കെ. ദാമോദരന്‍: മണ്‍മറഞ്ഞത് നാടക കലയിലെ സര്‍ഗ പ്രതിഭ

ബേപ്പ് സ്‌കൂള്‍ അങ്കണത്തില്‍ എവര്‍ഷൈന്‍ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബിനെ അടയാളപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച കെ. ദാമോദരന്‍ നായര്‍ അപൂര്‍വ്വമായ നാടക പ്രതിഭയാണ്. മുളിയാറിന്റെ സാംസ്‌കാരിക മനസ്സിന് ചൂടും ചൂരും നല്‍കിയ അതുല്യനായ ഈ പ്രതിഭാധനന്‍ സമുച്ചയം, അഗ്‌നിരേഖ, വൃത്തം, സൂര്യോത്സവം, ദുരൂഹം, കുരുക്ഷേത്രം വിളിക്കുന്നു, നേരിയ വരമ്പിലൂടെ എന്നീ നാടകങ്ങളിലൂടെ കലയിലെ തന്റെ സര്‍ഗവൈഭവം പ്രകടമാക്കി.കാലത്തിന്റെ നേരും നെരിപ്പോടും ആവാഹിക്കപ്പെട്ട ഈ നാടകങ്ങള്‍ സമൂഹ മന:സാക്ഷിയെ തൊട്ടുണര്‍ത്തിയ കലാ വിഭവങ്ങളാണ്. താന്‍ അഭിനയിക്കുന്ന ഓരോ […]

ബേപ്പ് സ്‌കൂള്‍ അങ്കണത്തില്‍ എവര്‍ഷൈന്‍ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബിനെ അടയാളപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച കെ. ദാമോദരന്‍ നായര്‍ അപൂര്‍വ്വമായ നാടക പ്രതിഭയാണ്. മുളിയാറിന്റെ സാംസ്‌കാരിക മനസ്സിന് ചൂടും ചൂരും നല്‍കിയ അതുല്യനായ ഈ പ്രതിഭാധനന്‍ സമുച്ചയം, അഗ്‌നിരേഖ, വൃത്തം, സൂര്യോത്സവം, ദുരൂഹം, കുരുക്ഷേത്രം വിളിക്കുന്നു, നേരിയ വരമ്പിലൂടെ എന്നീ നാടകങ്ങളിലൂടെ കലയിലെ തന്റെ സര്‍ഗവൈഭവം പ്രകടമാക്കി.
കാലത്തിന്റെ നേരും നെരിപ്പോടും ആവാഹിക്കപ്പെട്ട ഈ നാടകങ്ങള്‍ സമൂഹ മന:സാക്ഷിയെ തൊട്ടുണര്‍ത്തിയ കലാ വിഭവങ്ങളാണ്. താന്‍ അഭിനയിക്കുന്ന ഓരോ കഥാപാത്രങ്ങളോടും പരമാവധി നീതി പുലര്‍ത്തിയ ഈ നാടക പ്രതിഭ അരങ്ങിലെത്തിയാല്‍ സിരകളില്‍ തിളച്ചിരുന്നത് നാടകത്തിന്റെ ചോര മാത്രം. ദാമോദരേട്ടന്റെ ഓരോ ശ്വാസത്തിലും നാടകമുണ്ടായിരുന്നു. ഓരോ നാടകവും ഓരോ പോരാട്ടമായിരുന്നു, സ്വപ്‌നവുമായിരുന്നു. തന്റെ ചുറ്റുപാടും കാണുന്ന അനീതിക്കെതിരെയുള്ള പോരാട്ടം തന്നെയായിരുന്നു ഓരോ നാടകവും.
സമൂഹത്തിലേക്ക് കണ്ണു തുറന്നുവെച്ചിരുന്ന ധിഷണാശാലിയായ ഒരു നാടക നടന്റെ പ്രതിഭാധനത അദ്ദേഹത്തില്‍ വിളക്കിച്ചേര്‍ത്തിരുന്നു. ഇരിയണ്ണിയില്‍ എ.ആര്‍.ഡി നമ്പര്‍ 88 റേഷന്‍ ഷാപ്പിന്റെ ഉടമയായിരുന്ന ദാമോദരേട്ടനും തൊട്ടടുത്ത കടയിലെ അമ്പുവേട്ടനുമായി കുട്ടിക്കാലത്ത് രണ്ടു കൊണ്ട പാല് കൊണ്ടു കൊടുത്ത ഓര്‍മ്മ ഇന്നും എന്റെ മനസ്സിലുണ്ട്.
നിറഞ്ഞ സ്‌നേഹത്തിന്റെ പ്രതിരൂപമായിരുന്നു ദാമുവേട്ടന്‍. ഒരിക്കല്‍ റേഷനരി വാങ്ങി ബാക്കി തന്ന പണം കീശയിലിട്ട് വീട്ടിലെത്തി നോക്കിയപ്പോള്‍ ഇരുപത് രൂപയ്ക്ക് പകരം തിരിച്ചു തന്നത് നാല്‍പ്പത് രൂപയായിരുന്നു. പിറ്റേ ദിവസം രാവിലെ സ്‌കൂളിലേക്ക് പോകുമ്പോള്‍ ബാക്കി ഇരുപത് രൂപ തിരികെ നല്‍കിയതിന് നല്ല കുഞ്ഞി എന്ന് പറഞ്ഞു കൊണ്ട് കുഞ്ചിയില്‍ തട്ടിയ അനുഭവം അഭിമാനപൂരിതമായിരുന്നു. പിന്നീട് പത്താം ക്ലാസ്സില്‍ നല്ല വിജയം നേടിയപ്പോള്‍ രണ്ടു നാരങ്ങാ മിഠായി വാങ്ങി തന്നു അനുഗ്രഹിച്ചതും മറ്റൊരു നല്ല ഓര്‍മ്മ.
നാടക ചൂട് തുടങ്ങിയാല്‍ അദ്ദേഹത്തിന്റെ ഓരോ ശ്വാസത്തിലും നാടകം മാത്രമായിരുന്നു. നാടകാഭിനയത്തില്‍ മാത്രമല്ല നാടകത്തിന്റെ സംവിധാനത്തിലും അദ്ദേഹം പരിണിതപ്രജ്ഞനായിരുന്നു.
നാടകവും പ്രേക്ഷകരും തമ്മിലുള്ള അതിര്‍വരമ്പുകള്‍ പറിച്ചു മാറ്റിയ അദ്ദേഹം ജീവസ്സുറ്റ കഥാപാത്രങ്ങളുടെ സമന്വയമായിരുന്നു.
നാടകത്തിലെ ഗാനങ്ങള്‍ സ്വന്തമായ ശൈലിയിലും ഭാവഗരിമയിലും ഇമ്പമായി പാടിയ അദ്ദേഹം ഒരു ഭാവഗായകന്‍ കൂടിയായിരുന്നു.
പ്രൗഢവും ഗംഭീരവുമായ ആ ഗാനങ്ങള്‍ ഓരോ നാടകത്തേയും കൂടുതല്‍ ജീവസ്സുറ്റതും മികവാര്‍ന്നതുമാക്കിയിരുന്നു. ദാമുവേട്ടന്റെ അകാല മരണം നാടകം എന്ന കലയെ മുളിയാറില്‍ തീര്‍ത്തും അനാഥമാക്കിയിട്ടാണ് പോയത് എന്നു വേണം പറയാന്‍. നാടകത്തിലെ അപൂര്‍വ ചാരുതയാര്‍ന്ന ആ കലാകാരന് നിര്‍വ്വേദ ധന്യമായ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.


-രാഘവന്‍ ബെള്ളിപ്പാടി

Related Articles
Next Story
Share it