എം.കെ മുഹമ്മദ് കുഞ്ഞി ഹാജി; നഗരവികസനത്തിനൊപ്പം നടന്നൊരാള്‍...

പണ്ടുമുതല്‍ക്കെ, ഫോര്‍ട്ട് റോഡിലൂടെ കടന്നുപോകുമ്പോഴെല്ലാം തുറന്നുവെച്ച ആ വലിയ ഗേറ്റിലൂടെ രാജകീയതയുടെ പ്രൗഢിയുള്ള മാളിക വീട്ടിന്റെ ഉമ്മറത്തേക്ക് നോക്കും. അവിടെ ചാരുകസേരയില്‍ പത്രങ്ങള്‍ വായിച്ചിരിക്കുന്ന എം.കെ മുഹമ്മദ് കുഞ്ഞി ഹാജി എന്ന മനുഷ്യനെ മിക്കപ്പോഴും കാണാമായിരുന്നു. കാസര്‍കോടിന്റെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിച്ച ഒരു നിശബ്ദ പ്രവര്‍ത്തകന്‍. മുട്ടത്തൊടി കുഞ്ഞാമുവിന്റെ മകന് വാപ്പയുടെ അതേ പ്രൗഢിയും തലയെടുപ്പും വേണ്ടുവോളം ഉണ്ടായിരുന്നു.പഴയ ബസ് സ്റ്റാന്റ് രൂപപ്പെടുന്നതില്‍ മുട്ടത്തൊടി കുഞ്ഞാമുവിന് വലിയ പങ്കുണ്ട്. അന്ന് തായലങ്ങാടിയായിരുന്നു കാസര്‍കോടിന്റെ വലിയങ്ങാടി. നാലുമൂല ബസാറില്‍ […]

പണ്ടുമുതല്‍ക്കെ, ഫോര്‍ട്ട് റോഡിലൂടെ കടന്നുപോകുമ്പോഴെല്ലാം തുറന്നുവെച്ച ആ വലിയ ഗേറ്റിലൂടെ രാജകീയതയുടെ പ്രൗഢിയുള്ള മാളിക വീട്ടിന്റെ ഉമ്മറത്തേക്ക് നോക്കും. അവിടെ ചാരുകസേരയില്‍ പത്രങ്ങള്‍ വായിച്ചിരിക്കുന്ന എം.കെ മുഹമ്മദ് കുഞ്ഞി ഹാജി എന്ന മനുഷ്യനെ മിക്കപ്പോഴും കാണാമായിരുന്നു. കാസര്‍കോടിന്റെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിച്ച ഒരു നിശബ്ദ പ്രവര്‍ത്തകന്‍. മുട്ടത്തൊടി കുഞ്ഞാമുവിന്റെ മകന് വാപ്പയുടെ അതേ പ്രൗഢിയും തലയെടുപ്പും വേണ്ടുവോളം ഉണ്ടായിരുന്നു.
പഴയ ബസ് സ്റ്റാന്റ് രൂപപ്പെടുന്നതില്‍ മുട്ടത്തൊടി കുഞ്ഞാമുവിന് വലിയ പങ്കുണ്ട്. അന്ന് തായലങ്ങാടിയായിരുന്നു കാസര്‍കോടിന്റെ വലിയങ്ങാടി. നാലുമൂല ബസാറില്‍ നഗരം കറങ്ങിത്തിരിഞ്ഞിരുന്ന കാലം. സര്‍ക്കാര്‍ ഓഫീസുകളും പ്രധാനപ്പെട്ട കടകളും ഹോട്ടലുകളുമൊക്കെ തായലങ്ങാടിയും പരിസരവും കേന്ദ്രീകരിച്ചായിരുന്നു അന്ന്. പഴയ ബസ് സ്റ്റാന്റ് എന്ന പേരില്‍ നഗരം അങ്ങോട്ടേക്ക് വളര്‍ന്നിട്ടില്ല. ഇവിടെ 1957 ലാണ് സ്റ്റേറ്റ്സ് ഹോട്ടല്‍ സ്ഥാപിതമായത്. തൊട്ടടുത്ത് ഗേറ്റിന്റടുക്കല്‍ തറവാട് ക്ഷേത്രവും നേരെ മുമ്പില്‍ ചെറിയൊരു പള്ളിയും നേരത്തെ തന്നെയുണ്ട്. പള്ളി യാഥാര്‍ത്ഥ്യമാവുന്നതില്‍ അന്ന് തറവാട് ക്ഷേത്ര നടത്തിപ്പുകാരുടെ ഭാഗത്തു നിന്നുണ്ടായ സഹകരണം ഇന്നത്തെ തലമുറയോട് പറഞ്ഞാല്‍ മനസിലാവുമോ എന്നറിയില്ല.
നഗരം തായലങ്ങാടിയില്‍ നിന്ന് പതുക്കെ എം.എ റോഡ് കയറി എം.ജി റോഡിലേക്ക് എത്തി. വാഹനങ്ങള്‍ നന്നേ കുറവായിരുന്നു. കാളവണ്ടിക്കാലമായിരുന്നു അത്. അക്കാലത്ത് കാസര്‍കോടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് സാധനങ്ങളുമായി ടൗണിലെത്തിയിരുന്ന കാളവണ്ടികളുടെ വിശ്രമകേന്ദ്രം സ്റ്റേറ്റ്‌സ് ഹോട്ടല്‍ സ്ഥിതി ചെയ്യുന്ന സ്ഥലമായിരുന്നു. ആദ്യം ഹോംലിങ്ക്‌സ് ലോഡ്ജും തൊട്ടുപിന്നാലെ ബഹുനില കെട്ടിടത്തോടു കൂടി സ്റ്റേറ്റ്സ് ഹോട്ടലും സ്ഥാപിതമായ ഈ ഭാഗത്ത് ആള്‍ പെരുമാറ്റം കൂടി. പുതുതായി കടകളും തുറന്നുതുടങ്ങി. ബദരിയ ഹോട്ടലിന്റെ വരവോടെ ഈ ഭാഗം അങ്ങാടി തന്നെയായി വളര്‍ന്നു. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ തായലങ്ങാടി റോഡ് വീതി കുറഞ്ഞ് ഇടുങ്ങിയതിനാല്‍ വീതിയേറിയ എം.ജി റോഡിലേക്ക് നഗരം പറിച്ചുമാറ്റപ്പെട്ടു. പില്‍ക്കാലത്ത് ബസ് സ്റ്റാന്റ് കൂടി വന്നതോടെ ഈ ഭാഗം പിന്നേയും വളര്‍ന്നു. കാസര്‍കോട്ട് അന്ന് പുതിയ ബസ് സ്റ്റാന്റ് ഉണ്ടായിരുന്നില്ല. നഗരം എം.ജി റോഡിന്റെ ചുറ്റും കറങ്ങി. കെ.എസ് ബസാര്‍ കൂടി വന്നതോടെ ബസ് സ്റ്റാന്റ് പരിസരം പിന്നേയും വികസിക്കുകയും തായലങ്ങാടിയില്‍ നിന്ന് പട്ടണം പൂര്‍ണ്ണമായും ഇങ്ങോട്ടേക്ക് കയറിവരികയും ചെയ്തു.
പഴയ ബസ് സ്റ്റാന്റ് പരിസരം വികസിപ്പിക്കുന്നതില്‍ തന്റെ പിതാവ് വഹിച്ച വലിയ പങ്ക് മുഹമ്മദ് കുഞ്ഞി ഹാജി അഭിമാനപൂര്‍വ്വം പറയാറുണ്ടായിരുന്നു. അധികം സംസാരമില്ല. നല്ല വസ്ത്രധാരണയില്‍ എപ്പോഴും ശ്രദ്ധചെലുത്തും. ഇസ്തിരി തേച്ച കുപ്പായവും ചുളിവ് വീഴാത്ത മുണ്ടും അദ്ദേഹത്തിന്റെ പ്രത്യേകതയായിരുന്നു. മുഖത്ത് കാണുന്ന ഗൗരവം പക്ഷെ ഹൃദയത്തിലില്ലായിരുന്നു. മുഖഭാവം കണ്ട് അധികമാരും കൂട്ടുകൂടാന്‍ ചെല്ലാറില്ലെങ്കിലും പരിചയപ്പെട്ടുകഴിയുന്നതോടെ മുഹമ്മദ് കുഞ്ഞി ഹാജിയില്‍ നിന്ന് മാറിനില്‍ക്കാന്‍ അത്രപെട്ടെന്ന് ആര്‍ക്കും കഴിയില്ല. നഗരത്തിന്റെ വികസനം കണ്‍കുളിര്‍ക്കെ നോക്കിക്കണ്ട ഒരാളാണ് അദ്ദേഹം. പുരോഗമന ചിന്തകളാല്‍ സമൃദ്ധമായിരുന്നു എപ്പോഴും അദ്ദേഹത്തിന്റെ മനസ്സ്. ചെറിയൊരു പള്ളിയായിരുന്ന ടൗണ്‍ മുബാറക് മസ്ജിദിനെ ഈ നിലയിലേക്ക് വികസിപ്പിക്കുന്നതില്‍ മുഹമ്മദ് കുഞ്ഞി ഹാജി അടക്കമുള്ളവരുടെ പങ്ക് വലുതാണ്. ഓല പാകിയ, ഇടുങ്ങിയ കുടുസു മുറിയില്‍ നിന്ന് പല ഘട്ടങ്ങളിലായാണ് മുബാറക് മസ്ജിദ് ആയിരങ്ങള്‍ക്ക് നിസ്‌കരിക്കാന്‍ സൗകര്യമുള്ള ഇന്നത്തെ നിലയിലേക്ക് വികസിച്ചത്. ദീര്‍ഘകാലം മുഹമ്മദ് കുഞ്ഞി ഹാജി പ്രസിഡണ്ട് പദവി വഹിച്ചു. തായലങ്ങാടി ഖിളര്‍ ജുമാമസ്ജിദിന്റെ ട്രഷറര്‍ എന്ന നിലയിലും മുഹമ്മദ് കുഞ്ഞി ഹാജിയുടെ സംഭാവനകള്‍ വലുതാണ്.
ഒരു കാലഘട്ടത്തില്‍ കാസര്‍കോട്ടെത്തുന്ന നേതാക്കളുടേയും സാഹിത്യ നായകന്മാരുടേയുമൊക്കെ താവളം ഹോട്ടല്‍ സ്റ്റേറ്റ്സ് ആയിരുന്നു. ഉന്നത വ്യക്തിത്വങ്ങളുമായി അടുപ്പം സ്ഥാപിക്കാന്‍ മുഹമ്മദ് കുഞ്ഞി ഹാജിക്ക് കഴിഞ്ഞിരുന്നു. ഹോട്ടല്‍ സ്റ്റേറ്റ്സ് പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ഈ നിലയില്‍ തന്നെ നിലനിര്‍ത്തിയത് അദ്ദേഹത്തിന്റെ നിര്‍ബന്ധ ബുദ്ധികൊണ്ടാണ്. നഗരം വളര്‍ന്നതോടെ പരിസരത്തെ പല കെട്ടിടങ്ങളും ആധുനിക കാലഘട്ടത്തിനനുസരിച്ച് പൊളിച്ച് പണിതപ്പോള്‍ സ്റ്റേറ്റ്സ് ഹോട്ടലിന് ആ ആവശ്യം വേണ്ടിവന്നില്ല. പതിറ്റാണ്ടുകള്‍ പഴക്കമുള്ള ഈ നാല് നിലകെട്ടിടം ഇന്നും പുതുമ നിലനിര്‍ത്തുന്നുവെന്നത് തന്നെയാണ് കാരണം. മൈസൂരിലെ പ്രശസ്തമായ ദാസ് പ്രകാശ് ഹോട്ടലിന്റെ മാതൃകയിലാണ് സ്റ്റേറ്റ്‌സ് ഹോട്ടലും പണികഴിപ്പിച്ചത്. മക്കളായ അഹ്‌മദ് മഖ്‌സൂദും അബ്ദുല്‍ റഊഫും അബ്ദുല്‍ നാസറും ഉപ്പയുടെ തണലില്‍ നല്ല നിലയില്‍ തന്നെ, കാസര്‍കോട്ടെ സ്മാരകളിലൊന്നായ സ്റ്റേറ്റ്‌സ് ഹോട്ടലിനെ മുന്നോട്ട് കൊണ്ടുപോയി. ഇവിടത്തെ മീറ്റിംഗ് ഹാളില്‍ സംസാരിക്കാത്ത രാഷ്ട്രീയ നേതാക്കള്‍ കേരളത്തില്‍ വളരെ കുറവാണ്.
മുഹമ്മദ് കുഞ്ഞി ഹാജി നല്ല വായനാപ്രിയനും ചരിത്രബോധമുള്ള ഒരാളുമായിരുന്നു. അദ്ദേഹത്തോട് സംസാരിക്കുമ്പോള്‍ കാസര്‍കോടിന്റെ വളര്‍ച്ചയുടെ നാള്‍വഴികള്‍ ഒന്നൊന്നായി പറഞ്ഞുതരുമായിരുന്നു.
ഒരുകാലഘട്ടത്തിന്റെ ചരിത്ര പുരുഷന്മാര്‍ ഒന്നൊന്നായി വിടപറയുമ്പോള്‍ അക്കൂട്ടത്തില്‍ എം.കെ മുഹമ്മദ് കുഞ്ഞി ഹാജിയുടെ വേര്‍പാട് വലിയ ശൂന്യത സൃഷ്ടിക്കുന്നു. ഇന്നലെകളുടെ ചരിത്രം വള്ളിപുള്ളി തെറ്റാതെ പറഞ്ഞുതരുമായിരുന്ന ഈ മനുഷ്യന്റെ വേര്‍പാട് ചരിത്രകുതുകികള്‍ക്ക് വലിയ നഷ്ടം തന്നെയാണ്.


-ടി.എ ഷാഫി

സ്റ്റേറ്റ്സ് ഹോട്ടല്‍
Related Articles
Next Story
Share it