ശാസ്ത്ര വിഷയങ്ങളില്‍ താല്‍പര്യം കാണിച്ച മൂസയും യാത്രയായി

എന്റെ പഴയ സഹപാഠി കൂടിയായ മൂസ കപ്പല്‍ പട്‌ളയും ജീവിതത്തോട് വിട പറഞ്ഞിരിക്കുന്നു. ഒരുപിടി രോഗ പീഢകളും പേറി ജീവിച്ചു, അമ്പത് വയസ്സ് പിന്നിടുന്ന വേളയിലാണ് മരണം അവനെ തേടിയെത്തുന്നത്. വിവരം വെച്ച് വരുന്ന പ്രായത്തില്‍ ആരംഭിച്ച ഞങ്ങളുടെ സൗഹൃദം മരണം വരെ നല്ല നിലയില്‍ തുടര്‍ന്നു.പട്‌ള സ്‌കൂളില്‍ എസ്.എസ്.എല്‍.സിക്ക് ഒരേ ബെഞ്ചില്‍ ഇരുന്ന് പഠിച്ചവരാണ് ഞാനും മൂസയും.മൂസ പഠനത്തില്‍ എന്നെക്കാള്‍ ഏറെ മിടുക്കനായിരുന്നു. ചെറിയ ക്ലാസുകളില്‍ വെച്ച് തന്നെ അവന്‍ പ്രകടിപ്പിച്ച ശാസ്ത്ര വിഷയങ്ങളിലുള്ള പ്രാഗല്‍ഭ്യം […]

എന്റെ പഴയ സഹപാഠി കൂടിയായ മൂസ കപ്പല്‍ പട്‌ളയും ജീവിതത്തോട് വിട പറഞ്ഞിരിക്കുന്നു. ഒരുപിടി രോഗ പീഢകളും പേറി ജീവിച്ചു, അമ്പത് വയസ്സ് പിന്നിടുന്ന വേളയിലാണ് മരണം അവനെ തേടിയെത്തുന്നത്. വിവരം വെച്ച് വരുന്ന പ്രായത്തില്‍ ആരംഭിച്ച ഞങ്ങളുടെ സൗഹൃദം മരണം വരെ നല്ല നിലയില്‍ തുടര്‍ന്നു.
പട്‌ള സ്‌കൂളില്‍ എസ്.എസ്.എല്‍.സിക്ക് ഒരേ ബെഞ്ചില്‍ ഇരുന്ന് പഠിച്ചവരാണ് ഞാനും മൂസയും.
മൂസ പഠനത്തില്‍ എന്നെക്കാള്‍ ഏറെ മിടുക്കനായിരുന്നു. ചെറിയ ക്ലാസുകളില്‍ വെച്ച് തന്നെ അവന്‍ പ്രകടിപ്പിച്ച ശാസ്ത്ര വിഷയങ്ങളിലുള്ള പ്രാഗല്‍ഭ്യം അധ്യാപകരെ പോലും അത്ഭുതപ്പെടുത്തിയതായിരുന്നു. കെമിസ്ട്രി, ഫിസിക്‌സ് ആയിരുന്നു മൂസയുടെ ഇഷ്ട വിഷയങ്ങള്‍. വളരെ എളിയ പ്രായത്തില്‍ തന്നെ മനുഷ്യരോടും ജീവജാലങ്ങളോടും ഏറെ സഹാനുഭൂതി പ്രകടമാക്കിയ സുഹൃത്ത്. പഠിപ്പിച്ച അധ്യാപകരുടെയൊക്കെ തലോടല്‍ ഏറ്റുവാങ്ങി. പത്താം ക്ലാസില്‍ ഉയര്‍ന്ന മാര്‍ക്കോടെ വിജയിച്ചുവെങ്കിലും അക്കാലത്ത് തന്നെ പിടികൂടിയ ഹൃദയരോഗം അവനെ, ജീവിതത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തില്‍ തളര്‍ത്തിക്കളഞ്ഞു. കുടുംബത്തെയും അവനെ സ്‌നേഹിക്കുന്നവരെയും...
ആ വേളയില്‍ തന്നെ കൂടുതല്‍ നടക്കാനോ അധികം സംസാരിക്കാനോ വിഷമം നേരിട്ടിരുന്നത് ഞങ്ങള്‍ സഹപാഠികളെ വേദനിപ്പിച്ചിരുന്നു. അതിനാല്‍ തന്നെ അവന്റെ ശാരീരിക പ്രയാസങ്ങളൊന്നും ഞങ്ങളുടെയിടയില്‍ ഏറെ പ്രകടമാക്കാതിരിക്കാന്‍ അവന്‍ ശ്രമിച്ചു.
രോഗപീഢ മറക്കാന്‍ മൂസ അവന്റെ താല്‍പര്യങ്ങള്‍ ഇലക്ട്രോണിക്‌സ് മേഖലയില്‍ തളച്ചിടാന്‍ ശ്രമിച്ചു. അങ്ങനെയാണ് ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ പുതിയവ വാങ്ങി, അവ തുറന്നു അതിന്റെ പ്രവര്‍ത്തനങ്ങള്‍ മനസിലാക്കാനും മറ്റും അവന്‍ പഠിക്കുന്നത്. എല്ലാം സ്വയം പഠിക്കുകയായിരുന്നു.
മറ്റു ജോലികളൊന്നും ചെയ്യാനാവാതെ വന്നപ്പോള്‍ വീട്ടിലിരുന്ന് ഇലക്ട്രോണിക്‌സ് ഉപരണങ്ങള്‍ നന്നാക്കുന്നതിലേക്ക് അവന്‍ ശ്രദ്ധ തിരിച്ചുവിട്ടു. ഇത് കണ്ടറിഞ്ഞ നാട്ടുകാരിലധികംപേരും അവരുടെ എമര്‍ജന്‍സി ലാംപ്, ടോര്‍ച്ച് പോലുള്ള ഉപകരണങ്ങള്‍ മൂസയെ ഏല്‍പ്പിക്കും. അതിനകം ഏതു തരത്തിലുള്ള ഉപകരണവും റിപ്പയര്‍ ചെയ്യാന്‍ അവന്‍ കഴിവുനേടി. മൂസ കപ്പല്‍ കാസര്‍കോട് ടൗണില്‍ ഒരു റിപ്പയറിങ് ഷോപ്പ് തുറന്നു പ്രവര്‍ത്തിച്ചിരുന്നു. അത് കുറേക്കാലം കൊണ്ട് നടന്നു. അസുഖം കൂടിയതോടെയാണ് അത് മറ്റാരെയോ ഏല്‍പ്പിച്ചത്.
6 മാസങ്ങള്‍ക്ക് മുമ്പ് ഞങ്ങളുടെ, 1993 കാലത്തെ പത്താം ക്ലാസ് ബാച്ചിന്റെ ഒരു പുനഃസമാഗമം സ്‌കൂളില്‍ വെച്ച് നടക്കുകയുണ്ടായി. അതില്‍ മൂസ തന്റെ അസുഖം വക വെക്കാതെ ഞങ്ങളുടെ സംഘാടനത്തിന്റെ കൂടി ഭാഗമായി. തിരുവനന്തപുരം സ്വദേശി അന്നത്തെ ക്ലാസ് മാസ്റ്റര്‍ രാധാകൃഷ്ണന്‍ സാര്‍ സംബന്ധിക്കും എന്ന് കേട്ടപ്പോള്‍ മൂസക്ക് ഒരു പുതു ജീവന്‍ കിട്ടിയ പോലെയായിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം അദ്ദേഹത്തിന്റെ കൈയില്‍ നിന്ന് ഒരു സ്‌നേഹോപഹാരം ഏറ്റുവാങ്ങാനുള്ള ഭാഗ്യം കൂടി തദവസരത്തില്‍ മൂസക്ക് കൈവരികയുണ്ടായി. കൂടെ പഠിച്ചവരോടൊപ്പം കുറച്ചു സമയം ചെലവഴിക്കാനായതോടെ മൂസ പൂര്‍ണാരോഗ്യം കൈവരിച്ച പോലെയായി. അവന്റെ മുഖഭാവത്തിലും ചിരിയിലും അത് പ്രകടമായിരുന്നു. അത് സംഘടിപ്പിക്കാന്‍ വേണ്ടി വന്ന സാമ്പത്തിക ബാധ്യതകളിലും മൂസ സജീവ പങ്കാളിയായി. കോവിഡ് കാലത്ത് സഹപാഠിയുടെ ഒരു കുട്ടിക്ക് പഠിക്കാന്‍ സെല്‍ ഫോണ്‍ ഇല്ലെന്നറിഞ്ഞു ഇതേ കൂട്ടായ്മ സഹായിക്കാന്‍ ഒരുമ്പെട്ടപ്പോഴും മൂസ മുന്നില്‍ തന്നെ നിന്നു. നിര്‍ധനനായ ഒരു സഹപാഠിയുടെ കുടിവെള്ള പ്രശ്‌നത്തിലും മൂസ സഹായവുമായെത്തി. ഒരു സഹപാഠിക്ക് വേണ്ടി വീട് നിര്‍മ്മാണ ഫണ്ട് സ്വരൂപിക്കാന്‍ കൂടിയാലോചന നടത്തുന്നതിനിടയിലാണ് മൂസ കപ്പല്‍ വിടപറയുന്നത്. കാലപ്പഴക്കം ചെന്ന പഴയ തറവാട് വീട്ടിലായിരുന്നു മൂസയും കുടുംബവും താമസിച്ചു വന്നിരുന്നത്. അത് പൊളിച്ചു മാറ്റി അവിടെ പുതിയ വീട് വെക്കണമെന്നഘട്ടം വന്നിരുന്നു. ഒടുവില്‍, പഴയ വീട് പൊളിച്ചു മാറ്റുന്നതിനാല്‍ അവന്റെ താമസം ജ്യേഷ്ഠന്റെ വീട്ടിലായി. അപ്പോഴേക്കും രോഗം കലശലായി. കാഴ്ച മങ്ങി വന്നു. അതോടൊപ്പം സ്ട്രോക്കും മൂസയെ തളര്‍ത്തി. മംഗലാപുരം ആസ്പത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനാവില്ലെന്ന് വന്നപ്പോള്‍ തിരിച്ചു വീട്ടിലെത്തി. ഒറ്റ ദിവസം മത്രമേ മൂസ അതിനു ശേഷം അവിടെ ഉണ്ടായിരുന്നുള്ളൂ.
കപ്പല്‍ അബ്ദുല്ല എന്ന സൈലറുടെയും ആയിശയുടെയും മകന്‍. ഫൗസിയ സഹധര്‍മിണി. ആറ്റുനോറ്റുണ്ടായ ഏകമകള്‍ മുസ്രിഫ വിദ്യാര്‍ത്ഥിനിയാണ്. അവന്റെ മരണാനന്തര ജീവിതം പടച്ചവന്റെ അനുഗ്രഹത്തിലാക്കട്ടെ. ആമീന്‍..


-ഹനീഫ് ബി.എ. പട്‌ള

Related Articles
Next Story
Share it