മരണമെന്ന സത്യത്തെ പുല്കാതിരിക്കാനോ നിമിഷ നേരത്തേക്ക് പോലും ആയുസ്സ് നീട്ടിയിടാനോ ഒരു സൃഷ്ടിക്കും സാധ്യമല്ല. എന്നാലും എന്തിനാണ് ഖാദര്‍ച്ച ഒന്ന് യാത്ര പോലും പറയാതെ ഇത്ര ധൃതിയിലങ്ങ് നടന്ന് പോയത്.
എങ്ങും പന്തലിച്ച സൗഹൃദമായിരുന്നല്ലോ നിങ്ങളുടേത്. അങ്ങയുടെ വേര്‍പ്പാടിന്റെ വിങ്ങലില് ദിവസങ്ങളായി നാടുറങ്ങിയിട്ട്. സ്നേഹത്തിന്റെ ചങ്ങല കൊണ്ട് കെട്ടിയിടാനും സ്നേഹപൂര്‍വ്വം തല്ലാനും തലോടാനും അങ്ങില്ലല്ലോ ഇനി. ഏത് ബഹളത്തിനിടയിലും കുറിക്ക് കൊളളുന്ന നര്‍മ്മം വിതറാന്‍ അങ്ങേക്ക് മാത്രമല്ലേ കഴിയൂ. ഹരിത രാഷ്ട്രീയ പ്രസ്ഥാനത്തെ വല്ലാതെ പ്രണയിക്കുകയും സംവദിക്കുകയും ചെയ്യുമ്പോഴൊക്കെയും സൗഹൃദങ്ങള്‍ക്ക് വലിയ മൂല്യമാണല്ലോ നിങ്ങള്‍ കല്പ്പിച്ചിരുന്നത്.
കഷ്ടപ്പെടുന്നവരെ സഹായിക്കാനും കരയുന്ന കണ്ണുകളിലെ കണ്ണുനീര് ഒപ്പിയെടുക്കാനും ഇനി അങ്ങില്ലന്ന് ഓര്‍ക്കുമ്പോള്‍ നെഞ്ചകം പിടയുകയാണ്. കഷ്ടപ്പെടുന്നവരെക്കുറിച്ച് ആധിയായിരുന്നില്ലേ മനസ്സ് മുഴുവനും.
മാസങ്ങള്‍ക്ക് മുമ്പ് ആസ്പത്രി ബില്ലടക്കാനില്ലാതെ ബുദ്ധിമുട്ടുന്ന ഒരു സഹോദരന് വേണ്ടി സഹായഭ്യര്ത്ഥിച്ചിട്ട സ്റ്റാറ്റസ് കണ്ട ഉടനെ മണിക്കൂറിനുളളില്‍ ആ തുക എത്തിച്ച് തന്ന് ഡിസ്ചാര്‍ജ്ജ് ചെയ്യിപ്പിച്ച നിങ്ങള്‍. അങ്ങനെ പല പല ഘട്ടങ്ങളിലും…മരണത്തിന് തൊട്ട് മുമ്പ് വരെ അത്തരം കാര്യങ്ങളില്‍ എന്നോടെന്ന പോലെ പലരോടും സജീവമായി ഇടപെട്ടില്ലേ നിങ്ങള്‍…
അതിശയമായിരുന്നു എന്നും ഞങ്ങള്‍ക്ക്! ആര്‍ദ്രതയായിരുന്നു, അങ്ങയുടെ മനസ്സ് മുഴുവനും.
അലിവായിരുന്നു ആ ഖല്ബിലൊക്കെയും. നിങ്ങള്‍ക്ക് അല്‍പ്പം മുമ്പെ നടന്ന് പോയ നമ്മുടെ പ്രിയപ്പെട്ട എസ്.അബൂബക്കറിന്റെ അനുസ്മരണം എഴുതിയപ്പോള്‍ ഇന്‍ ബോക്സില്‍ വന്ന് കണ്ണീര് വാര്‍ത്ത് പറഞ്ഞ വാക്കുണ്ടല്ലൊ… ചിലപ്പോള്‍ അടുത്തത് നമ്മളൊക്കെ ആകാം ബീയെമ്മേ. മരണം നമ്മുടെ കൂടെത്തന്നെയുണ്ടല്ലേ. റെഡിയായിരുന്നോളാം. പക്ഷെ കൊണ്ട് പോകാന്‍ ഒന്നുമില്ല. കഷ്ടപ്പെടുന്നവരെ ഒരു വാക്ക് കൊണ്ടെങ്കിലും സമാശ്വസിപ്പിക്കാന്‍ പറ്റണം. അത് മാത്രമേ ബാക്കിയുണ്ടാകൂ.
താങ്കളുടെ വിയോഗ വാര്‍ത്ത അറിഞ്ഞത് മുതല്‍ ഒരു ഇടി മുഴക്കം പോലെ എന്റെ മനസ്സിനെ പ്രകമ്പനം കൊളളിക്കുന്നുണ്ട് ആ വാചകം. ഏറ്റവുമൊടുവില്‍ സംസാരിച്ചപ്പോഴും വിഷയം കഷ്ടപ്പെടുന്നവരെക്കുറിച്ചായിരുന്നില്ലേ! കുടുംബത്തിലും അങ്ങയുടെ വാക്കുകള്‍ക്കാണല്ലോ അന്തിമ വിധി.
ഓര്‍ത്തെടുക്കാന്‍ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും ഒരു പിടി നല്ല ഓര്‍മ്മകളുണ്ട്, അങ്ങയുടെ ജീവിതത്തിലുടനീളം.
പടച്ചവന്റെ പ്രീതി മാത്രം കാംക്ഷിച്ച് കൊണ്ട് കഷ്ടപ്പെടുന്നവര്‍ക്ക് വേണ്ടി ജീവിതത്തില്‍ ചെയ്ത് വെച്ച സുകൃതമുണ്ടല്ലോ അത് മതി അങ്ങയുടെ പരലോകം ധന്യമാകാന്‍. പ്രാര്‍ത്ഥനയോടെ
-ബി.എം പട്ള