ഏപ്രില്‍ 5ന് അണഞ്ഞു പോയ നേതൃ സുഗന്ധങ്ങള്‍...

ഖായിദെ മില്ലത്ത് ***ഏപ്രില്‍ 5. സ്വതന്ത്ര ഭാരതത്തില്‍ ഇടയനില്ലാത്ത ആട്ടിന്‍ പറ്റങ്ങളെ പോലെ ചിന്നിച്ചിതറിയോടിയ സമൂഹത്തെ മാടി വിളിച്ച് ഹരിത രാഷ്ടീയത്തിന്റെ ചിറകിലൊളിപ്പിച്ച് രക്ഷാകവചമൊരുക്കിയ ഖായിദെ മില്ലത്ത് വിട വാങ്ങിയിട്ട് അമ്പത്തൊന്നാണ്ട് പിന്നിടുകയാണ്. പ്രലോഭനങ്ങളില്‍ മതി മറന്ന് പോവാതെയും പ്രകോപനങ്ങളിലും ഭീഷണിയിലും വശംവദരാവാതെയും മുസ്ലിം ലീഗ് ഇന്ത്യയില്‍ നിലനിര്‍ത്തുമെന്ന് പ്രഖ്യാപിച്ച ദീര്‍ഘദര്‍ശിയായ നായകന്റെ ഓര്‍മ്മകളില്‍ നിറയുന്ന ദിനമാണ് ഇന്ന്. വര്‍ത്തമാനകാല ഇന്ത്യയില്‍ വര്‍ഗീയത മുഖമുദ്രയാക്കി മാറ്റിയ, ഇന്ത്യന്‍ ഭരണഘടനയുടെ അന്തസത്ത തന്നെ ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കുന്ന ഫാസിസത്തിനെതിരെ […]

ഖായിദെ മില്ലത്ത്
***
ഏപ്രില്‍ 5. സ്വതന്ത്ര ഭാരതത്തില്‍ ഇടയനില്ലാത്ത ആട്ടിന്‍ പറ്റങ്ങളെ പോലെ ചിന്നിച്ചിതറിയോടിയ സമൂഹത്തെ മാടി വിളിച്ച് ഹരിത രാഷ്ടീയത്തിന്റെ ചിറകിലൊളിപ്പിച്ച് രക്ഷാകവചമൊരുക്കിയ ഖായിദെ മില്ലത്ത് വിട വാങ്ങിയിട്ട് അമ്പത്തൊന്നാണ്ട് പിന്നിടുകയാണ്. പ്രലോഭനങ്ങളില്‍ മതി മറന്ന് പോവാതെയും പ്രകോപനങ്ങളിലും ഭീഷണിയിലും വശംവദരാവാതെയും മുസ്ലിം ലീഗ് ഇന്ത്യയില്‍ നിലനിര്‍ത്തുമെന്ന് പ്രഖ്യാപിച്ച ദീര്‍ഘദര്‍ശിയായ നായകന്റെ ഓര്‍മ്മകളില്‍ നിറയുന്ന ദിനമാണ് ഇന്ന്. വര്‍ത്തമാനകാല ഇന്ത്യയില്‍ വര്‍ഗീയത മുഖമുദ്രയാക്കി മാറ്റിയ, ഇന്ത്യന്‍ ഭരണഘടനയുടെ അന്തസത്ത തന്നെ ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കുന്ന ഫാസിസത്തിനെതിരെ നിരന്തരം ശബ്ദിച്ച ഖായിദെ മില്ലത്തിന്റെ ഓര്‍മ്മയിലാണ് അടുത്തിടെ മുസ്ലിം ലീഗിന്റെ ദേശീയ സമ്മേളനം ചെന്നൈയില്‍ നടന്നത്.


മാഹിന്‍ ശംനാട്
***
മദിരാശിയുടെ ഭാഗമായിരുന്ന കാസര്‍കോട് ഉള്‍കൊള്ളുന്ന തെക്കന്‍ കാനറ ജില്ലയില്‍. മുസ്ലിം ലീഗിന്റെ പിറവിക്കും വളര്‍ച്ചക്കും ഉപ്പി സാഹിബിനൊപ്പം ചേര്‍ത്ത് പറയാവുന്ന ഒരു നാമമാണ് മാഹിന്‍ ശംനാട് സാഹിബ്.
1938ല്‍ കെ.എം സീതി സാഹിബിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം കാസര്‍കോട് ടൗണില്‍ മുസ്ലിം ലീഗ് കമ്മിറ്റിയുണ്ടാക്കിയിരുന്നുവെന്ന് ടി. ഉബൈദ് സാഹിബിനെ ഉദ്ധരിച്ച് കെ.പി കുഞ്ഞി മുസ വിശദീകരിക്കുന്നുണ്ട.്
കാസര്‍കോട് നഗരത്തില്‍ നിന്ന് രണ്ട് നാഴിക മാത്രം ദൂരമുണ്ടായിരുന്ന, അക്കാലങ്ങളില്‍ തന്നെ സാംസ്‌കാരികമായും വിദ്യാഭ്യാസപരമായും ഉയര്‍ന്ന നിലവാരം പുലര്‍ത്തിയ പ്രദേശമായിരുന്നു ചെമ്മനാട്. ഇവിടുത്തെ പ്രശസ്തമായ ശംനാട് കുടുംബവുമായി ഉപ്പി സാഹിബ് അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. ഹമീദലി ശംനാട് സാഹിബിന്റെ പിതാമഹന്‍ ഖാന്‍ ബഹദൂര്‍ മഹമൂദ് ശംനാടിന്റെ സഹോദരനാണ് മാഹിന്‍ ശംനാട്. ഒന്നാമത്തേയും രണ്ടാമത്തേയും കേന്ദ്ര അസംബ്ലിയിലും 1936 മുതല്‍ പത്ത് വര്‍ഷക്കാലം മൂന്നാമത്തേയും നാലാമത്തേയും മദിരാശി നിയമസഭാ കൗണ്‍സിലിലും നിയമസഭയിലും അംഗമായ ഖാന്‍ ബഹദൂര്‍ മഹമൂദ് ശംനാട് ഉപ്പി സാഹിബിന്റെ സന്തത സഹചാരിയായിരുന്നു. 1948 ഡിസംബറില്‍ മരണമടയുന്നത് വരെ മുസ്ലിം ലീഗ് രാഷ്ട്രീയത്തില്‍ സജീവമായിരുന്നു മഹമൂദ് ശംനാട്. മറ്റ് സഹോദരങ്ങളായിരുന്ന മത പണ്ഡിതനും മദിരാശി നിയമസഭാംഗമായിരുന്ന അറബി ശംനാട്, സിലോണിലെ സാഹിറ കോളേജ് അധ്യാപകന്‍ ആയിരുന്ന അബ്ദുല്‍ ഖാദര്‍ ശംനാട് തുടങ്ങിയവരും പ്രശസ്തരായിരുന്നു.
ബ്രിട്ടീഷ് ഇന്ത്യയിലെ പൊലീസ് ഉദ്യോഗസ്ഥനായിരുന്നു മാഹിന്‍ ശംനാട് മെട്രിക്കുലേഷന്‍ പാസ്സായി സബ് ഇന്‍സ്‌പെക്ടറായി പല ജില്ലകളിലും സേവനം ചെയ്തിരുന്നു. 1911ല്‍ ഡല്‍ഹി ദര്‍ബാറില്‍ വെച്ച് അദ്ദേഹത്തിന്റെ സേവനം മുന്‍നിര്‍ത്തി ജോര്‍ജ്ജ് അഞ്ചാമന്‍ പൊലീസ് മെഡല്‍ നല്‍കി ആദരിച്ചിരുന്നു. 1929ല്‍ മംഗലാപുരത്തെ സാമുദായിക കലാപം അമര്‍ച്ച ചെയ്തതില്‍ സുപ്രധാന പങ്കു വഹിച്ച മാഹിന്‍ ശംനാടിനെ ജില്ലാ ജഡ്ജിയുടെ വിധിന്യായത്തില്‍ അനുമോദിക്കുകയുണ്ടായി. 1939ല്‍ സര്‍വ്വീസില്‍ നിന്നും വിരമിച്ച ശേഷമാണ് മാഹിന്‍ ശംനാട് മുസ്ലിം ലീഗില്‍ സജീവമാകുന്നത്. 1940ല്‍ ഉപ്പി സാഹിബ് മുന്‍ കയ്യെടുത്ത് തെക്കന്‍ കാനറ ജില്ല മുസ്ലിം ലീഗ് സമ്മേളനം വിളിച്ച് കൂട്ടുകയും പ്രഥമ ജില്ലാ പ്രസിഡണ്ടായി മാഹിന്‍ ശംനാട് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
ലിയാഖത്ത് അലി ഖാന്റെയും ഖാസി മുഹമ്മദ് ഈസയുടെയും ദക്ഷിണേന്ത്യന്‍ സംസ്ഥാന പര്യടനത്തിന്റെ ഭാഗമായി കാസര്‍കോട്ടും മംഗലാപുരത്തുമായി നടന്ന നിരവധി മുസ്ലിം ലീഗ് സമ്മേളനങ്ങളില്‍ കെ.എം സീതി സാഹിബിനും ഉപ്പി സാഹിബിനുമൊപ്പം മാഹിന്‍ ശംനാടും നേതൃനിരയില്‍ സജീവമായിരുന്നു.
1946ല്‍ മദിരാശി നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 1952ല്‍ മദിരാശി സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന കാസര്‍കോട് മണ്ഡലത്തില്‍ നിന്ന് മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചു. 1957 ഏപ്രില്‍ അഞ്ചിനായിരുന്നു വിയോഗം.


പി.മുഹമ്മദ് കുഞ്ഞി
മാഷ്

***
മുസ്ലിം ലീഗിന്റെ സന്ദേശം ഗ്രാമ ഗ്രാമാന്തരങ്ങളില്‍ വിളംബരം ചെയ്യാന്‍ ജീവിതം മുഴുവന്‍ യത്‌നിച്ച, ഭാഷാ സമര കാലഘട്ടത്തില്‍ കേരളീയ മുസ്ലിം യുവതക്ക് നേതൃത്വം നല്‍കിയ സാരഥികളിലൊരാളായി വേദികളില്‍ ശബ്ദഘോഷത്തിന്റെ ഇടിമുഴക്കം സൃഷ്ടിച്ച നേതാവായിരുന്നു കാഞ്ഞങ്ങാട്ടെ പി. മുഹമ്മദ് കുഞ്ഞി മാഷ്. വാക്കും നാക്കും കൊണ്ട് സി.എച്ചിനെ അനുസ്മരിപ്പിക്കും വിധം അനുകരിച്ച മുസ്ലിം ലീഗ് ജില്ലാ ഉപാധ്യക്ഷനും സെക്രട്ടറിയുമൊക്കെയായിരുന്ന പി. മുഹമ്മദ് കുഞ്ഞി മാസ്റ്ററുടെ ഓര്‍മ്മ ദിനം കൂടിയാണ് ഇന്ന്.
ആദര്‍ശത്തോടൊപ്പം ഖായിദെ മില്ലത്തില്‍ നിന്നും പകര്‍ന്നു കിട്ടിയ എളിമയും ജീവിത മാതൃകയാക്കിയ അനുകരണീയ വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു അദ്ദേഹം.
മുസ്ലിം വിദ്യാര്‍ത്ഥി ഫെഡറേഷനിലൂടെ പൊതുരംഗത്ത് വന്ന മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, കാഞ്ഞങ്ങാട് ശാഖ എം.എസ്.എഫ് പ്രസിഡണ്ട്, ഹൊസ്ദുര്‍ഗ് താലൂക്ക് ജനറല്‍ സെക്രട്ടറി, പ്രസിഡണ്ട്, ഉപദേശക സമിതി ചെയര്‍മാന്‍ എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്. അവിഭക്ത കണ്ണൂര്‍ ജില്ലാ മുസ്ലിം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി, പ്രസിഡണ്ട്, കെ.എസ്.ടി.യു കാസര്‍കോട് ജില്ലാ പ്രസിഡണ്ട്, എസ്.ടി.യു മോട്ടോര്‍ തൊഴിലാളി സ്ഥാപക പ്രസിഡണ്ട്, യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി എന്നീ പദവികളും വഹിച്ചു. അജാനൂര്‍ പഞ്ചായത്ത് മെമ്പര്‍, കേരള ഫിഷര്‍മെന്‍ കോര്‍പറേഷന്‍ ഡയരക്ടര്‍, കെ.എസ്.ആര്‍.ടി സി ഉപദേശക സമിതി മെമ്പര്‍, റെയില്‍വേ യൂസേര്‍സ് ഫോറം മെമ്പര്‍, അതിഞ്ഞാല്‍ മുസ്ലിം ജമാഅത്ത് വൈസ് പ്രസിഡണ്ട്, കാഞ്ഞങ്ങാട് യതീംഖാന നിര്‍വ്വാഹക സമിതിയംഗം എന്നീ പദവികളും വഹിച്ചിട്ടുണ്ട്. 1982ല്‍ ഉദുമ നിയോജക മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായിരുന്നു.
പഴയകാല മുസ്ലിം ലീഗ് നേതാവ് പി.കെ യൂസഫിന്റെയും അതിഞ്ഞാല്‍ കല്യായില്‍ ആയിസുവിന്റെയും മകനായി 1950ല്‍ ജനിച്ച മുഹമ്മദ് കുഞ്ഞി 1970ല്‍ ചിത്താരി എ.യു.പി സ്‌കൂളില്‍ അധ്യാപകനായി ഔദ്യോഗിക ജീവിതമാരംഭിച്ചു. ദീര്‍ഘ കാലം കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് വൈസ് പ്രസിഡണ്ടായിരുന്നു.
രാഷ്ട്രീയ പ്രവര്‍ത്തകന്‍, അധ്യാപകന്‍, എഴുത്തുകാരന്‍, വാഗ്മി, പത്ര പ്രവര്‍ത്തകന്‍ തുടങ്ങിയ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍ മലബാറിലെ മുസ്ലിം ലീഗ് വേദികളിലെ മുഖ്യ പ്രസംഗകനായിരുന്നു. സി.എച്ച് മുഹമ്മദ് കോയ സ്മാരക പുരസ്‌കാരം നേടിയിട്ടുണ്ട്. ഇബ്രാഹിം സുലൈമാന്‍ സേട്ട്, ജി.എം ബനാത്ത്‌വാല, തുടങ്ങിയ ലീഗ് നേതാക്കളുടെ ദ്വിഭാഷി കൂടിയായിരുന്നു.

-മുസ്തഫ മച്ചിനടുക്കം

Related Articles
Next Story
Share it