ചെര്‍ക്കളയുടെ സ്വന്തം ഡോക്ടര്‍ വിടവാങ്ങി
ചെങ്കള, മുളിയാര്‍ പഞ്ചായത്തുകളിലെ ജനജീവിതത്തില്‍ ഡോ. ലത്തീഫുണ്ടായിരുന്നു. ചെര്‍ക്കളയുടെ സ്വന്തം ഡോക്ടര്‍. അവരുടെ സന്തോഷത്തിലും ദു:ഖത്തിലും ആഘോഷങ്ങളിലും അദ്ദേഹം മനസ്സറിഞ്ഞ പങ്കാളിയായിരുന്നു. അദ്ദേഹത്തിന്റെ സ്റ്റെതസ്‌കോപ് സൂക്ഷ്മമായി താളം പിടിക്കാത്ത ഹൃദയങ്ങള്‍ കഴിഞ്ഞ അറുപത് ആണ്ടുകള്‍ക്കിടയില്‍ ജീവിക്കുന്നവരും മരിച്ചവരും ആയ ആബാല സ്ത്രീ പുരുഷാരത്തില്‍ അധിക പേര്‍ ഉണ്ടാവില്ല ഈ പരിസരത്ത്. നേരിയ ശാരീരിക അസ്വസ്ഥതയായാലും മാരകമായ രോഗലക്ഷണമായാലും ഏതൊരാള്‍ക്കും അത് ലത്തീഫ് തിട്ടപ്പെടുത്തണം. അവര്‍ക്ക് സ്‌പെഷലിസ്റ്റുകളൊക്കെ പിന്നെയെയുള്ളൂ. മരണമെന്ന് ഉറപ്പു വരുത്തണമെങ്കില്‍ പോലും പല കേസുകളിലും ഡോ. […]
ചെങ്കള, മുളിയാര്‍ പഞ്ചായത്തുകളിലെ ജനജീവിതത്തില്‍ ഡോ. ലത്തീഫുണ്ടായിരുന്നു. ചെര്‍ക്കളയുടെ സ്വന്തം ഡോക്ടര്‍. അവരുടെ സന്തോഷത്തിലും ദു:ഖത്തിലും ആഘോഷങ്ങളിലും അദ്ദേഹം മനസ്സറിഞ്ഞ പങ്കാളിയായിരുന്നു. അദ്ദേഹത്തിന്റെ സ്റ്റെതസ്‌കോപ് സൂക്ഷ്മമായി താളം പിടിക്കാത്ത ഹൃദയങ്ങള്‍ കഴിഞ്ഞ അറുപത് ആണ്ടുകള്‍ക്കിടയില്‍ ജീവിക്കുന്നവരും മരിച്ചവരും ആയ ആബാല സ്ത്രീ പുരുഷാരത്തില്‍ അധിക പേര്‍ ഉണ്ടാവില്ല ഈ പരിസരത്ത്. നേരിയ ശാരീരിക അസ്വസ്ഥതയായാലും മാരകമായ രോഗലക്ഷണമായാലും ഏതൊരാള്‍ക്കും അത് ലത്തീഫ് തിട്ടപ്പെടുത്തണം. അവര്‍ക്ക് സ്‌പെഷലിസ്റ്റുകളൊക്കെ പിന്നെയെയുള്ളൂ. മരണമെന്ന് ഉറപ്പു വരുത്തണമെങ്കില്‍ പോലും പല കേസുകളിലും ഡോ. […]
ചെങ്കള, മുളിയാര്‍ പഞ്ചായത്തുകളിലെ ജനജീവിതത്തില്‍ ഡോ. ലത്തീഫുണ്ടായിരുന്നു. ചെര്‍ക്കളയുടെ സ്വന്തം ഡോക്ടര്‍. അവരുടെ സന്തോഷത്തിലും ദു:ഖത്തിലും ആഘോഷങ്ങളിലും അദ്ദേഹം മനസ്സറിഞ്ഞ പങ്കാളിയായിരുന്നു. അദ്ദേഹത്തിന്റെ സ്റ്റെതസ്‌കോപ് സൂക്ഷ്മമായി താളം പിടിക്കാത്ത ഹൃദയങ്ങള്‍ കഴിഞ്ഞ അറുപത് ആണ്ടുകള്‍ക്കിടയില്‍ ജീവിക്കുന്നവരും മരിച്ചവരും ആയ ആബാല സ്ത്രീ പുരുഷാരത്തില്‍ അധിക പേര്‍ ഉണ്ടാവില്ല ഈ പരിസരത്ത്. നേരിയ ശാരീരിക അസ്വസ്ഥതയായാലും മാരകമായ രോഗലക്ഷണമായാലും ഏതൊരാള്‍ക്കും അത് ലത്തീഫ് തിട്ടപ്പെടുത്തണം. അവര്‍ക്ക് സ്‌പെഷലിസ്റ്റുകളൊക്കെ പിന്നെയെയുള്ളൂ. മരണമെന്ന് ഉറപ്പു വരുത്തണമെങ്കില്‍ പോലും പല കേസുകളിലും ഡോ. ലത്തീഫ് തന്നെ വേണം. ഈ വലിയൊരു ഭൂപ്രദേശത്ത് അദ്ദേഹത്തിന്റെ പേരിന് മുമ്പില്‍ ഡോക്ടര്‍ എന്ന് ആരും ചേര്‍ത്ത് പറയില്ല. കാരണം അവര്‍ക്ക് ഡോക്ടറുടെ പര്യായം ലത്തീഫ് എന്നാണ്. ആതുരരംഗത്ത് മാത്രമുള്ള അനിവാര്യതയായിരുന്നില്ല ഡോ. ലതീഫ്. തദ്ദേശീയരുടെ കല്യാണമായിരുന്നാലും മരണമായാലും അദ്ദേഹം അവിടെയുണ്ടാകും. പണശേഷി സാമൂഹിക വലിപ്പത്തിന്റെ അളവു കോലായി കണക്കാക്കിയ ഒരു കെട്ട സാമൂഹിക പരിസരത്തായിട്ടും തന്റെ സേവനത്തിന് വാങ്ങുന്ന ഫീസിന്റെ മൂല്യവും ജീവന്റ വിലയും പാവപ്പെട്ടവന്റേതും പണക്കാരന്റേതും തുല്യം തന്നെയാണെന്ന് ബോധ്യമുള്ള അദ്ദേഹം സാമൂഹിക ചടങ്ങുകള്‍ക്കായിരുന്നാലും ഏത് കുടിലിലും കൊട്ടാരത്തിലും പോകുമായിരുന്നു. അതദ്ദേഹത്തിന്റെ സൗമനസ്യം; കടമയായിരുന്നില്ല.
മുമ്പൊക്കെ ശയ്യാവലംബ രോഗികളെ ചികിത്സിക്കാന്‍ ഡോക്ടര്‍മാര്‍ വീട് സന്ദര്‍ശിക്കുമായിരുന്നു. ലത്തീഫും അങ്ങനെ ചെയ്തിരുന്നു.
പിഞ്ഞാണത്തൊപ്പിയും വെള്ള കുപ്പായവും കാക്കി ട്രൗസറും കൂളിംഗ് ഗ്ലാസുമായി ജാവ മോട്ടോര്‍ ബൈക്കില്‍ ഗൃഹസന്ദര്‍ശനം നടത്തിയിരുന്ന മറ്റൊരു ഡോക്ടറെ ഓര്‍മ്മയുണ്ട്. ജി.സി.ഐ.എം ബിരുദം മാത്രമുണ്ടായിരുന്ന സവര്‍ണനായ ആ ഡോക്ടര്‍ 'കുഞ്ഞു മാവിന്റടി ഡോക്ടര്‍' എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ഇന്നും എനിക്ക് അദ്ദേഹത്തിന്റെ പേരറിയില്ല. മുമ്പ് കുഞ്ഞുമാവിന്റടിയായിരുന്ന ഇന്നത്തെ വിദ്യാനഗറിലായിരുന്നു ക്ലിനിക്ക്. ഇന്നും അവിടെ അദ്ദേഹത്തിന്റെ കുടുംബക്കാര്‍ നടത്തുന്ന ക്ലിനിക്ക് ഉണ്ട്. ഡോ. ലത്തീഫിന് സ്വന്തമായി ക്ലിനിക്കില്ലായിരുന്നു. ചെര്‍ക്കള പി.എച്ച്.സിയില്‍ ഡോക്ടറായി ചേര്‍ന്നത് മുതല്‍ സ്വന്തമായി വീടെടുക്കുന്നത് വരെ ആസ്പത്രിക്കും ചെര്‍ക്കള സ്‌ക്കൂളിനും അടുത്തുള്ള വാടക വീട്ടിലായിരുന്നു അദ്ദേഹം താമസം. ആസ്പത്രിയിലെ ഡ്യൂട്ടി സമയത്തിന് ശേഷം വീട്ടില്‍ തുച്ഛമായ ഫീസിന് രോഗികളെ തരവും സമയവും നോക്കാതെ ലത്തീഫ് ചികിത്സിച്ചിരുന്നു.
മഞ്ഞും മഴയും വകവെക്കാതെ ആവശ്യമുള്ളിടത്ത് വീടുകളില്‍ പോയി ചികിത്സിക്കാനും അദ്ദേഹം തയ്യാറായിരുന്നു. ഫീസായിരുന്നില്ല പരിഗണന.
പഴമക്കാര്‍ക്ക് ഓര്‍മയുണ്ടാവും പുരാതന ചെര്‍ക്കളം. നാല്‍ക്കവലയില്‍ വലിയ ഒരു വട വൃക്ഷം. വേണമെങ്കില്‍ ടൗണ്‍ എന്ന് വിളിക്കാവുന്നിടത്ത് ഭൂമുദ്രയായി ബാരിക്കാട് മമ്മദ്ച്ചാന്റെ വാടകസൈക്കിള്‍ കട, ഇവിടെ സ്ഥിര താമസമുറപ്പിച്ച മലപ്പുറത്തുകാരനായിരുന്ന സോഡ മമ്മെ എന്നയാളുടെ സോഡ ഫാക്ടറി, എവറസ്റ്റ് ഹോട്ടല്‍, മാസ്തിക്കുണ്ട് കുടുംബത്തിന്റെ തുണിക്കട, ഉണ്ണി നായരുടെ ചായക്കട, ചെങ്കളം മുനമ്പം അബ്ദുല്‍ ഖാദര്‍ച്ചാന്റെ 'അനാദി' പീടിക, കുഞ്ഞിരാമന്‍ വൈദ്യരുടെ വൈദ്യശാല, ചേരൂര്‍, മേനം (ബേവിഞ്ച) തുടങ്ങിയ വിസ്തൃത പ്രദേശങ്ങള്‍ക്കായി ആകെയുള്ള സ്റ്റോര്‍ എന്നറിയപ്പെട്ടിരുന്ന റേഷന്‍ കട. അത് നടത്തിയിരുന്നത് ബേവിഞ്ചയില്‍ കുടുംബ വേരുള്ള ബി.കെ.അബ്ദുല്ലച്ച, കുഞ്ഞാമുച്ച, അന്ത്കാര്‍ച്ച എന്നിവരടങ്ങിയ കുടുംബമായിരുന്നു. സ്റ്റോറുകാര്‍ എന്നാണ് ഇന്നും ഈ കുടുംബം അറിയപ്പെടുന്നത്. ആലംപാടിയിലെ ഉമ്പായിച്ച കുടുംബവും റേഷന്‍ കടയുടെ ഒരു ഭാഗം നടത്തിയിരുന്നുവെന്നാണ് ഓര്‍മ്മ. (ചില ചെറിയ സ്ഥാപനങള്‍ ഈ കുറിപ്പില്‍ മറന്നു പോയിട്ടുണ്ടാകാം).
ഏതാനും ബസ് സര്‍വീസുകള്‍ക്ക് പുറമെ പൊവ്വലിലെ ഖാലിദുച്ചാന്റെയും കണ്ണാടി മൊയ്തുച്ചാന്റയും പഴയ രണ്ടു വാടക അമ്പാസിഡര്‍ കാറുകളായിരുന്നു ചെര്‍ക്കളക്കുള്ള ഗതാഗത സൗകര്യങ്ങള്‍. കാറുകള്‍ക്ക് അധികവും കല്യാണ ട്രിപ്പുകളും ആസ്പത്രി ട്രിപ്പുകളുമായിരുന്നു.
ആമു മുസ്ലിയാരുടെ തുണി പീടിക തുടങ്ങി ചിലതെല്ലാം പിന്നീട് വന്നവയാണ്. അതുപോലെ മംഗല്‍പാടിയെ കഴിച്ചാല്‍ ഏറ്റവും കൂടുതല്‍ ജനസാന്ദ്രതയുള്ള ചെങ്കള പഞ്ചായത്തിനാകെയായി ആതുര രംഗത്തെ ഒരേയൊരു ആശ്രയമായി ചെര്‍ക്കളയില്‍ ചെങ്കള പ്രൈമറി ഹെല്‍ത്ത് സെന്ററും. അതില്‍ ഏറ്റവും കൂടുതല്‍ കാലം സേവനമനുഷ്ടിച്ച ഏക ഡോക്ടറായതോടെയാണ് ചെര്‍ക്കള, മുളിയാര്‍ പ്രദേശങ്ങളിലെ പൊതു സമൂഹത്തില്‍ ഡോ.ലത്തീഫ് ഇഴുകിച്ചേര്‍ന്നതും പ്രിയങ്കരനായിത്തീര്‍ന്നതും. ഉള്ള പരിമിതമായ സൗകര്യങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്തി അത്യന്തം ക്ഷമയോടെ ലത്തീഫ് സേവനം ചെയ്തു. ആസ്പത്രിയിലെ സേവന കാലയളവിന്റെ കാര്യത്തില്‍ ലത്തീഫിനെ നിലവിലുള്ള ജനപ്രിയങ്കരി തന്നെയായ ഡോ.ഷമീമ മറികടക്കുമോ എന്നറിയില്ല. പേരും കെട്ടിടവും മാറിയെന്നല്ലാതെ മറ്റു സൗകര്യങ്ങള്‍ ഇവിടെ പഴയതില്‍ നിന്ന് വലുതായി മാറിയിട്ടില്ല.
മൊഗ്രാലിലെ ഒരു വിദ്യാസമ്പന്നമായ പഴയ ആഢ്യത്തറവാട്ടില്‍ അംഗമായ ഈ ഡോക്ടര്‍ സ്വന്തം തറവാടിന് അകലെയല്ലാത്ത ചെര്‍ക്കളയില്‍ അര നൂറ്റാണ്ടിലേറെ അധിവസിക്കണമെങ്കില്‍ അവിടത്തെ ജനങ്ങളുമായി അത്രമേല്‍ ഇഴയടുപ്പം ഉണ്ടാകണമല്ലോ. അദ്ദേഹത്തിന് വിദ്യാസമ്പന്നരോട് പ്രത്യേകമായൊരു മമതയുണ്ടായിരുന്നു. അതാണ് ഞാനും അദ്ദേഹവും തമ്മിലുള്ള ഉറ്റ ബന്ധത്തിന് നിദാനം. ഞാന്‍ ഏത് ആസ്പത്രിയില്‍ നിന്ന് പ്രഷര്‍ പരിശോധിപ്പിച്ചാലും നാട്ടിലുണ്ടെങ്കില്‍ അത് ലത്തീഫ് റീ കണ്‍ഫേം ചെയ്താലെ എനിക്ക് തൃപ്തിയാകുമായിരുന്നുള്ളു. അത്രക്ക് വിശ്വാസമായിരുന്നു അദ്ദേഹത്തിന്റെ രോഗ നിര്‍ണ്ണയ സിദ്ധിയില്‍.
എന്റെ ഓര്‍മ്മയില്‍ തങ്ങി നില്‍ക്കുന്ന 45 വര്‍ഷങ്ങള്‍ അപ്പുറത്തെ ഒരു സംഭവമുണ്ട്.
8-5-1977ന് എന്റെ 'വീട്ടില്‍ കൂടലി'ന് എന്നെ കോട്ടിക്കുളത്തേക്ക് അനുഗമിച്ചിരുന്ന നിരനിരയായ വലിയ വാഹന വ്യൂഹം. തെക്കിലിനും ചട്ടഞ്ചാലിനുമിടയിലെ കാനത്തും കുണ്ട് വളവിലെത്തിയപ്പോള്‍ എതിരെ ഒരു ലോറി സ്പീഡില്‍ വന്നു. നിരയില്‍ മുന്നിലുണ്ടായിരുന്ന ഏതോ വണ്ടി സഡന്‍ ബ്രേക്കിട്ടപ്പോള്‍ പിന്നിലെ വണ്ടികള്‍ തുരുതുരെ ചെയിനായി പിന്നില്‍ നിന്ന് ഇടിച്ചു. ആഘാതത്തില്‍ ഏറ്റവും കൂടുതല്‍ ഉടവ് പറ്റിയത് ഡോ. ലത്തീഫിന്റെയും ബദരിയ അസിനാര്‍ച്ചാന്റയും കല്ലട്ര അബ്ബാസ് ഹാജിയുടെയും ഫിയറ്റ് കാറുകള്‍ക്കായിരുന്നു. ആര്‍ക്കും പരിഭവമുണ്ടായില്ലെന്നത് അവരുടെ സന്മനസ്. ഡോക്ടറും ഞാനും തമ്മില്‍ കാണുമ്പോള്‍ പലപ്പോഴും ആ സംഭവം അയവിറക്കി ഞങ്ങള്‍ ഗൃഹാതുരത പങ്കിടുമായിരുന്നു. എതിരെ വന്ന ലോറിയുടെ പേര് 'സക്കീന' എന്നായിരുന്നുവെന്നത് വല്ലാത്ത ഒരു യാദൃഛികത. എന്റെ ഭാര്യയുടെ പേരും സക്കീന.
സാധാരണ ഗതിയില്‍ ദുശ്ശകുനമാണെന്ന് വിഭ്രാന്തി പൂണ്ട് പിറ്റേന്നെങ്കിലും പരിഹാരത്തിനായി ഏതെങ്കിലും സിദ്ധനെ കാണാന്‍ പോകേണ്ടതായിരുന്നു. അത്തരം വിശ്വാസങ്ങളുടെ അസ്‌ക്കിതയൊന്നുമില്ലാത്തതിനാല്‍ അതൊരു സ്വാഭാവികതയായി കണക്കാക്കി. ദൈവ കൃപയാല്‍ ഞങ്ങളുടെ ദാമ്പത്യം 45 വര്‍ഷമായി സുഗമമായി മുന്നോട്ട് പോകുന്നു.
എന്റെ അയല്‍പക്കത്ത് വീടു വച്ച ചെര്‍ക്കളയിലെ ഒരു ഫാര്‍മസി പങ്കാളിയുടെ മാസങ്ങള്‍ക്ക് മുമ്പ് നടന്ന കുടി കൂടലിനാണ് ഞാന്‍ ഡോക്ടര്‍ ലത്തീഫിനെ അവസാനമായി കണ്ടത്. കറുപ്പിച്ച മുടിയുമായി കൃത്രിമ യുവത്വം നിലനിര്‍ത്തുന്ന വര്‍ക്കിടയില്‍ തുറന്നിട്ട പൂര്‍ണ നരബാധിത തലയും ബാല്യം തുളുമ്പുന്ന മുഖ പ്രസാദവുമായി ഈ പ്രായത്തിലും സജീവമായിരുന്നു അദ്ദേഹം. മുട്ടിന് അല്‍പം വേദനയുണ്ടായിരുന്നു അദ്ദേഹത്തിന്. ഓര്‍മക്കോ കൃത്യമായ രോഗ നിര്‍ണ്ണയത്തിനോ ഒരു ഭംഗവുമില്ലായിരുന്നു.
ഇത്രയെല്ലാം പൊതുജന ഇട പഴകലുകളുണ്ടായിട്ടും ഒരു ഘട്ടത്തിലും നാട്ടിലെ രാഷ്ട്രീയ, സാമൂഹിക ഭൂമികയില്‍ അദ്ദേഹം ഇടപെട്ടിരുന്നില്ല. പക്ഷം പിടിച്ചിട്ടുമില്ല. അത് കൊണ്ട് തന്നെ അദ്ദേഹത്തിന് എതിരാളികള്‍ ഉണ്ടായിരുന്നില്ല.
പുരോഗമന ചിന്താഗതി ഉള്‍ക്കൊണ്ട മത ഭക്തനായിരുന്ന അദ്ദേഹത്തെ തൊട്ടടുത്ത മുഹമ്മദിയ പള്ളിയില്‍ ചിലപ്പോഴൊക്കെ കണ്ടുമുട്ടാറുണ്ടായിരുന്നു.
സാമ്പത്തികമായി നല്ല ഭദ്രതയും വിദേശത്ത് ഉന്നത ഉദ്യോഗമുളള മക്കളും ഉണ്ടായിരുന്നിട്ടും ലളിതമായ ജീവിതമായിരുന്നു അദ്ദേഹം നയിച്ചിരുന്നത്.
ആതുര സേവന രംഗത്തെ ഒരു യുഗപ്പാതി പെട്ടെന്ന് അസ്തമിച്ചു പോയതറിഞ്ഞപ്പോള്‍ വല്ലാത്ത ദു:ഖം അനുഭവപ്പെട്ടു.
പരേതന് അല്ലാഹു മഗ്ഫിറത്തും മര്‍ഹമത്തും നല്‍കി അനുഗ്രഹിക്കട്ടെ. ആമീന്‍.
-അഡ്വ.ബേവിഞ്ച അബ്ദുല്ല