കാതിലാരോ മന്ത്രിക്കുന്നു, കരീംച്ച വിജയതീരത്താണ് ...!

ഒത്തിരിയൊത്തിരി നന്മകളുടെ സുഗന്ധം പരത്തി ഒടുവില്‍ കരീംച്ചയും ഓര്‍മ്മയായിരിക്കുന്നു. ഓര്‍ത്തെടുക്കാനും ജീവിതത്തില്‍ പകര്‍ത്താനും ഒട്ടേറെ മുന്തിയ പാഠങ്ങള്‍ ജീവിതം കൊണ്ട് അടയാളപ്പെടുത്തിയാണ് കരീംച്ച വിടവാങ്ങിയത്.ഒരുകാലഘട്ടത്തിന്റെ അമരക്കാരായിരുന്നവരിലെ ഒടുവിലത്തെ കണ്ണിയായിരുന്നു കരീംച്ച. ടി. ഉബൈദ്, ടി.എ. ഇബ്രാഹിം, കെ.എസ്. സുലൈമാന്‍ ഹാജി, കെ.എസ്. അബ്ദുല്ല, കെ.എസ്. ഹബീബ് ഹാജി, ചൂരി അബ്ദുല്ല ഹാജി, ടി.പി. ഹുസൈന്‍, കെ.എം.അബ്ദുല്‍ ഖാദര്‍, കെ.എം. ഹസ്സന്‍ എന്നിവര്‍ക്കൊപ്പം നാടിന്റെ സര്‍വ്വോന്മുഖമായ വളര്‍ച്ചയ്ക്കും വിടര്‍ച്ചയ്ക്കും ചിന്ത കൊണ്ടും കര്‍മ്മംകൊണ്ടും മഹത്തായ സേവനം അര്‍പ്പിച്ചവരില്‍ കാസര്‍കോട് […]

ഒത്തിരിയൊത്തിരി നന്മകളുടെ സുഗന്ധം പരത്തി ഒടുവില്‍ കരീംച്ചയും ഓര്‍മ്മയായിരിക്കുന്നു. ഓര്‍ത്തെടുക്കാനും ജീവിതത്തില്‍ പകര്‍ത്താനും ഒട്ടേറെ മുന്തിയ പാഠങ്ങള്‍ ജീവിതം കൊണ്ട് അടയാളപ്പെടുത്തിയാണ് കരീംച്ച വിടവാങ്ങിയത്.
ഒരുകാലഘട്ടത്തിന്റെ അമരക്കാരായിരുന്നവരിലെ ഒടുവിലത്തെ കണ്ണിയായിരുന്നു കരീംച്ച. ടി. ഉബൈദ്, ടി.എ. ഇബ്രാഹിം, കെ.എസ്. സുലൈമാന്‍ ഹാജി, കെ.എസ്. അബ്ദുല്ല, കെ.എസ്. ഹബീബ് ഹാജി, ചൂരി അബ്ദുല്ല ഹാജി, ടി.പി. ഹുസൈന്‍, കെ.എം.അബ്ദുല്‍ ഖാദര്‍, കെ.എം. ഹസ്സന്‍ എന്നിവര്‍ക്കൊപ്പം നാടിന്റെ സര്‍വ്വോന്മുഖമായ വളര്‍ച്ചയ്ക്കും വിടര്‍ച്ചയ്ക്കും ചിന്ത കൊണ്ടും കര്‍മ്മംകൊണ്ടും മഹത്തായ സേവനം അര്‍പ്പിച്ചവരില്‍ കാസര്‍കോട് പുലിക്കുന്നിലെ കെ.എ. അബ്ദുല്‍ കരീം എന്ന കരീംച്ചയുടെ പേരും തിളക്കത്തോടെ തന്നെ കാലം കൊത്തിവെക്കും.
1960-70 കളില്‍ തളങ്കരയിലും പരിസര പ്രദേശങ്ങളിലും 'മുസ്ലിം വെല്‍ഫെയര്‍ അസോസിയേഷന്‍' എന്ന സംഘടനയുടെ കുടക്കീഴില്‍ തുടക്കമിട്ട വിദ്യാഭ്യാസ, ആരോഗ്യ, വ്യവസായ, കായിക സംരംഭങ്ങളുടെ നടേ സൂചിപ്പിച്ച സൂത്രധാരന്മാരുമായി നന്നേ ചെറുപ്പത്തിലേ കരീംച്ചയും കൈകോര്‍ക്കുന്നത് ഉയര്‍ന്ന ചിന്തയും സത്യസന്ധതയും സമര്‍പ്പണബോധവും കൊണ്ട് തന്നെയായിരുന്നു .
തന്റെ പ്രായത്തിന്റെ നേര്‍പകുതി പോലും എത്തിയിട്ടില്ലാത്ത ചെറുപ്പക്കാരനെ 'കരീംച്ച' എന്ന് മഹാകവി ടി.ഉബൈദ് സാഹിബ് സംബോധന ചെയ്യുന്നത് വലിയൊരു കൗതുകവും അതിലുപരി അതിശയവുമായിരുന്നു. തന്നെ കരീം എന്ന് വിളിച്ചാല്‍ മതിയെന്നും 'ഇച്ച' വേണ്ടെന്നും സ്‌നേഹാദരവോടെ ഉബൈദ് സാഹിബിനോട് പറഞ്ഞപ്പോള്‍ 'ബഹുമാനം നല്‍കപ്പെടുന്നതിന്റെ മാനദണ്ഡം പ്രായം മാത്രമല്ല' എന്നായിരുന്നുവത്രെ ഗുരുവിന്റെ മറുപടി. ഇതില്‍ നിന്നുതന്നെ കരീംച്ചയുടെ വ്യക്തിസത്തയുടെ വലുപ്പം ബോധ്യപ്പെടുത്തുന്നു. പ്രായത്തില്‍ കവിഞ്ഞ പക്വത, വിവേകം, നിശ്ചയദാര്‍ഢ്യം, ചിന്താശേഷി, കര്‍മ്മവീര്യം, സത്യസന്ധത, നീതിബോധം ഇതെല്ലാം കരീംച്ചയുടെ സ്വത്വത്തെ ഉരുക്കിവാര്‍ത്ത മുന്തിയ ചേരുവകളില്‍ ചിലത് മാത്രം.
മരണത്തെ മുന്‍കൂട്ടി അറിഞ്ഞ ഉബൈദ് സാഹിബ് അതിന്റെ സൂചന ആദ്യമായി പങ്ക് വെക്കുന്നതും കരീംച്ചയോടായിരുന്നു. അറബി അധ്യാപകരുടെ സെമിനാറില്‍ പ്രസംഗിക്കാനായി മുസ്ലിം ഹൈസ്‌കൂളിലേക്ക് പോകുന്ന വഴിയേ യാദൃച്ഛികമായി കരീംച്ചായെ കണ്ടുമുട്ടുകയും, 'വണ്ടി എത്താറായി, മംഗലാപുരത്തേക്ക് പോകുന്നു' എന്നറിയിച്ചപ്പോള്‍ 'എനിക്ക് പോകാനുള്ള വണ്ടിയും വരുന്നുണ്ട്, ഞാനും അങ്ങോട്ട് പോകുന്നു..' എന്ന് ഉബൈദ് സാഹിബ് പ്രതിവചിച്ചു. അത് തങ്ങളുടെ അവസാന കണ്ടുമുട്ടലാണ് എന്നറിയാന്‍ അധിക സമയം വേണ്ടിവന്നില്ല. കരീംച്ച മംഗലാപുരം സ്റ്റേഷനിലെത്തുമ്പോള്‍ ഉബൈദ് സാഹിബിന്റെ മരണ വാര്‍ത്തയുമായി ആളുകള്‍ കാത്ത് നില്‍ക്കുകയായിരുന്നു. മണിയടിച്ച് കഴിഞ്ഞാല്‍ വണ്ടി ആര്‍ക്ക് വേണ്ടിയും കാത്ത് നില്‍ക്കില്ലെന്നും തനിക്ക് പോകാനുള്ള യാത്രാവണ്ടി എത്തിക്കഴിഞ്ഞെന്നും താന്‍ പോവുകയാണെന്നും പറഞ്ഞായിരുന്നു പ്രസംഗിച്ച് കൊണ്ടിരിക്കെ ഉബൈദ് സാഹിബ് അധ്യക്ഷന്റെ മടിയിലേക്ക് ചായുന്നത്. അതായിരുന്നു കവിയുടെ അവസാന വാക്കുകള്‍. കണ്ണാടിപ്പള്ളി ഖത്തീബായിരുന്ന എം.ഇ. അബ്ദുല്‍ ഹക്കീം മൗലവി കാസര്‍കോട്ട് ദീര്‍ഘകാലം സേവനങ്ങളര്‍പ്പിക്കുന്നതിന് കരീംച്ച ചെലുത്തിയ സ്വാധീനം ചെറുതല്ല. 'മുഖം നോക്കാതെ സത്യം വിളിച്ച്പറയുന്ന ഒരാള്‍ ഇവിടെ ഉണ്ടാകുന്നത് നാടിനും സമൂഹത്തിനും ഗുണം ചെയ്യുമെന്ന്' കരീംച്ച പറയേണ്ടിടത്തെല്ലാം ഉറക്കെത്തന്നെ പറഞ്ഞു. ഡോ. അഹമദ് ബാവപ്പ, ഡോ. എം.കെ. മുളിയാര്‍, എഞ്ചിനീയര്‍ അഹമദ് കളനാട് ഇവര്‍ക്കൊപ്പം കരീംച്ചയും നവാത്ഥാന പ്രവര്‍ത്തനത്തില്‍ കൈകോര്‍ത്തു.
കുടുംബത്തിലെ 'പുതിയാപ്ല'യായി കടന്ന് വരുംമുമ്പേ അഹ്മദ് മാഷ് കരീംച്ചയുടെ ഹൃദയത്തില്‍ എത്രയും പ്രിയപ്പെട്ടവര്‍ക്കൊപ്പം കയറിക്കൂടിയിരുന്നു. മാഷിനും കരീംച്ചയോട് എന്തെന്നില്ലാത്ത സ്‌നേഹ ബഹുമാനമായിരുന്നു. മാഷിന്റെ മരണം ഞാനാണ് കരീംച്ചയെ ഫോണില്‍ അറിയിച്ചത്. ഉടന്‍തന്നെ ഞങ്ങള്‍ മാഷിന്റെ വീട്ടിലെത്തി വീട്ടുകാരെ സാന്ത്വനിപ്പിച്ചു. മുതിര്‍ന്ന കാരണവരായി അവിടെ ഇടപെട്ടതും നിയന്ത്രിച്ചതും നിറഞ്ഞ് നിന്നതും കരീംച്ചയായിരുന്നു. നാടിന് ആനന്ദം പകരുന്നതും അസ്വസ്ഥമാക്കുന്നതുമായ സംഭവങ്ങള്‍ ഉണ്ടാകുമ്പോഴെല്ലാം 'നമ്മുടെ ആമദുണ്ടായിരുന്നെങ്കില്‍...' എന്ന് കരീംച്ച ആത്മഗതം കൊള്ളുമായിരുന്നു. മാലിക്കുദ്ദീനാര്‍ പള്ളി ഖബര്‍സ്ഥാനില്‍ അഹമദ് മാഷിനെ തൊട്ടുരുമ്മി അന്ത്യനിദ്ര കൊള്ളാന്‍ കരീംച്ചാക്ക് സാധിച്ചു എന്നത് ഇവരുടെ ആത്മബന്ധത്തിന്റെ സഫലതയെ അടയാളപ്പെടുത്തുന്നു.
കരീംച്ച എന്നും നേരിന്റെയും നീതിയുടെയും പക്ഷത്തായിരുന്നു. 'അമരത്തെന്‍ തമ്പുരാന്‍ വാഴുവോളം അടിയന് പേടി തരിമ്പുമില്ല' എന്ന് സഞ്ജയന്‍ പാടിയത് പോലെ അചഞ്ചലമായ വിശ്വാസം കരീംച്ചയുടെ ആത്മവീര്യം പൊലിപ്പിച്ചു. സമൃദ്ധിയുടെ നിറവില്‍ നിന്നും പൊന്‍തൂവലുകള്‍ ഒന്നിന് പിറകെ ഒന്നായി വന്‍പരീക്ഷണങ്ങളുടെ ഉഷ്ണക്കാറ്റില്‍ പിഞ്ഞിപ്പറന്ന് പോകുമ്പോഴും ഉറച്ച നിലപാട് കൊണ്ടും മനക്കരുത്ത് കൊണ്ടും എല്ലാ പ്രതികൂല സാഹചര്യങ്ങളെയും സധൈര്യം നേരിടാനും അതിജയിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. ആരും തകര്‍ന്ന്‌പോകുന്ന ആപല്‍ഘട്ടത്തിലും ആരുടെ മുന്നിലും തലകുനിച്ചില്ലെന്ന് മാത്രമല്ല ആ തലപ്പൊക്കം ഒന്ന്കൂടി ഉയര്‍ത്തിക്കാട്ടാന്‍ കരീംച്ചാക്ക് സാധിച്ചത് കാപട്യവും കളങ്കവും തൊട്ട്തീണ്ടാത്ത ജീവിത വിശുദ്ധി ഒന്ന്‌കൊണ്ട് മാത്രമായിരുന്നു.
ഉപമിക്കാനാവാത്തതും ഉള്ളം നുറുങ്ങുന്നതുമായിരുന്നു ജീവിത യാത്രയിലെ അനുഭവങ്ങള്‍ ഏറെയും. കടലില്‍ തീ പിടിച്ച് മുങ്ങിത്താഴുന്ന ഉരു, അഗ്‌നി നാളങ്ങള്‍ നക്കിത്തുടക്കുന്ന തെങ്ങിന്‍ തോപ്പ്, യൗവ്വന ദശയില്‍ തന്നെ രണ്ട് പൊന്നോമനകളെ (അഷ്‌റഫ്, അയ്യൂബ്) റാഞ്ചിയെടുക്കുന്ന മരണം... അങ്ങനെ നെയ്‌തെടുത്ത സ്വപ്‌നങ്ങളെ വിധിയുടെ വിളയാട്ടം നിര്‍ദ്ദാക്ഷിണ്യം കവര്‍ന്നെടുക്കുമ്പോഴും കരീംച്ച തളര്‍ന്നില്ല. ജഗന്നിയന്താവിന്റെ വിധിയെ മഹത്തായ ക്ഷമയുടെ ആള്‍രൂപമായി ഇരു കൈയും നീട്ടി സ്വീകരിച്ചു. 'അല്‍ഹംദുലില്ലാഹ്....' അത് മാത്രമായിരുന്നു ചുണ്ടിലെ മന്ത്രം.
സ്വന്തം വീട്ടുകാരോടെന്നപോലെ കുടുംബത്തെയും ഹൃദയത്തോട് ചേര്‍ത്ത് വെച്ച് ഏതാവശ്യത്തിനും അവരില്‍ ഒരാളായി എന്നും ആശ്വാസം പകര്‍ന്ന നന്മയുടെ വന്‍മരമായിരുന്നു കരീംച്ച. സന്തോഷ മുഹൂര്‍ത്തങ്ങളില്‍ മാത്രമല്ല, സന്താപത്തിലും ആദ്യം ഓടിയെത്തി ആശ്രയം നല്‍കുക എന്നതായിരുന്നു രീതി.
കരീംച്ചയുടെ തലോടലേറ്റ് വളര്‍ന്ന തലമുറകള്‍ക്ക് ഒരു ജന്മം കൊണ്ട് വീട്ടിത്തീര്‍ക്കാനാകാത്ത ഉപകാരസ്മരണകള്‍ ഓര്‍ത്തെടുക്കാനുണ്ടാകും. അത്രമേല്‍ തണല്‍പാകിയ സുരക്ഷിതത്വത്തിന്റെ മേല്‍ക്കൂരയായിരുന്നു ആ ജീവിതം.
25 വര്‍ഷം മുമ്പ് ഞാന്‍ പുതിയ വീട്ടിലേക്ക് താമസം മാറിയപ്പോള്‍ കരീംച്ച സമ്മാനിച്ച മരം കൊണ്ടുണ്ടാക്കിയ മനോഹരമായ 'കൊച്ചു ഉരു' ഇന്നും പൊടിപിടിക്കാതെ ഷോകെയ്‌സില്‍ സൂക്ഷിക്കുന്നു. കാരണം കരീംച്ചാക്ക് ഉരു ഉപജീവനത്തിനുള്ള വസ്തു മാത്രമായിരുന്നില്ല. ജീവിതത്തെ പൊതിഞ്ഞതും ആത്മാവിനെ തൊട്ടുഴിയുന്നതുമായ ഒരു വികാരമായിരുന്നു അത്. കാറ്റിലും കോളിലും ദിശതെറ്റാതെ ലക്ഷ്യത്തിലേക്ക് കുതിക്കാന്‍ പ്രേരണ നല്‍കുന്ന ഒരു ഉദാത്ത പ്രതീകം. ജീവിതമാകുന്ന ഉരുവിനെ ദിശതെറ്റാതെ കരീംച്ച വിജയതീരമണച്ചിരിക്കുന്നു എന്ന് ഇളം കാറ്റോ കാലമോ മന്ത്രിക്കുന്നത്‌പോലെ ...!


-പി.എസ്. ഹമീദ്‌

Related Articles
Next Story
Share it