സ്‌നേഹനിധിയായ അയല്‍വാസിയും യാത്രയായി

ഞങ്ങള്‍, തളങ്കരക്കാര്‍ക്ക് പുഞ്ചിരി പൊഴിക്കുന്ന മുഖമാണ് നെല്ലിക്കുന്ന് മാമൂച്ച. ആ പുഞ്ചിരിയുടെ വശ്യത പലപ്പോഴും നോക്കിനിന്നു പോയിട്ടുണ്ട്. സ്നേഹനിധിയായ അയല്‍വാസിയാണ് എനിക്കദ്ദേഹം. ഞങ്ങള്‍ തളങ്കര നുസ്രത്ത് റോഡുകാരുടെ അഭിമാനമായിരുന്നു കെ.എസ്. അബ്ദുല്ലയും കെ.എസ് ഹബീബുല്ല ഹാജിയും സമദ് ഹാജിയും ബാംഗ്ലൂര്‍ കുഞ്ഞാമു ഹാജിയും ത്രീസ്റ്റാര്‍ മുഹമ്മദ്ച്ചയും ബെഡ്ഡ് മുഹമ്മദ് കുഞ്ഞിച്ചയുമൊക്കെ. എല്ലാവരും വിടപറഞ്ഞപ്പോള്‍ നെല്ലിക്കുന്ന് മാമൂച്ച അടക്കമുള്ള ചിലര്‍ മാത്രമായിരുന്നു ഒരാശ്വാസമായി ഉണ്ടായിരുന്നത്. നുസ്രത്ത് നഗര്‍ ത്വാഹ മസ്ജിദിന്റെയും നൂറുല്‍ ഇസ്ലാം മദ്രസയുടെയും പ്രവര്‍ത്തനങ്ങളില്‍ നിറഞ്ഞുനിന്നിരുന്ന നെല്ലിക്കുന്ന് […]

ഞങ്ങള്‍, തളങ്കരക്കാര്‍ക്ക് പുഞ്ചിരി പൊഴിക്കുന്ന മുഖമാണ് നെല്ലിക്കുന്ന് മാമൂച്ച. ആ പുഞ്ചിരിയുടെ വശ്യത പലപ്പോഴും നോക്കിനിന്നു പോയിട്ടുണ്ട്. സ്നേഹനിധിയായ അയല്‍വാസിയാണ് എനിക്കദ്ദേഹം. ഞങ്ങള്‍ തളങ്കര നുസ്രത്ത് റോഡുകാരുടെ അഭിമാനമായിരുന്നു കെ.എസ്. അബ്ദുല്ലയും കെ.എസ് ഹബീബുല്ല ഹാജിയും സമദ് ഹാജിയും ബാംഗ്ലൂര്‍ കുഞ്ഞാമു ഹാജിയും ത്രീസ്റ്റാര്‍ മുഹമ്മദ്ച്ചയും ബെഡ്ഡ് മുഹമ്മദ് കുഞ്ഞിച്ചയുമൊക്കെ. എല്ലാവരും വിടപറഞ്ഞപ്പോള്‍ നെല്ലിക്കുന്ന് മാമൂച്ച അടക്കമുള്ള ചിലര്‍ മാത്രമായിരുന്നു ഒരാശ്വാസമായി ഉണ്ടായിരുന്നത്. നുസ്രത്ത് നഗര്‍ ത്വാഹ മസ്ജിദിന്റെയും നൂറുല്‍ ഇസ്ലാം മദ്രസയുടെയും പ്രവര്‍ത്തനങ്ങളില്‍ നിറഞ്ഞുനിന്നിരുന്ന നെല്ലിക്കുന്ന് മാമൂച്ച ഞാന്‍ നാട്ടിലെത്തുമ്പോഴൊക്കെ പള്ളിയിലേക്കുള്ള യാത്രക്കിടയില്‍ നാട്ടുവിശേഷങ്ങല്‍ വിശദമായി പറയുമായിരുന്നു. മിക്കദിവസങ്ങളിലും ഞങ്ങള്‍ ഒന്നിച്ചായിരുന്നു തൊട്ടടുത്ത വീടുകളില്‍ നിന്ന് സുബ്ഹിക്ക് പള്ളിയിലേക്ക് ഇറങ്ങിയിരുന്നത്. നിസ്‌കാരം കഴിഞ്ഞ് ഇറങ്ങി വരുമ്പോള്‍ മാമൂച്ച എന്നെ കാത്തിരിക്കുന്നുണ്ടാവും. പള്ളിയുടെയോ മദ്രസയുടെയോ കാര്യങ്ങള്‍ പറയാനായിരിക്കും ആ കാത്തിരിപ്പ്. അദ്ദേഹം ദീര്‍ഘകാലം പള്ളി കമ്മിറ്റിയുടെ ജനറല്‍ സെക്രട്ടറിയായിരുന്നു. ത്രീസ്റ്റാര്‍ മുഹമ്മദ്ച്ചയും നെല്ലിക്കുന്ന് മാമൂച്ചയും പള്ളി കമ്മിറ്റിയുടെ നേതൃത്വത്തിലുള്ളത് ഞങ്ങള്‍ മഹല്ലുകാര്‍ക്ക് ഒരാശ്വാസമായിരുന്നു. എല്ലാ കാര്യങ്ങളും അവര്‍ ഭംഗിയായി നോക്കിക്കൊള്ളും. ചെറിയൊരു പള്ളിയാണെങ്കിലും വിശ്വാസികള്‍ക്ക് സംതൃപ്തിയോടെ ആരാധനാ കര്‍മ്മങ്ങള്‍ നിര്‍വഹിക്കാനുള്ള സൗകര്യങ്ങളൊക്കെ ഭംഗിയായി അവര്‍ ചെയ്തു കൊടുക്കുമായിരുന്നു.
പള്ളി പുതുക്കി പണിയാന്‍ തീരുമാനിച്ചപ്പോള്‍ മാമുച്ചയും ആ കമ്മിറ്റിയില്‍ ഒരംഗമായിരുന്നു. മാലിക് ദീനാര്‍ പള്ളിയിലെ ഉറൂസ് വേളകളില്‍ മാമൂച്ചയുടെ സേവനം കണ്ട് ഞങ്ങളൊക്കെ ഏറെ സന്തോഷിച്ചിട്ടുണ്ട്. മാലിക് ദീനാര്‍ പള്ളി കൗണ്‍സില്‍ അംഗം എന്ന നിലയില്‍ പള്ളിയിലെ ഒരുപാട് ഉറൂസുകള്‍ക്ക് നേര്‍ച്ച വിഭാഗത്തിന്റെ ചുമതല ഏല്‍പ്പിക്കപ്പെട്ടവരില്‍ ഒരാള്‍ മാമൂച്ചയായിരുന്നു. ആ ദൗത്യം അദ്ദേഹം ഭംഗിയായി നിര്‍വഹിച്ചു. കൃത്യമായ സമയങ്ങളില്‍ നേര്‍ച്ച വിഭാഗം ഓഫീസിലെത്തി എല്ലാ കാര്യങ്ങള്‍ക്കും അദ്ദേഹം നേതൃത്വം നല്‍കി. പള്ളി കൗണ്‍സില്‍ അംഗം എന്ന നിലയില്‍ അധികമൊന്നും സംസാരിക്കാറില്ലെങ്കിലും ഏറ്റെടുക്കുന്ന ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കുന്നതില്‍ നൂറ് ശതമാനം വിജയമായിരുന്നു അദ്ദേഹം. കുറെ സംസാരിക്കുകയും അഭിപ്രായം പറയുകയും ചെയ്യുക മാത്രമല്ല മഹത്വമെന്നും ഏറ്റെടുക്കുന്ന ജോലിയോട് കൂറ് പുലര്‍ത്തി അവ ഭംഗിയായി നിര്‍വഹിക്കുന്നതിലാണെന്നും തിരിച്ചറിഞ്ഞവരില്‍ ഒരാളായിരുന്നു അദ്ദേഹം.
മാമൂച്ച മുംബൈയില്‍ ബാഗ് ഫാക്ടറി നടത്തിയിരുന്നു. മുംബൈ ജീവിതം അദ്ദേഹം ഉപജീവനത്തിനുള്ള ഒരിടം മാത്രമാക്കുകയായിരുന്നില്ല, ആ സമയത്തും സ്വദേശത്തിന്റെ കാര്യങ്ങള്‍ ശ്രദ്ധിക്കുകയും ആവശ്യമായ സഹായങ്ങള്‍ എത്തിക്കുകയും ചെയ്തിരുന്നു.
മരണത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് അദ്ദേഹത്തിന്റെ ചാരത്ത് ചെന്നുനില്‍ക്കാന്‍ എനിക്ക് കഴിഞ്ഞിരുന്നു. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എയും കെ.എം ബഷീറും ഒപ്പമുണ്ടായിരുന്നു. അന്നേരം ഒരു ബന്ധു ചെവിയില്‍ ഖുര്‍ആന്‍ വചനം ഓതി കേള്‍പ്പിക്കുന്നുണ്ടായിരുന്നു. അത് കേട്ട് സ്വര്‍ഗം കണ്ട് കൊണ്ടായിരിക്കും ഒഫാത്തായിരിക്കുക. ഒരു നാടിനെ എന്നും സ്നേഹം കൊണ്ട് തലോടിയ മാമൂച്ച മരണത്തിന്റെ കാലൊച്ചകള്‍ കേട്ട് കിടക്കുകയാണെന്ന് തോന്നിയതേയില്ല. ജീവിതത്തിലേക്ക് തിരികെ വരണമെന്നായിരുന്നു ഞങ്ങള്‍ ആഗ്രഹിച്ചത്. പക്ഷെ, ഏതാനും മണിക്കൂറുകള്‍ക്കകം മരണവാര്‍ത്തയാണ് എത്തിയത്. എപ്പോഴും ഒരാശ്വാസമായി, ധൈര്യമായി കൂടെയുണ്ടായിരുന്ന പ്രിയങ്കരനായിരുന്ന അയല്‍വാസിയും യാത്രയായിരിക്കുന്നു. അല്ലാഹുമ്മഗ്ഫിര്‍ലഹു വര്‍ഹംഉ...


-യഹ്‌യ തളങ്കര

Related Articles
Next Story
Share it