കുറ്റിക്കോല്‍ ഉമര്‍ മൗലവി എന്ന പാണ്ഡിത്യ ശോഭയും മാഞ്ഞു

നിര്‍മലമായ സ്‌നേഹവും പാണ്ഡിത്യശോഭയും കൊണ്ട് ജനമനസ്സുകളില്‍ നിറഞ്ഞുനിന്ന കുറ്റിക്കോല്‍ ഉമര്‍ മൗലവിയും വിടപറഞ്ഞു. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് അദ്ദേഹത്തിന്റെ മകന്‍ മുഹമ്മദ് സ്വാലിഹിന്റെ മകളുടെ വിവാഹത്തിനാണ് അവസാനമായി കണ്ടത്. അതിനും ഏതാനും മാസങ്ങള്‍ക്ക് മുമ്പ് പൊടിപ്പള്ളത്തെ വീട്ടില്‍ ചെന്ന് ഉത്തരദേശത്തിന് വേണ്ടി ഉമര്‍ മൗലവിയെ അഭിമുഖം നടത്തിയിരുന്നു. സഞ്ചരിക്കുന്ന ഒരു ചരിത്രപുസ്തകമായിരുന്നു ഉമര്‍ മൗലവി. കല്ലും മുള്ളും താണ്ടിയ ജീവിത വഴിയില്‍ വിജയ പുഷ്പങ്ങള്‍ വിരിയിച്ച വ്യക്തിത്വം. ഓര്‍മ്മകളുടെ മധുരം നുണഞ്ഞ് കുറ്റിക്കോല്‍ ഉമര്‍ മൗലവി അസുഖബാധിതനായി […]

നിര്‍മലമായ സ്‌നേഹവും പാണ്ഡിത്യശോഭയും കൊണ്ട് ജനമനസ്സുകളില്‍ നിറഞ്ഞുനിന്ന കുറ്റിക്കോല്‍ ഉമര്‍ മൗലവിയും വിടപറഞ്ഞു. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് അദ്ദേഹത്തിന്റെ മകന്‍ മുഹമ്മദ് സ്വാലിഹിന്റെ മകളുടെ വിവാഹത്തിനാണ് അവസാനമായി കണ്ടത്. അതിനും ഏതാനും മാസങ്ങള്‍ക്ക് മുമ്പ് പൊടിപ്പള്ളത്തെ വീട്ടില്‍ ചെന്ന് ഉത്തരദേശത്തിന് വേണ്ടി ഉമര്‍ മൗലവിയെ അഭിമുഖം നടത്തിയിരുന്നു. സഞ്ചരിക്കുന്ന ഒരു ചരിത്രപുസ്തകമായിരുന്നു ഉമര്‍ മൗലവി. കല്ലും മുള്ളും താണ്ടിയ ജീവിത വഴിയില്‍ വിജയ പുഷ്പങ്ങള്‍ വിരിയിച്ച വ്യക്തിത്വം. ഓര്‍മ്മകളുടെ മധുരം നുണഞ്ഞ് കുറ്റിക്കോല്‍ ഉമര്‍ മൗലവി അസുഖബാധിതനായി കിടപ്പിലാവുന്നത് വരെയും കഴിഞ്ഞകാല കാസര്‍കോടിന്റെ ചരിത്രം എല്ലാവര്‍ക്കും മുമ്പില്‍ വിളമ്പുമായിരുന്നു. അധ്യാപക വൃത്തിയിലും എഴുത്ത് വഴിയിലും തന്റേതായ പ്രതിഭ അടയാളപ്പെടുത്തിയ ഒരു സുകൃത ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. അരനൂറ്റാണ്ടിലധികം നീണ്ട അധ്യാപക വൃത്തി സമ്മാനിച്ച എണ്ണമറ്റ ശിഷ്യ ഗണങ്ങളുടെ പ്രാര്‍ത്ഥനയും തലോടലും അദ്ദേഹത്തിന് വലിയ സൗഭാഗ്യമായിരുന്നു.
വിവിധ വിദ്യാലയങ്ങളിലും മത സ്ഥാപനങ്ങളിലും അറബിക് അധ്യാപകനായി സേവനമനുഷ്ഠിച്ച ഉമര്‍ മൗലവി അധ്യാപക ജോലിക്കിടയില്‍ തന്നെയാണ് മൂല്യമുള്ള ഏതാനും ഗ്രന്ഥങ്ങള്‍ എഴുതിയത്. കുറ്റിക്കോല്‍ ബദര്‍ ജുമാഅത്ത് പള്ളി, പള്ളങ്കോട് മുഹ്യുദ്ദീന്‍ ജുമുഅത്ത് പള്ളി, മൊഗര്‍ ജുമുഅത്ത് പള്ളി എന്നിവിടങ്ങളില്‍ ഇമാമായും ഖത്തീബായും സേവനം അനുഷ്ഠിച്ച അദ്ദേഹം പള്ളങ്കോട് സര്‍സയ്യിദ് എ.എല്‍.പി. സ്‌കൂളിലും നെല്ലിക്കുന്ന് അന്‍വാറുല്‍ ഉലൂം എ.യു.പി. സ്‌കൂളിലും പട്ള ഗവ. ഹൈസ്‌കൂളിലും അറബിക് അധ്യാപകനായും ദീര്‍ഘ കാലം പ്രവര്‍ത്തിച്ചിരുന്നു. ആലംപാടി നൂറുല്‍ ഇസ്ലാം യത്തീംഖാനയിലും തളങ്കര മാലിക് ദീനാര്‍ യത്തീം ഖാനയിലും മാനേജരായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. നെല്ലിക്കുന്ന് അന്‍വാറുല്‍ ഉലൂം സ്‌കൂളില്‍ ജോലി ചെയ്തുകൊണ്ടിരിക്കെ 1994ലാണ് വിരമിച്ചത്. വഖഫുമായി ബന്ധപ്പെട്ട കണക്കുകള്‍ എഴുതുന്നതില്‍ പ്രസിദ്ധനായിരുന്നു.
മത, സാമൂഹ്യ, സാംസ്‌കാരിക വേദികളില്‍ ഒരു കാലത്ത് നിറഞ്ഞ സാന്നിധ്യമായിരുന്നു ഉമര്‍ മൗലവി. ദീര്‍ഘകാലം കേരള അറബിക് ടീച്ചേര്‍സ് ഫെഡറേഷന്റെ പ്രസിഡണ്ടായി സേവനം അനുഷ്ഠിച്ച അദ്ദേഹം സംഘടനയുടെ മുന്നോട്ടുള്ള ഗമനത്തിലും പ്രവര്‍ത്തകരുടെ ക്ഷേമത്തിലും വഹിച്ച പങ്ക് ചെറുതല്ല. അറബിക് ഫെഡറേഷന്റെ സംസ്ഥാന സമിതി അംഗവുമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
മലയാളത്തിലും അറബിയിലും ഒരു പോലെ രചനകള്‍ നടത്തുന്നതില്‍ കുറ്റിക്കോല്‍ ഉമര്‍ മൗലവിയുടെ കഴിവ് പേരെടുത്തതാണ്. അറബിയില്‍ അത്രമാത്രം അവഗാഹം അദ്ദേഹത്തിനുണ്ട്. ഉമര്‍ മൗലവിയുടെതായി പ്രസിദ്ധീകൃതമായ പുസ്തകങ്ങള്‍ക്കെല്ലാം മതീയമായ വിശുദ്ധിയുമുണ്ട്. ഖുര്‍ആനുമായും ഖുര്‍ആനില്‍ പരാമര്‍ശിച്ച ചികിത്സാ രീതികളുമായി ബന്ധപ്പെട്ട കൃതികളാണ് അവ. 'തേനും ഖുര്‍ആനും' ഇതില്‍ ശ്രദ്ധേയമാണ്. പ്രവാചകന്റെ ചികിത്സാ മാതൃകയും വിശുദ്ധ ഖുര്‍ആന്റെ സവിശേഷതകളും സാഹിത്യ മൂല്യങ്ങളും തേനിന്റെ ഔഷധ ഗുണങ്ങളും അടക്കം പ്രതിപാദിക്കുന്ന ഈ ഗ്രന്ഥത്തില്‍ 37 അധ്യായങ്ങളുണ്ട്. ഇതിന്റെ മൂന്ന് പതിപ്പുകള്‍ ഇറങ്ങി. 'ജിന്നും ശൈത്താനും' എന്ന പുസ്തകത്തിനും നല്ല പ്രചാരം കിട്ടി. നിത്യ പ്രാര്‍ത്ഥനകള്‍, മുഹമ്മദ് ഹനീഫ് ഉപ്പാപ്പ തങ്ങള്‍ എന്നീ കൃതികളും ഉമര്‍ മൗലവിയുടേതായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. മുഹമ്മദ് ഹനീഫ് ഉപ്പാപ്പ തങ്ങള്‍ ആണ് ആദ്യം ഇറങ്ങിയ പുസ്തകം. നെല്ലിക്കുന്ന് മുഹ്യുദ്ദീന്‍ പള്ളിയില്‍ മഖ്ബറ കണക്കെഴുത്തുകാരനായും സേവനം അനുഷ്ഠിച്ചിരുന്ന ഉമര്‍ മൗലവി ആ കാലത്ത് മുഹമ്മദ് ഹനീഫ് ഉപ്പാപ്പ തങ്ങളെ കുറിച്ച് ആഴത്തില്‍ പഠിച്ച് എഴുതിയ ജീവചരിത്രമാണത്. ദുആ ഖത്തമുല്‍ ഖുര്‍ആന്‍ അദ്ദേഹത്തിന്റെ അറബി ഗ്രന്ഥമാണ്.
കരക്കാല്‍ മമ്മുഞ്ഞിഹാജിയുടെയും ശങ്കരമ്പാടി അബ്ദുല്‍ ഖാദറിന്റെ മകള്‍ കുഞ്ഞിബിയുടെയും മകനായി 1939 ലാണ് കുറ്റിക്കോല്‍ ഉമര്‍ മൗലവി ജനിച്ചത്. ഏണിയാടിയിലെ മുക്രി മൊയ്തീന്‍കുഞ്ഞി ഹാജിയില്‍ നിന്ന് പ്രാഥമിക മത പഠനം നേടിയ അദ്ദേഹം കുറ്റിക്കോല്‍ എ.യു.പി. സ്‌കൂളിലും കൊയിലാണ്ടി കൊല്ലം ഗവ. യു.പി. സ്‌കൂളിലും തളങ്കര ഗവ. മുസ്ലിം ഹൈസ്‌കൂളിലുമാണ് വിദ്യാഭ്യാസം നേടിയത്. വീട്ടില്‍ നിന്ന് കാടകം വരെ ഏതാണ്ട് പത്ത് കിലോമീറ്ററോളം നടന്ന് ചെന്ന് അവിടെ നിന്ന് ബസില്‍ എത്തിയാണ് തളങ്കര സ്‌കൂളില്‍ പഠിച്ചത്.
പഠനത്തോട് മുഖം തിരിഞ്ഞിരുന്ന ഒരു സമൂഹത്തിനിടയില്‍ നിന്ന് കഠിനമായ പ്രയത്നങ്ങളിലൂടെ വിദ്യാഭ്യാസത്തിന്റെ മധുരം നുകര്‍ന്ന ഉമര്‍ മൗലവിയുടെ ഓര്‍മ്മകള്‍ക്കും വല്ലാത്ത സ്വാദാണ്. കൊല്ലം, ഇച്ചിലങ്കോട്, നെല്ലിക്കുന്ന് പള്ളി ദര്‍സുകളില്‍ നിന്നാണ് മതപഠനം നടത്തിയത്. സഹോദരന്‍ അബ്ദുല്‍ ഖാദന്‍ ഹാജി എന്ന മാസ്റ്റര്‍ ഹാജി ഉമര്‍ മൗലവിയുടെ പഠന വഴിയില്‍ ഒപ്പമുണ്ടായിരുന്നു. മാസ്റ്റര്‍ ഹാജി കുറ്റിക്കോല്‍ സ്‌കൂളില്‍ ഹെഡ്മാസ്റ്റര്‍ ആയിരിക്കെയാണ് വിരമിച്ചത്. വ്യാപാരി വ്യവസായി ഏകോപന സമിതി കാസര്‍കോട് ജില്ലാ പ്രസിഡണ്ട് കെ. അഹ്മദ് ഷരീഫ് സഹോദരന്‍മാരില്‍ ഒരാളാണ്.
ഉമര്‍ മൗലവി എന്ന പിതാവിനോട് മക്കള്‍ കാണിച്ച അതിരറ്റ സ്‌നേഹം എല്ലാവരുടേയും മനം കുളിര്‍പ്പിക്കുന്നതായിരുന്നു. ഒരുകാലത്ത് ഏറെ പ്രയാസപ്പെട്ട് ജീവിച്ച ഉമര്‍ മൗലവിയെ മക്കള്‍ എല്ലാ സൗഭാഗ്യങ്ങളും നല്‍കിയാണ് പരിചരിച്ചത്. നേരത്തെ ദുബായില്‍ ബിസിനസ് നടത്തിയിരുന്ന, ഇപ്പോള്‍ ബംഗളൂരു കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മുഹമ്മദ് സാലിഹും സക്കരിയ്യല്‍ അന്‍സാരിയും മത പണ്ഡിതനായ അബ്ദുല്‍ അസീസ് അമാനിയും അനീസാ ബീവിയും ഖമറുന്നിസയും ഉമൈറാ ബീവിയും ഹന്നത്ത് ബീവിയുമൊക്കെ വാപ്പയെ അതിരറ്റ സ്‌നേഹം നല്‍കി എപ്പോഴും ആഹ്ലാദിപ്പിച്ചിരുന്നു. ആലംപാടി അഹ്മദ് ഹാജിയുടെ മകള്‍ ഫാത്തിമത്ത് സുഹ്റയാണ് ഭാര്യ. നല്ല പാതിയുടെ തണല്‍ ഉമര്‍ മൗലവിക്ക് എപ്പോഴും ഒരു ബലമായിരുന്നു.
അധ്യാപന രംഗത്തെ മികവ് പരിഗണിച്ച് ഉമര്‍ മൗലവിയെ കാഞ്ഞങ്ങാട്ട് നടന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ആദരിച്ചിരുന്നു.
കുറ്റിക്കോല്‍ ജമാഅത്ത് കമ്മിറ്റിയും കാസര്‍കോട് ആര്‍ട്ട് ഫോറവും ഉമര്‍ മൗലവിക്ക് സ്നേഹാദരങ്ങള്‍ നല്‍കുകയുണ്ടായി. മരണ വിവരമറിഞ്ഞ് പണ്ഡിതരും ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും വ്യവസായികളുമടക്കം നിരവധി പേരാണ് പൊടിപ്പള്ളത്തെ വീട്ടില്‍ അദ്ദേഹത്തെ അവസാനമായി ഒരു നോക്കുകാണാന്‍ എത്തിയത്. ഇന്നലെ രാത്രി എട്ട് മണിയോടെ മംഗലാപുരത്തെ ആസ്പത്രിയില്‍ കണ്ണടച്ച ഉമര്‍ മൗലവിയുടെ മയ്യത്ത് കാണാനും പ്രാര്‍ത്ഥിക്കാനും ഇന്ന് രാവിലെ വരേയും ജനപ്രവാഹമായിരുന്നു. ഖബറടക്ക ചടങ്ങിലും നൂറുകണക്കിന് ആളുകളാണ് പങ്കെടുത്തത്.


-ടി.എ ഷാഫി

Related Articles
Next Story
Share it