നര്‍മ്മവും കൊണ്ട് ഇന്നച്ചന്‍ പോയി

വെറുമൊരു ഹാസ്യനടന്‍ എന്ന കള്ളിയില്‍ മാത്രം ഒതുങ്ങുന്നതല്ല ഇന്നസെന്റിന്റെ പ്രതിഭ. ഇന്നസെന്റിന്റെ ഒരു പാട് കഥാപാത്രങ്ങള്‍ നമ്മളെ ചിരിപ്പിച്ചിട്ടുണ്ട്. അതുപോലെ കരയിപ്പിച്ച കഥാപാത്രങ്ങളുമുണ്ട്. ഒരേ കഥാപാത്രത്തിലൂടെ ആദ്യം ചിരിപ്പിക്കുകയും പിന്നീട് കരയിപ്പിക്കുകയും ചെയ്ത ഇന്നസെന്റിലെ പ്രതിഭയും നമുക്ക് പരിചിതമാണ്.സ്വതസിദ്ധമായ നര്‍മത്തിലൂടെ മലയാളിമനസിനെ കീഴടക്കാന്‍ ഈ അതുല്യപ്രതിഭക്ക് സാധിച്ചു. എന്നെന്നും മനസില്‍ തങ്ങിനില്‍ക്കുന്ന ഒരുപിടി കഥാപാത്രങ്ങള്‍ സമ്മാനിച്ചാണ് ഇന്നസെന്റിന്റെ മടക്കം.അറുന്നൂറിലധികം സിനിമകളില്‍ വേഷമിട്ടിട്ടുള്ള ഇന്നസെന്റ് പകര്‍ന്നാടിയത് കളിയും കാര്യവുമുള്ള ചിന്തകളും കുടുകുടെ ചിരിപ്പിക്കുന്ന ഹാസ്യമുഹൂര്‍ത്തങ്ങളുമായിരുന്നു. തൃശൂര്‍ ശൈലിയിലുള്ള ഇന്നസെന്റിന്റെ […]

വെറുമൊരു ഹാസ്യനടന്‍ എന്ന കള്ളിയില്‍ മാത്രം ഒതുങ്ങുന്നതല്ല ഇന്നസെന്റിന്റെ പ്രതിഭ. ഇന്നസെന്റിന്റെ ഒരു പാട് കഥാപാത്രങ്ങള്‍ നമ്മളെ ചിരിപ്പിച്ചിട്ടുണ്ട്. അതുപോലെ കരയിപ്പിച്ച കഥാപാത്രങ്ങളുമുണ്ട്. ഒരേ കഥാപാത്രത്തിലൂടെ ആദ്യം ചിരിപ്പിക്കുകയും പിന്നീട് കരയിപ്പിക്കുകയും ചെയ്ത ഇന്നസെന്റിലെ പ്രതിഭയും നമുക്ക് പരിചിതമാണ്.
സ്വതസിദ്ധമായ നര്‍മത്തിലൂടെ മലയാളിമനസിനെ കീഴടക്കാന്‍ ഈ അതുല്യപ്രതിഭക്ക് സാധിച്ചു. എന്നെന്നും മനസില്‍ തങ്ങിനില്‍ക്കുന്ന ഒരുപിടി കഥാപാത്രങ്ങള്‍ സമ്മാനിച്ചാണ് ഇന്നസെന്റിന്റെ മടക്കം.
അറുന്നൂറിലധികം സിനിമകളില്‍ വേഷമിട്ടിട്ടുള്ള ഇന്നസെന്റ് പകര്‍ന്നാടിയത് കളിയും കാര്യവുമുള്ള ചിന്തകളും കുടുകുടെ ചിരിപ്പിക്കുന്ന ഹാസ്യമുഹൂര്‍ത്തങ്ങളുമായിരുന്നു. തൃശൂര്‍ ശൈലിയിലുള്ള ഇന്നസെന്റിന്റെ സംസാരം തന്നെ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കും. ഒരുകാലത്ത് മലയാളസിനിമയില്‍ സൂപ്പര്‍ഹിറ്റായ സത്യന്‍ അന്തിക്കാട്, ഫാസില്‍, സിദ്ദിഖ്-ലാല്‍, പ്രിയദര്‍ശന്‍ സിനിമകളിലെ അവിഭാജ്യ ഘടകമായിരുന്നു ഇന്നസെന്റ്.
1972ല്‍ പുറത്തിറങ്ങിയ നൃത്തശാല എന്ന സിനിമയിലൂടെയാണ് ഇരിങ്ങാലക്കുടക്കാരന്‍ ഇന്നസെന്റിന്റെ വെള്ളിത്തിരയിലെ അരങ്ങേറ്റം. പിന്നീട് ഉര്‍വശി ഭാരതി, ഫുട്ബോള്‍ ചാംപ്യന്‍, തുടങ്ങിയ സിനിമകളിലെ ചെറുവേഷങ്ങളിലുടെ സാന്നിദ്ധ്യം അറിയിച്ചുകൊണ്ടേയിരുന്നു. ഇടയ്ക്ക് ബിസിനസിനുവേണ്ടി സിനിമയില്‍നിന്ന് വിട്ടുനിന്നു. പിന്നീട് മടങ്ങിയെത്തിയതോടെയാണ് ഇന്നസെന്റ് എന്ന നടന്‍ മലയാളത്തില്‍ തന്റേതായ ഇടം കണ്ടെത്തുന്നത്. പ്രേം നസീറിനെ കാണ്മാനില്ല, കാതോടു കാതോരം, അയനം, രേവതിക്കൊരു പാവക്കുട്ടി, ധീം തരികിട ധോം തുടങ്ങിയ സിനിമകളാണ് ശ്രദ്ധിക്കപ്പെട്ടത്. പിന്നീടാണ് മലയാളത്തിലെ ഹിറ്റ് സിനിമകളുടെ പ്രധാന ചേരുവയായി ഇന്നസെന്റ് മാറുന്നത്. നാടോടിക്കാറ്റ്, കടിഞ്ഞൂല്‍ കല്യാണം, മിമിക്‌സ് പരേഡ്, പൂക്കാലം വരവായി, ഉള്ളടക്കം, കനല്‍ക്കാറ്റ്, ഉത്സവമേളം, മക്കള്‍ മാഹാത്മ്യം, അര്‍ജുനന്‍ പിള്ളയും അഞ്ചു മക്കളും, മണിച്ചിത്രത്താഴ്, മഴവില്‍ക്കാവടി, കിലുക്കം, കാബൂളിവാല തുടങ്ങിയ സിനിമകളില്‍ ഇന്നസെന്റ് ചാര്‍ത്തിയ ഹാസ്യമുദ്ര ഇന്നും മലയാളികളുടെ ഇടനെഞ്ചിലുണ്ട്. മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റുകളായ ഗോഡ്ഫാദര്‍, റാംജി റാവു സ്പീക്കിംഗ്, മാന്നാര്‍ മത്തായി സ്പീക്കിംഗ്, കോട്ടയം കുഞ്ഞച്ചന്‍, ദേവാസുരം, കിലുക്കം തുടങ്ങിയ സിനിമകളിലെ ഇന്നസെന്റ് അഭിനയിച്ച വേഷങ്ങളും അതിലെ ഹാസ്യരംഗങ്ങളും കാലാതീതമായി ഇന്നും നിലനില്‍ക്കുന്നു. ഇക്കാലത്ത് സോഷ്യല്‍ മീഡിയക്കും ഇന്നസെന്റിന്റെ ഫലിതങ്ങള്‍ ഒഴിച്ചുകൂടാന്‍ സാധിക്കാത്ത ഫലിതമാണ്.
മിഥുനം, നമ്പര്‍ 20 മദ്രാസ് മെയില്‍, ഡോക്ടര്‍ പശുപതി, പൊന്‍മുട്ടയിടുന്ന താറാവ്, മൈ ഡിയര്‍ മുത്തച്ഛന്‍, വിയറ്റ്‌നാം കോളനി, ശ്രീകൃഷ്ണ പുരത്തെ നക്ഷത്ര തിളക്കം, കിഴക്കന്‍ പത്രോസ്, പവിത്രം, പിന്‍ഗാമി, പൈ ബ്രദേഴ്‌സ്, തൂവല്‍കൊട്ടാരം, അഴകിയ രാവണന്‍, ചന്ദ്രലേഖ, അയാള്‍ കഥയെഴുതുകയാണ്, കുടുംബ കോടതി, നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക, കാക്കക്കുയില്‍, ചിന്താവിഷ്ടയായ ശ്യാമള, ഹരികൃഷ്ണന്‍സ്, വിസ്മയം, രാവണപ്രഭു, ഹിറ്റ്‌ലര്‍ തുടങ്ങിയ സിനിമകളിലെ ഇന്നസെന്റ് കഥാപാത്രങ്ങളും ശ്രദ്ധിക്കപ്പെട്ടതാണ്.
മനസ്സിനക്കരെ, കല്യണരാമന്‍, നന്ദനം, വെട്ടം, പട്ടാളം, യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, വേഷം, ക്രോണിക്ക് ബാച്ചിലര്‍, തുറുപ്പുഗുലാന്‍, രസതന്ത്രം, പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദ സെയിന്റ്, ഇന്ത്യന്‍ പ്രണയകഥ തുടങ്ങിയ സിനിമകളിലെ കഥാപാത്രങ്ങളും പ്രേക്ഷകരെ രസിപ്പിച്ചതാണ്. നമ്മര്‍ത്തില്‍ പകര്‍ന്നാടുന്നതില്‍ വിദഗ്ദ്ധനായ ഇന്നസെന്റ് ദേവാസുരത്തിലെ വാര്യര്‍ പോലെയുള്ള കഥാപാത്രങ്ങളെയും തന്മയത്വത്തോടെ അവതരിപ്പിച്ചു. ഇന്നസെന്റ് ഓര്‍മയാകുമ്പോഴും അദ്ദേഹം സമ്മാനിച്ച കഥാപാത്രങ്ങള്‍ അനശ്വരതയോടെ നിലനില്‍ക്കും.
മലയാള -ചലച്ചിത്ര സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ നിറ സാന്നിധ്യമായിരുന്നു നടന്‍ ഇന്നസെന്റ് ഇന്നലെ രാത്രി 10.30 ഓടെയാണ് അന്തരിച്ചത്. കൊച്ചിയിലെ വി .പി .എസ് ലേക്ഷോര്‍ ഹോസ്പിറ്റലിലായിരുന്നു അന്ത്യം. മന്ത്രി പി. രാജീവാണ് ഇന്നസെന്റിന്റെ മരണ വാര്‍ത്ത സ്ഥിരീകരിച്ചത്. ആസ്പത്രിയില്‍ ചേര്‍ന്ന വിദഗ്ധ മെഡിക്കല്‍ ബോര്‍ഡ് യോഗം പൂര്‍ത്തിയായ ശേഷമാണ് മന്ത്രി രാജീവ് മരണ വാര്‍ത്ത സ്ഥിരീകരിച്ചത്. രാത്രി 10.30 നാണ് മരണം സ്ഥിരീകരിച്ചതെന്ന് പി രാജീവ് വിശദീകരിച്ചു.
അര്‍ബുദബാധയുടെ ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് രണ്ട് ആഴ്ച മുമ്പാണ് ഇന്നസെന്റിനെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. 75-ാം വയസിലാണ് അന്ത്യം സംഭവിച്ചത്. ചാലക്കുടി എം.പിയായും പ്രവര്‍ത്തിച്ച അദ്ദേഹം ഏറെക്കാലം ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ പ്രസിഡന്റ് സ്ഥാനവും അലങ്കരിച്ചിരുന്നു. ഇന്നസെന്റിന്റെ ചിരിമുഹൂര്‍ത്തങ്ങളും വേറിട്ട ശൈലിയും മലയാളികള്‍ ഉള്ള കാലത്തോളം മറക്കില്ല.

Related Articles
Next Story
Share it