യത്തീമിന് അത്താണിയായ എം.കെ.ഹാജി സാഹിബ്

പ്രവാചകന്‍ മുഹമ്മദ് നബി (സ) നടുവിരലും ചൂണ്ടാണി വിരലും ഉയര്‍ത്തികൊണ്ട്, അനാഥകളെ സംരക്ഷിക്കുന്നവര്‍ സ്വര്‍ഗത്തില്‍ ഇത് പോലെ അടുത്തിരിക്കും എന്ന് പറയുകയുണ്ടായി. അനാഥ സംരക്ഷണത്തിന് മഹത്തായ പ്രതിഫലവും പ്രാധാന്യവും ഇസ്‌ലാം കല്‍പിക്കുന്നുമലബാര്‍ കലാപാനന്തരം മാപ്പിളമാരെ പരമാവധി ദ്രോഹിക്കാന്‍ മത്സരബുദ്ധിയോടെ തുനിഞ്ഞിറങ്ങിയ ബ്രിട്ടീഷ് ഗവണ്‍മെന്റ് പല മാപ്പിളമാരെയും ആന്തമാനിലേക്കും നാട് കടത്തുകയും മറ്റും ചെയ്തപ്പോള്‍ വീടുകളില്‍ നാഥനില്ലാത്ത അവസ്ഥയും ദാരിദ്ര്യം വര്‍ധിക്കുകയും ചെയ്തു. 1940ല്‍ മലബാറില്‍ പടര്‍ന്ന കോളറയെന്ന മഹാരോഗം കൂടിയായപ്പോള്‍ അനാഥകളുടെ എണ്ണം പെരുകി.രോഗാതുരമായ സമൂഹത്തിലേക്ക് ഇറങ്ങി […]

പ്രവാചകന്‍ മുഹമ്മദ് നബി (സ) നടുവിരലും ചൂണ്ടാണി വിരലും ഉയര്‍ത്തികൊണ്ട്, അനാഥകളെ സംരക്ഷിക്കുന്നവര്‍ സ്വര്‍ഗത്തില്‍ ഇത് പോലെ അടുത്തിരിക്കും എന്ന് പറയുകയുണ്ടായി. അനാഥ സംരക്ഷണത്തിന് മഹത്തായ പ്രതിഫലവും പ്രാധാന്യവും ഇസ്‌ലാം കല്‍പിക്കുന്നു
മലബാര്‍ കലാപാനന്തരം മാപ്പിളമാരെ പരമാവധി ദ്രോഹിക്കാന്‍ മത്സരബുദ്ധിയോടെ തുനിഞ്ഞിറങ്ങിയ ബ്രിട്ടീഷ് ഗവണ്‍മെന്റ് പല മാപ്പിളമാരെയും ആന്തമാനിലേക്കും നാട് കടത്തുകയും മറ്റും ചെയ്തപ്പോള്‍ വീടുകളില്‍ നാഥനില്ലാത്ത അവസ്ഥയും ദാരിദ്ര്യം വര്‍ധിക്കുകയും ചെയ്തു. 1940ല്‍ മലബാറില്‍ പടര്‍ന്ന കോളറയെന്ന മഹാരോഗം കൂടിയായപ്പോള്‍ അനാഥകളുടെ എണ്ണം പെരുകി.
രോഗാതുരമായ സമൂഹത്തിലേക്ക് ഇറങ്ങി ചെല്ലാന്‍ പലരും മടിക്കുകയും പകച്ചു നില്‍ക്കുകയും ചെയ്ത സന്ദര്‍ഭത്തില്‍ മാപ്പിളതൊപ്പി ധരിച്ചൊരു യുവാവ് കുറെ അനാഥ മക്കളെ സ്വന്തം വീട്ടില്‍ കൊണ്ടുപോയി പരിരക്ഷിച്ചു. മൂന്ന് കണ്ടന്‍ കുഞ്ഞമ്മദ് ഹാജിയായിരുന്നു ആ മഹാമനസ്‌കന്‍.
എം.കെ ഹാജിയുടെ ജീവിതം എല്ലാവരും വായിച്ചിരിക്കേണ്ടതാണ്. 1904-ല്‍ പരപ്പനങ്ങാടി പാലത്തിങ്ങല്‍ മൂന്നുകണ്ടം അഹമ്മദ്കുട്ടിയുടെയും വട്ടപ്പറമ്പന്‍ ബീവിയുടെയും മകനായാണ് എം.കെ ഹാജിയുടെ ജനനം. അദ്ദേഹത്തിന് രണ്ടര വയസ്സായപ്പോഴേക്കും പിതാവ് മരിച്ചു. പ്രാഥമിക പഠനം പോലും നിര്‍ത്തേണ്ടി വന്നു. ദാരിദ്ര്യവും പട്ടിണിയും കൂട്ടിനെത്തി. ബാല്യത്തില്‍ തന്നെ ജീവിത പ്രാരാബ്ധങ്ങള്‍ തോളിലേറ്റിയായിരുന്നു പിന്നീടുള്ള ജീവിതയാത്ര. മാതാവ് വീട്ടില്‍ ഉണ്ടാക്കുന്ന പത്തിരിയും പലഹാരങ്ങളും വീടുവീടാന്തരം കയറിയിറങ്ങി വിറ്റ്കിട്ടുന്ന കാശുകൊണ്ട് കുടുബത്തെ പോറ്റിയാണ് എം.കെ ഹാജി ജീവിതത്തെ അഭിമുഖീകരിച്ചു തുടങ്ങിയത്.
പതിനഞ്ചാം വയസ്സില്‍ അദ്ദേഹം റബ്ബര്‍ ടാപ്പിംഗ് തൊഴിലാളിയായി. ഇരുപതാം വയസ്സില്‍ മദിരാശിയിലേക്ക് പോയി. അവിടെ ചെറിയ സംരംഭങ്ങളുമായി ജീവിതം നെയ്തു തുടങ്ങി. കഠിനാധ്വാനവും ക്ഷമാശീലവും കൈമുതലാക്കി എല്ലാ വൈതരണികളേയും ഒന്നൊന്നായി മറികടന്നു. സാദാ പെട്ടിക്കടയില്‍ നിന്ന് ക്രമേണ വളര്‍ന്നു വന്നു. 1928ല്‍ അഹമദ് റസ്റ്റോറന്റ് സ്ഥാപിച്ചു. പിന്നീട് ഹോട്ടലുകളും ബേക്കറികളുമായി വിവിധ സ്ഥാപനങ്ങള്‍ ഉയര്‍ന്നു. റബര്‍, തേയില എസ്റ്റേറ്റുകളുടെ ഉടമസ്ഥനായി. ഓരോ സ്ഥാപനങ്ങളും സംരംഭങ്ങളും നിര്‍ധനരായ അനേകം കുടുംബങ്ങള്‍ക്ക് ആശ്രയമായി. എല്ലാറ്റിന്റെയും ഫലം അദ്ദേഹത്തിന്റെ കുടുംബം മാത്രമല്ല; ഒരു സമുദായം മുഴുവനായി അനുഭവിച്ചു.
നിലമ്പൂര്‍ ഭാഗത്ത് നടത്തിയിരുന്ന നെല്‍കൃഷി നഷ്ടമായപ്പോള്‍ അത് നിര്‍ത്തുന്നതല്ലേ നല്ലതെന്ന് എം.കെ ഹാജിയോട് മക്കള്‍ ചോദിച്ചപ്പോള്‍ അദ്ദേഹം നല്‍കിയ പ്രതികരണം ഇങ്ങനെയായിരുന്നു: 'നമുക്ക് ലാഭമൊന്നും അതില്‍ നിന്ന് കിട്ടുന്നില്ലെങ്കിലും അത് കാര്യമാക്കേണ്ടതില്ല. നമുക്ക് ജീവിക്കാന്‍ വേറെ മാര്‍ഗങ്ങള്‍ ഉണ്ട്. പക്ഷേ ഈ നെല്‍കൃഷി കൊണ്ട് അവിടുത്തെ പണിക്കാരും മറ്റുമായി കുറെ പേര്‍ ജീവിക്കുന്നുണ്ട്. നാം കൃഷി നിലനിര്‍ത്തിയാല്‍ അവരുടെ വരുമാനമാര്‍ഗം നിലനില്‍ക്കും. പിന്നെ, നെല്ല് ഭക്ഷിക്കുന്ന പക്ഷികളുടെയും മറ്റും വയറ് നിറയുകയും ചെയ്യും. അതുകൊണ്ട് സാമ്പത്തികമായി മെച്ചമില്ലെങ്കിലും നമുക്ക് ഈ നെല്‍കൃഷി തുടരാം. പരലോകത്ത് കൂലി കിട്ടുന്ന കുറേ നന്മകള്‍ അതിലുണ്ട്
കോളറ ബാധിച്ചു മരിച്ചവരെ മറവു ചെയ്യാന്‍ അടുത്ത ബന്ധുക്കള്‍ പോലും മടിച്ചു നിന്ന ആ സമയത്ത് രോഗത്തെ ഭയക്കാതെ മുന്നില്‍ കാണുന്ന മരണത്തെ പോലും മറന്നു കൊണ്ട് രോഗികളെ സംരക്ഷിക്കുകയും മരണപ്പെട്ടവരെ അന്ത്യകര്‍മ്മങ്ങള്‍ക്ക് ശേഷം സംസ്‌ക്കരിക്കാനും ധീരമായി മുന്നില്‍ നിന്നത് ഹാജി സാഹിബ് ആയിരുന്നു. അനാഥനായ പുലയ ബാലന്‍ കെ.പി രാമനെ മകനെ പോലെ വളര്‍ത്തി മുസ്ലിംലീഗ് നേതൃ നിരയില്‍ കൈ പിടിച്ചാനയിച്ചതും എം.കെ ഹാജി സാഹിബിന്റെ മഹത്വം വിളിച്ചോതുന്നു.
വീട്ടില്‍ നിന്നും തുടങ്ങിയ പരിചരണം തിരുരങ്ങാടി യതീംഖാന എന്ന സ്ഥാപനം തുടങ്ങി കൂടുതല്‍ ശാസ്ത്രീയമായി മാതൃകാപരമായ നിലയില്‍ പ്രവര്‍ത്തിച്ചു. മലബാറിലെ സാമൂഹിക അന്തരീക്ഷത്തില്‍ അതൊരു വലിയ മുന്നേറ്റം തന്നെ ആയിരുന്നു. സീതിസാഹിബ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റിയുട്ട്, പോക്കര്‍ സാഹിബ് സ്മാരക കോളേജ്, കെ.എം മൗലവി സ്മാരക അറബി കോളേജ് തുടങ്ങിയ അനുബന്ധസ്ഥാപനങ്ങളുമായി ഇന്നത് പടര്‍ന്നു പന്തലിച്ചു കഴിഞ്ഞിരിക്കുന്നു.
രാഷ്ട്രീയ രംഗത്തും മൂന്നുകണ്ടന്‍ കുഞ്ഞമ്മദ് ഹാജി എന്ന എം.കെ ഹാജി സജീവമായിരുന്നു. ഇന്ത്യയില്‍ മുസ്ലിം ലീഗുകാരനെ കാണാന്‍ പാടില്ല എന്ന് ഉത്തരവുകള്‍ ഇറങ്ങുന്ന കാലഘട്ടത്തില്‍ സ്വന്തം വാഹനത്തിന്റെ മുകളില്‍ മുസ്ലിം ലീഗ് പതാകയും കെട്ടിയായിരുന്നു അദ്ദേഹം ചങ്കൂറ്റം കാണിച്ചിരുന്നത്. മലബാര്‍ ജില്ല മുസ്ലിംലീഗിന്റേയും കേരള സംസ്ഥാന മുസ്ലിം ലീഗിന്റെയും ട്രഷറര്‍ ആയിരുന്ന ഹാജി. സാഹിബ് മുസ്ലിം ലീഗ് പിളര്‍ന്നപ്പോള്‍ രൂപീകൃതമായ അഖിലേന്ത്യാ മുസ്ലിംലീഗ് സംസ്ഥാന പ്രസിഡണ്ടായി മരണം വരെ തുടര്‍ന്ന ഖായിദെ മില്ലത്തുമായി അടുത്ത ബന്ധമുണ്ടാക്കുകയും മുസ്ലിം ലീഗ് പ്രസ്ഥാനത്തിന്റെ സംസ്ഥാപനത്തിലും വളര്‍ച്ചയിലും പോക്കര്‍ സാഹിബ്, സീതിസാഹിബ്, ബാഫഖി തങ്ങള്‍, പാണക്കാട് പൂക്കോയ തങ്ങള്‍, സി.എച്ച് മുഹമ്മദ്‌കോയ, ചെറിയ മമ്മുക്കേയി എന്നീ നേതാക്കള്‍ക്കൊപ്പം നിര്‍ണ്ണായക പങ്കു വഹിച്ച മഹാനുഭാവനായിരുന്നു. ബാഫഖി തങ്ങളെ പോലും തിരുത്താന്‍ മാത്രം അടുത്ത മിത്രമായിരുന്നു. എം.കെ ഹാജി സാഹിബ്.
1970-കളുടെ തുടക്കത്തില്‍ സംസ്ഥാന മുസ്ലിം ലീഗിന്റെ പ്രവര്‍ത്തക സമിതി യോഗം കോഴിക്കോട് ലീഗ് ഹൗസില്‍ കൂടിക്കൊണ്ടിരിക്കുകയായിരുന്നു. ആ യോഗത്തില്‍ ബാഫഖി തങ്ങള്‍ അധ്യക്ഷ പ്രസംഗത്തില്‍ തന്റെ ആരോഗ്യം ദിനംപ്രതി മോശമായി വരികയാണെന്നും അതിനാല്‍ സംഘടനയുടെ അധ്യക്ഷ പദവി തുടര്‍ന്നു കൊണ്ടുപോവാന്‍ പ്രയാസമായി തോന്നുന്നുവെന്നും തന്നെ പ്രസിഡണ്ട് സ്ഥാനത്തുനിന്ന് ഒഴിവാകാന്‍ അനുവദിക്കണമെന്നും പറയുകയുണ്ടായി. തങ്ങളുടെ മുഖത്ത് ഗൗരവം സ്ഫുരിച്ചിരുന്നു. അവിടെ സന്നിഹിതരായിരുന്ന പ്രവര്‍ത്തക സമിതിയംഗങ്ങള്‍ തെല്ലൊരു ഞെട്ടലോടുകൂടി തന്നെയായിരുന്നു തങ്ങളുടെ വാക്കുകള്‍ കേട്ടുകൊണ്ടിരുന്നത്. എന്ത് പറയണം, എന്ത് ചെയ്യണം, എന്നറിയാതെ വിഷമിക്കുകയായിരുന്നു എല്ലാവരും. തങ്ങള്‍ പ്രഭാഷണം അവസാനിപ്പിച്ച് കസേരയിലിരുന്ന ഉടനെ എം.കെ ഹാജി സാഹിബ് ചാടിയെണീറ്റ് സ്റ്റേജില്‍ കയറി പ്രസംഗമാരംഭിക്കുകയും ചെയ്തു. ഹാജി സാഹിബ് എന്താണ് പറയാനുദ്ദേശിക്കുന്നതെന്ന് ആര്‍ക്കും ഒരു പിടിയുമില്ലായിരുന്നു. തന്റെ സ്വതസിദ്ധമായ ഭാഷയിലും ശൈലിയിലും ഗൗരവം വിടാതെ പ്രസംഗിച്ചു കൊണ്ടിരിക്കെ തങ്ങളവര്‍കളോടായി ചില ചരിത്ര വസ്തുതകള്‍ നിരത്തി വെച്ചതിനു ശേഷം ഇങ്ങനെ തുടര്‍ന്നു. 'ബഹുമാനപ്പെട്ട തങ്ങള്‍ ഒരു കാര്യം ഓര്‍ക്കണം. ഇസ്ലാമിന്റെയും മുസ്ലിം ലീഗിന്റെയും ചരിത്രത്തില്‍ സ്ഥാനം വഹിച്ചു പോന്ന നേതാക്കന്മാരാരും തന്നെ അവരുടെ മരണത്തിനു മുമ്പായി ആരോഗ്യമില്ലെന്ന കാരണത്താല്‍ സ്ഥാനങ്ങള്‍ രാജിവെച്ച ചരിത്രം ഇന്നോളമുണ്ടായിട്ടില്ല.
സ്ഥാനങ്ങള്‍ അവര്‍ ഒഴിയേണ്ടി വന്നത് അവരുടെ മരണത്തോടുകൂടി മാത്രമാണ്. ആയതിനാല്‍ തങ്ങള്‍ തന്റെ നിര്‍ദേശം പിന്‍വലിക്കുക തന്നെ വേണം...." (എം.കെ ഹാജി സ്മരണിക 1984, പേജ്. 143)
പിളര്‍പ്പിന്റെ കാലത്ത് വിമത പക്ഷത്ത് നായകനായെങ്കിലും പുനരൈക്യത്തിന് അതിയായി ആഗ്രഹിച്ചു കൊണ്ടിരുന്ന സന്ദര്‍ഭത്തിലാണ് സി.എച്ച് മുഹമ്മദ് കോയ യുടെ വിയോഗം സംഭവിക്കുന്നത് (1983 സെപ്തംബര്‍ 28). കേവലം നാല്‍പത് ദിവസത്തിനകം, സി.എച്ച് മുഹമ്മദ് കോയയെ അനുസ്മരിക്കുന്ന ഒരു ചടങ്ങില്‍ സംബന്ധിക്കേണ്ടിയിരുന്ന, 1983 നവംബര്‍ 5ന് എം.കെ ഹാജി സാഹിബ് മധുരിക്കുന്ന ഓര്‍മ്മകള്‍ സമ്മാനിച്ച് കൊണ്ട് ഈ ലോകത്തോട് വിട പറഞ്ഞു. എം.കെ ഹാജി സാഹിബിന്റെ കബറടക്ക ശേഷം പകരക്കാരനായി പി.എം അബൂബക്കര്‍ സാഹിബ് പ്രസ്തുത ചടങ്ങില്‍ പങ്കെടുത്തതും ഹാജി സാഹിബിന്റെ മനസ്സറിഞ്ഞു കൊണ്ടായിരുന്നു.
വേര്‍പാടിന്റെ നാല് പതിറ്റാണ്ട് പൂര്‍ത്തീകരിക്കപ്പെടുമ്പോഴും സംശുദ്ധ രാഷ്ട്രീയത്തിലെ പൂനിലാവായി എം.കെ ഹാജിയുടെ ഓര്‍മ്മകള്‍ പൊതു പ്രവര്‍ത്തകര്‍ക്ക് മാതൃകയായി നില കൊള്ളുന്നു.


-മുസ്തഫ മച്ചിനടുക്കം

Related Articles
Next Story
Share it