തെളിച്ചമുള്ള വാക്കുകള്‍,<br>ലയിച്ചു പോവുന്ന<br>വാര്‍ത്താസമ്മേളനങ്ങള്‍…

കാസര്‍കോടിനെ ഏറെ സ്‌നേഹിക്കുകയും ഈ മണ്ണിനോടും അത്രമേല്‍ പ്രിയം കാണിക്കുകയും ചെയ്ത കോടിയേരിബാലകൃഷ്ണന്റെ വേര്‍പാടില്‍ ഈ വടക്കന്‍ ജില്ലയും തേങ്ങുകയാണ്. കാസര്‍കോട് ജില്ലയോട് എപ്പോഴും അദ്ദേഹം ഒരു പ്രത്യേക ശ്രദ്ധ പുലര്‍ത്തിയിരുന്നു. കണ്ണൂരിന് തൊട്ടടുത്ത ജില്ലയെന്നതിലുപരി നിരവധി വിപ്ലവകാരികള്‍ക്ക് ജന്മം നല്‍കിയ നാട് ആയത് കൊണ്ട് കൂടിയാവാം അത്. സി.പി.എം ജില്ലാ കമ്മിറ്റിയുടെ പുതിയ കെട്ടിടോദ്ഘാടനത്തിന് കോടിയേരി വന്നിരുന്നു.കോടിയേരി ബാലകൃഷ്ണന്റെ വാര്‍ത്താ സമ്മേളനങ്ങള്‍ ഒരു പാട് തവണ റിപ്പോര്‍ട്ട് ചെയ്യാനുള്ള അവസരം എനിക്ക് ഉണ്ടായിട്ടുണ്ട്. പ്രസ്‌ക്ലബ്ബിന്റെ ഭാരവാഹിയെന്ന […]

കാസര്‍കോടിനെ ഏറെ സ്‌നേഹിക്കുകയും ഈ മണ്ണിനോടും അത്രമേല്‍ പ്രിയം കാണിക്കുകയും ചെയ്ത കോടിയേരിബാലകൃഷ്ണന്റെ വേര്‍പാടില്‍ ഈ വടക്കന്‍ ജില്ലയും തേങ്ങുകയാണ്. കാസര്‍കോട് ജില്ലയോട് എപ്പോഴും അദ്ദേഹം ഒരു പ്രത്യേക ശ്രദ്ധ പുലര്‍ത്തിയിരുന്നു. കണ്ണൂരിന് തൊട്ടടുത്ത ജില്ലയെന്നതിലുപരി നിരവധി വിപ്ലവകാരികള്‍ക്ക് ജന്മം നല്‍കിയ നാട് ആയത് കൊണ്ട് കൂടിയാവാം അത്. സി.പി.എം ജില്ലാ കമ്മിറ്റിയുടെ പുതിയ കെട്ടിടോദ്ഘാടനത്തിന് കോടിയേരി വന്നിരുന്നു.
കോടിയേരി ബാലകൃഷ്ണന്റെ വാര്‍ത്താ സമ്മേളനങ്ങള്‍ ഒരു പാട് തവണ റിപ്പോര്‍ട്ട് ചെയ്യാനുള്ള അവസരം എനിക്ക് ഉണ്ടായിട്ടുണ്ട്. പ്രസ്‌ക്ലബ്ബിന്റെ ഭാരവാഹിയെന്ന നിലയില്‍ പലപ്പോഴും അദ്ദേഹത്തിന് തൊട്ടരികിലില്‍ ഇരുന്ന് റിപ്പോര്‍ട്ട് ചെയ്യാന്‍ അവസരം ലഭിച്ചിട്ടുണ്ട്. അല്ലാത്ത അവസരങ്ങളില്‍ കോടിയേരിയുടെ വാര്‍ത്താ സമ്മേളനമാണെങ്കില്‍ ഏറ്റവും മുന്നിലെ കസേരകളില്‍ ചെന്നിരിക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഉത്സാഹമാണ്. അത്രമാത്രം വ്യക്തമായിരുന്നു അദ്ദേഹത്തിന്റെ ഓരോ വാക്കുകളും നിലപാടുകളും. ക്ലാസെടുക്കുന്ന ഒരധ്യാപകനെപോലെയാണ് അദ്ദേഹത്തിന്റെ പത്രസമ്മേളനങ്ങള്‍ പലപ്പോഴും അനുഭവിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഏത് ചോദ്യങ്ങള്‍ക്ക് മുന്നിലും പതറാതെ കൃത്യമായ മറുപടി നല്‍കാന്‍ കോടിയേരി ബാലകൃഷ്ണന് കഴിഞ്ഞിരുന്നു. ഓരോ ദിവസത്തേയും കൃത്യമായ അപ്‌ഡേറ്റ്‌സുമായായിരിക്കും അദ്ദേഹം മാധ്യമങ്ങള്‍ക്ക് മുന്നിലെത്തുക. ഒളിയമ്പ് പോലുള്ള ചില ചോദ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകരുടെ ഭാഗത്ത് നിന്നുയരാറുണ്ട്. അപ്പോഴും ഒരു പതര്‍ച്ചയുമില്ലാതെ കൃത്യമായ മറുപടി നിമിഷനേരങ്ങള്‍ക്കകം തന്നെ അദ്ദേഹം നല്‍കിയിരിക്കും. കടുപ്പിച്ച് പറയുമ്പോഴും കലഹിക്കാത്ത നേതാവായിരുന്നു കോടിയേരി. കാര്‍ക്കശ്യത്തോടെ സംസാരിക്കുമ്പോഴും മുഖത്തെ പുഞ്ചിരി മായില്ല. അസാമാന്യമായ ഒരു കഴിവാണത്. ഒരിക്കല്‍ അദ്ദേഹത്തിന്റെ പത്രസമ്മേളനം വല്ലാതെ ആകര്‍ഷിച്ചു. ഒരു വിദ്യാര്‍ത്ഥിയെപോലെ അതാസ്വദിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ വാക്കുകളുടെ സൗന്ദര്യം നേരിട്ട് പറയാതെ വയ്യ എന്ന നിലയായി. ചെറിയൊരു കടലാസില്‍ അതെഴുതി അദ്ദേഹത്തിന് നല്‍കി. വായിച്ചുനോക്കി പോക്കറ്റിലിട്ട് തോളത്ത് തട്ടിയാണ് കോടിയേരി ഇറങ്ങിപ്പോയത്.
ജനങ്ങള്‍ക്കൊപ്പംനിന്നും പ്രവര്‍ത്തകര്‍ക്ക് ആവേശമായുമാണ് കോടിയേരി എന്ന കമ്യൂണിസ്റ്റ് പോരാളി ജനഹൃദയങ്ങള്‍ കീഴടക്കിയത്.
മൈക്കിനുമുന്നില്‍ ഭാവചേഷ്ടകളൊന്നുമില്ലാതെ, പറയേണ്ടകാര്യം കൃത്യതയോടെയും സത്യസന്ധമായും അവതരിപ്പിച്ച അധ്യാപകനായിരുന്നു കോടിയേരി. അതിനാവശ്യമായ വിവരങ്ങള്‍ മുഴുവന്‍ ശേഖരിക്കും. തന്റേതുമാത്രമായ ചില നര്‍മങ്ങളുടെ മേമ്പൊടിയും ചേര്‍ക്കും. എതിരാളികളെ രൂക്ഷമായി വിമര്‍ശിക്കുമ്പോഴും വികാരത്തിന് കീഴ്പ്പെടില്ല. വ്യക്തിപരമായ പരാമര്‍ശങ്ങളമുണ്ടാകില്ല. പതിരുകളില്ലാത്ത ഈ ശൈലിയിലൂടെയാണ് കോടിയേരി ജനപഥങ്ങള്‍ ഇളക്കിമറിച്ചത്. വായനയുടെ കരുത്തില്‍ വളര്‍ന്ന നേതാവാണ് കോടിയേരി ബാലകൃഷ്ണനെന്ന നേതൃഗുണമുള്ള രാഷ്ട്രീയ പ്രവര്‍ത്തകന്‍. 1960കളില്‍ വായനശാലയിലും ബീഡിക്കമ്പനിയിലും പത്രം വായിക്കാനെത്തിയിരുന്ന ബാലകൃഷ്ണനെന്ന കുട്ടിയെ ആദ്യം ശ്രദ്ധിച്ചത് ബീഡിത്തൊഴിലാളികളാണ്. അവര്‍ക്ക് പത്രം വായിച്ചുകൊടുക്കുകയും ചര്‍ച്ചകള്‍ നടത്തുകയും ചെയ്തു.
എ.കെ.ജി സെന്ററിലെ ഓഫീസ് മുറിയിലും വീട്ടിലും പുസ്തകങ്ങളുടെ വലിയ ശേഖരം അദ്ദേഹം സൂക്ഷിച്ചിരുന്നു. എത്ര തിരക്കുള്ള ദിവസവും എഴുത്തിനും വായനക്കുമായി നിശ്ചിത സമയം മാറ്റിവെക്കാനും അദ്ദേഹം ശ്രദ്ധിച്ചു. അടിയന്തരാവസ്ഥക്കാലത്ത് മിസ നിയമപ്രകാരം തടവില്‍ കഴിഞ്ഞപ്പോഴും പുസ്തകങ്ങള്‍ കൂട്ടിനുണ്ടായിരുന്നു. നിയമസഭയില്‍ ആദ്യമായി എത്തിയ 1982ല്‍ കോടിയേരി മുന്‍ സാമാജികരുടെ പ്രസംഗങ്ങള്‍ നിയമസഭാ ലൈബ്രറിയില്‍നിന്ന് വായിച്ചു മനസ്സിലാക്കുമായിരുന്നു.
ഉള്ളിലൊന്ന് പുറമേയ്ക്ക് മറ്റൊന്ന് എന്നത് കോടിയേരിയുടെ രീതിയായിരുന്നില്ല. കാര്‍ക്കശ്യവും കണിശതയും കൂര്‍പ്പിച്ച് നിര്‍ത്തുമ്പോഴും സ്നേഹസ്പര്‍ശത്തിന് അദ്ദേഹം മടികാണിച്ചില്ല. ഇണക്കവും പിണക്കവും ഒരുപോലെ ചാലിച്ച് രാഷ്ട്രീയ എതിരാളികളെയും മാധ്യമങ്ങളെയും നേരിട്ട അപൂര്‍വം നേതാക്കളില്‍ ഒരാളാണ് കോടിയേരി.
നിയമസഭയില്‍ ഭരണപക്ഷത്തായാലും പ്രതിപക്ഷത്തായാലും എതിര്‍ചേരിയുടെ സ്വാസ്ഥ്യം കെടുത്തുന്നതില്‍ അദ്ദേഹം മുന്‍പന്തിയില്‍ നിലകൊണ്ടു. വ്യക്തിപരമായ കടന്നാക്രമണങ്ങളെപ്പോലും ചിരിതൂകി നേരിട്ടു. മന്ത്രി, നിയമസഭാ സാമാജികന്‍, പാര്‍ട്ടി നേതാവ് എന്നീ നിലകളിലെല്ലാം കോടിയേരിയെപ്പോലെ തിളങ്ങിയവര്‍ അപൂര്‍വം. ചെറിയ പ്രായത്തില്‍ തന്നെ പാര്‍ട്ടിയുടെ വലിയ സ്ഥാനങ്ങള്‍ അലങ്കരിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.
എതിരാളികള്‍ വേട്ടയാടിയപ്പോഴെല്ലാം ചിരിച്ച മുഖത്തോടെ നേരിട്ടു. മാധ്യമങ്ങളോട് രാഷ്ട്രീയ വ്യക്തതയോടെ പ്രതികരിച്ചു. വ്യക്തിപരമായി ആക്രമിക്കുന്ന ചോദ്യങ്ങള്‍ക്കും സംയമനത്തോടെ കുറിക്കുകൊള്ളുന്ന മറുപടി നല്‍കി.
സംഘടനാരംഗത്തും പാര്‍ലമെന്ററിരംഗത്തും ഒരുപോലെ ശോഭിച്ച അദ്ദേഹത്തിന്റെ ആഭിമുഖ്യം എന്നും ജനങ്ങളോടും പാര്‍ടിയോടുമായിരുന്നു. ലളിതവും സരസവുമായ ഭാഷയില്‍ സംസാരിച്ച അദ്ദേഹം ജനലക്ഷങ്ങളെ കൈയിലെടുത്തു.
അഞ്ചരപ്പതിറ്റാണ്ടിലേറെ നീണ്ട പൊതുപ്രവര്‍ത്തനത്തില്‍ കോടിയേരി ജനക്കൂട്ടത്തില്‍നിന്ന് വിട്ടുനിന്നത് ചെറിയൊരു കാലയളവുമാത്രമാണ്.
രോഗപീഡകള്‍ കാരണം ആശുപത്രിയിലായിരിക്കുമ്പോഴല്ലാതെ പാര്‍ടി പ്രവര്‍ത്തനങ്ങളില്‍നിന്ന് വിട്ടുനിന്നിട്ടില്ല. അര്‍ബുദരോഗ ചികിത്സയ്ക്കായി ഒരു വര്‍ഷം സെക്രട്ടറിസ്ഥാനത്തുനിന്ന് അവധിയെടുത്തപ്പോഴും അതിന് മാറ്റമുണ്ടായില്ല. എല്‍.ഡി.എഫ് തുടര്‍ഭരണം നേടിയ ചരിത്രപോരാട്ടത്തില്‍ പാര്‍ട്ടിയെയും മുന്നണിയെയും ഒറ്റച്ചരടില്‍ കോര്‍ത്ത് മുന്നോട്ട് നയിച്ചത് അസാമാന്യ സംഘടനാമികവിന്റെ തെളിവാണ്.
രോഗം മൂര്‍ച്ഛിച്ച ഘട്ടങ്ങളിലും അവശത മറന്ന് പാര്‍ട്ടി യോഗങ്ങളില്‍ പങ്കെടുക്കുകയും തീരുമാനങ്ങള്‍ വാര്‍ത്താസമ്മേളനങ്ങളില്‍ വിശദീകരിക്കുകയും ചെയ്ത കോടിയേരി ഏവരുടെയും മനം കവര്‍ന്നു.
കമ്യൂണിസ്റ്റുകാരന്റെ ദൃഢനിശ്ചയവും നേതൃപാടവവും കണിശതയും കാത്തുസൂക്ഷിച്ചപ്പോഴും സൗമ്യമായ ഇടപെടലിലൂടെ ഏവര്‍ക്കും പ്രിയങ്കരനായി.
ചരിത്രം കുറിച്ച എല്‍.ഡി.എഫ് തുടര്‍ഭരണത്തിനു പിന്നില്‍ അദ്ദേഹത്തിന്റെ വിശ്രമരഹിതമായ പ്രയത്‌നമുണ്ടായിരുന്നു.
സര്‍ക്കാരിനെയും പാര്‍ട്ടിയെയും മുന്നണിയെയും ഒറ്റക്കെട്ടായി നിര്‍ത്തി ജനങ്ങളുടെ വിശ്വാസം ഊട്ടിയുറപ്പിക്കാന്‍ നേതൃത്വം നല്‍കി.

-ടി.എ. എസ്‌

Related Articles
Next Story
Share it