മുജീബ് ഓര്‍മയാകുമ്പോള്‍...

ഒരിക്കലും മറക്കാന്‍ കഴിയാത്ത ഒട്ടേറെ അനുഭവങ്ങള്‍ ബാക്കി വെച്ചാണ് മുജീബ് യാത്രയായത്. മൊഗ്രാല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ഫുട്‌ബോള്‍ കളിക്കാരായി ഒന്നിച്ചു കുറച്ചു കാലം. പിന്നീട് വളരെ ചെറുപ്പത്തില്‍ തന്നെ പ്രവാസത്തേക്ക് കുടിയേറി. അപ്പോഴും സൗഹൃദങ്ങള്‍ നിലനിര്‍ത്തി പോകുന്ന ബന്ധം. നാട്ടിലെ സൗഹൃദ ബന്ധങ്ങള്‍ക്ക് അപ്പുറം പ്രവാസ ജീവിതത്തില്‍ ഒന്നിച്ചുള്ള 13 വര്‍ഷങ്ങള്‍, ഞാന്‍ അബൂദാബിയില്‍ എത്തിയ നാള്‍ മുതല്‍ ഒരേ റൂമില്‍ തൊട്ടടുത്ത കട്ടിലുകളില്‍ താമസം. വ്യക്തിപരമായി വളരെ ഏറെ അടുത്തറിയാനുള്ള ഒരു കാലം. പ്രവാസത്ത് നിന്ന് […]

ഒരിക്കലും മറക്കാന്‍ കഴിയാത്ത ഒട്ടേറെ അനുഭവങ്ങള്‍ ബാക്കി വെച്ചാണ് മുജീബ് യാത്രയായത്. മൊഗ്രാല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ഫുട്‌ബോള്‍ കളിക്കാരായി ഒന്നിച്ചു കുറച്ചു കാലം. പിന്നീട് വളരെ ചെറുപ്പത്തില്‍ തന്നെ പ്രവാസത്തേക്ക് കുടിയേറി. അപ്പോഴും സൗഹൃദങ്ങള്‍ നിലനിര്‍ത്തി പോകുന്ന ബന്ധം. നാട്ടിലെ സൗഹൃദ ബന്ധങ്ങള്‍ക്ക് അപ്പുറം പ്രവാസ ജീവിതത്തില്‍ ഒന്നിച്ചുള്ള 13 വര്‍ഷങ്ങള്‍, ഞാന്‍ അബൂദാബിയില്‍ എത്തിയ നാള്‍ മുതല്‍ ഒരേ റൂമില്‍ തൊട്ടടുത്ത കട്ടിലുകളില്‍ താമസം. വ്യക്തിപരമായി വളരെ ഏറെ അടുത്തറിയാനുള്ള ഒരു കാലം. പ്രവാസത്ത് നിന്ന് പടിയിറങ്ങി ഞാന്‍ വരുമ്പോള്‍ ഏറെ വേദനിച്ച വ്യക്തികളില്‍ ഒരാളാണ് മുജീബ്. 2007ല്‍ അബൂദാബിയില്‍ ഞാന്‍ എത്തുമ്പോള്‍ ഏറെ സന്തോഷിച്ചതും ഒരു പക്ഷെ മുജീബ് തന്നെ ആയിരിക്കും. സംഘടനാ രംഗം പ്രത്യേകിച്ച് അബൂദാബി കെ.എം.സി.സിക്ക് മഞ്ചേശ്വരം മണ്ഡലത്തില്‍ നേതൃപരമായി തുടക്കം കുറിക്കാന്‍ ഒരാളെ കൂടി ലഭിച്ചു എന്നതും ഒന്നിച്ചു നിന്ന് സംഘടനയെ ശക്തിപ്പെടുത്താന്‍ കുറഞ്ഞ സമയം കൊണ്ട് കഴിഞ്ഞു എന്നതും വാസ്തവം. സംഘടനാ പ്രവര്‍ത്തനം കൊണ്ട് ഒരു വലിയ സൗഹൃദ കൂട്ടായ്മ രൂപം കൊണ്ടു. തുടര്‍ന്ന് വളര്‍ന്നു വന്ന ബന്ധങ്ങള്‍ വിശാലമായി. ഒന്നിച്ചുള്ള യാത്രയും മീറ്റിങ്ങും ഒരു ഹരമായി ഞങ്ങള്‍ക്ക് മാറിയ കാലം. ജോലി കഴിഞ്ഞ് ഏകദേശം ഒരേ സമയത്ത് എത്തിപ്പെടുന്നതും തുടര്‍ന്നുള്ള സമയവും ആഴ്ചയില്‍ രണ്ട് അവധിയും ഒക്കെ സംഘടനാ പ്രവര്‍ത്തനത്തിന് ഉപയോഗപ്പെടുത്തി. കമ്പനി ജോലിയോടൊപ്പം തന്നെ കെ.എം. സി.സി ഇസ്ലാമിക് സെന്റര്‍ ഇത് ഓരോ ദിവസത്തിന്റെയും ഭാഗമായി മാറി. സംഘടനാ പ്രവര്‍ത്തനം കഴിഞ്ഞു രാത്രി വളരെ വൈകിയാണ് പലപ്പോഴും റൂമില്‍ എത്താറുള്ളത്. എത്ര തിരക്കിനിടയിലും കുടുംബ കാര്യങ്ങളില്‍ ഏറെ ശ്രദ്ധ പുലര്‍ത്തുകയും ചെയ്യും. ഈ ഒന്നിച്ചുള്ള പ്രവാസ ജീവിതത്തില്‍ ഒട്ടേറെ പ്രത്യേകതകള്‍ മുജീബില്‍ നിന്ന് കാണാനും ഒട്ടേറെ കാര്യങ്ങല്‍ പഠിക്കാനും പകര്‍ത്താനും കഴിഞ്ഞു. സംഘടനാ പ്രവര്‍ത്തനത്തില്‍ വേറിട്ട ശൈലിയായിരുന്നു. ഞാന്‍ പ്രസിഡണ്ട് ആയിരിക്കെ അബൂദാബി മഞ്ചേശ്വരം മണ്ഡലം കെ.എം.സി.സിയുടെ പത്താം വാര്‍ഷികം ആഘോഷിക്കാന്‍ മുഖ്യപ്രേരണ ആയതും അതിനായി വളരെയധികം നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും തന്നതും ഒരിക്കലും മറക്കാന്‍ കഴിയാത്തതാണ്. ഉദുമ, മഞ്ചേശ്വരം മണ്ഡലം കെ.എം.സി.സി കമ്മിറ്റികള്‍ സംയുക്തമായി സംഘടിപ്പിച്ച മജ്മ സോക്കര്‍ ഫെസ്റ്റ്, ഇന്ത്യന്‍ ഇസ്ലാമിക് സെന്ററ് സെക്രട്ടറി ആയിരിക്കെ സംഘടിപ്പിച്ച വിവിധ പരിപാടികള്‍... ഒക്കെ മുജീബിന്റെ സംഘടനാ വൈഭവം അറിയിക്കുന്നതാണ്. എഴുത്തിലും പ്രസംഗത്തിലും പ്രാഗത്ഭ്യം തെളിയിച്ച പ്രവര്‍ത്തകനായിരുന്നു.
ജീവിതത്തില്‍ അടുക്കും ചിട്ടയും ഏറെ പുലര്‍ത്തിയും ഉത്തരവാദിത്തങ്ങള്‍ കണിശമായി പാലിച്ചും അമിതാവേശം ഒന്നും ഒരു കാര്യത്തിലും അധികം പ്രകടിപ്പിക്കാത്ത പ്രകൃതം. ഇക്കഴിഞ്ഞ സംഘടനാ പരമായ വിഷയത്തില്‍ കെ.എം.സി. സിയില്‍ ചിലര്‍ അധികാരത്തിനായി കുറുക്കു വഴികള്‍ തേടി നടന്നു തെറ്റിധാരണയും മറ്റും ഉണ്ടാക്കിയപ്പോള്‍ പോലും ബന്ധങ്ങള്‍ക്ക് ഒരു കോട്ടവും തട്ടാതെ കാക്കാന്‍ ഞങ്ങള്‍ രണ്ട് പേര്‍ക്കും കഴിഞ്ഞു എന്നത് ഇപ്പോള്‍ ഏറെ സന്തോഷം നല്‍കുന്നു. എന്ത് കാര്യത്തിലും അഭിപ്രായം ശക്തമായി പറയും. ആരെയും നിര്‍ബന്ധിക്കില്ല. അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കാറുമില്ല. പ്രായഭേദമെന്യേ ആരെയും ഉപദേശിക്കാന്‍ മടിക്കാറു മില്ല. എല്ലാത്തിനും അടുക്കും ചിട്ടയും പുലര്‍ത്തും. ഭക്ഷണത്തില്‍ മിതത്വം, വാക്കില്‍ സൂക്ഷ്മത, പ്രവൃത്തിയില്‍ പക്വത ഇതൊക്കെ തന്നെയാണ് മുജീബിനെ വ്യത്യസ്തനാക്കുന്നത്. രസികന്‍, നര്‍മ്മം കലര്‍ന്ന സംസാര ശൈലി ഇതൊരു രീതി. അപൂര്‍വ്വമായി മാത്രം പ്രകോപിതനായി കണ്ടിട്ടുണ്ട്. ചിരിക്കാന്‍ മടി കാണിക്കാറില്ല. പുഞ്ചിരിച്ചു കൊണ്ട് സംസാരിക്കും. ഗൗരവം വിടാതെ സൂക്ഷിക്കാനും കഴിയും. സോഷ്യല്‍ മീഡിയ ഈ അടുത്ത നാളുകളില്‍ ഏറെ ഉപയോഗപ്പെടുത്തിയ കാഴ്ചയും കാണാന്‍ കഴിഞ്ഞു. പറഞ്ഞു വെക്കാന്‍ ഇനിയും ഏറെയുണ്ട്. സംഘടനകള്‍ക്ക്, സ്ഥാപനങ്ങള്‍ക്ക് ഒരു കൈനീട്ടം എപ്പോഴും ഉണ്ടാകും. ഏതെങ്കിലും ഏല്‍പ്പിച്ച തുക അത് അതേപടി എത്ര മാസം കഴിഞ്ഞാലും അങ്ങനെ തന്നെ തിരിച്ചേല്‍പ്പിക്കും. കണക്കുകളില്‍, ഇടപാടുകളില്‍ ഒരു പ്രത്യേക രീതി തന്നെ പുലര്‍ത്തും. കുറഞ്ഞ പ്രായത്തിനിടയില്‍ ജീവിതം ജീവിച്ചു തന്നെ കാണിച്ചു തന്നു.
മുജീബേ, നിനക്ക് എന്ത് കൊണ്ടും ജീവിതം അടയാളപ്പെടുത്തി ഈ പരിശുദ്ധ റമദാന്‍ മാസത്തില്‍ അല്ലാഹുവിന്റെ സമക്ഷത്തിലേക്ക് കടന്നു പോകാന്‍ ഭാഗ്യം ലഭിച്ചു. ഇനി പരലോക ജീവിതം. അല്ലാഹു അത് പൂര്‍ണതോതില്‍ വിജയിച്ചവരുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തി തരട്ടെ. ആമീന്‍


-സെഡ്.എ. മൊഗ്രാല്‍

Related Articles
Next Story
Share it