ഇന്നസെന്റ്, ഒരു ഓര്‍മ്മക്കുറിപ്പ്!

(2016 മെയ് 14, ഇന്നസെന്റ് എം.പി.ആയിരുന്ന കാലം)തൃശൂരിലുള്ള ഒരു കൂട്ടുകാരന്‍ മുഖേന മകളെ അവിടത്തെ ഒരു പബ്ലിക് സ്‌കൂളില്‍ ചേര്‍ക്കാന്‍ വേണ്ടി മലബാര്‍ എക്‌സ്പ്രസ്സില്‍ സകുടുംബം തൃശൂര്‍ സ്റ്റേഷനില്‍ വണ്ടിയിറങ്ങി.കൈപിടിച്ച് വട്ടം കറങ്ങി സങ്കോചത്തോടെ മോളു ചോദിച്ചു ഉപ്പാ... ഇന്നസെന്റ് നമ്മുടെ കൂടെയുണ്ടായിരുന്നു, ഉപ്പ കണ്ടില്ലേ?ഉറക്കച്ചടവ് മറച്ചുവെച്ച് മോളെ അരികത്തു നിര്‍ത്തി ഞാന്‍ തിരക്കി, എവിടെയാ? തിരിഞ്ഞു നോക്കുമ്പോള്‍ തോളില്‍ ഒരു സഞ്ചിയുമായി, കാഷായ നിറത്തില്‍ ജുബ്ബയും വെള്ളവേഷ്ടിയും ധരിച്ചു കൈകള്‍ രണ്ടും ഡോറിന്റെ ഹാന്‍ഡ്ലില്‍ പിടിച്ചു […]

(2016 മെയ് 14, ഇന്നസെന്റ് എം.പി.
ആയിരുന്ന കാലം)

തൃശൂരിലുള്ള ഒരു കൂട്ടുകാരന്‍ മുഖേന മകളെ അവിടത്തെ ഒരു പബ്ലിക് സ്‌കൂളില്‍ ചേര്‍ക്കാന്‍ വേണ്ടി മലബാര്‍ എക്‌സ്പ്രസ്സില്‍ സകുടുംബം തൃശൂര്‍ സ്റ്റേഷനില്‍ വണ്ടിയിറങ്ങി.
കൈപിടിച്ച് വട്ടം കറങ്ങി സങ്കോചത്തോടെ മോളു ചോദിച്ചു ഉപ്പാ... ഇന്നസെന്റ് നമ്മുടെ കൂടെയുണ്ടായിരുന്നു, ഉപ്പ കണ്ടില്ലേ?
ഉറക്കച്ചടവ് മറച്ചുവെച്ച് മോളെ അരികത്തു നിര്‍ത്തി ഞാന്‍ തിരക്കി, എവിടെയാ? തിരിഞ്ഞു നോക്കുമ്പോള്‍ തോളില്‍ ഒരു സഞ്ചിയുമായി, കാഷായ നിറത്തില്‍ ജുബ്ബയും വെള്ളവേഷ്ടിയും ധരിച്ചു കൈകള്‍ രണ്ടും ഡോറിന്റെ ഹാന്‍ഡ്ലില്‍ പിടിച്ചു സസൂക്ഷ്മം ഇറങ്ങുന്ന സാക്ഷാല്‍ ഇന്നസെന്റിനെ കാണിച്ചു മോള്‍ പറഞ്ഞു ദാ...അവിടെ... കണ്ടമാത്രയില്‍ ഇന്നലെ പിരിഞ്ഞ സൗഹൃദം പോലെ കൈ ഉയര്‍ത്തിപ്പിടിച്ചു എന്റെ സ്വതസിദ്ധമായ ശൈലിയില്‍ ഉച്ചത്തില്‍ വിളിച്ചു...
'ഇന്നച്ചാ...',
വിളി കേട്ട അദ്ദേഹം വലതുകൈ വീശി പ്രതിവചിച്ചു. ഞാന്‍ അദ്ദേഹത്തെ ജീവിതത്തില്‍ ആദ്യമായിട്ടാ കാണുന്നത്, ഉപ്പായ്ക്കു നേരത്തെ നേരിട്ട് പരിചയമുണ്ടാവും എന്ന ഭാവത്തില്‍ മകള്‍ മിഴിച്ചു നിന്നു. ഞാന്‍ തിരുത്താനും പോയില്ല!
പേഴ്ണല്‍ ഡ്രൈവറുമായി നടന്നു അടുത്തെത്തിയ ഇന്നസെന്റിനെ ഹസ്തദാനം ചെയ്യുന്ന എന്നെ സൂക്ഷിച്ചു നോക്കി... മുഖഭാവവും ശരീരഭാഷയും വെച്ച് അദ്ദേഹം എന്താണ് മനസ്സില്‍ പറയുന്നതെന്ന് ഞാനൂഹിച്ചു...
"ങേ... ആരാപ്പാ ഇതിന്നേരത്തു?"
ക്ലീന്‍ ഷേവ് ചെയ്ത മുഖത്ത് നല്ല ക്ഷീണം കാണാം, ഞങ്ങള്‍ സംസാരിച്ചുകൊണ്ടിരിക്കെ ഡ്രൈവര്‍ വണ്ടിയെടുക്കാന്‍ പോയി. ഔപചാരികമായി ഞാന്‍ ചോദിച്ചു
" നിങ്ങള്‍... പോയത്...?",
കണ്ണൂരാ...ഇന്നാണല്ലോ കലാശക്കൊട്ട്, ഞാന്‍ വിട്ടില്ല ഇപ്രാവശ്യം ഒരു നൂറു സീറ്റെങ്കിലും എല്‍.ഡി.എഫിന് കിട്ടും, അത്രയ്ക്കും വഷളായിരുന്നു കഴിഞ്ഞ ഭരണം... അത് കേട്ടതോടെ എന്നെ ഒന്നടിമുടി നോക്കി. ഇപ്പൊ മനസ്സില്‍ പറഞ്ഞത് ഞാന്‍ ശരിക്കും കേട്ടു..
"ഇവനാള് കൊള്ളാലോ....? കൊല്ലന്റെ കൂട്ടില് സൂചി വില്‍ക്കേ...അയ്യേ...?"
'സംശയിക്കണ്ട, കാര്യമായിട്ടാ പറഞ്ഞത്', ഒരു ചിരി പാസ്സാക്കി ഞാനും പറഞ്ഞു. കാന്‍സര്‍ രോഗം പിടിപെട്ടതിനു ശേഷം താങ്കള്‍ പാര്‍ലമെന്റില്‍ നടത്തിയ പ്രസ്താവന ശ്രദ്ധേയമായിരുന്നു. എല്ലാ കാന്‍സറെതര മരുന്നുകളുടെയും വിലയില്‍ ഇളവു വരുത്തണമെന്ന്.
ഇത് കേട്ടപ്പോള്‍ അദ്ദേഹം കീഴ്ചുണ്ട് മേല്‍ച്ചുണ്ടില്‍ അമര്‍ത്തി കഴുത്ത് കുലുക്കി മേല്‍കണ്ണിലൂടെ എന്നെ ഒന്നൂടെ നോക്കി; കുടുംബത്തെയും നോക്കി, കവിളിലെ കക്കാപ്പുള്ളി ഇപ്പോള്‍ വ്യക്തമായി കാണാം..
ഇപ്പോള്‍ മനസ്സില്‍ പറഞ്ഞിട്ടുണ്ടാവുക
"അമ്പട കള്ളാ........നിയ്യാള് കൊള്ളാലോ..., ഉഉഉം... എന്നിട്ട് കേക്കട്ടെ.. കേക്കട്ടെ.."
കുറച്ചുകൂടി അടുത്തുവന്നു എന്നോട് കുശലം ചോദിച്ചു, മക്കളെയും പരിചയപ്പെട്ടു. ഞങ്ങള്‍ കുറേ സംസാരിച്ചു നിന്നു, സിനിമയിലെ പോലെ തന്നെ ആളു ബഹു രസികനാ. കൂട്ടത്തില്‍ പണ്ട് അദ്ദേഹം പ്രശസ്ത സംവിധായകന്‍ മോഹനുമൊത്തു മദിരാശിക്ക് വണ്ടി കയറിയ കഥയും ചോദിക്കണമെന്നുണ്ടായിരുന്നു.. അപ്പോഴേക്കും ഡ്രൈവര്‍ എം.പി. എന്നെഴുതിയ ഇന്നോവ കാര്‍ ബീകര്‍ ലൈറ്റ് ഓണ്‍ ചെയ്തു ചാരത്തു നിര്‍ത്തി. യാത്ര പറഞ്ഞു പിരിഞ്ഞു.
എന്റെ കൂട്ടുകാരന്റെ വണ്ടിയുടെ മുമ്പിലായി ഇരിങ്ങാലക്കുട എത്തുന്നത് വരെ അദ്ദേഹത്തിന്റെ വണ്ടിയും കാണാമായിരുന്നു. എല്ലാം കഴിഞ്ഞു മോളു ചോദിച്ചു, ഉപ്പ എന്താ സെല്‍ഫി എടുക്കാത്തത്... സത്യം പറഞ്ഞാല്‍ ഞാനും ഓര്‍ക്കുന്നത് അപ്പോഴാ... ഞങ്ങളുടെ സംസാരത്തിനിടയില്‍ ഓര്‍ത്തതേയില്ല.
ഇതിവിടെ പറഞ്ഞത് സിനിമയിലൂടെ പരിചയപ്പെട്ട ചില ആള്‍ക്കാരുടെ അഭിനയവൈഭവം നമ്മെ എവിടെയെങ്കിലും സ്വധീനിച്ചിട്ടുണ്ടായേക്കാം, പ്രത്യേകിച്ചും നായകവേഷത്തിലെത്തുന്നവര്‍.
ബോളിബുഡിലെ പ്രശസ്ത പ്രതിനായകന്‍ അമരീഷ്പുരി ഒരിക്കല്‍ പറയുകയുണ്ടായി "തന്റെ നടനം അയല്‍ക്കാരുടെയും സ്ത്രീകളുടെയും കുട്ടികളുടെയും ഭീതിതമായ കണ്ണുകളാണ് എനിക്ക് സമ്മാനിച്ചത്" യഥാര്‍ഥത്തില്‍ അദ്ദേഹം പഞ്ച പാവമായിരുന്നു.
പണ്ടുകാലത്തെ നടന്മാരും നടികളും പരസ്പരം ബഹുമാനിച്ചും ബഹുമാനിക്കപ്പെട്ടും കഴിഞ്ഞവരായിരുന്നു.
ഒരിക്കല്‍ പ്രശസ്ത അമ്മനടി കവിയൂര്‍ പൊന്നമ്മ പറഞ്ഞു ലൊക്കേഷന്‍ സൈറ്റില്‍ ഊണുകാലമായാല്‍ ഇല വിരിച്ചു എല്ലാവരും ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കും. പ്രത്യേകിച്ച് നസീര്‍സാര്‍ അദ്ദേഹത്തിനു ഒരു നായക പരിവേഷവും ഷൂട്ടിംഗ് കഴിഞ്ഞാല്‍ ഉണ്ടായിരുന്നില്ലായെന്ന്.
പ്രായഭേദമന്യേ ഇന്നും ആദരിക്കപ്പെടുന്ന വളരെ മാന്യനും സ്വഭാവ വ്യക്തിത്വത്തിന്റെ ഉടമയുമായിരുന്നു ആ മഹാ നടന്‍. ഇന്നത്തെ നടീ നടന്മാരുടെ അവസ്ഥ കാണുമ്പോള്‍ അഭിനയം വില്‍ക്കുന്ന യന്ത്രമാണോയെന്നു തോന്നിപ്പോകും. ഇന്നസെന്റ് ചേട്ടന്റെ അണയാത്ത ഓര്‍മ്മകള്‍ക്ക് മുമ്പില്‍ ഒരു നുള്ള് കണ്ണീര്‍പ്പൂക്കള്‍...


-അസീസ് പട്‌ള

Related Articles
Next Story
Share it