പരവനടുക്കത്തെ പഴയകാല കോണ്‍ഗ്രസ് പ്രവര്ത്തകന് തോട്ടത്തില്‍ കരുണാകരന് എന്ന ടി. കരുണാകരന് നായര്‍ വിട പറഞ്ഞതോടെ ആത്മാര്‍ത്ഥതയുള്ള ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ വിയോഗമാണ് സംഭവിച്ചത്.
ഒരു കാലത്ത് പരവനടുക്കത്ത് കോണ്‍ഗ്രസ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ച വ്യക്തിയായിരുന്നു കരുണാകരേട്ടന്. ചെമ്മനാട് ഗ്രാമപഞ്ചായത്ത് അംഗം, ചെമ്മനാട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി വൈസ് പ്രസിഡണ്ട്, ബൂത്ത് കമ്മിറ്റി പ്രസിഡണ്ട്, ചെമ്മനാട് ഗവ. ഹയര്‍ സെക്കണ്ടറി സ്കൂള്‍ പി.ടി.എ പ്രസിഡണ്ട്, കോട്ടരുവം ശ്രീ മഹാവിഷ്ണു മൂര്‍ത്തി ദേവസ്ഥാനം ഭരണ സമിതി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹം പരവനടുക്കം പ്രിയദര്‍ശിനി കലാവേദിയുടെ സ്ഥാപകരക്ഷാധികാരിയായിരുന്നു. നല്ലൊരു കര്ഷകന് കൂടിയായിരുന്നു. കുറെ വര്‍ഷം കച്ചവടവും നടത്തിയിരുന്നു.
ലാളിത്യവും വിനയവും കൈമുതലാക്കിയ ജനകീയനായ പൊതുപ്രവര്‍ത്തകനായിരുന്നു കരുണാകരന് നായര്‍. അദ്ദേഹത്തിന്റെ സ്നേഹമസൃണമായ പെരുമാറ്റവും പുഞ്ചിരിയും എന്നും മനസ്സിലുണ്ടാവും. 1988 മുതല്‍ 95 വരെ കല്ലട്ര അബ്ബാസ് ഹാജി പഞ്ചായത്ത് പ്രസിഡണ്ട് ആയിരുന്ന സന്ദര്‍ഭത്തില്‍ (1988-95) അന്നത്തെ ഏഴാം വാര്‍ഡ് മെമ്പര്‍ ആയിരുന്നു കരുണാകരന്. ഇന്നത്തെപ്പോലെ പഞ്ചായത്തുകള്‍ക്ക് അധികാരങ്ങളും വികസന പദ്ധതികളും ഇല്ലാതിരുന്നിട്ടും നാടിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ കഴിയുംവിധം പ്രവര്‍ത്തിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. പരവനടുക്കം ഷോപ്പിംഗ് കോംപ്ലക്സിന് തറക്കല്ലിട്ടതും ഗവ. ആയുര്‍വേദ ആസ്പത്രിക്ക് സ്വന്തമായി കെട്ടിടം ഉണ്ടാവുന്നതും അദ്ദേഹം മെമ്പറായ കാലയളവിലായിരുന്നു എന്നാണ് ഓര്‍മ്മ.
എന്നെ സംബന്ധിച്ച് ആദ്യമായി തിരഞ്ഞെടുപ്പ് പ്രവര്‍ത്തന രംഗത്ത് സജീവമായത് കരുണാകരേട്ടന്റെ ഇലക്ഷന് സമയത്ത് ആയിരുന്നു. അന്ന് വോട്ടവകാശം ഇല്ലായിരുന്നെങ്കിലും അദ്ദേഹത്തിന്റെ പ്രചരണ രംഗത്ത് ഞങ്ങള്‍ സജീവമായിരുന്നു. വിജയിച്ച ശേഷം നാടുമുഴുവന്‍ ചുറ്റി നടത്തിയ ആവേശ പൂര്‍വ്വമായ പദയാത്രയും ഓര്‍മ്മയിലുണ്ട്. ഇന്നത്തെ വാര്‍ഡിന്റെ ഇരട്ടി വലിപ്പം അന്നത്തെ വാര്‍ഡിന് ഉണ്ടായിരുന്നു.
മുന്നണി രാഷ്ട്രീയത്തില്‍ പാലിക്കേണ്ട മര്യാദകള്‍ വേണ്ടവണ്ണം മനസ്സിലാക്കി പ്രവര്‍ത്തിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. ഒരുവേള ഒരു തിരഞ്ഞെടുപ്പ് കാലത്തോ മറ്റോ യു.ഡി.എഫിന്റെ യോഗത്തില്‍ സംബന്ധിക്കാന്‍ ഒരു നേതാവ് വന്നപ്പോള്‍ ഒരു കോണ്‍ഗ്രസ് നേതാവ് എന്തോ പിറുപിറുത്തു. ഉടനെ തന്നെ കരുണാകരന് നായര്‍ അദ്ദേഹത്തെ തിരുത്തി.
ഒന്നും പറയാന്‍ പാടില്ല. യു.ഡി.എഫിന്റെ നേതാവാണ്. അതുപോലെതന്നെ ഒരുപാട് സന്ദര്‍ഭങ്ങളില്‍ സൗഹാര്‍ദ്ദ അന്തരീക്ഷം ഉണ്ടാക്കിയെടുക്കാന്‍ അങ്ങേയറ്റം താല്പര്യം കാണിച്ച വ്യക്തിയായിരുന്നു കരുണാകരന്. വര്‍ഷങ്ങള്‍ക്കു മുമ്പ് സദ്ദാം ഹുസൈന് തൂക്കിലേറ്റപ്പെട്ടപ്പോള്‍ അതിനെതിരെ വമ്പിച്ച ഒരു പ്രതിഷേധം പരവനടുക്കത്ത് ഉണ്ടായി. ആ പ്രതിഷേധ പ്രകടനത്തില്‍ വളരെ ആത്മാര്‍ത്ഥതയോടെ അദ്ദേഹം പങ്കെടുത്തത് ഞാന്‍ ഇന്നും ഓര്‍ക്കുന്നു. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വളരെ പ്രയാസകരമായ ഒരു ബൂത്തില്‍ കുന്നും കുഴിയും എല്ലാം നിറഞ്ഞ ഭൂപ്രദേശം. തിരഞ്ഞെടുപ്പ് ക്യാമ്പയിന് നടത്താനും നോട്ടീസുകളും സ്ലിപ്പും വിതരണം ചെയ്യാനും ചെറുപ്പക്കാര്‍ പോലും തയ്യാറാകാതിരുന്നപ്പോഴും വളരെ ഉത്തരവാദിത്വബോധത്തോടെ അനാരോഗ്യം പോലും വകവെക്കാതെ പ്രവര്‍ത്തന രംഗത്ത് സജീവമായ കരുണാകരേട്ടനെയും ഓര്‍ത്തുപോകുന്നു.
ഒരുപാട് തിരഞ്ഞെടുപ്പുകളില്‍ അദ്ദേഹത്തോടൊപ്പം വീടുകള്‍ കയറിയിറങ്ങിയത് രസമുള്ള ഓര്‍മ്മയാവുകയാണ്. തിരഞ്ഞെടുപ്പ് ഏതായാലും പ്രവര്‍ത്തന രംഗത്ത് അദ്ദേഹമുണ്ടാവും.
നിര്‍ണ്ണായകമായൊരു തിരഞ്ഞെടുപ്പിന് കേളികൊട്ടുയരുമ്പോള്‍ പ്രാദേശിക തലത്തില്‍ വോട്ടര്‍മാരെ കുറിച്ചും അവരുടെ മനോഗതിയെ കുറിച്ചും അവഗാഹമുള്ള കരുണാകരേട്ടനെ പോലുള്ളവരുടെ അഭാവം വലിയ ശൂന്യതയും നഷ്ടവുമായി അവശേഷിക്കുകയാണ്.
-മുസ്തഫ മച്ചിനടുക്കം