വടക്കിന്റെ അതുല്യ പ്രതിഭ വിട പറഞ്ഞു

മൂര്‍ച്ചയുള്ള വാക്കുകളും എഴുത്തുമായി വടക്കിന്റെ മണ്ണിലെ ബെടക്കുകളെ തിരുത്തിയിരുന്ന പ്രൊഫ. ഇബ്രാഹിം ബേവിഞ്ച വിട പറഞ്ഞു. കാസര്‍കോടിന്റെ സാഹിത്യ മണ്ഡലത്തില്‍ തിളങ്ങി നിന്ന ആ നക്ഷത്രം കേരളമാകെ പ്രകാശം പരത്തിയിരുന്നു. മലയാള സാഹിത്യത്തില്‍ വടക്കിന്റെ മേല്‍വിലാസമായിരുന്ന സാഹിത്യകാരനാണ് ഇന്നലെ രാത്രി ബേവിഞ്ചയിലെ റിവര്‍ വ്യൂ വീട്ടില്‍ കണ്ണടച്ചത്. മരണാസന്നമായതിന്റെ ലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ല. പാര്‍ക്കിന്‍സണ്‍ രോഗം അലട്ടിയിരുന്നുവെങ്കിലും പെട്ടെന്നായിരുന്നു മരണം. വിവരമറിഞ്ഞ് രാത്രി തന്നെ നിരവധി പേര്‍ ബേവിഞ്ചയിലെ വീട്ടിലെത്തി. ടി. ഉബൈദ് പഠന കേന്ദ്രം ചെയര്‍മാന്‍ യഹ്‌യ […]

മൂര്‍ച്ചയുള്ള വാക്കുകളും എഴുത്തുമായി വടക്കിന്റെ മണ്ണിലെ ബെടക്കുകളെ തിരുത്തിയിരുന്ന പ്രൊഫ. ഇബ്രാഹിം ബേവിഞ്ച വിട പറഞ്ഞു. കാസര്‍കോടിന്റെ സാഹിത്യ മണ്ഡലത്തില്‍ തിളങ്ങി നിന്ന ആ നക്ഷത്രം കേരളമാകെ പ്രകാശം പരത്തിയിരുന്നു. മലയാള സാഹിത്യത്തില്‍ വടക്കിന്റെ മേല്‍വിലാസമായിരുന്ന സാഹിത്യകാരനാണ് ഇന്നലെ രാത്രി ബേവിഞ്ചയിലെ റിവര്‍ വ്യൂ വീട്ടില്‍ കണ്ണടച്ചത്. മരണാസന്നമായതിന്റെ ലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ല. പാര്‍ക്കിന്‍സണ്‍ രോഗം അലട്ടിയിരുന്നുവെങ്കിലും പെട്ടെന്നായിരുന്നു മരണം. വിവരമറിഞ്ഞ് രാത്രി തന്നെ നിരവധി പേര്‍ ബേവിഞ്ചയിലെ വീട്ടിലെത്തി. ടി. ഉബൈദ് പഠന കേന്ദ്രം ചെയര്‍മാന്‍ യഹ്‌യ തളങ്കരക്കൊപ്പം ഇന്നലെ രാത്രി ഏറെ വൈകി ബേവിഞ്ചയുടെ വീട്ടില്‍ ചെല്ലുമ്പോഴും നിരവധി പേര്‍ പ്രിയ എഴുത്തുകാരനെ ഒരു നോക്കു കാണാനായി എത്തിയിരുന്നു.
വിശ്രമത്തിലായിരുന്നുവെങ്കിലും ബേവിഞ്ച മാഷിനെ കാണാന്‍ എത്തുന്നവരെ കൊണ്ട് ശബ്ദമുഖരിതമായിരുന്നു എപ്പോഴും റിവര്‍ വ്യൂ. അവസാന നാളുകളിലും സാഹിത്യ സാംസ്‌കാരിക പ്രവര്‍ത്തകരും ഗവേഷണ വിദ്യാര്‍ത്ഥികളും അദ്ദേഹത്തെ കാണാന്‍ എത്തുമായിരുന്നു.
കാസര്‍കോടിന് അത്യപൂര്‍വ്വ സൗഭാഗ്യങ്ങളായി കുറച്ചുപേര്‍ മാത്രമെ ഉണ്ടായിരുന്നുള്ളൂ. അക്കൂട്ടത്തില്‍ നിന്നാണ് കാസര്‍കോടിന്റെ പ്രിയപ്പെട്ട ബേവിഞ്ച മാഷ് വിട പറഞ്ഞിരിക്കുന്നത്. വാക്കില്‍ മാത്രമല്ല ബേവിഞ്ചയുടെ നോക്കിനുപോലും നല്ല മൂര്‍ച്ചയുണ്ടായിരുന്നു. വാക്കുകള്‍ക്ക് മൂര്‍ച്ചയേറുമ്പോഴും ദീപ്തമായ ചിന്തകളാണ് അദ്ദേഹം പങ്കുവെച്ചത്. മുഖ്യധാരാ സാഹിത്യത്തെയും ഇസ്ലാമിക ചിന്തകളെയും സമന്വയിപ്പിച്ചവരില്‍ മുന്നിലായിരുന്നു ഇബ്രാഹിം ബേവിഞ്ച. ഉത്തര മലബാറിന്റെ ജീവിതത്തിനും സാഹിത്യത്തിനും കേരളസാഹിത്യത്തില്‍ മേല്‍വിലാസമുണ്ടാക്കിയ പ്രതിഭകളില്‍ പ്രധാനിയുമായിരുന്നു. വടക്കിന്റെ മുസ്ലിം ജീവിതവും കഥകളും അദ്ദേഹത്തിലൂടെ കേരളം മുഴുവന്‍ കേട്ടു. വടക്കിന്റെ സാഹിത്യത്തെ തന്റേതായ ശൈലിയില്‍ കേരളത്തിലുടനീളം പരിചയപ്പെടുത്താന്‍ ബേവിഞ്ച മാഷ് നിരന്തരം ശ്രമിക്കുകയും ചെയ്തു. 80കളിലും 90കളിലുമൊക്കെ ഇബ്രാഹിം ബേവിഞ്ച എന്ന എഴുത്തുകാരനിലെ സ്ഫുരണം പ്രകാശിച്ചത് കേരളത്തിന്റെ സാഹിത്യമണ്ഡലത്തിലൊട്ടാകെയായിരുന്നു. വിമര്‍ശകനും നിരൂപകനും അധ്യാപകനുമൊക്കെയായി പൊതുസമൂഹത്തില്‍ ബഹുമുഖപ്രതിഭയായി അദ്ദേഹം ജ്വലിച്ചുനിന്നു. എപ്പോഴും സ്വയം വിമര്‍ശനത്തിന് വിധേയനാകുന്ന എഴുത്തുകാരനായിരുന്നു ബേവിഞ്ച.
ഇസ്ലാമിക സാഹിത്യം മലയാളത്തില്‍, പ്രസക്തി, മുസ്ലിം സാമൂഹിക ജീവിതം മലയാളത്തില്‍, ഉബൈദിന്റെ കവിതാലോകം, പക്ഷിപ്പാട്ട് ഒരു പുനര്‍വായന, ബഷീര്‍ ദ മുസ്ലിം, നിള തന്ന നാട്ടെഴുത്തുകള്‍, ഒ. ആബു (സി.ടി. ബഷീറുമൊത്ത്), മതിലുകള്‍ ഇനിയും ഇടിയാനുണ്ട്, ഉബൈദിന്റെ തീപിടിച്ച പള്ളിയും പി. കുഞ്ഞിരാമാന്‍ നായരുടെ കത്തുന്ന അമ്പലവും ഖുര്‍ആനും ബഷീറും തുടങ്ങിയ അദ്ദേഹത്തിന്റെ കൃതികളില്‍ മതസ്വാധീനം കാണാനാകും. ഇസ്ലാമിക വീക്ഷണത്തിലൂടെ സാഹിത്യത്തെ സമീപിക്കാനും ഖുര്‍ആനിക സൗന്ദര്യശാസ്ത്രം അവതരിപ്പിക്കാനും ഏറെ പരിശ്രമിക്കുകയും അതില്‍ വിജയിക്കുകയും ചെയ്ത എഴുത്തുകാരനാണ് ഇബ്രാഹിം ബേവിഞ്ച.
ചന്ദ്രികയിലും വിവിധ പ്രസിദ്ധീകരണങ്ങളിലും ഇബ്രാഹിം ബേവിഞ്ചയുടെ സാഹിത്യരചനകള്‍ പ്രത്യേക ശ്രദ്ധ നേടിയിരുന്നു. ചന്ദ്രിക വാരാന്ത്യപ്പതിപ്പില്‍ കൈകാര്യം ചെയ്തിരുന്ന പ്രസക്തി എന്ന കോളം ഏറെ വായനക്കാരെ ആകര്‍ഷിച്ചു. മാധ്യമം അടക്കമുള്ള പത്രങ്ങളിലും അദ്ദേഹം കോളം കൈകാര്യം ചെയ്തു. ഉത്തരദേശം വാരാന്തപ്പതിപ്പില്‍ എഴുതിയിരുന്ന 'കളപ്പുര' എന്ന കോളം ഏറെ ശ്രദ്ധേയമായിരുന്നു.
ഉബൈദ് സ്ഥാപിച്ച കാസര്‍കോട് സാഹിത്യവേദിയെ കരുത്താര്‍ജിപ്പിക്കാന്‍ സി. രാഘവന്‍ മാഷിനും കെ.എം അഹ്‌മദ് മാഷിനും ഒപ്പം നിന്നു പ്രവര്‍ത്തിച്ചു. ഒരു കാലത്ത് രാഘവന്‍ മാഷും അഹ്‌മദ് മാഷും ഇബ്രാഹിം ബേവിഞ്ചയും പി. അപ്പുക്കുട്ടന്‍ മാഷും പി.വി. കൃഷ്ണന്‍ മാഷും റഹ്‌മാന്‍ തായലങ്ങാടിയുമൊക്കെ കാസര്‍കോടിന്റെ സാംസ്‌കാരിക ഭൂമികയെ പ്രകാശിപ്പിച്ചവരാണ്. ഇക്കൂട്ടത്തില്‍ നിന്നാണ് രാഘവന്‍ മാഷിനും അഹ്‌മദ് മാഷിനും പിന്നാലെ പ്രൊഫ. ഇബ്രാഹിം ബേവിഞ്ചയും യാത്രയായിരിക്കുന്നത്.
ചന്ദ്രഗിരിപ്പുഴയുടെ ഒഴുക്കു പോലെയായിരുന്നു ഇബ്രാഹിം ബേവിഞ്ചയുടെ എഴുത്തും പ്രഭാഷണവും എന്ന് പറയാറുണ്ട്. പറയാനുള്ള കാര്യങ്ങള്‍ ഏത് വേദിയിലും കൃത്യമായി തന്നെ പറഞ്ഞിരിക്കും. ആ പ്രഭാഷണ ചാരുത എത്ര കേട്ടാലും മതിവരാത്തതാണ്. ചിലപ്പോഴൊക്കെ, പറയാനുള്ളവ വിട്ടുപോകരുതെന്ന് കരുതി എഴുതി തയ്യാറാക്കി വന്നാണ് പ്രസംഗിക്കാറുണ്ടായിരുന്നത്.
പാര്‍ക്കിന്‍സണ്‍ രോഗം ബാധിച്ച് പ്രയാസം നേരിടുന്നത് വരെ അദ്ദേഹം പേനയെ കൈവിട്ടിരുന്നില്ല. അപ്പോഴും പ്രസംഗ പീഠത്തിന് മുന്നില്‍ എത്തിയിരുന്നു. രോഗം മൂലം ശരീരമാകെ വിറച്ച് വാക്കുകള്‍ പാതിവഴിയില്‍ മുറിഞ്ഞ് ഇരിപ്പിടത്തിലേക്ക് മടങ്ങേണ്ടി വന്ന സന്ദര്‍ഭങ്ങളും ഉണ്ടായിട്ടുണ്ട്. ജന്മനാടിന്റെ തട്ടകത്തില്‍ നിന്നാണ് ഇബ്രാഹിം ബേവിഞ്ച തന്റെ സാഹിത്യ ചിന്തകളും ചക്രവാളങ്ങളും വികസിപ്പിച്ചെടുത്തത്. കവി ടി. ഉബൈദ് ഏറെ സ്വാധീനിച്ചിട്ടുണ്ട്. ബേവിഞ്ചയുടെ പ്രഭാഷണം കേള്‍ക്കാന്‍ വടക്ക് മാത്രമല്ല, കേരളത്തിന്റെ തെക്കേയറ്റം വരെ കൊതിച്ചിട്ടുണ്ട്. വാക്കുകളുടെ സൗന്ദര്യവും ചിന്തകളുടെ വൈവിധ്യവും അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളുടെ മുഖമുദ്രയായിരുന്നു. ആരുചെന്ന് വിളിച്ചാലും വയ്യെന്ന് പറയില്ല. ആരു ചെന്നും ലേഖനങ്ങളോ അവതാരികകളോ ആവശ്യപ്പെട്ടാലും മടക്കിയയക്കാറുമില്ല. 25ഓളം എഴുത്തുകാരുടെ പുസ്തകങ്ങള്‍ക്ക് അവതാരിക എഴുതിയിട്ടുണ്ട്. ബേവിഞ്ച മാഷിന്റേതായി ആയിരക്കണക്കിന് രചനകള്‍ പത്രങ്ങളിലും മാസികകളിലും വിവിധ കൃതികളിലും അചടിച്ച് വന്നിട്ടുണ്ട്.
ശാരീരിക അവശതമൂലം എഴുത്തും സാംസ്‌കാരിക പ്രവര്‍ത്തനവും നിലച്ചത് അദ്ദേഹത്തെ നിരാശനാക്കിയിരുന്നു. എം.ടി, പുനത്തില്‍ കുഞ്ഞബ്ദുല്ല തുടങ്ങി മലയാളത്തിലെ എണ്ണപ്പെട്ട സാഹിത്യകാരന്മാരുമായുള്ള പരിചയം ഇബ്രാഹിം ബേവിഞ്ചയിലെ എഴുത്തുകാരനെ പോഷിപ്പിക്കുന്നതില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥിയായിരിക്കെ സഹപാഠി എം.എ. റഹ്‌മാനൊപ്പം തൃശൂരില്‍ സാഹിത്യ ക്യാമ്പില്‍ പങ്കെടുത്തത് അദ്ദേഹം പലപ്പോഴും പങ്കുവെക്കാറുണ്ടായിരുന്നു. ക്ഷോഭിക്കുന്നവരുടെ സുവിശേഷം എന്ന കയ്യെഴുത്ത് മാസിക അദ്ദേഹം നടത്തിയിരുന്നു.
ഇബ്രാഹിം ബേവിഞ്ച എന്ന പ്രതിഭയെ തേടിവരാത്ത പുരസ്‌കാരങ്ങള്‍ വിരളമാണ്. അബൂദാബി കാസര്‍കോട് ജില്ല കെ.എം.സി.സി അവാര്‍ഡ്, അബൂദാബി റൈറ്റേഴ്‌സ് ഫോറം അവാര്‍ഡ്, ദുബായ് ടി. ഉബൈദ് അവാര്‍ഡ്, തളങ്കര റഫി മഹല്‍ അവാര്‍ഡ്, നടുത്തോപ്പില്‍ അബ്ദുല്ല സ്മാരക പുരസ്‌കാരം, മുസ്ലിം വെല്‍ഫെയര്‍ അസോസിയേഷന്‍ പുരസ്‌കാരം തുടങ്ങി ഒട്ടേറെ അവാര്‍ഡുകള്‍ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
ഒട്ടേറെ സാഹിത്യ-സാംസ്‌കാരിക അമരത്തും അദ്ദേഹം പ്രവര്‍ത്തിച്ചു. നിരവധി എഴുത്തുകാരെയും സാഹിത്യപ്രവര്‍ത്തകരെയും കൈപിടിച്ചുയര്‍ത്തുകയും എഴുത്തു വഴിയില്‍ സജീവമാക്കുകയും ചെയ്തു. രാജ്യത്തിനകത്തും പുറത്തുമായി നിരവധി ശിഷ്യന്‍മാര്‍ അദ്ദേഹത്തിനുണ്ട്.


-ടി.എ.എസ്‌

Related Articles
Next Story
Share it