ഹസീബ്: നന്മയാര്‍ന്ന ജീവിതം കൊണ്ട് സമ്പന്നനായവന്‍

ചില മനുഷ്യര്‍ അവര്‍ നമ്മളൊടൊന്നിച്ചുണ്ടായ കാലങ്ങളിലല്ല, മറിച്ച് അവര്‍ നമ്മോടൊന്നിച്ചുണ്ടായ നിമിഷങ്ങളിലൂടെ നമ്മളിലേക്ക്, നമ്മുടെ ഹൃദയങ്ങളിലേക്ക് ആഴ്ന്നിറങ്ങിയ തുലോം, തുച്ചം നിമിഷങ്ങള്‍ മൂലമായിരിക്കും നാമവരെ അനുഭവിച്ചറിയുകയും ഓര്‍ക്കുകയും ചെയ്യുക.അങ്ങനെ ഒരു ജന്മമായിരുന്നു ഹസീബിന്റേത്. നാട് ഞങ്ങള്‍ രണ്ടാളും തളങ്കരക്കാര്‍ ആണെങ്കിലും പ്രവാസ ഭൂമിക രണ്ട് തലങ്ങളില്‍ ആയതിനാല്‍ അത്ര കൂടുതല്‍ ആഴ്ന്ന ബന്ധങ്ങള്‍ ആയിരുന്നില്ല ഹസീബുമായി എനിക്ക്.അതിന് മാറ്റം വന്നത് ഈ കഴിഞ്ഞ ലോകകപ്പിന് ഖത്തറിലേക്ക് സുഹൃത്തുക്കളോടൊപ്പം യാത്ര പോയപ്പോള്‍ ആത്മമിത്രം ജലാല്‍ തായലിന്റെ അത്രയേറെ പ്രിയപ്പെട്ട […]

ചില മനുഷ്യര്‍ അവര്‍ നമ്മളൊടൊന്നിച്ചുണ്ടായ കാലങ്ങളിലല്ല, മറിച്ച് അവര്‍ നമ്മോടൊന്നിച്ചുണ്ടായ നിമിഷങ്ങളിലൂടെ നമ്മളിലേക്ക്, നമ്മുടെ ഹൃദയങ്ങളിലേക്ക് ആഴ്ന്നിറങ്ങിയ തുലോം, തുച്ചം നിമിഷങ്ങള്‍ മൂലമായിരിക്കും നാമവരെ അനുഭവിച്ചറിയുകയും ഓര്‍ക്കുകയും ചെയ്യുക.
അങ്ങനെ ഒരു ജന്മമായിരുന്നു ഹസീബിന്റേത്. നാട് ഞങ്ങള്‍ രണ്ടാളും തളങ്കരക്കാര്‍ ആണെങ്കിലും പ്രവാസ ഭൂമിക രണ്ട് തലങ്ങളില്‍ ആയതിനാല്‍ അത്ര കൂടുതല്‍ ആഴ്ന്ന ബന്ധങ്ങള്‍ ആയിരുന്നില്ല ഹസീബുമായി എനിക്ക്.
അതിന് മാറ്റം വന്നത് ഈ കഴിഞ്ഞ ലോകകപ്പിന് ഖത്തറിലേക്ക് സുഹൃത്തുക്കളോടൊപ്പം യാത്ര പോയപ്പോള്‍ ആത്മമിത്രം ജലാല്‍ തായലിന്റെ അത്രയേറെ പ്രിയപ്പെട്ട സുഹൃത്തും (ഹസീബ് സുഖമില്ലാതെ ഹോസ്പിറ്റലില്‍ ആയ നാള്‍ തൊട്ട്അവസാനം അവന്‍ മരണത്തിന്ന് കീഴടങ്ങി മയ്യത്ത് നാട്ടിലെത്തുന്നത് വരെ, നാട്ടുകാരായ സുഹൃത്തുക്കള്‍ക്കൊപ്പവും തനിച്ചും ഷാര്‍ജയില്‍ നിന്നും മൂന്നു പ്രാവശ്യമാണ് ജലാല്‍ പ്രിയപ്പെട്ടനെ കാണാനായി ഖത്തറിലെ മണ്ണിലേക്ക് എത്തിയത്) അയല്‍വാസിയും ആയിരുന്നതിനാലും, പ്രിയ സുഹൃത്തും സജീവ ജീവകാരുണ്യ പ്രവര്‍ത്തകനുമായ ശാക്കിര്‍ കാപ്പിയുടെ സന്തതസഹചാരിയും, ഖത്തര്‍ കെ.എം.സി.സിയില്‍ സഹപ്രവര്‍ത്തകന്‍ ആയതിനാലും ഖത്തര്‍ ലോകകപ്പ് യാത്രയില്‍ ഹസീബുമായി നന്നായി ഇടപഴകാന്‍ സാധിച്ചു.
തുടര്‍ന്ന് അടുത്ത മാസം തന്നെ ലോകമാകമാനമുള്ള തളങ്കരക്കാരുടെ ഒന്നടങ്കം ആഘോഷമായ മാലിക് ദീനാര്‍ ഉറൂസ് ദിവസങ്ങളില്‍ നേരം ഏറെ വൈകുവോളമുള്ള തിരക്കാര്‍ന്ന വളണ്ടിയര്‍ പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ്, പള്ളിക്ക് 100 മീറ്റര്‍ മാത്രം അകലെയുള്ള ജലാലിന്റെ വീട്ടില്‍ വളരെ വൈകുവോളം, ഒരുവേള ചില രാവുകളില്‍ പുലര്‍ച്ചെ വരെ ഹില്‍സിന്റെ പ്രവര്‍ത്തകരോടൊപ്പം, അവരുടെ അതിഥികളായി, അവരിലൊരാളായി ഭക്ഷണവും കളി തമാശകളുമായി മറ്റ് സുഹൃത്തുക്കളോടുമൊപ്പം സമയം ചെലവഴിച്ച നിമിഷങ്ങളില്‍ പ്രത്യേകം ശ്രദ്ധയാകര്‍ഷിച്ച ഒരു ക്യാരക്ടര്‍ ആയിരുന്നു ഹസീബിന്റേത്.
എത്ര ചെറിയവന്‍ ആയാലും മുതിര്‍ന്നവരായാലും ഹസീബിനോട് തമാശ പങ്കിടുകയും, അവനെ ട്രോളുകയും അവന്‍ തിരിച്ചും ട്രോളുകയും, എല്ലാം ആ ഒരു സെന്‍സില്‍ മാത്രം എടുക്കുകയും, എല്ലാവരോടും പുഞ്ചിരിക്കുകയും ചെയ്തിരുന്ന ആ വെളുത്ത് സുമുഖനായ ചെറുപ്പക്കാരന്‍ ഈ വിനീതന്റെയും, ഒപ്പം അന്ന് അവിടെ ഒന്നിച്ചുണ്ടായിരുന്ന മുഴുവന്‍ സുഹൃത്തുക്കളുടെയും മനസില്‍ നിന്നും എത്ര കാലങ്ങള്‍ മാലിക് ദീനാര്‍ ഉറൂസ് ഉണ്ടോ അത്രയും കാലം മറക്കില്ല എന്ന് ഉറപ്പാണ്.
ആ കാലയളവില്‍ തന്നെ നടന്ന ഹില്‍സ് വളണ്ടിയേര്‍സ് പ്രീമിയര്‍ ലീഗില്‍ ഹസീബിന്റെ നേതൃത്വത്തിലുള്ള ടീമില്‍ കളിക്കാനും ഒരു തികഞ്ഞ സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റിന്റെ ഉടമയായ നായകനായ ഹസീബിന്റെ മറ്റൊരു ക്യാരക്ടര്‍ അവിടെവെച്ച് ദര്‍ശിക്കാനും ഇടയായി.
പറഞ്ഞുവരുന്നത് ഒരാള്‍ നമ്മളോടൊപ്പം എത്രകാലം ചെലവഴിച്ചു എന്നതിലല്ല, മറിച്ച് അദ്ദേഹം നമ്മോടൊപ്പം ചെലവഴിച്ചത് വെറും ചില നിമിഷങ്ങള്‍ മാത്രമാണെങ്കിലും നമ്മുടെ മനസ്സില്‍ അദ്ദേഹത്തെ കുറിച്ചുള്ള നല്ല ഓര്‍മ്മകള്‍ക്ക് ഇടയാക്കിയിട്ടുണ്ട് എങ്കില്‍...
സുഹൃത്തേ നീ എത്ര ഭാഗ്യവാനാണ്. മരണശേഷം നല്ലത് പറയുക എന്നത് മനുഷ്യസഹജമാണ് എന്ന് കരുതാം.
പക്ഷേ നിന്നെക്കുറിച്ച് ഒരുവേള മരിക്കുന്നതിന് മുമ്പ് തന്നെ നാട്ടുകാരും കുടുംബക്കാരും സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും പ്രവാസ ലോകത്തുള്ള എത്രയോ ആളുകള്‍ എത്രയേറെ നന്മ പറഞ്ഞിരിക്കാം, ദുആ ചെയ്തിരിക്കും.
ഖത്തര്‍ കെ.എം.സി.സിയില്‍ എണ്ണയിട്ട യന്ത്രം കണക്കെയാണ് നിങ്ങളുടെ ടീമിന്റെ പ്രവര്‍ത്തനമെന്ന് അഭിമാനത്തോടെ നിന്റെ സുഹൃത്തുക്കള്‍ പറഞ്ഞ് കേള്‍ക്കാറുള്ളത് ഖത്തറിലെ സന്ദര്‍ശനവേളയില്‍ ഞങ്ങള്‍ നേരിട്ട് കണ്ടനുഭവിച്ചതാണ്.
സാമൂഹ്യസേവനത്തില്‍ ഏല്‍പ്പിക്കപ്പെടുന്ന ജോലികള്‍ ഏറെ കൃത്യതയോടെ ചെയ്യുന്നതോടൊപ്പം കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും നീയൊരു മുതല്‍ കൂട്ടായിരുന്നു എന്ന സത്യവും നിന്റെ സുഹൃത്തുക്കളില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞു.
നിന്നെക്കുറിച്ച് നന്മ പറഞ്ഞവരുടെ ഓരോ ഹര്‍ഫിനും നാഥന്‍ നൂറു നൂറിരട്ടി പ്രതിഫലം ഇട്ടു നല്‍കുകയും അത് നിന്റെ ഖബര്‍, പാരത്രിക ലോക വിജയത്തിലേക്ക് മുതല്‍ക്കൂട്ടാവുകയും ചെയ്യുമാറാകട്ടെ എന്ന് ആത്മാര്‍ത്ഥമായി ദുആ ചെയ്യുന്നു.


-താത്തു തല്‍ഹത്ത്‌

Related Articles
Next Story
Share it