എന്‍.എ അബ്ദുല്‍ ഖാദര്‍ ഹാജി: തൊഴിലാളികളുടെ പോരാളി

എസ്.ടി.യു ജില്ലാ വൈസ് പ്രസിഡണ്ടും പ്രമുഖ തൊഴിലാളി നേതാവും സംഘാടകനുമായിരുന്ന വിദ്യാനഗര്‍ തായല്‍ നായന്മാര്‍മൂലയിലെ എന്‍.എ. അബ്ദുല്‍ ഖാദറും വിട വാങ്ങി.കഴിഞ്ഞ 70 വര്‍ഷത്തെ മുസ്ലിം ലീഗിന്റെയും എസ്.ടി.യുവിന്റേയും പ്രവര്‍ത്തന മേഖലയില്‍ പഴയ കാല നേതാക്കള്‍ക്കൊപ്പം ത്യാഗപൂര്‍ണ്ണമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയ അബ്ദുല്‍ ഖാദര്‍ പഴയ തലമുറയിലെ അവസാനത്തെ കണ്ണിയായിരുന്നു.മുസ്ലിം ലീഗിന്റേയും പോഷക സംഘടനകളുടേയും സമ്മേളനങ്ങളില്‍ സ്റ്റേജിന്റെ ചുമതല എന്നും അബ്ദുല്‍ ഖാദറിനായിരുന്നു. പാര്‍ട്ടി ഏല്‍പ്പിക്കുന്ന ഉത്തരവാദിത്വങ്ങള്‍ ആത്മാര്‍ത്ഥതയോടെ ഏറ്റെടുത്ത് വിജയിപ്പിക്കുന്നതില്‍ എന്നും എന്‍.എ അബ്ദുല്‍ ഖാദര്‍ മുന്‍പന്തിയിലുണ്ടായിരുന്നു. […]

എസ്.ടി.യു ജില്ലാ വൈസ് പ്രസിഡണ്ടും പ്രമുഖ തൊഴിലാളി നേതാവും സംഘാടകനുമായിരുന്ന വിദ്യാനഗര്‍ തായല്‍ നായന്മാര്‍മൂലയിലെ എന്‍.എ. അബ്ദുല്‍ ഖാദറും വിട വാങ്ങി.
കഴിഞ്ഞ 70 വര്‍ഷത്തെ മുസ്ലിം ലീഗിന്റെയും എസ്.ടി.യുവിന്റേയും പ്രവര്‍ത്തന മേഖലയില്‍ പഴയ കാല നേതാക്കള്‍ക്കൊപ്പം ത്യാഗപൂര്‍ണ്ണമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയ അബ്ദുല്‍ ഖാദര്‍ പഴയ തലമുറയിലെ അവസാനത്തെ കണ്ണിയായിരുന്നു.
മുസ്ലിം ലീഗിന്റേയും പോഷക സംഘടനകളുടേയും സമ്മേളനങ്ങളില്‍ സ്റ്റേജിന്റെ ചുമതല എന്നും അബ്ദുല്‍ ഖാദറിനായിരുന്നു. പാര്‍ട്ടി ഏല്‍പ്പിക്കുന്ന ഉത്തരവാദിത്വങ്ങള്‍ ആത്മാര്‍ത്ഥതയോടെ ഏറ്റെടുത്ത് വിജയിപ്പിക്കുന്നതില്‍ എന്നും എന്‍.എ അബ്ദുല്‍ ഖാദര്‍ മുന്‍പന്തിയിലുണ്ടായിരുന്നു. മുസ്ലിം ലീഗിന്റേയും എസ്.ടി.യുവിന്റെയും എല്ലാ നേതാക്കന്മാരുമായും ഉറ്റബന്ധം പുലര്‍ത്തിയിരുന്ന അബ്ദുല്‍ ഖാദര്‍ മിതഭാഷിയായ നേതാവായിരുന്നു. പഴയകാല നേതാക്കളായ ടി.എ ഇബ്രാഹിം, കെ.എസ് സുലൈമാന്‍ ഹാജി, എ.പി.മഹ്മൂദ് ഹാജി, ചൂരി അബ്ദുള്ള ഹാജി തുടങ്ങിയവരോടൊപ്പം പാര്‍ട്ടി പ്രവര്‍ത്തനത്തിന്റെ ഭാഗമായിരുന്ന എന്‍.എ അബ്ദുല്‍ ഖാദര്‍ നായ്മാര്‍മൂലയിലെ ചൂരി അബ്ദുല്ല ഹാജിയുടെ മര മില്ലില്‍ ജീവനക്കാരനായാണ് തൊഴിലാളി പ്രവര്‍ത്തന രംഗത്തേക്ക് കടന്നു വന്നത്. നായന്മാര്‍മൂലയിലെ ഓട് കമ്പനിയില്‍ തൊഴിലാളികളുടെ അവകാശങ്ങള്‍ക്ക് വേണ്ടി എന്‍.എ അബ്ദുല്‍ ഖാദറിന്റെ നേതൃത്വത്തില്‍ നടത്തിയ നാളുകള്‍ നീണ്ടു നിന്ന പ്രക്ഷോഭം സമാനതകളില്ലാത്തതായിരുന്നു. കാസര്‍കോട് മേഖലയിലെ ചുമട്ട് തൊഴിലാളി രൂപീകരണ കാലത്ത് പ്രധാന നേതൃത്വം നല്‍കിയത് എന്‍.എ അബ്ദുല്‍ ഖാദര്‍ ആയിരുന്നു. ദീര്‍ഘകാലം ചുമട്ട് തൊഴിലാളി യൂണിയര്‍ വിദ്യാനഗര്‍ കമ്മിറ്റിയുടെ പ്രസിഡണ്ടായി പ്രവര്‍ത്തിച്ച അബ്ദുല്‍ ഖാദര്‍ അവിടെ ചുമട്ട് തൊഴിലാളിയായും ജോലി ചെയ്തിരുന്നു. സംഘടനാ പ്രവര്‍ത്തന രംഗത്ത് ആരുടെ മുന്നിലും തല കുനിക്കാതെ സത്യസന്ധമായി പ്രവര്‍ത്തിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.
എസ്.ടി.യു അംഗങ്ങളായ മുഴുവന്‍ തൊഴിലാളികള്‍ക്കും അവകാശപ്പട്ട ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതിലും മതിയായ വേതനം ലഭ്യമാക്കുന്നതിനും വലിയ രീതിയില്‍ അബ്ദുല്‍ ഖാദര്‍ നേതൃത്വം നല്‍കിയിട്ടുണ്ട്. കാസര്‍കോട് ജില്ല നിലവില്‍ വന്നതിന് ശേഷം എസ്.ടി.യുവിന്റെ ജില്ലയിലെ തല മുതിര്‍ന്ന നേതാവായും ജില്ലാ ഭാരവാഹിയായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. വിദ്യാനഗറിലെ ചുമട്ടുതൊഴിലാളികള്‍ക്ക് ജോലി നിഷേധിക്കുന്ന രീതിയില്‍ ചില വ്യാപാരികള്‍ നിലപാട് സ്വീകരിച്ചപ്പോള്‍ തൊഴിലാളികളുടെ അവകാശമായ ജോലി സ്ഥിരതക്ക് വേണ്ടി മുന്‍പന്തിയില്‍ നിന്ന് പ്രവര്‍ത്തിച്ചത് അബ്ദുല്‍ ഖാദര്‍ ആയിരുന്നു.
വ്യക്തിപരമായി എന്നോടും കുടുംബത്തോടും വലിയ രീതിയിലുള്ള വാത്സല്യവും സ്‌നേഹവും പകര്‍ന്നു തന്ന അബ്ദുല്‍ ഖാദര്‍ എന്നും കുടുംബാംഗത്തെ പോലെയായിരുന്നു.
ഞാനുറങ്ങുന്ന സമയത്ത് വീട്ടില്‍ വന്നാല്‍ ഉണരും വരെ കാത്തിരുന്ന് സംഘടനാ കാര്യവും കുടുംബ കാര്യവും മറ്റും ദീര്‍ഘനേരം സംസാരിച്ച് മടങ്ങുകയായിരുന്നു പതിവ്. അടുത്ത കാലത്തായി പ്രായാധിക്യം മൂലമുള്ള അസുഖത്തെ തുടര്‍ന്ന് വരവും കാണലും കുറവായിരുന്നുവെങ്കിലും എസ്.ടി.യു ജില്ലാ ഭാരവാഹികള്‍ക്കൊപ്പം വീട്ടില്‍ പോയി കാണുകയും അടുത്ത കാലത്ത് തളങ്കരയിലെ ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നപ്പോള്‍ അവിടെ വെച്ച് കാണുകയും ചെയ്തിരുന്നു. താന്‍ വിശ്വസിച്ച പാര്‍ട്ടിക്കും തൊഴിലാളി സംഘടനക്കും വേണ്ടി എന്ത് ത്യാഗം ചെയ്യാനും അബ്ദുല്‍ ഖാദര്‍ മുന്‍പന്തിയില്‍ ഉണ്ടായിരുന്നു.
എന്‍.എ അബ്ദുല്‍ ഖാദര്‍ ഹാജിയുടെ വിയോഗം മുസ്ലിം ലീഗ് പാര്‍ട്ടിക്കും എസ്.ടി.യു.വിനും വലിയ നഷ്ടമാണ്.
മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റിയുടെ അനുശോചനം രേഖപ്പെടുത്തുകയും കുടുംബാംഗങ്ങളുടെ ദു:ഖത്തില്‍ പങ്കുചേരുകയും ചെയ്യുന്നു.
സര്‍വ്വ ശക്തനായ അല്ലാഹു എന്‍.എ അബ്ദുല്‍ ഖാദര്‍ ഹാജിക്ക് സ്വര്‍ഗം നല്‍കി അനുഗ്രഹിക്കട്ടെ...
ആമീന്‍....

എ. അബ്ദുല്‍ റഹിമാന്‍
(ജനറല്‍ സെക്രട്ടറി, ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് കാസര്‍കോട് ജില്ലാ കമ്മിറ്റി)

Related Articles
Next Story
Share it