അര്‍ഷദ് അന്ന് വീട്ടില്‍ വന്നത് യാത്ര പറയാനായിരുന്നോ....?

കെ.എസ് അബ്ദുല്ലയും ഞാനും തമ്മിലുള്ള സൗഹൃദം ഹിമാലയത്തോളം വളര്‍ന്നതാണ്. അത്രതന്നെ ആഴവുമുണ്ട്. കെ.എസ്. അബ്ദുല്ലയുടെ വേര്‍പാട് എന്നിലുണ്ടാക്കിയ വേദന ഇന്നും മാറിയിട്ടില്ല. ആ വേദന ഞാന്‍ മറക്കാന്‍ ശ്രമിച്ചത് അദ്ദേഹത്തിന്റെ മക്കളിലൂടെയാണ്.കെ.എസിന്റെ പ്രിയപ്പെട്ട പുത്രന്‍ കെ.എസ് അബ്ദുല്‍റഹ്മാന്‍ അര്‍ഷദിനെ പലപ്പോഴും ഞാന്‍ ബന്ധപ്പെടാറുണ്ടായിരുന്നു. നാലഞ്ചുമാസമായി അവന്‍ എനിക്ക് സ്ഥിരമായി വാട്‌സ്ആപ്പ് മെസേജ് അയക്കുമായിരുന്നു. ഞാനും കെ.എസ് അബ്ദുല്ലയും തമ്മിലുള്ള ആത്മബന്ധത്തിന്റെ അയവിറക്കലായിരുന്നു ആ സന്ദേശങ്ങളില്‍ അധികവും. നാട്ടില്‍ വരുമ്പോള്‍ അറിയിക്കണമെന്നും കാണാന്‍ വരാമെന്നും അര്‍ഷദ് പറഞ്ഞതനുസരിച്ച് ഇത്തവണ […]

കെ.എസ് അബ്ദുല്ലയും ഞാനും തമ്മിലുള്ള സൗഹൃദം ഹിമാലയത്തോളം വളര്‍ന്നതാണ്. അത്രതന്നെ ആഴവുമുണ്ട്. കെ.എസ്. അബ്ദുല്ലയുടെ വേര്‍പാട് എന്നിലുണ്ടാക്കിയ വേദന ഇന്നും മാറിയിട്ടില്ല. ആ വേദന ഞാന്‍ മറക്കാന്‍ ശ്രമിച്ചത് അദ്ദേഹത്തിന്റെ മക്കളിലൂടെയാണ്.
കെ.എസിന്റെ പ്രിയപ്പെട്ട പുത്രന്‍ കെ.എസ് അബ്ദുല്‍റഹ്മാന്‍ അര്‍ഷദിനെ പലപ്പോഴും ഞാന്‍ ബന്ധപ്പെടാറുണ്ടായിരുന്നു. നാലഞ്ചുമാസമായി അവന്‍ എനിക്ക് സ്ഥിരമായി വാട്‌സ്ആപ്പ് മെസേജ് അയക്കുമായിരുന്നു. ഞാനും കെ.എസ് അബ്ദുല്ലയും തമ്മിലുള്ള ആത്മബന്ധത്തിന്റെ അയവിറക്കലായിരുന്നു ആ സന്ദേശങ്ങളില്‍ അധികവും. നാട്ടില്‍ വരുമ്പോള്‍ അറിയിക്കണമെന്നും കാണാന്‍ വരാമെന്നും അര്‍ഷദ് പറഞ്ഞതനുസരിച്ച് ഇത്തവണ കഴിഞ്ഞമാസം മധ്യത്തില്‍ ഞാന്‍ നാട്ടിലേക്ക് പുറപ്പെടുമ്പോള്‍ അര്‍ഷദിന് സന്ദേശം അയച്ചു. ഒരുച്ചനേരത്ത് അര്‍ഷദ് ഒരു കൂട്ടുകാരനോടൊപ്പം എന്നെ കാണാന്‍ വരികയും ചെയ്തു. അതൊരു വെള്ളിയാഴ്ചയായിരുന്നു. ജുമുഅ കഴിഞ്ഞ് വീട്ടിലെത്തി ഊണ് കഴിച്ച് ഞാന്‍ അല്‍പമൊന്ന് വിശ്രമിക്കാന്‍ പോയപ്പോഴായിരുന്നു അര്‍ഷദിന്റെ വരവ്. ഉറക്കില്‍ നിന്ന് എന്നെ ഉണര്‍ത്താതെ അവന്‍ അവിടെ കാത്തിരുന്നു. പിന്നീട് ഞങ്ങള്‍ ഏറെ നേരം സംസാരിച്ചിരുന്നു. അര്‍ഷദിന്റെ മുന്നിലിരിക്കുമ്പോള്‍ അവന്റെ ആ ചിരിയും വര്‍ത്തമാനങ്ങളും പോസിറ്റീവ് എനര്‍ജിയാണ് എല്ലാവരിലും ഉണ്ടാക്കുക. അത്രമാത്രം ഒരു മാന്ത്രിക സ്പര്‍ശം അര്‍ഷദിന്റെ പെരുമാറ്റത്തില്‍ ഞാന്‍ പലപ്പോഴും കണ്ടിരുന്നു. അന്ന് വീട്ടില്‍ വേറെയും ചില സന്ദര്‍ശകരുണ്ടായിരുന്നതിനാല്‍, 'ശല്യപ്പെടുത്തുന്നില്ല ഞാന്‍ ഇറങ്ങുകയാണ്' എന്ന് പറഞ്ഞ് അവന്‍ എണീറ്റു. വീട്ടില്‍ നിന്നിറങ്ങാന്‍ നേരം എന്നെ കെട്ടിപ്പിടിച്ചു. വല്ലാത്തൊരു ബലമായിരുന്നു ആ പിടിത്തതിന്. അല്‍പ നേരം അവന്‍ എന്റെ കണ്ണുകളില്‍ തന്നെ നോക്കിനിന്നു. അവന്‍ എല്ലാവരോടും ചിരിച്ച് കൈകൊടുത്ത് ഇറങ്ങുകയും ചെയ്തു. അര്‍ഷദിന്റെ കൈകൊടുപ്പിന് തന്നെ ഒരു പ്രത്യേകതയുണ്ട്. രണ്ടുകൈകളും ചേര്‍ത്തുപിടിച്ചല്ലാതെ അവന്‍ ആര്‍ക്കും കൈകൊടുക്കാറില്ല. ആ ആലിംഗനത്തില്‍ ആരുടേയും ഹൃദയം കവര്‍ന്നുപോകും.
അവന്‍ സലാം ചൊല്ലി വീട്ടില്‍ നിന്നിറങ്ങി. പിന്നാലെ കാറിനരികെ ഞാനും ചെന്നു. വീണ്ടും കൈകൊടുത്ത് വല്ലാത്തൊരു പുഞ്ചിരി സമ്മാനിച്ച് അര്‍ഷദ് വിടപറഞ്ഞപ്പോള്‍ ഇത് ഞങ്ങള്‍ തമ്മിലുള്ള അവസാനത്തെ കൂടിക്കാഴ്ചയാണെന്ന് മനസ്സാ വിചാരിച്ചതല്ല. ആ വരവും ആലിംഗനവും ഹൃദയം കവര്‍ന്ന പുഞ്ചിരിയുമൊക്കെ അവന്റെ യാത്ര പറച്ചിലായിരുന്നുവെന്ന് ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ മനസ്സ് പിടയുന്നു.
ഇന്നലെ ഉത്തരദേശത്തിലെ അനുസ്മരണ കുറിപ്പില്‍ ടി.എ ഷാഫി എഴുതിയത് പോലെ, കെ.എസ് അബ്ദുല്ലയുടെ ഒരുപാട് നല്ല ഗുണങ്ങള്‍ അര്‍ഷദിലും കണ്ടിരുന്നു. പലപ്പോഴും, പല വിഷയങ്ങളിലും കെ.എസുമായി ചര്‍ച്ച നടത്തേണ്ടിവന്ന വേളകളിലൊക്കെ അദ്ദേഹം ഒപ്പം അര്‍ഷദിനേയും കൂട്ടുമായിരുന്നു. സങ്കീര്‍ണ്ണമായ ചില വിഷയങ്ങളൊക്കെ സംസാരിക്കുമ്പോള്‍ കെ.എസ് അബ്ദുല്ല മകനെ നോക്കുമായിരുന്നു. അര്‍ഷദ് ചെറിയൊരു പുഞ്ചിരിയോടെ തലയാട്ടും. അപ്പോള്‍ കെ.എസിന്റെ മനസ്സൊന്ന് തണുക്കും. അര്‍ഷദ് കെ.എസിന് ഒരു കരുത്തായിരുന്നു എന്നുപോലും പലപ്പോഴും തോന്നിയിരുന്നു. അത്രയേറെ ഇഷ്ടമായിരുന്നു കെ.എസ് അബ്ദുല്ലക്ക് ഈ പ്രിയപുത്രനോട്.
നന്നെ ചെറുപ്പത്തില്‍ തന്നെ അര്‍ഷദ് യാത്രയായി. ഭാര്യയേയും മൂന്ന് മക്കളേയും സഹോദരങ്ങളേയും കണ്ണീരിലാഴ്ത്തിയാണ് അവന്‍ യാത്രയായിരിക്കുന്നത്. ആ കുടുംബത്തിന് ഈ വേര്‍പാട് താങ്ങാനുള്ള കരുത്ത് നല്‍കുകയും അര്‍ഷദിന് സ്വര്‍ഗ്ഗം നല്‍കി അനുഗ്രഹിക്കുകയും ചെയ്യേണമേ എന്ന് മാത്രമാണ് പ്രാര്‍ത്ഥന.

-ഖാദര്‍ തെരുവത്ത്‌

Related Articles
Next Story
Share it