മൊയ്തീന്‍ കോടിയുടെ വിടവാങ്ങല്‍ നിനച്ചിരിക്കാത്ത നേരത്ത്

മരണത്തിന് സ്ഥലകാല വ്യത്യാസമോ നഷ്ടകഷ്ടങ്ങളിലെ കണക്കെടുപ്പുകളോ ഒന്നുമില്ല. നിശ്ചയിക്കപ്പെട്ട അവധിക്ക് അത് ഒരു പരിഗണനയുമില്ലാതെയും വിട്ടുവീഴ്ചക്കൊരു പഴുതുമില്ലാതെയും കടന്നു വരും. അങ്ങനെ നാടിനും നാട്ടുകാര്‍ക്കും സമൂഹത്തിനും എന്നും ആവശ്യമുള്ളവരായാല്‍ പോലും അവരുടെ സാന്നിധ്യവും സഹകരണവും ഇന്നിന്റെ അനിവാര്യമെന്ന് സമൂഹം ഒന്നടങ്കം കരുതുന്ന നേരത്തായിരിക്കും അത്തരക്കാരെ മരണം ആരോടും പറയാതെ കൂട്ടിക്കൊണ്ട് പോവുക.അത്തരത്തില്‍ ഒരു നിര്യാണമായിരുന്നു കഴിഞ്ഞ ദിവസം കന്തല്‍ കോടി മൊയ്തീന്‍ സാഹിബിന്റെത്. പ്രയാസത്തിന്റെ നടുകടലില്‍ ജനിച്ചു പ്രതിസന്ധികളോട് പടപൊരുതി ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍, താനോ ബന്ധപ്പെട്ടവരോ […]

മരണത്തിന് സ്ഥലകാല വ്യത്യാസമോ നഷ്ടകഷ്ടങ്ങളിലെ കണക്കെടുപ്പുകളോ ഒന്നുമില്ല. നിശ്ചയിക്കപ്പെട്ട അവധിക്ക് അത് ഒരു പരിഗണനയുമില്ലാതെയും വിട്ടുവീഴ്ചക്കൊരു പഴുതുമില്ലാതെയും കടന്നു വരും. അങ്ങനെ നാടിനും നാട്ടുകാര്‍ക്കും സമൂഹത്തിനും എന്നും ആവശ്യമുള്ളവരായാല്‍ പോലും അവരുടെ സാന്നിധ്യവും സഹകരണവും ഇന്നിന്റെ അനിവാര്യമെന്ന് സമൂഹം ഒന്നടങ്കം കരുതുന്ന നേരത്തായിരിക്കും അത്തരക്കാരെ മരണം ആരോടും പറയാതെ കൂട്ടിക്കൊണ്ട് പോവുക.
അത്തരത്തില്‍ ഒരു നിര്യാണമായിരുന്നു കഴിഞ്ഞ ദിവസം കന്തല്‍ കോടി മൊയ്തീന്‍ സാഹിബിന്റെത്. പ്രയാസത്തിന്റെ നടുകടലില്‍ ജനിച്ചു പ്രതിസന്ധികളോട് പടപൊരുതി ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍, താനോ ബന്ധപ്പെട്ടവരോ മറ്റൊരാള്‍ക്കും ബാധ്യതയാവരുതെന്ന ഉത്തമ ബോധത്തോടെ അന്നം തേടി നേരത്തേ നാടു വിടുകയും അവസാനം പ്രവാസലോകത്തിന്റെ ചൂടും ചൂരും ഏറ്റുവാങ്ങി നല്ലൊരു ഭാവി കെട്ടിപ്പടുക്കുകയും ചെയ്ത മൊയ്തീന്‍ പ്രവാസ ജീവിതം ഒഴിഞ്ഞ് കൃഷിയില്‍ അഭിവൃദ്ധി നേടുകയും ഒപ്പം സാമൂഹിക, കാരുണ്യ പ്രവൃത്തികളില്‍ മുഴുകുകയും ചെയ്തു.
കന്തല്‍ മുസ്ലിം ജമാഅത്ത് കമ്മിറ്റി ട്രഷറര്‍, ജനറല്‍ സെക്രട്ടറി സ്ഥാനങ്ങളില്‍ കാലങ്ങളോളവും അഞ്ചാണ്ട് മുമ്പ് കന്തല്‍ ജമാഅത്ത് കമ്മിറ്റിക്ക് കീഴില്‍ രൂപം കൊണ്ട കന്തല്‍ എജ്യൂക്കേഷണല്‍ ഡെവലപ്‌മെന്റ് സൊസൈറ്റിയിലും സ്തുത്യര്‍ഹമാംവിധം സേവന നിരതമായി നാട്ടുകാര്‍ക്കെല്ലാം സുസമ്മതനായി വര്‍ത്തിച്ചു. മഹല്ല് കമ്മിറ്റിയുമായി ബന്ധപ്പെട്ട മുഴുവന്‍ രംഗങ്ങളിലും കുറ്റമറ്റ രൂപത്തില്‍ പ്രവര്‍ത്തിക്കാനും സാമ്പത്തികമായി കമ്മിറ്റിയുടെ ഭദ്രത ഉറപ്പ് വരുത്താനും അദ്ദേഹം കിണഞ്ഞു ശ്രമിച്ചു. സാധാരണ ഗതിയില്‍ പിഴവിന് ഏറെ സാധ്യതയുണ്ടാവാറുള്ള നിര്‍മ്മാണ പ്രവര്‍ത്തികളില്‍പോലും നയാ പൈസയെങ്കിലും പൊതു ഫണ്ടിന് കുറവ് വരുത്തരുതെന്ന നിര്‍ബന്ധ ബുദ്ധി അദ്ദേഹത്തെ വേറിട്ടു നിര്‍ത്തി. പണ്ഡിതരോടും മറ്റു ഉലമാക്കളോടും പൊതു സമൂഹത്തോട് മൊത്തത്തിലും ആദരവോടെ പെരുമാറി. അന്യര്‍ക്ക് അസഹ്യമായതൊന്നും തന്നില്‍ നിന്നുണ്ടാവരുതെന്നത് അദ്ദേഹത്തിന്റെ ഒരു ശാഠ്യമായിരുന്നു. കാരുണ്യ പ്രവര്‍ത്തനങ്ങളിലും മറ്റും രഹസ്യമായി അദ്ദേഹം മുന്‍പന്തിയിലായിരുന്നു എന്നത് പ്രത്യേകം സ്മര്‍ത്തവ്യമാണ്.
പള്ളി, മദ്രസകളിലെ നിര്‍മ്മിതികളില്‍ തന്റെയും സ്വന്തം മക്കളുടെയും ശാരീരിക സേവനങ്ങള്‍ വൈമനസ്യമന്യേ അദ്ദേഹം ഉറപ്പ് വരുത്തി കര്‍മ്മ രംഗത്ത് സജീവമായിരുന്നു. രോഗം തന്റെ ശരീരത്തെ കാര്‍ന്നു തിന്നുന്നുവെന്ന് ബോധ്യം വന്നിട്ടും കഴിവുള്ള കാലത്തോളം ദീനി സേവന നിരതനാവുക എന്ന ലക്ഷ്യത്തില്‍ പ്രവര്‍ത്തിക്കാന്‍ തല്‍പരനായിരുന്നുവെന്നതും എടുത്തു പറയേണ്ടതു തന്നെ.
രണ്ടു വര്‍ഷത്തോളമായി അസുഖ ബാധിതനായി കമ്മിറ്റികളില്‍ നിന്ന് മാറി നില്‍ക്കുമ്പോഴും നന്മയുടെ വഴിയില്‍ ശ്രദ്ധചെലുത്തുകയും അപരന്റെ ക്ഷേമങ്ങള്‍ക്കും സാന്ത്വന പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുയും ചെയ്തു. മൊയ്തീന്‍ സാഹിബ് രോഗിയാണെങ്കിലും അതിത്രയ്ക്കും പെട്ടെന്ന് മരണത്തിന് കീഴടങ്ങേണ്ടി വരുന്ന ഒന്നായിരിക്കുമെന്ന് ഞങ്ങളാരും നിനച്ചതേ ഇല്ല. നാഥാ... ആ മണ്ണറ മണിയറയാക്കി കൊടുക്കേണമേ എന്ന് പ്രാര്‍ത്ഥിക്കാനേ ഇനി ആവുകയുള്ളൂ..


-കന്തല്‍ സൂപ്പി മദനി

Related Articles
Next Story
Share it