എം.എം. താജുദ്ദീന്‍ എന്ന നന്മയുടെ പൂമരം

മേല്‍പറമ്പിന്റെ ഒരു സംരക്ഷിത മതിലായിരുന്നു താജുച്ച എന്ന് എല്ലാവരും സ്‌നേഹപൂര്‍വ്വം വിളിച്ച് എം.എം. താജുദ്ദീന്‍. താജുച്ചാന്റെ പഴയ മോട്ടര്‍ സൈക്കിളിന്റെ ഇരമ്പല്‍ ശബ്ദം ദൂരെനിന്ന് തന്നെ കേള്‍ക്കാമായിരുന്നു. രാപ്പകലുകളില്‍ പീടിക വരാന്തയിലും ഇടവഴികളിലും തങ്ങി നിന്നിരുന്ന സാമൂഹിക ദ്രോഹികളും നേരമ്പോക്കികളും താജുച്ചാന്റെ മോട്ടോര്‍ സൈക്കിളിന്റെ ശബ്ദം കേട്ടാല്‍, ആ നിഴല്‍ കണ്ടാല്‍ മാറിക്കളയുമായിരുന്നു.തൊള്ളായിരത്തി എഴുപതു മുതല്‍ രണ്ടായിരത്തിന്റെ ആദ്യ കാലഘട്ടം വരെ താജുച്ച മേല്‍പറമ്പില്‍ എന്നും ഒരു നിറ സാന്നിധ്യമായിരുന്നു. വ്യക്തമായ രാഷ്ട്രീയ ആദര്‍ശം മുറുകെ പിടിക്കുമ്പോളും […]

മേല്‍പറമ്പിന്റെ ഒരു സംരക്ഷിത മതിലായിരുന്നു താജുച്ച എന്ന് എല്ലാവരും സ്‌നേഹപൂര്‍വ്വം വിളിച്ച് എം.എം. താജുദ്ദീന്‍. താജുച്ചാന്റെ പഴയ മോട്ടര്‍ സൈക്കിളിന്റെ ഇരമ്പല്‍ ശബ്ദം ദൂരെനിന്ന് തന്നെ കേള്‍ക്കാമായിരുന്നു. രാപ്പകലുകളില്‍ പീടിക വരാന്തയിലും ഇടവഴികളിലും തങ്ങി നിന്നിരുന്ന സാമൂഹിക ദ്രോഹികളും നേരമ്പോക്കികളും താജുച്ചാന്റെ മോട്ടോര്‍ സൈക്കിളിന്റെ ശബ്ദം കേട്ടാല്‍, ആ നിഴല്‍ കണ്ടാല്‍ മാറിക്കളയുമായിരുന്നു.
തൊള്ളായിരത്തി എഴുപതു മുതല്‍ രണ്ടായിരത്തിന്റെ ആദ്യ കാലഘട്ടം വരെ താജുച്ച മേല്‍പറമ്പില്‍ എന്നും ഒരു നിറ സാന്നിധ്യമായിരുന്നു. വ്യക്തമായ രാഷ്ട്രീയ ആദര്‍ശം മുറുകെ പിടിക്കുമ്പോളും നാടിന്റെ പൊതു ആവശ്യങ്ങള്‍ക്കും സഹ ജീവിയുടെ വേദനയിലും കക്ഷി രാഷ്ട്രീയം നോക്കാതെ താജുച്ച പിന്തുണക്കും. നാടിന്റെ സമാധാനം, സൗഹാര്‍ദം, വികസനം എന്നിവ മാത്രമായിരുന്നു അദ്ദേഹത്തിന്റെ സ്വപ്‌നവും ലക്ഷ്യവും. മത, കക്ഷി, രാഷ്ട്രീയ ഭേദമന്യേ സര്‍വരും താജുച്ചാനെ സ്‌നേഹിച്ചിരുന്നു. അതാണ് അദ്ദേഹത്തിന് മേല്‍പറമ്പിലുള്ള സ്വീകാര്യത.
പരേതനായ എം.എം. അബ്ദുല്ല കുഞ്ഞി ആയിഷ ദമ്പതികളുടെ മകനായി 1949 ഫെബ്രുവരി 3ന് തളങ്കരയിലാണ് ജനനം. 35 വര്‍ഷം പി.ഡബ്ല്യു.ഡി കോണ്‍ട്രാക്ടറായി സര്‍ക്കാറിന്റെ ജില്ലയിലെ മേജര്‍ പ്രൊജക്ടുകള്‍ ഒക്കെ ഏറ്റെടുത്തു മനോഹരമായി പൂര്‍ത്തിയാക്കി. പൊതുമരാമത്ത് മന്ത്രിയില്‍ നിന്ന് ഏറ്റവും നല്ല കരാറുകാരനുള്ള അവാര്‍ഡ് നേടിയിരുന്നു. ഇരുപത് വര്‍ഷത്തിലധികം യാതൊരു കേടുപാടും സംഭവിക്കാതെ ചലമനോഹരമായി നിലനിന്നിരുന്ന കാസര്‍കോട് നഗര ഹൃദയത്തിലെ പാതയാണ് ട്രാഫിക് ജംഗ്ഷന്‍ പാര്‍ക്കര്‍ ഹോട്ടല്‍ റോഡ്. ദിനേന ആയിരക്കണക്കിന് വാഹനങ്ങള്‍ സഞ്ചരിക്കുന്ന ഈ റോഡിന്റെ പണി ഏറ്റെടുത്തു ചെയ്തിരുന്നത് താജുച്ചയായിരുന്നു. പുതിയപുര കുഞ്ഞാലിച്ച ചെമനാട് പഞ്ചായത്ത് പ്രസിഡണ്ടായ കാലഘട്ടം മുതല്‍ കുറെ കാലം പഞ്ചായത്തിന്റെ മിക്ക മരാമത്ത് ജോലികളും ചെയ്തിരുന്നത് താജുച്ചയുടെ മേല്‍നോട്ടത്തില്‍ തന്നെയായിരുന്നു. പരേതനായ കല്ലട്ര അബ്ബാസ് ഹാജി പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന 1988 കാലത്താണ് ചെമനാട് പഞ്ചായത്തില്‍ ബസ് വെയ്റ്റിംഗ് സ്റ്റാന്റുകള്‍ നിര്‍മ്മിച്ചത്. അന്ന് മനോഹരമായ സ്റ്റാന്റുകള്‍ പണിതത് താജുച്ച തന്നെയായിരുന്നു. ജോലിയിലെ കൃത്യത അദ്ദേഹത്തിന്റെ സാമൂഹിക പ്രതിബദ്ധതയായിരുന്നു. ചന്ദ്രഗിരി സ്‌കൂളിന്റെ മെയിന്‍ ബില്‍ഡിങ്ങും ചുറ്റുമതിലും പണിതതും അദ്ദേഹമാണ്. ആമിന, റാബിയ, സഫിയ തുടങ്ങിയ പേരുകളില്‍ ഓള്‍ ഇന്ത്യ പെര്‍മിറ്റുള്ള 8 ലോറികള്‍ അദ്ദേഹത്തിനുണ്ടായിരുന്നു. ഇന്നത്തെ പോലെ മണല്‍ വില കൂടിയ ഒരു അപൂര്‍വ്വ വസ്തുവായി മാറുന്നതിനു മുമ്പ് താജുച്ച മണല്‍ വ്യാപാരവും ചെയ്തിരുന്നു. അദ്ദേഹം കരാര്‍ പണികള്‍ക്കായി തമിഴ്‌നാട്ടില്‍ നിന്നും ജോലിക്കാരെ കൊണ്ട് വന്നതിനു ശേഷമാണ് നമ്മുടെ നാട്ടില്‍ സകല ജോലിക്കും തമിഴര്‍ വന്നു തുടങ്ങിയത്.
നല്ലൊരു ഫുട്‌ബോള്‍ താരവും ഫുട്‌ബോള്‍ പ്രേമിയുമായിരുന്നു താജുച്ച. ജില്ലയില്‍ ഒരുകാലത്ത് ടൂര്‍ണമെന്റുകളില്‍ സുപരിചിതമായ നാമമായിരുന്നു അദ്ദേഹത്തിന്റേത്. കളിക്കുക എന്നതിനേക്കാള്‍ കളിപ്പിക്കാനും കളിയെ പ്രോത്സാഹിപ്പിക്കാനുമാണ് കൂടുതല്‍ ശ്രദ്ധ ചെലുത്തിയത്. മേല്‍പറമ്പില്‍ ജോളി ബ്രദേഴ്‌സ്, യുണൈറ്റഡ്, എം.എസ് .സി തുടങ്ങിയ ക്ലബ്ബുകള്‍ക്ക് വേണ്ടി ഒരുപാട് പ്രവര്‍ത്തിച്ചിട്ടുണ്ട്. കണ്ണന്‍കുഞ്ഞി മാഷ്, യു.എം. അഹമ്മദലി, എം.എ. മുഹമ്മദ് കുഞ്ഞി, രാഘവന്‍ നടക്കാല്‍, ശ്രീധരന്‍ നടക്കാല്‍, കടവത്ത് ഹമീദ്, പാറപ്പുറം ഷാഫി തുടങ്ങിയവരൊക്കെയായിരുന്നു അദ്ദേഹത്തിന് ഒപ്പം ഉണ്ടായിരുന്നത്.
ഉത്തര മലബാറില്‍ അകാലത്ത് നടന്ന മിക്ക ഫുട്‌ബോള്‍ ടൂര്‍ണമെന്റുകളിലും മേല്‍പറമ്പില്‍ നിന്ന് ഒരു ടീമിനെ താജുച്ച സ്വന്തം പണം ചെലവാക്കി കൊണ്ട് പോവുമായിരുന്നു. നല്ല കളിക്കാരെ പുറത്തു നിന്നും ഇറക്കി ആ ട്രോഫി കരസ്ഥമാക്കണമെന്ന് അദ്ദേഹത്തിന് നിര്‍ബന്ധമുണ്ടായിരുന്നു. സ്ഥിരമായി തളങ്കരയിലെ ചില കളിക്കാരെ മേല്‍പറമ്പിലെ ടീമുകള്‍ക്ക് വേണ്ടി അദ്ദേഹം കളിപ്പിച്ചിരുന്നു.
ചെറുപ്പത്തില്‍ തന്നെ ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിനെ നെഞ്ചിലേറ്റിയ വ്യക്തിയാണ് അദ്ദേഹം. എം.എസ്.എഫിന്റെയും ലീഗിന്റെയും പരിപാടികളില്‍ ഒരു നിറസാന്നിധ്യമായിരുന്നു. മേല്‍പറമ്പ് പ്രദേശത്ത് മുസ്ലിം ലീഗിനെ വളര്‍ത്താന്‍ എന്നും മുന്‍നിരയില്‍ പ്രവര്‍ത്തിച്ചു. യൂണിയന്‍ ലീഗും അഖിലേന്ത്യാ ലീഗും തമ്മില്‍ ലയിച്ച ശേഷം നിലവില്‍ വന്ന മേല്‍പറമ്പ് ശാഖാ കമ്മിറ്റിയുടെ പ്രസിഡണ്ട് എം.എം. താജുച്ചയായിരുന്നു. പഞ്ചായത്ത്, മണ്ഡലം, ജില്ലാ കമ്മിറ്റികളില്‍ നേതൃത്വം വഹിക്കാന്‍ പലതവണ അവസരം ലഭിച്ചുവെങ്കിലും ഒഴിഞ്ഞുമാറുകയായിരുന്നു.
നേതൃപദവികള്‍ അദ്ദേഹം ഒരിക്കലും ആഗ്രഹിച്ചില്ല. വ്യക്തി ബന്ധങ്ങള്‍ക്ക് നല്ല വില കല്‍പിച്ച ഒരാളായിരുന്നു താജുച്ച.


-റാഫി പള്ളിപ്പുറം

Related Articles
Next Story
Share it