കെ.എസ്.അബ്ദുല്ല: സമാധാനത്തിന്റെ അംബാസിഡര്‍

ജനിച്ച് വളര്‍ന്ന നാടിനെ ലോകത്തിന്റെ നെറുകയില്‍ എത്തിക്കുകയും ജീവിതത്തിന്റെ സമസ്ത മേഖലകളിലും തന്റേതായ അടയാളങ്ങള്‍ രേഖപ്പെടുത്തുകയും ചെയ്ത കെ.എസ്. അബ്ദുല്ലയുടെ വിയോഗത്തിന് 17 വര്‍ഷമാവുകയാണ്. രണ്ടായിരത്തി ഏഴ് ജനുവരി പതിനെട്ടിനാണ് കെ.എസ്. ഈ ലോകത്തോട് വിട പറഞ്ഞത്. അനിതരസാധാരണമായ വ്യക്തിത്വത്തിന്റെ ഉടമയായിരുന്ന അദ്ദേഹത്തിന്റെ സവിശേഷതകളില്‍ ഒന്ന് കുറച്ച് സംസാരവും കൂടുതല്‍ പ്രവര്‍ത്തനവുമായിരുന്നു. ലോകത്തിന്റെ ഏത് ഭാഗത്ത് നിന്നും കാസര്‍കോട്ടുകാരന്‍ എന്ന് പറയുമ്പോള്‍ കെ.എസിന്റെ നാടല്ലേ എന്ന തിരിച്ചുള്ള ചോദ്യം കേള്‍ക്കാത്തവരുണ്ടായിരുന്നില്ല. അക്ഷരാര്‍ത്ഥത്തില്‍ കെ.എസ്. എന്ന രണ്ടക്ഷരത്തിന്റെ മുഴു […]

ജനിച്ച് വളര്‍ന്ന നാടിനെ ലോകത്തിന്റെ നെറുകയില്‍ എത്തിക്കുകയും ജീവിതത്തിന്റെ സമസ്ത മേഖലകളിലും തന്റേതായ അടയാളങ്ങള്‍ രേഖപ്പെടുത്തുകയും ചെയ്ത കെ.എസ്. അബ്ദുല്ലയുടെ വിയോഗത്തിന് 17 വര്‍ഷമാവുകയാണ്. രണ്ടായിരത്തി ഏഴ് ജനുവരി പതിനെട്ടിനാണ് കെ.എസ്. ഈ ലോകത്തോട് വിട പറഞ്ഞത്. അനിതരസാധാരണമായ വ്യക്തിത്വത്തിന്റെ ഉടമയായിരുന്ന അദ്ദേഹത്തിന്റെ സവിശേഷതകളില്‍ ഒന്ന് കുറച്ച് സംസാരവും കൂടുതല്‍ പ്രവര്‍ത്തനവുമായിരുന്നു. ലോകത്തിന്റെ ഏത് ഭാഗത്ത് നിന്നും കാസര്‍കോട്ടുകാരന്‍ എന്ന് പറയുമ്പോള്‍ കെ.എസിന്റെ നാടല്ലേ എന്ന തിരിച്ചുള്ള ചോദ്യം കേള്‍ക്കാത്തവരുണ്ടായിരുന്നില്ല. അക്ഷരാര്‍ത്ഥത്തില്‍ കെ.എസ്. എന്ന രണ്ടക്ഷരത്തിന്റെ മുഴു നാമം കാസര്‍കോടിന്റെ സുല്‍ത്താന്‍ എന്നായിരുന്നു.
നാട്ടിലുെണ്ടങ്കില്‍ എന്ത് പ്രയാസങ്ങളുണ്ടായാലും സുബ്ഹി നമസ്‌കാരത്തിന് തളങ്കര മാലിക് ദീനാര്‍ പള്ളിയില്‍ എത്തിയിരുന്ന അദ്ദേഹം സത്യത്തിനും, നീതിക്കും വേണ്ടി നിലകൊള്ളുകയും വിട്ടുവീഴ്ച കൂടാതെ അത് നടപ്പിലാക്കുകയും ചെയ്തിരുന്നു. നീതിയും ന്യായവും നടപ്പിലാക്കുന്നതില്‍ വ്യക്തി ബന്ധവും മറ്റും അദ്ദേഹത്തിന് ഒരിക്കലും തടസ്സമായിരുന്നില്ല. കര്‍മ്മനിരതമായ പ്രവര്‍ത്തനങ്ങളിലൂടെയും എളിമയാര്‍ന്ന പെരുമാറ്റത്തിലൂടെയും മുഴുവന്‍ ജനങ്ങളുടെയും സ്‌നേഹാദരവുകള്‍ ഏറ്റുവാങ്ങിയ കെ.എസിനെ ഏറെ ബഹുമാനത്തോടെയും അതിലേറെ അഭിമാനത്തോടെയും കൂടിയാണ് എല്ലാവരും നോക്കിക്കണ്ടത്.
ഒരു ആയുഷ്‌കാലം മുഴുവന്‍ ഒരു വ്യക്തി എന്നതിലുപരി ഒരു മനുഷ്യ പ്രസ്ഥാനമായാണ് അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നത്. കൃത്യനിഷ്ടയുടെ കാര്യത്തില്‍ അദ്ദേഹം എല്ലാവര്‍ക്കും മാതൃകയായിരുന്നു. സമയത്തിന് ഇത്രയേറെ പ്രാധാന്യം നല്‍കിയ മറ്റൊരാളെ നമുക്ക് കാണാന്‍ കഴിയില്ല. ഒരു പരിപാടിക്ക് ക്ഷണിച്ചാല്‍ കൃത്യസമയത്ത് അദ്ദേഹം എത്തിച്ചേരും. പലപ്പോഴും സംഘാടകര്‍ പോലും എത്തിയിട്ടുണ്ടാവില്ല, അങ്ങനെയുള്ള അനുഭവങ്ങള്‍ നിരവധിയാണ്. തൊട്ടതെല്ലാം പൊന്നാക്കിയ കെ.എസ് എവിടെയെല്ലാം കയ്യൊപ്പ് ചാര്‍ത്തിയിട്ടുണ്ടോ അവിടെയെല്ലാം വിജയവും തിളക്കവുമുണ്ടായിട്ടുണ്ട്. കാസര്‍കോട്ടെ മത-സമൂഹ്യ-സാംസ്‌കാരിക-വിദ്യാഭ്യാസ-രാഷ്ട്രീയ-ആരോഗ്യ പ്രവര്‍ത്തന രംഗത്ത് സമാനതകളില്ലാത്ത പ്രവര്‍ത്തനങ്ങള്‍ നടത്തിയ കെ.എസ് നാട്ടിലെ മുഴുവന്‍ സംരംഭകരുടെയും ഉപദേശകനും രക്ഷിതാവുമായി പ്രവര്‍ത്തിച്ചു. തന്റെ വ്യക്തിപ്രഭാവവും സംശുദ്ധമായ പെരുമാറ്റവും കൊണ്ട് കേരളത്തിനകത്തും പുറത്തും വിദേശ രാജ്യങ്ങളിലും ഒട്ടനവധി വ്യക്തിബന്ധങ്ങള്‍ സ്ഥാപിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. അത് വഴി സമൂഹത്തിനും നാടിനും സമുദായത്തിനും വളരെയധികം നേട്ടങ്ങള്‍ നേടികൊടുക്കാനും അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. കെ.എസ്. സാധാരണക്കാരന്റെയും പാവപ്പെട്ടവന്റെയും അഭയകേന്ദ്രമായിരുന്നു. കെ.എസിന്റെ ഉദാരമായ സഹായം കൊണ്ട് വളര്‍ന്ന ഒട്ടേറെ വിദ്യാഭ്യാസ-ആതുരശുശ്രൂഷ കേന്ദ്രങ്ങളും മത സ്ഥാപനങ്ങളും അനാഥാലയങ്ങളും അഗതിമന്ദിരങ്ങളും കേരളത്തിലുടനീളം ഇന്നും തലയുയര്‍ത്തി നില്‍ക്കുന്നുണ്ട്. ഇതെല്ലാം അദ്ദേഹത്തിന്റെ നന്മയുടെയും കാരുണ്യത്തിന്റെയും ജീവിക്കുന്ന അടയാളങ്ങളായി ഇപ്പോഴും നിലകൊള്ളുകയാണ്. മനുഷ്യസമൂഹത്തിന്റെ നന്മക്കും സമുദായങ്ങളുടെ ഐക്യത്തിനും മതസൗഹാര്‍ദ്ദത്തിനും വേണ്ടി അവസാന ശ്വാസം വരെ നിലകൊണ്ട കെ.എസ്. സമാധാനത്തിന്റെ അംബാസിഡറായിരുന്നു. കാസര്‍കോടും പരിസര പ്രദേശങ്ങളിലും നിരന്തരമുണ്ടായിരുന്ന സാമുദായിക കലാപങ്ങള്‍ ഇല്ലായ്മ ചെയ്യുന്നതിന് കെ.എസ് നടത്തിയ ത്യാഗോജ്ജ്വലമായ സേവനങ്ങള്‍ കാസര്‍കോട്ടെ ജനങ്ങള്‍ എപ്പോഴും ഓര്‍മ്മിക്കും. കാല്‍നൂറ്റാണ്ടിലധിക കാലം കാസര്‍കോട് സംയുക്ത മുസ്ലിം ജമാഅത്തിന്റെ പ്രസിഡണ്ടായി പ്രവര്‍ത്തിച്ച കെ.എസ്. അബ്ദുല്ല മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ടായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഒട്ടനവധി സ്ഥാപനങ്ങളുടെയും സംഘടനകളുടെയും മുന്‍നിരയില്‍ പ്രവര്‍ത്തിച്ചിട്ടുള്ള കെ.എസ് അവിടെയെല്ലാം അത്ഭുതങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. കാസര്‍കോട് മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളി പ്രസിഡണ്ട്, മാലിക് ദീനാര്‍ ഇസ്ലാമിക് അക്കാദമി കമ്മിറ്റി ചെയര്‍മാന്‍, തളിപ്പറമ്പ് സര്‍ സയ്യിദ് കോളേജ്, കേയി സാഹിബ് മെമ്മോറിയല്‍ ബി.എഡ്. കോളേജ്, സീതി സാഹിബ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്നിവ നടത്തുന്ന കണ്ണൂര്‍ ജില്ലാ മുസ്ലിം എജ്യുക്കേഷനല്‍ അസോസിയേഷന്‍ പ്രസിഡണ്ട്, കുറ്റിപ്പുറം എം.ഇ.എസ് എഞ്ചിനീയറിംഗ് കോളേജ് ഗവേണിംഗ് ബോഡി മെമ്പര്‍, ഫറൂഖ് കോളേജ് മാനേജ്‌മെന്റ് കമ്മിറ്റി അംഗം, ബംഗളൂരു അല്‍-അമീന്‍ കോളേജ് സ്‌കോളര്‍ഷിപ്പ് കമ്മിറ്റി ചെയര്‍മാന്‍, ദഖീറത്ത് ഇംഗ്ലീഷ് മീഡിയം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, മാലിക് ദീനാര്‍ യത്തീംഖാന, വുമന്‍സ് കോളേജ്, നഴ്‌സറി സ്‌കൂള്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന കാസര്‍കോട് തളങ്കര ദഖീറത്തുല്‍ ഉഖ്‌റാ സംഘം കമ്മിറ്റി പ്രസിഡണ്ട്, ചെട്ടുംകുഴി കെ.എസ്. അബ്ദുല്ല ഇംഗ്ലീഷ് മീഡിയം സീനിയര്‍ സെക്കണ്ടറി സ്‌കൂള്‍ സ്ഥാപകന്‍, ആലിയ അറബി കോളേജ് കമ്മിറ്റി വൈസ് പ്രസിഡണ്ട്, മുസ്ലിം വെല്‍ഫയര്‍ അസോസിയേഷന്‍ പ്രസിഡണ്ട്, സി.എച്ച്. മുഹമ്മദ് കോയ കള്‍ച്ചറല്‍ സെന്റര്‍ പ്രസിഡണ്ട്, മുഹിസ്സല്‍ ഇസ്ലാം അസോസിയേഷന്‍ പ്രസിഡണ്ട്, കാസര്‍കോട് നാഷണല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബ് പ്രസിഡണ്ട്, മുഖ്യ രക്ഷാധികാരി തുടങ്ങിയ നിലകളില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ച കെ.എസ്. ഒട്ടനവധി സ്ഥാപനങ്ങളുടെയും സംഘടനകളുടെയും സാമ്പത്തിക സ്രോതസ്സായിരുന്നു. അദ്ദേഹമാണ് 1972ല്‍ തളങ്കരയില്‍ മാലിക് ദീനാര്‍ ചാരിറ്റബിള്‍ ഹോസ്പിറ്റല്‍ സ്ഥാപിച്ചത്. ഇന്ന് ആസ്പത്രി കെ.എസ് അബ്ദുല്ലയുടെ പേരില്‍ അറിയപ്പെടുന്നു. ചികിത്സ തേടി പരക്കം പാഞ്ഞിരുന്ന പാവപ്പെട്ട ജനങ്ങളുടെയും തുടര്‍ പഠനത്തിനു നെട്ടോട്ടം ഓടിയിരുന്ന അഭ്യസ്തവിദ്യരുടെയും എക്കാലത്തെയും ആശ്രയമായിരുന്ന മാലിക് ദീനാര്‍ ആസ്പത്രിയും അതിനോടനുബന്ധിച്ചുള്ള പാരലല്‍ മെഡിക്കല്‍ സമുച്ചയങ്ങളും കെട്ടിപ്പടുക്കുന്നതിലും കെ.എസ്. തന്റെ ആരോഗ്യവും സമ്പത്തും സമയവും ആവശ്യാനുസരണം നല്‍കി കൊണ്ടാണ് ധീരമായ നേതൃത്വം നല്‍കിയത്. മുസ്ലിം ലീഗിന്റെ പ്രയാസ കാലഘട്ടത്തില്‍ പാര്‍ട്ടി നേതൃസ്ഥാനത്തേക്ക് എത്തിയ കെ.എസ്. മുസ്ലിംലീഗ് കെട്ടിപ്പടുക്കുന്നതിന് വേണ്ടി നേതാക്കളോടൊപ്പം ഓടി നടക്കുകയായിരുന്നു.
ചന്ദ്രിക ഡയറക്ടര്‍ എന്ന നിലയില്‍ ചന്ദ്രികയുടെ വളര്‍ച്ചയ്ക്കും നിലനില്‍പ്പിനും വേണ്ടി തന്റെ സമ്പത്ത് അദ്ദേഹം പരമാവധി ചെലവഴിച്ചിട്ടുണ്ട്. മുസ്ലിം ലീഗ് പാര്‍ട്ടിക്ക് ചന്ദ്രികയുടെ മുഖ്യ ഓഹരി ലഭ്യമാക്കുന്നതിന് കെ.എസ്. നല്‍കിയ സാമ്പത്തിക സഹായം ഇന്നും ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. മുസ്ലിം ലീഗ് നേതാക്കളായ സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങള്‍, സി.എച്ച് മുഹമ്മദ് കോയ, പി.എം.എസ്.എ പൂക്കോയ തങ്ങള്‍, പണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, കൊരമ്പയില്‍ അഹമ്മദ് ഹാജി, ഇ. അഹ്മദ്, പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവരുമായി അദ്ദേഹത്തിന് ആത്മബന്ധമാണ് ഉണ്ടായിരുന്നത്. സ്വന്തം ആവശ്യത്തിന് വേണ്ടി ഒരിക്കല്‍ പോലും അദ്ദേഹം ഈ ബന്ധങ്ങളെ ഉപയോഗിച്ചിരുന്നില്ല. അദ്ദേഹം മണ്‍മറഞ്ഞ് പതിനേഴ് വര്‍ഷമായിട്ടും കാസര്‍കോടും പരിസര പ്രദേശങ്ങളിലും എന്ത് പരിപാടി നടക്കുമ്പോഴും, നിസാര പ്രശ്‌നങ്ങള്‍ ഉടലെടുക്കുമ്പോഴും ആബാലവൃദ്ധം ജനങ്ങള്‍ ഒരേ സ്വരത്തില്‍ ഇപ്പോഴും പറയുന്നത് കെ.എസ്. ഉണ്ടായിരുന്നെങ്കില്‍ എന്നാണ്.
ഒരുകാലത്ത് കാസര്‍കോട്ടെ ജനങ്ങളുടെ ധൈര്യവും ശക്തിയും കെ.എസ്. അബ്ദുല്ലയായിരുന്നു. കെ.എസിന് പകരം കെ.എസ്. മാത്രമാണ്. ആ സിംഹാസനം ഇന്നും ഒഴിഞ്ഞ് കിടക്കുന്നു. കാസര്‍കോടിന് അദ്ദേഹത്തിന്റെ സേവനം അത്യാവശ്യമുള്ള ഘട്ടത്തിലാണ് അദ്ദേഹം നമ്മെ വിട്ടുപോയത്.
സര്‍വ്വശക്തനായ അല്ലാഹു കെ.എസിന്റെ പരലോകജീവിതം ധന്യമാക്കട്ടെയെന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം.


-എ. അബ്ദുല്‍ റഹ്മാന്‍

Related Articles
Next Story
Share it