മെഹറുന്നിസയെ കുറിച്ച് അല്‍പം...

മെഹറുന്നിസ ദഖീറത്ത് സ്‌കൂളിലെ അക്കൗണ്ടിംഗ് സെക്ഷനില്‍ ജോലി ചെയ്തിരുന്ന ഒരു സ്റ്റാഫ് മാത്രമായിരുന്നില്ല. ആത്മാര്‍ത്ഥതയുടെ പര്യായം കൂടിയായിരുന്നു.രോഗത്തോട് പൊരുതുന്നതിനിടെയില്‍ തന്നെയാണ് അവള്‍ ജോലി തേടി ദഖീറത്തിലെത്തിയത്. കണക്കിടപാടുകള്‍ കൈകാര്യം ചെയ്യാന്‍ കഴിവുള്ളതിനാല്‍ പ്രസിഡണ്ട് ടി.ഇ അബ്ദുല്ലയാണ് അക്കൗണ്ടിംഗ് സെക്ഷനില്‍ മെഹറുന്നിസയെ നിയമിച്ചത്. ഒരു സ്ഥാപനത്തില്‍ എത്രമാത്രം ആത്മാര്‍ത്ഥമായി ജോലി ചെയ്യാമെന്ന് മെഹറുന്നിസ ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ തെളിയിക്കുകയും ചെയ്തു. തന്നെ അലട്ടിയിരുന്ന രോഗത്തിന്റെ കാഠിന്യമൊന്നും ജോലിയിലെ ആത്മാര്‍ത്ഥതയെ ബാധിച്ചില്ല. നേരത്തെ എത്തുകയും വൈകി ഓഫീസില്‍ നിന്നിറങ്ങുകയും ചെയ്തിരുന്ന […]

മെഹറുന്നിസ ദഖീറത്ത് സ്‌കൂളിലെ അക്കൗണ്ടിംഗ് സെക്ഷനില്‍ ജോലി ചെയ്തിരുന്ന ഒരു സ്റ്റാഫ് മാത്രമായിരുന്നില്ല. ആത്മാര്‍ത്ഥതയുടെ പര്യായം കൂടിയായിരുന്നു.
രോഗത്തോട് പൊരുതുന്നതിനിടെയില്‍ തന്നെയാണ് അവള്‍ ജോലി തേടി ദഖീറത്തിലെത്തിയത്. കണക്കിടപാടുകള്‍ കൈകാര്യം ചെയ്യാന്‍ കഴിവുള്ളതിനാല്‍ പ്രസിഡണ്ട് ടി.ഇ അബ്ദുല്ലയാണ് അക്കൗണ്ടിംഗ് സെക്ഷനില്‍ മെഹറുന്നിസയെ നിയമിച്ചത്. ഒരു സ്ഥാപനത്തില്‍ എത്രമാത്രം ആത്മാര്‍ത്ഥമായി ജോലി ചെയ്യാമെന്ന് മെഹറുന്നിസ ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ തെളിയിക്കുകയും ചെയ്തു. തന്നെ അലട്ടിയിരുന്ന രോഗത്തിന്റെ കാഠിന്യമൊന്നും ജോലിയിലെ ആത്മാര്‍ത്ഥതയെ ബാധിച്ചില്ല. നേരത്തെ എത്തുകയും വൈകി ഓഫീസില്‍ നിന്നിറങ്ങുകയും ചെയ്തിരുന്ന മെഹ്‌റുന്നിസ തന്റെ സങ്കടങ്ങളെല്ലാം ഞങ്ങളില്‍ നിന്ന് മറച്ചുവെച്ചിരുന്നു. അതിന് ഒരുപരിധിവരെ എപ്പോഴും മുഖത്തണിഞ്ഞിരുന്ന മാസ്‌ക് അവള്‍ക്ക് സഹായകമാകുകയും ചെയ്തിരുന്നു.
ഒമ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് മെഹറുന്നിസ രോഗബാധിതയാവുന്നത്. വിവാഹം കഴിഞ്ഞ് മധുരതരമായ നാളുകളിലൂടെ കടന്നുപോവുകയായിരുന്നു അവള്‍. അപ്പോഴേക്കും വില്ലനായി രോഗമെത്തി. ജീവിതത്തിന്റെ താളം തന്നെ മറിഞ്ഞു. എങ്കിലും തളര്‍ന്നില്ല. തന്റെ ജോലിയിലും ആരാധനാകര്‍മ്മങ്ങളിലും അഭയം കണ്ടെത്തി അവള്‍ ആശ്വാസം തേടുകയായിരുന്നു. ജീവിതം തുടങ്ങുമ്പോഴേക്കും രോഗവും സങ്കടങ്ങളുമായി വേദന നിറഞ്ഞുവെങ്കിലും എല്ലാവര്‍ക്കും മുമ്പില്‍ മെഹറുന്നിസ പുഞ്ചിരിയുമായി നിന്നു. ആരേയും തന്റെ സങ്കടങ്ങള്‍ കാണിച്ചതേയില്ല.
അസുഖം മൂര്‍ച്ഛിച്ച് തീരെ വയ്യാതായപ്പോഴാണ് ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ജോലിയില്‍ നിന്ന് മാറി നിന്നത്. ജോലി ഒഴിയുന്നതായും തനിക്ക് പകരം മറ്റൊരാളെ കണ്ടെത്തണമെന്നാവശ്യപ്പെട്ടും മെഹറുന്നിസ ദഖീറത്തുല്‍ ഉഖ്‌റാ സംഘത്തിന് കത്ത് നല്‍കിയെങ്കിലും അത് സ്വീകരിച്ചില്ല. രോഗം എത്രയും പെട്ടെന്ന് ഭേദമാകട്ടെയെന്നും മെഹറുന്നിസയുടെ തിരിച്ചുവരവിനായി ഞങ്ങള്‍ കാത്തിരിക്കുകയാണെന്നും അറിയിക്കുകയാണ് ദഖീറത്തുല്‍ ഉഖ്‌റാ സംഘം ചെയ്തത്. ആസ്പത്രി കിടക്കിയില്‍ നിന്നും കൂടെക്കൂടെ സഹപ്രവര്‍ത്തകരെ ബന്ധപ്പെട്ട് തന്റെ ആരോഗ്യാവസ്ഥ അറിയിച്ചിരുന്നു. ഇത്ര പെട്ടെന്ന് പോയിക്കളയുമെന്ന് ആരും പ്രതീക്ഷിച്ചതല്ല.
ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് ആസ്പത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത് മെഹറുന്നിസ ഉംറ കര്‍മ്മം നിര്‍വഹിക്കാനായി മക്കയിലേക്ക് പോയിരുന്നു. മെഹറുന്നിസുടെ വലിയ ആഗ്രഹമായിരുന്നു പ്രവാചകന്‍ മുഹമ്മദ് നബി ജീവിച്ച മണ്ണില്‍ ചെല്ലണമെന്നും കഅ്ബയെ കണ്‍കുളിര്‍ക്കെ കാണണമെന്നും മദീനയില്‍ പ്രവാചകന്റെ ചാരത്ത് ചെന്ന് അല്‍പനേരം നില്‍ക്കണമെന്നുമൊക്കെ. ഉംറ കര്‍മ്മം ഭംഗിയായി നിര്‍വഹിച്ച് നാട്ടില്‍ തിരിച്ചെത്തുകയും ചെയ്തു. അതിന്റെ സന്തോഷം മെഹറുന്നിസയുടെ മുഖത്ത് അലതല്ലുന്നുണ്ടായിരുന്നു. എന്നാല്‍ അധികനാള്‍ നീണ്ടില്ല. രോഗം വീണ്ടും മൂര്‍ച്ഛിച്ചു. ആസ്പത്രിയില്‍ കിടപ്പായി. സഹോദരങ്ങളും മനാസ് അടക്കമുള്ള ബന്ധുക്കളും അവള്‍ക്ക് ആശ്വാസം പകര്‍ന്ന് ഒപ്പമിരുന്നു. ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന വലിയ പ്രതീക്ഷ മെഹറുന്നിസക്കുമുണ്ടായിരുന്നു. ശാസ്ത്രം ഒരുപാട് വളര്‍ന്ന ഈ കാലത്ത് തന്നെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ ഡോക്ടര്‍മാര്‍ക്ക് കഴിയുമെന്നും അല്ലാഹു അനുഗ്രഹിക്കുമെന്നും അവള്‍ പ്രതീക്ഷിച്ചിരുന്നു. ഭയം എന്നതൊന്ന് അവളുടെ വാക്കുകളിലോ ചലനങ്ങളില്‍ പോലുമോ ഉണ്ടായിരുന്നില്ല. എന്നാല്‍ വിധി മറിച്ചായിരുന്നു. ചൊവ്വാഴ്ച വൈകിട്ടോടെ മെഹറുന്നിസ യാത്രയായി. വീട്ടിലേക്ക് ഒഴുകിയെത്തിയ ബന്ധുക്കളും നാട്ടുകാരും സുഹൃത്തുക്കളുമടക്കമുള്ള ജനാവലി അവളോടുള്ള സ്‌നേഹം വിളിച്ചോതുന്നുണ്ടായിരുന്നു. അല്ലാഹു സ്വര്‍ഗം നല്‍കട്ടെ.


-ടി.എ ഷാഫി

Related Articles
Next Story
Share it