തലയെടുപ്പോടെ ജീവിച്ചൊരാള്‍...

ഓരോ വാക്കുകളേയും എഴുത്തിനേയും സസൂക്ഷ്മം ശ്രദ്ധിച്ചിരുന്ന ആളായിരുന്നു അദ്ദേഹം. അതുകൊണ്ട് തന്നെ കാണാമറയത്താണെങ്കിലും എം.കെ അബ്ദുല്‍കരീംച്ചയെ കുറിച്ച് എഴുതാന്‍ പേടിയുണ്ട്. കാസര്‍കോടിന്റെ 'തലയെടുപ്പുള്ളൊരു' സാന്നിധ്യമായിരുന്നു കരീംച്ച. കാസര്‍കോട് നഗരത്തിന്റെ ചരിത്രത്തോടിഴുകിച്ചേര്‍ന്നൊരാള്‍. ശനിയാഴ്ചയാണ് അദ്ദേഹം വിടപറഞ്ഞത്.കാസര്‍കോട് ടൗണിലേക്ക് ടൗണ്‍ ഹാളിനോട് ചാരം ചേര്‍ന്ന് പുലിക്കുന്ന് കയറ്റം കയറി കരീംച്ച നടന്നുവരുന്ന കാഴ്ച പതിവായിരുന്നു ഒരുകാലത്ത്. പലപ്പോഴും അദ്ദേഹത്തെ ഞാന്‍ ബൈക്കില്‍ കയറ്റിയിരുന്നതും നല്ല ഓര്‍മ്മ. പിന്നാലെ വരുന്ന വാഹനങ്ങളെ അദ്ദേഹം പ്രതീക്ഷിച്ചിരിക്കുകയോ തിരിഞ്ഞുനോക്കുകയോ ചെയ്യാറില്ലായിരുന്നു. എന്നാല്‍ കരീംച്ചയെ കണ്ടാല്‍ […]

ഓരോ വാക്കുകളേയും എഴുത്തിനേയും സസൂക്ഷ്മം ശ്രദ്ധിച്ചിരുന്ന ആളായിരുന്നു അദ്ദേഹം. അതുകൊണ്ട് തന്നെ കാണാമറയത്താണെങ്കിലും എം.കെ അബ്ദുല്‍കരീംച്ചയെ കുറിച്ച് എഴുതാന്‍ പേടിയുണ്ട്. കാസര്‍കോടിന്റെ 'തലയെടുപ്പുള്ളൊരു' സാന്നിധ്യമായിരുന്നു കരീംച്ച. കാസര്‍കോട് നഗരത്തിന്റെ ചരിത്രത്തോടിഴുകിച്ചേര്‍ന്നൊരാള്‍. ശനിയാഴ്ചയാണ് അദ്ദേഹം വിടപറഞ്ഞത്.
കാസര്‍കോട് ടൗണിലേക്ക് ടൗണ്‍ ഹാളിനോട് ചാരം ചേര്‍ന്ന് പുലിക്കുന്ന് കയറ്റം കയറി കരീംച്ച നടന്നുവരുന്ന കാഴ്ച പതിവായിരുന്നു ഒരുകാലത്ത്. പലപ്പോഴും അദ്ദേഹത്തെ ഞാന്‍ ബൈക്കില്‍ കയറ്റിയിരുന്നതും നല്ല ഓര്‍മ്മ. പിന്നാലെ വരുന്ന വാഹനങ്ങളെ അദ്ദേഹം പ്രതീക്ഷിച്ചിരിക്കുകയോ തിരിഞ്ഞുനോക്കുകയോ ചെയ്യാറില്ലായിരുന്നു. എന്നാല്‍ കരീംച്ചയെ കണ്ടാല്‍ ഞാന്‍ ബൈക്ക് നിര്‍ത്തും.
'നടാക്കാന്ടാ കരീംച്ചക്കിഷ്ടം. ശരി... നീ നിര്‍ത്തിയതല്ലേ നമുക്ക് എന്തെങ്കിലും സംസാരിച്ചുപോകാം' എന്ന് പറഞ്ഞ് അദ്ദേഹം ബൈക്കില്‍ കയറും.വര്‍ത്തമാനങ്ങളുടെ കെട്ടഴിച്ച് കരീംച്ച നാട്ടകാര്യങ്ങള്‍ പറയും. പൊടുന്നനെ കാസര്‍കോടിന്റെ ചരിത്രം കടന്നുവരും. ടി. ഉബൈദ് മാഷിനേയും കെ.എസ്. അബ്ദുല്ല സാഹിബിനേയും കുറിച്ച് സംസാരിക്കും. നഗരത്തിന്റെ നാള്‍ വഴികള്‍ എണ്ണിപ്പറയും. ആ വര്‍ത്തമാനങ്ങളില്‍ സദുപദേശങ്ങള്‍ നിറയും. കരീംച്ച ബൈക്കില്‍ നിന്നിറങ്ങുമ്പോഴേക്കും നല്ലൊരു ക്ലാസില്‍ പങ്കെടുത്ത അനുഭൂതിയായിരിക്കും എനിക്കും.
കുറേകാലമായി അദ്ദേഹം മക്കള്‍ക്കൊപ്പം കൊച്ചിയിലായിരുന്നു. അസുഖബാധിതനായി നാട്ടില്‍ തിരിച്ചെത്തി മുനിസിപ്പല്‍ ടൗണ്‍ ഹാളിന് സമീപത്തെ വീട്ടില്‍ വിശ്രമിക്കുന്നുണ്ടെന്നറിഞ്ഞിട്ടും ചെല്ലാന്‍ കഴിഞ്ഞില്ല. ഒരുപാട് ഇഷ്ടംകാട്ടിയ ഒരാളായിട്ടുപോലും. ഒരിക്കല്‍ എന്റെ ബൈക്കിന്റെ പിറകില്‍ കയറിവന്ന സുഹൃത്ത് എരിയാല്‍ ഷരീഫ് പുലിക്കുന്നിലെ ഫ്‌ളാറ്റിന് മുന്നില്‍ ഇറങ്ങുമ്പോള്‍ ഓര്‍മ്മപ്പെടുത്തിയതാണ്; കരീംച്ചയ്ക്ക് അസുഖം ഇത്തിരി കൂടുതലാണെന്ന്. തിരക്ക് കാരണം അന്നും അവിടേക്ക് കയറിച്ചെല്ലാന്‍ കഴിഞ്ഞില്ല. പിന്നാലെയാണ് ശനിയാഴ്ച പി.എസ് ഹമീദ് അയച്ച, മരണവാര്‍ത്ത അറിയിച്ചുള്ള വോയ്‌സ് മെജേസ് കേള്‍ക്കുന്നത്.
കാസര്‍കോട് നഗരത്തിന്റെ ചരിത്രത്തോട് ഒട്ടിച്ചേര്‍ന്നുനില്‍ക്കുന്ന പേരാണ് കരീംച്ചയുടേത്. സംഭവബഹുലമായ ഒരു ജീവിതം നയിച്ചാണ് അദ്ദേഹം യാത്രയായിരിക്കുന്നത്. ഓര്‍മ്മകള്‍ പലതും എവിടെയോ മുറിഞ്ഞുവീഴുന്നു. എല്ലാവര്‍ക്കും ഒരു കാരണവരെ പോലെയായിരുന്നു കരീംച്ച. ഏതു ചടങ്ങിലും ഏറ്റവും മുന്നില്‍ നിര്‍ത്താന്‍ പ്രാപ്തമായ ഗാംഭീര്യം അദ്ദേഹത്തിനുണ്ടായിരുന്നു. ഏത് സദസ്സിലും കരീംച്ച അല്‍പം ഉയര്‍ന്ന് തന്നെ നിന്നു. നല്ല തലയെടുപ്പുള്ളൊരാള്‍. കരീംച്ചയെ എല്ലാവര്‍ക്കും ബഹുമാനമായിരുന്നു. തികഞ്ഞ പക്വതയും വാക്കുകളിലെ കൃത്യതയും പെരുമാറ്റത്തിലെ പെരുമയും കൊണ്ട് തന്നെയാണ് അദ്ദേഹത്തിന് എല്ലായിടത്തും തലപ്പൊക്കത്തില്‍ നില്‍ക്കാന്‍ കഴിഞ്ഞത്. കരീംച്ചയുടെ വാക്കുകള്‍ക്ക് എല്ലാവരും വിലകല്‍പ്പിച്ചിരുന്നു. അതുകൊണ്ട് തന്നെ സമൂഹത്തില്‍ അദ്ദേഹത്തിന് വലിയ സ്ഥാനവുമുണ്ടായിരുന്നു. വ്യാപാരി എന്ന നിലയിലും പഴയകാല ഉരു വ്യവസായി എന്ന നിലയിലും അനുഭവസമ്പത്തിന്റെ തഴക്കംകൊണ്ടാണ് അദ്ദേഹത്തിന് ഇതൊക്കെ നേടിയെടുക്കാന്‍ കഴിഞ്ഞത്. കാസര്‍കോടിന്റെ, പ്രത്യേകിച്ച് തളങ്കരയുടെ പ്രതാപങ്ങളില്‍ ഒരുകാലത്ത് ഉരുവിന്റെ സമൃദ്ധിയുണ്ടായിരുന്നു. നിരവധി പേര്‍ക്ക് തൊഴില്‍ നല്‍കിയിരുന്ന ഒരു മേഖലയായിരുന്നു അത്. പിന്നീട് ഉരു വ്യവസായം തകര്‍ന്നടിഞ്ഞപ്പോള്‍ പലരും നിരാശയുടെ ലോകത്ത് ഒറ്റപ്പെട്ടുവെങ്കിലും കരീംച്ച പുതിയ വഴികള്‍ തേടി. അദ്ദേഹം വ്യാപാര മേഖലയിലും തിളക്കം കാട്ടി. മംഗളൂരുവില്‍ വിപുലമായൊരു വസ്ത്രസ്ഥാപനം തന്നെ തുടങ്ങി തന്റെ ബിസിനസ് രംഗം പൊലിപ്പിച്ചു. മക്കളും വ്യാപാര രംഗത്ത് മികവ് പുലര്‍ത്തി. അവര്‍ കണ്ടെത്തിയ താവളം കൊച്ചിയായിരുന്നു. അവിടെ വ്യാപാര മേഖലയില്‍ ശ്രദ്ധേയരായ വ്യക്തിത്വങ്ങളായി മാറാന്‍ അവര്‍ക്ക് കഴിഞ്ഞു.
കരീംച്ചയെ ഓര്‍ക്കുമ്പോഴൊക്കെ മറക്കാനാവാത്ത ഒരു സംഭവം കാലം ഒരുപാട് കടന്നുപോയിട്ടും എന്റെ മനസ്സില്‍ ഇപ്പോഴുമുണ്ട്. ബന്തിയോടിനടുത്ത് പെര്‍മുദെയിലാണെന്നാണ് ഓര്‍മ്മ. കരീംച്ചക്ക് ഒരു തോട്ടമുണ്ടായിരുന്നു. വിശ്രമകാലത്ത് ഇടയ്ക്കിടെ അവിടെ ചെന്ന് മനസ്സ് കുളിര്‍പ്പിക്കാന്‍ അദ്ദേഹം സമയം കണ്ടെത്തി. ഒരിക്കല്‍ തോട്ടത്തില്‍ തീപിടിത്തമുണ്ടായി. വലിയ നാശനഷ്ടം സംഭവിച്ചു. കരീംച്ചയെ ഇത് വല്ലാണ്ട് തളര്‍ത്തിയിരുന്നു. അദ്ദേഹം ഇടയ്ക്കിടെ ഉത്തരദേശം ഓഫീസില്‍ കയറിവന്ന് ആ സങ്കടം ഞങ്ങളുമായി പങ്കുവെക്കുമായിരുന്നു. നഷ്ടപ്പെട്ടുപോയവ തിരികെ കിട്ടണമെന്ന ഒരു വാശി അദ്ദേഹത്തിനുണ്ടായിരുന്നു. അതിന് വേണ്ടി അദ്ദേഹം എന്നെയും കൂട്ടി കലക്ടറേറ്റിലും കൃഷി ഓഫീസുകളിലും കയറിയിറങ്ങി. പ്രതീക്ഷിച്ച ഫലമുണ്ടായില്ലെങ്കിലും അദ്ദേഹത്തിന്റെ നിരന്തരമായ ശ്രമഫലമായി അന്നത്തെ കൃഷിമന്ത്രി സ്ഥലം സന്ദര്‍ശിക്കാന്‍ തയ്യാറായി. ഇത് കരീംച്ചയിലുണ്ടാക്കിയ സന്തോഷം ചെറുതല്ല. നഷ്ടം കിട്ടിയില്ലെങ്കിലും മന്ത്രി അവിടേക്ക് വരാന്‍ തയ്യാറായല്ലോ എന്ന സന്തോഷമായിരുന്നു അദ്ദേഹത്തിന്.
ഒരു തുക നഷ്ടപരിഹാരമായി പ്രഖ്യാപിച്ചുവെങ്കിലും കരീംച്ച അതില്‍ സംതൃപ്തനായിരുന്നില്ല. പിന്നീടാണ് അദ്ദേഹം കൊച്ചിയിലേക്ക് താമസം മാറിയത്. മക്കള്‍ക്കൊപ്പം അവിടെ താമസിക്കുമ്പോഴും കുടുംബത്തിലേയും മറ്റും വിവിധ ചടങ്ങുകളില്‍ പങ്കെടുക്കാനായി അദ്ദേഹം നാട്ടിലെത്തുമായിരുന്നു. ഒന്നോ രണ്ടോ ദിവസം ഇവിടെ തങ്ങും. കരീംച്ച വന്നിട്ടുണ്ടെന്നറിഞ്ഞാല്‍ എല്ലാവരും അദ്ദേഹത്ത കാണാന്‍ ചെല്ലും. കരീംച്ചയ്ക്കും അതൊരു പൊല്‍സായിരുന്നു. അവിടെയെല്ലാം എല്ലാവരാലും ശ്രദ്ധിക്കപ്പെടുന്ന ഒരാളായി കരീംച്ച നിറഞ്ഞുനില്‍ക്കുന്നുണ്ടാകും. ആ നിറസാന്നിധ്യമാണ് മറഞ്ഞുപോയിരിക്കുന്നത്. കാസര്‍കോടിന്റെ ആ 'തലയെടുപ്പ്' ഇനിയില്ല. അദ്ദേഹത്തിന് അല്ലാഹു സ്വര്‍ഗം നല്‍കി അനുഗ്രഹിക്കട്ടെ. ആമീന്‍...


-ടി.എ ഷാഫി

Related Articles
Next Story
Share it