ഡോ.എം.കെ.നായര്‍: വിട പറഞ്ഞത് കാര്‍ഷിക ഗവേഷണ രംഗത്തെ അതികായന്‍

രാജ്യത്തിനകത്തും വിദേശത്തും അറിയപ്പെടുന്ന കാര്‍ഷിക ശാസ്ത്രജ്ഞനായിരുന്നു മുളിയാര്‍ കരിച്ചേരി തറവാട്ടു കാരണവര്‍ ആയിരുന്ന ഈയിടെ അന്തരിച്ച ഡോ. എം. കുഞ്ഞമ്പു നായര്‍. കോയമ്പത്തൂര്‍ കരിമ്പു ഗവേഷണ കേന്ദ്രത്തില്‍ ശാസ്ത്രജ്ഞനായി ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹം ഹരിയാന കര്‍ണാല്‍ കേന്ദ്ര കരിമ്പു ഗവേഷണ കേന്ദ്രം ഡയറക്ടര്‍, കോഴിക്കോട് കേന്ദ്ര സുഗന്ധ വ്യഞ്ജന ഗവേഷണ കേന്ദ്രം (നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സ്പൈസസ് റിസര്‍ച്ച്) സ്ഥാപക ഡയറക്ടര്‍, ഡയറക്ടറേറ്റ് ഓഫ് ഇമവെലം റിസര്‍ച്ച് ഡയറക്ടര്‍, ഓയില്‍ പാം ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍, കാസര്‍കോട് […]

രാജ്യത്തിനകത്തും വിദേശത്തും അറിയപ്പെടുന്ന കാര്‍ഷിക ശാസ്ത്രജ്ഞനായിരുന്നു മുളിയാര്‍ കരിച്ചേരി തറവാട്ടു കാരണവര്‍ ആയിരുന്ന ഈയിടെ അന്തരിച്ച ഡോ. എം. കുഞ്ഞമ്പു നായര്‍. കോയമ്പത്തൂര്‍ കരിമ്പു ഗവേഷണ കേന്ദ്രത്തില്‍ ശാസ്ത്രജ്ഞനായി ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹം ഹരിയാന കര്‍ണാല്‍ കേന്ദ്ര കരിമ്പു ഗവേഷണ കേന്ദ്രം ഡയറക്ടര്‍, കോഴിക്കോട് കേന്ദ്ര സുഗന്ധ വ്യഞ്ജന ഗവേഷണ കേന്ദ്രം (നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സ്പൈസസ് റിസര്‍ച്ച്) സ്ഥാപക ഡയറക്ടര്‍, ഡയറക്ടറേറ്റ് ഓഫ് ഇമവെലം റിസര്‍ച്ച് ഡയറക്ടര്‍, ഓയില്‍ പാം ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍, കാസര്‍കോട് സി.പി.സി.ആര്‍. ഐ. ഡയറക്ടര്‍ എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചിരുന്നു. അദ്ദേഹം മുന്‍കയ്യെടുത്തു കിടൂര്‍ സി.പി.സി.ആര്‍.ഐ ഉപകേന്ദ്രത്തില്‍ സ്ഥാപിച്ച നാളികേര ജീന്‍ ബാങ്ക് ലോകപ്രസിദ്ധമാണ്. നാളികേരം, അടക്ക, കുരുമുളക്, മഞ്ഞള്‍ എന്നിവയില്‍ അത്യുല്‍പാദന ശേഷിയുള്ള ഒട്ടേറെ നൂതന ഇനങ്ങള്‍ അദ്ദേഹം വികസിപ്പിച്ചെടുത്തിരുന്നു. ഇന്ത്യയിലും വിദേശത്തുമായി കാര്‍ഷിക സെമിനാറുകളില്‍ 250 ഓളം പ്രബന്ധങ്ങള്‍ അവതരിപ്പിക്കുകയും 8 ശാസ്ത്ര പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു.
മുളിയാര്‍ കരിച്ചേരി തറവാട് പുനരുദ്ധാരണ/പുനപ്രതിഷ്ടാ നിര്‍മാണ കമ്മിറ്റിയുടെ പ്രസിഡണ്ടും മുഖ്യ രക്ഷാധികാരിയുമായും നേതൃനിരയില്‍ നിന്നു പ്രവര്‍ത്തിച്ചിരുന്ന കാര്യം പ്രത്യേകം എടുത്തു പറയേണ്ടതുണ്ട്. അദ്ദേഹവും സഹോദരന്‍ പരേതനായ മൂല നാരായണന്‍ നായര്‍, ഒതോത്ത് കുഞ്ഞമ്പു നായര്‍, അപ്പുക്കുട്ടന്‍ നായര്‍ എന്നിവരൊക്കെയായിരുന്നു തറവാട്ടിന്റെ ആദ്യകാല പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു നടത്താന്‍ നേതൃത്വം നല്‍കിയത്. ഭാര്യ പരേതയായ ഡോ.എം.ജെ. രത്‌നാമ്പാള്‍ സി.പി.സി.ആര്‍.ഐ. യില്‍ തന്നെ സീനിയര്‍ സയന്റിസ്റ്റ് ആയിരുന്നു. ഏക മകന്‍ ഡോ. രാജേഷ് കുമാര്‍ കാസര്‍കോട് സി.പി.സി.ആര്‍.ഐ. യില്‍ സീനിയര്‍ സയന്റിസ്റ്റാണ്.
ഡോ. എം.കെ. നായര്‍ തമിഴ്‌നാട് കോയമ്പത്തൂരിലെ കാര്‍ഷിക സര്‍വകലാശാലയില്‍ നിന്ന് 1959ല്‍ ബി.എസ്.സി അഗ്രിക്കള്‍ച്ചര്‍ ബിരുദം കരസ്ഥമാക്കി. 1962ല്‍ സൈറ്റോ ജെനി ടിക്‌സില്‍ ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയ അദ്ദേഹം തുടര്‍ന്ന് നടത്തിയ ഗവേഷണം മദ്രാസ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ജനിടിക്‌സില്‍ പി.എച്ച്.ഡി ബിരുദം നേടിക്കൊടുത്തു. കോയമ്പത്തൂര്‍ കരിമ്പ് ഗവേഷണ കേന്ദ്രത്തില്‍ 1963ല്‍ ജോലിയില്‍ പ്രവേശിച്ച അദ്ദേഹം 1972ല്‍ കാസര്‍കോട് കേന്ദ്ര തോട്ടവിള ഗവേഷണകേന്ദ്രത്തില്‍ ശാസ്ത്രജ്ഞനായി ജോലിയില്‍ പ്രവേശിച്ചു. പിന്നീട് അദ്ദേഹം വ്യാപരിച്ച മേഖലകളില്‍ തിരിഞ്ഞ് നോക്കേണ്ടി വന്നില്ല. രാജ്യത്ത് കാര്‍ഷിക വിപ്ലവം നടന്നുവന്ന കാലഘട്ടമായിരുന്നു. സുഗന്ധദ്രവ്യങ്ങളില്‍ ഗവേഷണവുമായി മുന്നോട്ട് കുതിച്ച എം.കെ.നായര്‍ സി.പി.സി.ആര്‍.ഐയുടെ കീഴില്‍ കോഴിക്കോട്ട് സുഗന്ധദ്രവ്യങ്ങളുടെ മേഖലാ ഗവേഷണ കേന്ദ്രം സ്ഥാപിച്ചു. ഇതാണ് പിന്നീട് ദേശീയ സുഗന്ധദ്രവ്യ ഗവേഷണ കേന്ദ്രമായി വളര്‍ന്ന് വന്നത്.
അദ്ദേഹത്തിന്റെ ഈ മേഖലയിലുളള സ്തുത്യര്‍ഹമായ ഗവേഷണവും സംഭാവനകളും പരിഗണിച്ച് 2006ല്‍ സുഗന്ധഭാരതി അവാര്‍ഡ് നേടിക്കൊടുത്തു. 1986ലാണ് അദ്ദേഹം കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം ഡയറക്ടറായി ചുമതലയേല്‍ക്കുന്നത്. തന്റെ ആത്മാര്‍ത്ഥമായ പഠനവും ഗവേഷണവും നേതൃപാടവും ഒരുപാട് ഉത്തരവാദിത്വത്തിലേക്ക് അദ്ദേഹത്തെ കൊണ്ടെത്തിച്ചു. ദേശീയ സുഗന്ധദ്രവ്യ ഗവേഷണ കേന്ദ്രം, ദേശീയ കശുമാവു ഗവേഷണ കേന്ദ്രം, ഗോവയിലെ ഐ.സി.എ.ആര്‍ ഗവേഷണകേന്ദ്രം, പെഡഗേവി ഓയില്‍ പാം ഗവേഷണ കേന്ദ്രം എന്നിവിടങ്ങളില്‍ ഡയറക്ടറുടെ അധിക ചുമതലയും അദ്ദേഹം വഹിക്കുകയുണ്ടായി.
അന്താരാഷ്ട്ര രംഗത്ത് കുരുമുളക് ഗവേഷണത്തില്‍ ഭാരതത്തിന്റെ പ്രതിനിധി ആയ അദ്ദേഹം ഏഷ്യ പെസഫിക്ക് മേഖലയില്‍ നാളികേരത്തെക്കുറിച്ചും പ്രഭാഷണം നടത്തി. രണ്ട് തവണ ജേര്‍ണല്‍ ഓഫ് പ്ലാന്റേഷന്‍ ക്രോപ്‌സിന്റെ പ്രസിഡണ്ടായി. നിരവധി ശാസ്ത്ര സമിതികളില്‍ അധ്യക്ഷനായും ഉപദേശകനായും പ്രവര്‍ത്തിച്ച അദ്ദേഹം തമിഴ് നാട്ടിലെ പുഷ്പ കൃഷിയെ പരിപോഷിപ്പിക്കുന്ന ഉന്നതതല കമ്മിറ്റിയില്‍ അംഗമായിരുന്നു. തെങ്ങിന്‍ തൈകളിലെ രണ്ട് ജനിതക രൂപങ്ങളും രണ്ട് അത്യുല്‍പ്പാദക കുരുമുളക് വള്ളികളും മഞ്ഞളിന്റെ രണ്ട് വകഭേദങ്ങളും ഒരു കമുക് ഇനവും രൂപപ്പെടുത്തുന്നതില്‍ അദ്ദേഹം വിജയിച്ചു. കാര്‍ഷിക ഗവേഷണ രംഗത്ത് 8 പുസ്തകങ്ങള്‍ അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടാതെ 150 ഓളം ഗവേഷണ പ്രബന്ധങ്ങള്‍ ദേശീയ അന്തര്‍ദേശീയ സെമിനാറുകളില്‍ അവതരിപ്പിക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. യൂറോപ്പ്, ആഫ്രിക്ക, പെസഫിക്ക് മേഖല, തെക്ക് കിഴക്കന്‍ ഏഷ്യ എന്നിവിടങ്ങളില്‍ മിക്ക രാജ്യങ്ങളും സന്ദര്‍ശിച്ചിട്ടുണ്ട്.
1981 കാലഘട്ടം മുതലുള്ള കുടുംബ ബന്ധമാണ് അദ്ദേഹവുമായി എനിക്കുള്ളത്. കാസര്‍കോട്ടെ നിരവധി കാര്‍ഷിക, വിദ്യാഭ്യസ, സാംസ്‌കാരിക പരിപാടികളില്‍ നിറ സാന്നിദ്ധ്യമായിരുന്നു ഡോ. എം.കെ. നായര്‍. കാസര്‍കോട്ട് പ്രൊഫ. ടി.സി.മാധവപ്പണിക്കരുടെ നേതൃത്വത്തില്‍ നടന്ന കാര്‍ഷിക പുഷ്പഫല പ്രദര്‍ശനത്തിന് വേണ്ട സഹായ സഹകരണങ്ങള്‍ അദ്ദേഹത്തില്‍ നിന്നുണ്ടായി. ഗവ.കോളേജില്‍ ജിയോളജി വിഭാഗം സംഘടിപ്പിച്ച പ്രൊഫ ടി.സി.മാധവപ്പണിക്കര്‍ എന്‍ഡോവ്‌മെന്റ് പ്രഭാഷണവും അദ്ദേഹം നടത്തി. കോളേജില്‍ നടത്തിയ ശാസ്ത്ര പ്രദര്‍ശനത്തിനും അദ്ദേഹത്തിന്റെ പിന്തുണ ഉണ്ടായിരുന്നു. മരുമകള്‍ സി.വിദ്യ, രണ്ട് പേരക്കുട്ടികള്‍ എന്നിവരുമൊത്ത് മംഗലാപുരത്ത് താമസിച്ച് വരികയായിരുന്നു അവസാന നാളുകളില്‍.
അദ്ദേഹത്തിന്റെ സ്‌നേഹവാത്സല്യങ്ങള്‍ ഏറെ അനുഭവിച്ച എനിക്ക് മംഗലാപുരം സര്‍വകലാശാലയില്‍ എംഫില്‍ പഠനം നടത്തുമ്പോള്‍ സി.പി.സി.ആര്‍.ഐ സോയില്‍ കെമിസ്ട്രി പരീക്ഷണശാലയിലെ സൗകര്യങ്ങള്‍ യാതൊരു ഉപാധിയും കൂടാതെ അനുവദിച്ച കാര്യം ഇവിടെ നന്ദിയോടെ സ്മരിക്കുന്നു. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യ ശാന്തി നേരുന്നു.


-പ്രൊഫ. വി. ഗോപിനാഥന്‍

Related Articles
Next Story
Share it