കര്‍ഷക മനസ്സറിഞ്ഞ ഡയറക്ടര്‍

ഇന്നലെ അന്തരിച്ച, സി.പി.സി.ആര്‍.ഐ ഡയറക്ടറായിരുന്ന ഡോ. എം.കെ നായര്‍ എന്ന എം. കുഞ്ഞമ്പു നായരുടെ ജീവിതം സംഭവബഹുലമാണ്. സി.പി.സി.ആര്‍.ഐയുടെ വളര്‍ച്ചയില്‍ വലിയ പങ്കുവഹിച്ച ഒരാള്‍. ബെദ്രടുക്കയില്‍ കെല്‍ ഫാക്ടറിക്ക് സമീപത്തെ റിസോര്‍ട്ടിന് സമാനമായ വീട്ടിലേക്ക് ഒരിക്കല്‍ 'ദേശക്കാഴ്ച'യ്ക്ക് വേണ്ടി അഭിമുഖം നടത്താന്‍ ഞാന്‍ ചെന്നിരുന്നു. സുഹൃത്ത് ശിഹാബ് വൈസ്രോയിയും ഒപ്പമുണ്ടായിരുന്നു. സി.പി.സി.ആര്‍.ഐയില്‍ സീനിയര്‍ സയന്റിസ്റ്റായിരുന്ന ഭാര്യ ഡോ. രത്‌ന അംബാറിനെ അരികിലിരുത്തി ദേശക്കാഴ്ചയോട് അദ്ദേഹം പങ്കുവെച്ചത് തന്റെ ജീവിതം തന്നെയായിരുന്നു. ഒരു സാധാരണ കര്‍ഷക കുടുംബത്തില്‍ ജനിച്ച്, […]

ഇന്നലെ അന്തരിച്ച, സി.പി.സി.ആര്‍.ഐ ഡയറക്ടറായിരുന്ന ഡോ. എം.കെ നായര്‍ എന്ന എം. കുഞ്ഞമ്പു നായരുടെ ജീവിതം സംഭവബഹുലമാണ്. സി.പി.സി.ആര്‍.ഐയുടെ വളര്‍ച്ചയില്‍ വലിയ പങ്കുവഹിച്ച ഒരാള്‍. ബെദ്രടുക്കയില്‍ കെല്‍ ഫാക്ടറിക്ക് സമീപത്തെ റിസോര്‍ട്ടിന് സമാനമായ വീട്ടിലേക്ക് ഒരിക്കല്‍ 'ദേശക്കാഴ്ച'യ്ക്ക് വേണ്ടി അഭിമുഖം നടത്താന്‍ ഞാന്‍ ചെന്നിരുന്നു. സുഹൃത്ത് ശിഹാബ് വൈസ്രോയിയും ഒപ്പമുണ്ടായിരുന്നു. സി.പി.സി.ആര്‍.ഐയില്‍ സീനിയര്‍ സയന്റിസ്റ്റായിരുന്ന ഭാര്യ ഡോ. രത്‌ന അംബാറിനെ അരികിലിരുത്തി ദേശക്കാഴ്ചയോട് അദ്ദേഹം പങ്കുവെച്ചത് തന്റെ ജീവിതം തന്നെയായിരുന്നു. ഒരു സാധാരണ കര്‍ഷക കുടുംബത്തില്‍ ജനിച്ച്, പരീക്ഷകളിലെല്ലാം ഉന്നത വിജയം നേടി, കര്‍ഷകരുടെ ക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിച്ച ഒരു ഉന്നത ഉദ്യോഗസ്ഥന്റെ ജീവിത കഥയായിരുന്നു അത്. കാസര്‍കോട്ടെ ബി.ഇ.എം ഹൈസ്‌കൂളിലാണ് എം.കെ നായരുടെ പ്രാഥമിക വിദ്യഭ്യാസം. അച്ഛന്‍ മുളിയാറില്‍ നിന്ന് ബസ് കയറ്റിവിടും. ഇരുമ്പ് പെട്ടിയുമായി മണിക്കൂറുകളോളം റോഡില്‍ കാത്തിരുന്നാല്‍ ഒരു ബസ് വരും. ആ ബസില്‍കയറി കാസര്‍കോട്ടേത്തുമ്പോഴേക്കും വസ്ത്രങ്ങള്‍ ചെമ്മണ്ണില്‍ കുളിച്ചിരിക്കും. അന്ന് നഗരത്തിന്റെ 'ഠ' വട്ടത്തിലൊഴികെ മറ്റൊരിടത്തും ടാറിംഗ് ഇല്ലായിരുന്നു. കാസര്‍കോട് താലൂക്ക് ഓഫീസിന് തൊട്ടടുത്തുള്ള ദുര്‍ഗാഭവന്‍ ലോഡ്ജില്‍ തങ്ങിയാണ് എം.കെ നായര്‍ തന്റെ പ്രാഥമിക പഠനം പൂര്‍ത്തിയാക്കിയത്. പിന്നീട് മംഗലാപുരം സെന്റ് അലോഷ്യസ് കോളേജില്‍ ചേര്‍ന്നു. വിവിധ എഞ്ചിനിയറിംഗ് കോളേജുകളില്‍ പ്രിന്‍സിപ്പലായിരുന്ന പ്രൊഫ. കെ.കെ അബ്ദുല്‍ഗഫാര്‍ അടുത്തിടെ പുറത്തിറക്കിയ 'ഞാന്‍ സാക്ഷി' എന്ന ആത്മകഥാ സമാഹാരത്തില്‍ അലോഷ്യസ് കോളേജില്‍ തന്റെ സഹപാഠിയായിരുന്ന എം.കെ നായരെ കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്.
കോയമ്പത്തൂരിലെ യൂണിവേഴ്‌സിറ്റി അഗ്രികള്‍ച്ചറല്‍ സയന്‍സസില്‍ നിന്നാണ് എം.കെ നായര്‍ ബിരുദം നേടിയത്. അധികം വൈകാതെ എം.കെ നായരെ അച്ഛന്‍ മദ്രാസിലുള്ള അമ്മാവന്റെ അടുത്തേക്ക് അയച്ചു. അമ്മാവന്‍ അവിടെ ഫോറസ്റ്റ് വിഭാഗത്തില്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഓഫീസറായിരുന്നു. നായര്‍ പല ഇന്റര്‍വ്യൂവിനും ചെന്നു. എഴുതിയതെല്ലാം പാസായി. ബി.എസ്.സിക്ക് എഴുതി, കിട്ടി. എം.എസ്.സിക്ക് എഴുതി, അതും കിട്ടി. പി.എച്ച്.ഡിയും നേടി. പഠിക്കാന്‍ കാശില്ലാതെ വിഷമിച്ചപ്പോള്‍ സ്‌കോളര്‍ഷിപ്പിന്റെ രൂപത്തില്‍ കാശുമെത്തി. മദ്രാസിലെ അഗ്രികള്‍ച്ചറല്‍ കോളേജില്‍ ലക്ചററായി ജോലി ചെയ്ത് മദിരാശി നഗരത്തിന്റെ ഹൃദയത്തുടിപ്പറിഞ്ഞ് രസിച്ചങ്ങ് ജീവിക്കവെ പെട്ടെന്നൊരുനാള്‍ അച്ഛന്റെ കത്ത്. 'മദിരാശിയൊക്കെ മതി, വേഗം നാട്ടിലേക്ക് മടങ്ങുക'
നാട്ടില്‍ തിരിച്ചെത്തി അച്ഛനൊപ്പം കൃഷിയിടത്തില്‍ കൂടി. അപ്പോഴും എം.കെ നായരുടെ ഉള്ളിലെ മോഹം ഏതെങ്കിലും വലിയ ഓഫീസില്‍ ഉദ്യോഗസ്ഥനായി ജോലിചെയ്യണമെന്നായിരുന്നു. കാര്‍ഷിക ഗവേഷണത്തോടായിരുന്നു കൂടുതല്‍ താല്‍പര്യം. കര്‍ഷകര്‍ക്കായി സഹായിയായി നില്‍ക്കാമെന്ന ചിന്തയായിരുന്നു ആ മോഹത്തിന് പിന്നില്‍. ആയിടക്കാണ് കോയമ്പത്തൂരിലെ ഷുഗര്‍ കെയ്ന്‍ ബ്രീഡിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടീല്‍ ജോലി ലഭിച്ചത്. അവിടെ പഠിക്കാന്‍ വിദേശങ്ങളില്‍ നിന്നെത്തിയ ഗവേഷകരില്‍ ശ്രീലങ്കയില്‍ നിന്നുള്ള ഒരു ഗവേഷക വിദ്യാര്‍ത്ഥിനിയുമുണ്ടായിരുന്നു. നായരും ആ വിദ്യാര്‍ത്ഥിനിയും അടുത്ത കൂട്ടുകാരായി. അത് പിന്നീട് പ്രണയത്തിലേക്ക് വഴിമാറി. അങ്ങനെ രത്‌ന അംബാര്‍ എം.കെ നായരുടെ ജീവിത പങ്കാളിയായി.
കുറച്ചുകാലം ഹരിയാനയിലെ കര്‍ണാലില്‍ റീജ്യണല്‍ സ്റ്റേഷന്‍ ഡയറക്ടറായി അദ്ദേഹം ജോലി നോക്കി. കുറച്ചുകാലം ഡല്‍ഹിയിലും കോയമ്പത്തൂരിലുമായിരുന്നു. 1983 മുതല്‍ ജര്‍മ്മനിയിലെ ബര്‍ലിനില്‍ ഫെലോഷിപ്പിന് ചേര്‍ന്നു. 1986ല്‍ നാട്ടില്‍ തിരിച്ചെത്തി നേരെ കയറിയത് സി.പി.സി.ആര്‍.ഐയുടെ ഡയറക്ടര്‍ പദവിയിലേക്ക്.
സി.പി.സി.ആര്‍.ഐയുടെ വളര്‍ച്ചയില്‍ വലിയ പങ്കുവഹിക്കുകയും സ്ഥാപനത്തിന്റെ കാതലമായ മാറ്റത്തിന് തുടക്കം കുറിക്കുകയും ചെയ്ത ഡയറക്ടറായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ ജോലി ചെയ്ത അനുഭവകരുത്ത് തുണയായി. എം.എസ് സ്വാമിനാഥന്‍ അടക്കമുള്ളവരുമായുള്ള ബന്ധവും പ്രയോജനപ്പെടുത്തി. സ്വാമിനാഥനുമായി വലിയ അടുപ്പമായിരുന്നു എം.കെ നായര്‍ക്ക്. ഡയറക്ടറുടെ കറങ്ങുന്ന കസേരയില്‍ ഇരുന്നത് കൊണ്ട് മാത്രമായില്ല, കര്‍ഷകര്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന ചിന്ത എം.കെ നായരുടെ മനസ്സില്‍ എപ്പോഴുമുണ്ടായിരുന്നു. സി.പി.സി.ആര്‍.ഐ സാധാരണ ജനങ്ങള്‍ക്ക് കയറിച്ചെല്ലാന്‍ പറ്റാത്ത ഒരു സ്ഥാപനമാണെന്ന ധാരണയായിരുന്നു അക്കാലത്തെ ജനങ്ങള്‍ക്കുണ്ടായിരുന്നത്. ഇത് ചെറിയകാലം കൊണ്ട് തന്നെ ഡോ. എം.കെ നായര്‍ തിരുത്തിയെഴുതി. ഏതൊരു കേര കര്‍ഷകന്റെയും ഉറ്റസുഹൃത്താണ് ഈ സ്ഥാപനമെന്ന് നിരവധി കര്‍ഷക സംഗമങ്ങളിലൂടെ അദ്ദേഹം വിളിച്ചുപറഞ്ഞു. നാട്ടിന്‍ പുറത്തെ സാധാരണക്കാരായ കേരകര്‍ഷകരെ ക്ഷണിച്ചുവരുത്തി സി.പി.സി.ആര്‍.ഐയുടെ ഉറ്റമിത്രങ്ങളാക്കി മാറ്റി. വിവിധ ദേശീയ സെമിനാറുകള്‍ സംഘടിപ്പിച്ച് എല്ലാവര്‍ക്കും അതില്‍ പങ്കാളികളാവാനുള്ള അവസരങ്ങളും ഒരുക്കി. ഇത് കാസര്‍കോട്ടെ സാധാരണക്കാരായ കര്‍ഷകര്‍ക്ക് കൃഷിയെ കുറിച്ചുള്ള വലിയ പാഠങ്ങള്‍ പഠിക്കാന്‍ ഉപകാരമായി. കാസര്‍കോട്ട് കേന്ദ്രീയവിദ്യാലയത്തിന് തുടക്കം കുറിക്കുന്നതിനും എം.കെ നായരുടെ വലിയ പങ്കുണ്ട്. സി.പി.സി.ആര്‍.ഐയിലെ മുഴുവന്‍ ഉദ്യോഗസ്ഥരേയും വിശ്വാസത്തിലെടുക്കാനും അവര്‍ക്ക് വേണ്ട സൗകര്യങ്ങളൊക്കെ ചെയ്തുകൊടുക്കാനും ഡോ. എം.കെ നായര്‍ എപ്പോഴും പ്രത്യേകം ശ്രദ്ധിച്ചിരുന്നു.
ഇദ്ദേഹം സി.പി.സി.ആര്‍.ഐ ഡയറക്ടറായിരുന്ന സമയത്താണ് രാജീവ് ഗാന്ധി സി.പി.സി.ആര്‍.ഐ സന്ദര്‍ശിക്കുന്നത്. രാജീവ് ഗാന്ധി കൊല്ലപ്പെടുന്നതിന് കൃത്യം 10 ദിവസം മുമ്പായിരുന്നു അത്. കാസര്‍കോട്ട് തിരഞ്ഞെടുപ്പ് പ്രചരണത്തിനെത്തിയ രാജീവ് ഗാന്ധിയുടെ അപ്രതീക്ഷിത സന്ദര്‍ശനമായിരുന്നു അത്. തിരഞ്ഞെടുപ്പ് പ്രചരണ പരിപാടി കഴിഞ്ഞ് രാത്രി മംഗലാപുരത്തേക്ക് മടങ്ങുകയായിരുന്നു രാജീവ്. നല്ല ക്ഷീണിതനായിരുന്നു അദ്ദേഹം. മുഖം കഴുകാനും ചെറുതായൊന്ന് വിശ്രമിക്കാനും എവിടെയാണ് സൗകര്യമെന്ന് രാജീവ് തിരക്കിയപ്പോള്‍ തൊട്ടടുത്ത് കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രമുണ്ടെന്നും അവിടെ വിശ്രമിക്കാമെന്നുമായി കൂടെയുണ്ടായിരുന്ന കോണ്‍ഗ്രസ് നേതാക്കള്‍. എന്നാല്‍ രാജീവ് ആദ്യം തയ്യാറായില്ല. സി.പി.സി.ആര്‍.ഐ പോലുള്ള ഉയര്‍ന്ന സ്ഥാപനത്തില്‍ ഏതുനേരത്തും ഒരു മുന്നറിയിപ്പില്ലാതെ ചെന്നുകയറുന്നത് ശരിയല്ലെന്നായിരുന്നു രാജീവിന്റെ നിലപാട്. സി.പി.സി.ആര്‍.ഐ ഡയറക്ടര്‍ എല്ലാവര്‍ക്കും സുപരിചിതനാണെന്നും അദ്ദേഹത്തോട് വിളിച്ചുപറയാമെന്നും പറഞ്ഞപ്പോഴാണ് രാജീവ് സമ്മതംമൂളിയത്. കൂടെയുണ്ടായിരുന്നവര്‍ ഡോ. എം.കെ നായരെ വിളിച്ച് വിവരം പറഞ്ഞു. സി.പി.സി.ആര്‍.ഐ കെട്ടിടത്തിനത്തെ ഗസ്റ്റ് ഹൗസ് ഉടന്‍ തന്നെ രാജീവ് ഗാന്ധിക്ക് വേണ്ടി ഒരുക്കി. അല്‍പ നേരം അവിടെ വിശ്രമിച്ച് വളരെ സന്തോഷവാനായാണ് രാജീവ് മടങ്ങിയത്. 1986 മുതല്‍ 97 വരെ സി.പി.സി.ആര്‍.ഐ ഡയറക്ടറായിരുന്നു എം.കെ നായര്‍. സയന്റിസ്റ്റായ ഡോ. എം.കെ രാജേഷ് ഏകമകനാണ്.
മുളിയാറിലെ നാട്ടിന്‍പുറത്തെ ഒരു സാദാകര്‍ഷക കുടുംബത്തില്‍ ജനിച്ചുവളര്‍ന്ന് വിജയങ്ങള്‍ ഒന്നൊന്നായി വെട്ടിപ്പിടിച്ച് പദവികളുടെ ഉന്നതിയിലെത്തുകയും സാധാരണക്കാര്‍ക്ക് വേണ്ടി ജീവിക്കുകയും ചെയ്ത ഡോ. എം.കെ നായര്‍ തന്റെ വിശ്രമജീവിതത്തിലും കൃഷിയെ കൂട്ടിപിടിച്ചാണ് കഴിഞ്ഞ് കൂടിയത്. കെല്ലിന് സമീപം കൊടുംകാട് നിറഞ്ഞ, ഇഴജന്തുക്കളുടെ ശല്യം അസഹ്യമായിരുന്ന സ്ഥലത്ത് പത്ത് ഏക്കര്‍ ഭൂമി വിലക്ക് വാങ്ങി അവിടെ രണ്ടായിരത്തിലേറെ കവുങ്ങുകളും 200ലേറെ തെങ്ങുകളും വെച്ചുപിടിപ്പിച്ചു. ആ പച്ചപ്പിലും കുളിര്‍മയിലുമാണ് എം.കെ നായരുടെ അവസാന നാളുകള്‍ കടന്നുപോയത്.


-ടി.എ ഷാഫി

Related Articles
Next Story
Share it