ചരിത്രത്തിന് കാവല്‍ നിന്ന കെ.കെ അസൈനാര്‍ ചരിത്രമായി...

രാമന്തളി കെ.കെ അസൈനാര്‍ മാഷിന്റെ വിയോഗ വാര്‍ത്ത ഏറെ വേദനയോടെയാണ് സ്വീകരിച്ചത്. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് മകള്‍ ശരീഫ വിളിച്ചു ഉപ്പാക്ക് അല്‍പ്പം സീരിയസാണെന്ന് ഉണര്‍ത്തിയിരുന്നു. ശേഷം നേരില്‍ ബന്ധപ്പെടാന്‍ പലപ്പോഴും ആലോചിച്ചതാണെങ്കിലും സൗകര്യപ്പെട്ടില്ല. അതിന് മുമ്പ് ഏതാനും തവണ അദ്ദേഹം നേരില്‍ വിളിച്ചു സംസാരിച്ചിരുന്നു. ഒരിക്കല്‍ വിളിച്ചു എങ്ങോട്ടും പുറത്തിറങ്ങാന്‍ കഴിയുന്നില്ലെന്നും വീട്ടില്‍ തന്നെ വിശ്രമ ജീവിതത്തിലാണെന്നും ഉണര്‍ത്തിയിരുന്നു. എന്നാല്‍ ഇത്ര പെട്ടെന്ന് യാത്ര പറയാന്‍ കഴിയാതെ അദ്ദേഹം പിരിഞ്ഞു പോകുമെന്ന് നിനച്ചില്ല.കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടയിലാണ് […]

രാമന്തളി കെ.കെ അസൈനാര്‍ മാഷിന്റെ വിയോഗ വാര്‍ത്ത ഏറെ വേദനയോടെയാണ് സ്വീകരിച്ചത്. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് മകള്‍ ശരീഫ വിളിച്ചു ഉപ്പാക്ക് അല്‍പ്പം സീരിയസാണെന്ന് ഉണര്‍ത്തിയിരുന്നു. ശേഷം നേരില്‍ ബന്ധപ്പെടാന്‍ പലപ്പോഴും ആലോചിച്ചതാണെങ്കിലും സൗകര്യപ്പെട്ടില്ല. അതിന് മുമ്പ് ഏതാനും തവണ അദ്ദേഹം നേരില്‍ വിളിച്ചു സംസാരിച്ചിരുന്നു. ഒരിക്കല്‍ വിളിച്ചു എങ്ങോട്ടും പുറത്തിറങ്ങാന്‍ കഴിയുന്നില്ലെന്നും വീട്ടില്‍ തന്നെ വിശ്രമ ജീവിതത്തിലാണെന്നും ഉണര്‍ത്തിയിരുന്നു. എന്നാല്‍ ഇത്ര പെട്ടെന്ന് യാത്ര പറയാന്‍ കഴിയാതെ അദ്ദേഹം പിരിഞ്ഞു പോകുമെന്ന് നിനച്ചില്ല.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടയിലാണ് ഞങ്ങള്‍ തമ്മില്‍ പരിചപ്പെടുന്നതും നേരില്‍ ബന്ധപ്പെടുന്നതും. കൃത്യമായി പറഞ്ഞാല്‍ കൊറോണാ വ്യാപനത്തിന് തൊട്ട് മുമ്പ്. കേരളത്തിലെ ആദ്യകാല മുസ്‌ലിം പള്ളികളെ സംബന്ധിച്ച അന്വേഷണങ്ങള്‍ക്കിടയിലാണ് അദ്ദേഹത്തിന്റെ ഒരു പുസ്തകം ശ്രദ്ധയില്‍ പെടുന്നതും അതിലെ നമ്പര്‍ വച്ച് ബന്ധപ്പെടുന്നതും. പിന്നീട് അദ്ദേഹത്തിന്റെ വീട്ടില്‍ ചെന്ന് നേരില്‍ കാണാനും പല കാര്യങ്ങളും സംസാരിക്കാനും കഴിഞ്ഞു.
അതിന് ശേഷം ആ ബന്ധം സൗഹൃദമായി വളര്‍ന്നു. പലപ്പോഴും ഫോണില്‍ ബന്ധപ്പെട്ട് വിശേഷങ്ങള്‍ ആരായും. പുതിയ പുസ്തകം ഇറങ്ങിയപ്പോള്‍ (രാമന്തളി, ഏഴിമല: ചരിത്രം, സംസ്‌കാരം) താല്‍പ്പര്യപൂര്‍വം ഒരു കോപ്പി അയച്ചു തന്നു. ഈ വര്‍ഷം ആദ്യത്തിലാണത്. അന്ന് വീട്ടില്‍ ചെന്ന ശേഷം ഞാന്‍ ഫേസ്ബുക്കിലിട്ട കുറിപ്പ് ഞങ്ങളുടെ ഫോട്ടോ സഹിതം ഫ്രൈം ചെയ്തു വീട്ടില്‍ വച്ച കാര്യം അഭിമാനത്തോടെ അദ്ദേഹം എടുത്തു പറയുമായിരുന്നു.
പ്രാദേശിക ചരിത്രാന്വേഷണത്തിലും രചനയിലും അതീവ തല്‍പ്പരനായിരുന്ന അസൈനാര്‍ മാഷ്, നാട്ടില്‍ മത-രാഷ്ടീയ - വിദ്യാഭ്യാസ രംഗങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു. ചന്ദ്രിക പ്രാദേശിക ലേഖകന്‍, മുസ്‌ലീഗ് നേതാവ്, സമസ്തയുടെ അഭ്യൂദയകാംക്ഷി, പഞ്ചായത്ത് ബോര്‍ഡ് മെമ്പര്‍, മഹല്ല് ജമാഅത്ത് സെക്രട്ടറി, പ്രസിഡണ്ട്, അധ്യാപക സംഘടനാ നേതാവ്, പയ്യന്നൂര്‍ പ്രസ് ഫോറം പ്രസിഡണ്ട് തുടങ്ങിയ മേഖലകളില്‍ സംഭാവനകള്‍ അര്‍പ്പിക്കുമ്പോഴും രചനാ രംഗം മാറോടണച്ചുപിടിച്ചു. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നടത്തിയ പ്രഥമ മുഅല്ലിം ലോവര്‍ പരീക്ഷയില്‍ സ്റ്റേറ്റ് തലത്തില്‍ ഒന്നാം റാങ്ക് നേടിയിരുന്നു.
ചരിത്രം തമസ്‌കരിച്ച പോരാട്ടം, മദ്രസ മുഅല്ലിം ഗൈഡ്, ദക്ഷിണേന്ത്യയിലെ മുസ്ലിം തീര്‍ത്ഥാടന കേന്ദ്രങ്ങള്‍, ആഗ്ര- ഡല്‍ഹി- അജ്മീര്‍, ലക്ഷദ്വീപ് മുതല്‍ അന്തമാന്‍ നിക്കോബാര്‍ ദ്വീപ് വരെ, സ്മൃതി പഥം, തായിനേരി മഹല്ല് ചരിത്രം, ചരിത്രം പൂവിട്ട മണ്‍തരികളിലൂടെ, ഉലമാ ജ്ഞാന വീഥികളിലെ പാദമുദ്രകള്‍, ഏഴിമല: ദേശം, ചരിത്രം, ഏഴിമല തങ്ങള്‍: കുടുംബം, ചരിത്രം, രാമന്തളി-ഏഴിമല: ചരിത്രം, സംസ്‌കാരം എന്നിവ അദ്ദേഹത്തിന്റേതായി വെളിച്ചം കണ്ട കൃതികളാണ്. ലക്ഷദ്വീപിനെ അദ്ദേഹം എഴുതിയ കൃതിയാണ് ദ്വീപിലെ പ്രതിസന്ധി കാലത്ത് അവിടത്തെ ചരിത്ര വസ്തുതകള്‍ക്കായി പലരും അവലംബിച്ചത്. അദ്ദേഹം തയ്യാറാക്കിയ രാമന്തളിയിലെ 17 ശുഹദാക്കളുടെ ചരിത്രം, ചരിത്രം തമസ്‌കരിച്ച പോരാട്ടം എന്ന പേരില്‍ ആറ് പതിപ്പുകള്‍ പുറത്തിറങ്ങി.
80 പിന്നിട്ട് ശാരീരികമായി അവശതയനുഭവിക്കുമ്പോഴും മനസ് പുതിയ ചരിത്ര വസ്തുതകള്‍ ചികയുന്ന തിരക്കിലായിരുന്നു. മലബാര്‍ കലാപവുമായി ബന്ധപ്പെട്ട ചെക്കുട്ടി സുപ്രണ്ടിനെ സംബന്ധിച്ച ചില പുതിയ ഗവേഷണ ഫലങ്ങള്‍ അദ്ദേഹം കോര്‍ത്തെടുക്കുന്നതായി നേരില്‍ കണ്ടപ്പോള്‍ വെളിപ്പെടുത്തിയിരുന്നു. പ്രാദേശിക ചരിത്രങ്ങള്‍ക്ക് കാവല്‍ നിന്ന അദ്ദേഹം ഒടുവില്‍ ചരിത്രമായി മാറിയിരിക്കുന്നു. സര്‍വ ശക്തന്‍ അദ്ദേഹത്തിന്റെ അനന്തര ജീവിതം ഐശ്വര്യ പൂര്‍ണമാക്കിക്കൊടുക്കട്ടെ.

-സിദ്ദീഖ് നദ്‌വി ചേരൂര്‍

Related Articles
Next Story
Share it