‍.എ മുഹമ്മദ് ഷാഫിയുടെ വിയോഗം ആയുഷ്‌കാലം മറക്കാനാവില്ല. അത്രമേല്‍ സുദൃഢമായിരുന്നു ഞങ്ങള്‍ തമ്മിലുള്ള ബന്ധം. കുട്ടിക്കാലം മുതലുള്ള പരിചയം വലിയ അടുപ്പമായി മാറുന്നത് എപ്പോഴാണെന്ന് കൃത്യമായി പറയാനാവില്ല. സ്‌കൂളില്‍ എന്റെ സീനിയറായിരുന്നു ഷാഫി. ബക്കാര്‍ച്ചാന്റെ […]

അപകടങ്ങളും മരണങ്ങളും ലോകത്തെ തന്നെ നടുക്കുന്ന ഗാസയുടെ രോദനവും നിത്യവും സങ്കടകരമായ വാര്‍ത്തകള്‍ കേട്ട് മനസ്സ് മരവിച്ചിരിക്കെ തേടിയെത്തിയൊരു മരണവാര്‍ത്ത മനസ്സിലുണ്ടാക്കിയ മുറിവ് എഴുതി ഫലിപ്പിക്കാനാവില്ല. ദിവസങ്ങളായി ചികിത്സയിലായിരുന്നെങ്കിലും ഇത്രപെട്ടെന്ന് സങ്കട കടലിലാക്കി പ്രിയ സുഹൃത്ത് പോയ്മറയുമെന്ന് നിനച്ചിരുന്നില്ല. പരവനടുക്കം കൈന്താര്‍ എന്‍.എ മുഹമ്മദ് ഷാഫിയുടെ വിയോഗം ആയുഷ്‌കാലം മറക്കാനാവില്ല. അത്രമേല്‍ സുദൃഢമായിരുന്നു ഞങ്ങള്‍ തമ്മിലുള്ള ബന്ധം. കുട്ടിക്കാലം മുതലുള്ള പരിചയം വലിയ അടുപ്പമായി മാറുന്നത് എപ്പോഴാണെന്ന് കൃത്യമായി പറയാനാവില്ല. സ്‌കൂളില്‍ എന്റെ സീനിയറായിരുന്നു ഷാഫി. ബക്കാര്‍ച്ചാന്റെ ഷാഫി എന്നായിരുന്നു അന്നെല്ലാവരാലും അറിയപ്പെട്ടിരുന്നത്. ഏറെക്കാലം കൈന്താര്‍ അല്‍ഹുദാ മസ്ജിദ് ഇമാമായിരുന്നു ഷാഫിയുടെ പിതാവ് എന്‍.എ അഹമ്മദ് കുഞ്ഞി. പഴയകാലത്ത് മരം/വിറക് കച്ചവടക്കാരന്‍ കൂടിയായിരുന്നു അദ്ദേഹം. ബക്കാര്‍ എന്നായിരുന്നു ഇത്തരം കച്ചവടശാലകള്‍ അറിയപ്പെട്ടിരുന്നത്. സ്‌കൂളില്‍ പഠിക്കുമ്പോഴേ സാമൂഹ്യ സേവന തത്പരനായിരുന്നു ഷാഫി. ഉപ്പ ഇമാമായ മഹല്‍ പള്ളിയില്‍ നോമ്പ് കാലത്തും അല്ലാത്തപ്പോഴും എല്ലാ കാര്യത്തിനും മുമ്പില്‍ നിന്നിരുന്ന കൂട്ടുകാരന്‍ ഹൗളില്‍ വെള്ളം നിറക്കാനായാലും പരിസരശുചീകരണത്തിനായാലും കൂടെയുണ്ടാകും. പരവനടുക്കത്തിന്റെ സാമൂഹ്യ മണ്ഡലത്തില്‍ ഏറെ സ്വാധീനം ചെലുത്തിയ സാമുദായിക കൂട്ടായ്മയായിരുന്ന ഇസ്ലാമിക് സ്റ്റഡീ സര്‍ക്കിളിലെ സജീവ സാന്നിധ്യവും കൂടിയായിരുന്നു ഷാഫി. പള്ളികമ്മിറ്റിയിലും സ്റ്റഡീ സര്‍ക്കിളിലുമെല്ലാം ഭാരവാഹിത്വം ഉണ്ടായിരുന്നതായിട്ടാണോര്‍ക്കുന്നത്. ശാഖാ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയിലും ഞങ്ങള്‍ ഒരുമിച്ചിരുന്നു. ഞങ്ങളുടെ ട്രഷററായിരുന്നു ഷാഫി. ആദ്യം കുവൈത്തിലും പിന്നീട് ബഹ്‌റൈനിലുമായി ഏറെക്കാലം പ്രവാസത്തിലായിരുന്ന ഷാഫി. നാട്ടിലെത്തിയാല്‍ ആദ്യം അന്വേഷിക്കുക സുഖവിവരത്തോടൊപ്പം സംഘടനാ പ്രവര്‍ത്തനത്തെ കുറിച്ചായിരുന്നു. കുറഞ്ഞ കാലം ചെറിയൊരു കച്ചവടവും (കൂടു പീടിക) പരവനടുക്കത്തുണ്ടായിരുന്നു. ചെറുപ്പത്തിലേ കാലിനുള്ള അസുഖം വല്ലാതെ പ്രയാസപ്പെടുത്തിയിരുന്നു. എങ്കിലും എല്ലാം സഹിച്ചും അധ്വാനിക്കാനുള്ള ത്വരയുണ്ടായിരുന്നു. ഒപ്പം സാമൂഹ്യ തത്പര്യവും അടങ്ങാത്ത ആവേശവും ഞങ്ങള്‍ക്കൊക്കെ നല്‍കിയ പ്രചോദനം ചെറുതല്ല. എല്ലാവരുമായി നല്ലബന്ധം സ്ഥാപിക്കാനും ജാതിമത രാഷ്ട്രീയ ചിന്തകള്‍ക്കതീതമായ ഐക്യമുണ്ടാക്കാനും ആഗ്രഹിച്ചിരുന്ന സുമനസ്. സംഭവ ബഹുലമായ ഒരുപാട് ഓര്‍മ്മകള്‍ ഇരമ്പി വരുന്നുവെങ്കിലും വിറയാര്‍ന്ന കൈകളില്‍ പകര്‍ത്താനാവുന്നില്ല എന്നതാണ് സത്യം. 1993ലെ സ്‌കൂള്‍ തിരഞ്ഞെടുപ്പ് കാലത്ത് പരവനടുക്കം ഗവ. ഹൈസ്‌കൂളില്‍ എം.എസ്.എഫ്, എസ്.ഐ.ഒ പ്രവര്‍ത്തകര്‍ സംഘര്‍ഷത്തിലേക്ക് നീങ്ങുമെന്ന് കണ്ടപ്പോള്‍ സമാധാനമാഗ്രഹിച്ച് ഇടപെടുകയും എന്നാല്‍ അകാരണമായി കുറ്റാരോപിരാവുകയും ചെയ്ത സംഭവമടക്കം ഓര്‍ക്കാനേറെയുണ്ട്. വര്‍ഷങ്ങളായി തുടരുന്ന മുസ്ലിം ലീഗ് റിലീഫ് പ്രവര്‍ത്തനത്തിലും കഴിവനുസരിച്ച് പങ്കാളിയാവാന്‍ താത്പര്യമറിയിച്ച് ഇങ്ങോട്ട് വിളിക്കുന്ന ഷാഫിയുടെ വിളിയിനിയുണ്ടാവില്ല എന്നറിയുമ്പോള്‍ തളര്‍ന്ന് പോവുകയാണ്. യൂത്ത് ലീഗിന്റെ ദോത്തി ചാലഞ്ചായാലും മുസ്ലിം ലീഗിന്റെ ഖായിദെ മില്ലത്ത് സെന്ററിന്റെ കാര്യമായാലും എല്ലായ്‌പ്പോഴും പ്രയാസം മറന്ന് സഹകരിച്ചിരുന്ന ഷാഫിയുടെ നന്മ നിറഞ്ഞ മനസ്സിന്റെ ഉദാഹരണങ്ങള്‍ നിരവധിയാണ്. എത്രയോവട്ടം ചന്ദ്രികപത്രം വായിക്കാനായി ഷാഫിയോടൊപ്പം വീട്ടില്‍ പോയിരുന്നതും വൈകുന്നേരത്തെ ചായ അവരുടെ സ്‌നേഹനിധിയായ ഉമ്മ ബീഫാത്തിമയില്‍ നിന്ന് വാങ്ങി കുടിച്ചിരുന്നതും മറവിയുടെ മാറാല കെട്ടാതെ തെളിഞ്ഞിരിപ്പുണ്ട്. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ബദറുല്‍ മുനീറിനെ കൂടാതെ ഫസലുറഹ്മാന്‍ എന്നൊരു സഹോദരന്‍ കൂടിയുണ്ടായിരുന്നതും സാന്ദര്‍ഭികമായി ഓര്‍ക്കുകയാണ്. പ്രിയ കൂട്ടുകാരന്‍ ബദറുല്‍ മുനീര്‍ അടക്കമുള്ള കുടുംബാഗങ്ങളുടെ ദു:ഖത്തിലും പ്രാര്‍ത്ഥനയിലും പങ്കു ചേരുകയാണ്. ജീവിതത്തില്‍ അനുഭവിക്കേണ്ടി വന്ന ശാരീരികവും മാനസികവുമായ പ്രയാസങ്ങളെ പുഞ്ചിരി കൊണ്ട് മറച്ച് പിടിച്ച പ്രിയ സുഹൃത്തിന് അതേ പുഞ്ചിരിയോടെ നാഥനെ സമീപിക്കാന്‍ സാധിക്കട്ടെ.


-മുസ്തഫ മച്ചിനടുക്കം

Related Articles
Next Story
Share it