ആദര്‍ശത്തിന്റെ ആള്‍രൂപമായ ചൂരി അബ്ദുല്ല ഹാജി ഓര്‍മ്മയായിട്ട് 36 വര്‍ഷം

ഇന്ന് രാഷ്ട്രീയത്തില്‍ ഇറങ്ങുന്നവര്‍ക്ക് ഒരു ലക്ഷ്യമുണ്ട്. തന്റെ സാമ്രാജ്യം വിപുലപ്പെടുത്തുക. എന്നാല്‍ രാഷ്ട്രീയത്തിലിറങ്ങി വലിയ വ്യവസായങ്ങളൊക്കെ തുലച്ച് ഒന്നുമില്ലാതായ ചുരുക്കം നേതാക്കളുണ്ടാവാം. അങ്ങനെയുള്ള ഒരു നേതാവ് നമ്മുടെ ചുറ്റുവട്ടത്തില്‍ ജീവിച്ചിരുന്നു. പുതു തലമുറയില്‍പ്പെട്ട രാഷ്ടീയക്കാര്‍ക്ക് അറിയില്ലെങ്കിലും പഴമക്കാര്‍ ഇപ്പോഴും ആ പേര് ഓര്‍ത്തെടുക്കുകയാണ്; ചൂരി അബ്ദുല്ല ഹാജി. മുസ്ലീം ലീഗ് എന്ന പ്രസ്ഥാനത്തിന് വേണ്ടി അഹോരാത്രം കഷ്ടപ്പെടുകയും സ്വന്തമായുള്ളതൊക്കെ പാര്‍ട്ടിക്ക് വേണ്ടി സമര്‍പ്പിച്ചൊരു നേതാവ്. നേതാവ് എന്ന് പറയുന്നതിനെക്കാളും ഒരു സാദാ പാര്‍ട്ടി പ്രവര്‍ത്തകന്‍. മുസ്ലീം ലീഗ് […]

ഇന്ന് രാഷ്ട്രീയത്തില്‍ ഇറങ്ങുന്നവര്‍ക്ക് ഒരു ലക്ഷ്യമുണ്ട്. തന്റെ സാമ്രാജ്യം വിപുലപ്പെടുത്തുക. എന്നാല്‍ രാഷ്ട്രീയത്തിലിറങ്ങി വലിയ വ്യവസായങ്ങളൊക്കെ തുലച്ച് ഒന്നുമില്ലാതായ ചുരുക്കം നേതാക്കളുണ്ടാവാം. അങ്ങനെയുള്ള ഒരു നേതാവ് നമ്മുടെ ചുറ്റുവട്ടത്തില്‍ ജീവിച്ചിരുന്നു. പുതു തലമുറയില്‍പ്പെട്ട രാഷ്ടീയക്കാര്‍ക്ക് അറിയില്ലെങ്കിലും പഴമക്കാര്‍ ഇപ്പോഴും ആ പേര് ഓര്‍ത്തെടുക്കുകയാണ്; ചൂരി അബ്ദുല്ല ഹാജി. മുസ്ലീം ലീഗ് എന്ന പ്രസ്ഥാനത്തിന് വേണ്ടി അഹോരാത്രം കഷ്ടപ്പെടുകയും സ്വന്തമായുള്ളതൊക്കെ പാര്‍ട്ടിക്ക് വേണ്ടി സമര്‍പ്പിച്ചൊരു നേതാവ്. നേതാവ് എന്ന് പറയുന്നതിനെക്കാളും ഒരു സാദാ പാര്‍ട്ടി പ്രവര്‍ത്തകന്‍. മുസ്ലീം ലീഗ് ജില്ലാ ട്രഷറര്‍ സ്ഥാനം പോലും ഏറ്റെടുക്കേണ്ടി വന്നത് പാര്‍ട്ടി പ്രവര്‍ത്തകരുടെ നിരന്തരമായ അഭ്യര്‍ത്ഥനയേ തുടര്‍ന്നായിരുന്നു. സ്ഥാനമല്ല പാര്‍ട്ടിയാണ് വലുതെന്ന് പറഞ്ഞ നേതാവ്. ആദ്യകാല മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി അംഗമായിരുന്നു. പഴയ ബസ് സ്റ്റാന്റിന് സമീപത്തെ ഇന്ന് ഉത്തരദേശം കെട്ടിടം സ്ഥിതി ചെയ്യുന്ന സമീപത്തായിരുന്നു ചൂരി അബ്ദുല്ല ഹാജിയുടെ തറവാട് വീട്. ഈ വീട്ടിലായിരുന്നു അന്ന് മുസ്ലീം ലീഗ് സംസ്ഥാന - ജില്ലാ നേതാക്കളെല്ലാം ഒത്തുകൂടിയിരുന്നത്. ചര്‍ച്ചകളും യോഗങ്ങളും നടന്നത് ഈ വീട്ടുമുറ്റത്തും വരാന്തയിലുമായിരുന്നു. 1970 ല്‍ ബി.എം.അബ്ദുല്‍ റഹ്മാന്‍ സാഹിബ് നിയമസഭയില്‍ മത്സരിച്ചപ്പോള്‍ അതിന്റെ ചുക്കാന്‍ പിടിച്ചത് തന്നെ ചൂരി അബ്ദുല്ല ഹാജിയായിരുന്നു. അബ്ദുല്‍ റഹ്മാന്‍ ബാഫഖി തങ്ങള്‍, പാണക്കാട് പൂക്കോയ തങ്ങള്‍ തുടങ്ങിയ സമുന്ന നേതാക്കളൊക്കെ കാസര്‍കോട് എത്തിയാല്‍ ആദ്യം തേടുന്നത് ചൂരിഹാജിയേയാണ്. ഒരു സുപ്രഭാതത്തില്‍ പഴയ ബസ് സ്റ്റാന്റില്‍ സംസ്ഥാന നേതാക്കളടക്കമുള്ളവര്‍ പങ്കെടുക്കുന്ന സമ്മേളനം നടക്കുകയാണ്. സ്റ്റേജില്‍ കയറാറില്ലെങ്കിലും ചൂരി ഹാജി സമ്മേളന സ്ഥലത്ത് ഓടി നടക്കും. അന്ന് ചൂരി ഹാജിയെ കാണാനില്ല. അബ്ദുല്‍ റഹ്മാന്‍ ബാഫഖി തങ്ങള്‍ അന്വേഷിച്ചു. വീട്ടിലാണെന്ന വിവരം. വ്യാപാര തകര്‍ച്ചയില്‍ വിഷമത്തിലാണെന്നറിഞ്ഞതോടെ തങ്ങള്‍ ഉടന്‍ തന്നെ തളങ്കര കെ.എസ് അബ്ദുല്‍ ഖാദര്‍ സാഹിബിന്റെ വീട്ടിലേക്ക് പോയി. ചൂരി ഹാജി വിഷമത്തിലാണ്. ഒരു കൈത്താങ്ങാവണം. ചൂരി ഹാജിയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന നായന്മാര്‍മൂലയിലെ അഷറഫ് ടൈല്‍ കമ്പനി, ഉസ്മാനിയ സോമില്‍ എന്നിവയിലെല്ലാം കിടന്നതൊക്കെ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് വേണ്ടി ഉപയോഗിച്ചതിനാല്‍ വളരെ പ്രതിസന്ധിയിലാവുകയായിരുന്നു. സോമില്ലിന് വേണ്ടി അന്നത്തെ ലക്ഷക്കണക്കിന് രൂപയുടെ മരം പാട്ടത്തിന് എടുത്തെങ്കിലും സാമ്പത്തിക പ്രതിസന്ധി കാരണം അത് തിരിച്ചെടുക്കാനാവത്തതിനെത്തുടര്‍ന്ന് തീയിട്ട് നശിപ്പിക്കുകയായിരുന്നു. ബി.എം അബ്ദുല്‍ റഹ്മാന്‍ സാഹിബിന്റെ തിരഞ്ഞെടുപ്പിന്റെ എല്ലാ ചുമതലകളും ചൂരി ഹാജിക്കായിരുന്നു. കാസര്‍കോട്ടെ എം.കെ.ഹാജിയെന്നറിയപ്പെട്ടിരുന്ന മൊഗ്രാലിലെ എം.സി അബ്ദുല്‍ ഖാദര്‍ ഹാജിയും കെ.എസ്.സുലൈമാന്‍ ഹാജിയും ടി.എ.ഇബ്രാഹിം സാഹിബും ടി.എ.മഹമൂദ് സാഹിബും കല്ലട്ര അബ്ബാസ് ഹാജിയും മുഹമ്മദ് മുബാറക് ഹാജിയും എ.ആര്‍. കരിപ്പൊടി, ബദരിയ അബ്ദുല്‍ ഖാദര്‍ ഹാജിയുമൊക്കെ ഒരുമയോടെയാണ് മുസ്ലീം ലീഗിനെ നയിച്ചിരുന്നത്. ദൗര്‍ഭാഗ്യ നിമിഷത്തില്‍ മുസ്ലീം ലീഗ് പിളര്‍ന്നപ്പോള്‍ ഉറ്റ സുഹൃത്ത് ബി.എം.അബ്ദുല്‍ റഹ്മാന്‍ സാഹിബടക്കമുള്ള നേതാക്കള്‍ അഖിലേന്ത്യ മുസ്ലീം ലീഗിലേക്ക് ചേക്കേറുകയായിരുന്നു. ലീഗ് പിളര്‍പ്പിനെക്കുറിച്ച് ചൂരി ഹാജിയുടെ വാക്കുകള്‍.. 'എനിക്ക് എന്റെ പെറ്റുമ്മയെ നഷ്ടപ്പെട്ടിരിക്കുന്നു' ലീഗുകള്‍ ലയിച്ചപ്പോള്‍ 'ദാ എന്റെ പെറ്റുമ്മയെ എനിക്ക് തിരിച്ച് കിട്ടിയിരിക്കുന്നു...' പഴമക്കാര്‍ ഓര്‍ത്തെടുക്കുന്നു.
സി.ടി അഹമ്മദലി നിയമസഭയില്‍ മത്സരിച്ചു ഫലം അറിയുന്നതിന് മുമ്പ് ചൂരി ഹാജി ആസ്പത്രിയില്‍. കിടക്കയില്‍ കിടന്ന് വന്നവരോട് ചോദിച്ചത്.
സി.ടി വിജയിച്ചോ എന്നായിരുന്നു. രോഗശയ്യയില്‍ പോലും മുസ്ലീം ലീഗിനെ ജീവനെക്കാളേറേ സ്‌നേഹിച്ച നേതാവ്. സി.ടിയുടെ വിജയ ഫലം വരുമ്പോള്‍ ചൂരി ഹാജി കണ്ണടച്ചിരുന്നു. ഫലപ്രഖ്യാപനത്തില്‍ അനിഷ്ട സംഭവങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ അന്ന് കാസര്‍കോട് നഗരത്തില്‍ അധികൃതര്‍ 144 ഏര്‍പ്പെടുത്തിയിരുന്നു. ചൂരി ഹാജിയുടെ മയ്യത്ത് ഖബറടക്കാന്‍ പള്ളിയില്‍ കൊണ്ടു പോകണം. ആള്‍കൂടാനും പാടില്ല. ആര്‍ക്കും ധൈര്യമില്ല. കെ.എസ് അബ്ദുല്ല സാഹിബായിരുന്നു ധൈര്യസമേതം മയ്യത്ത് കട്ടിലെടുക്കാന്‍ മുന്നോട്ട് വന്നത്. ചൂരി അബ്ദുല്ല ഹാജിയുടെ മയ്യത്ത് ആറടി മണ്ണിലേക്കെടുത്തപ്പോള്‍ മറഞ്ഞത് കാസര്‍കോട്ടെ ആദര്‍ശ രാഷ്ടീയത്തിന്റെ ആള്‍രൂപമായിരുന്നു. ഒന്നും കരുതിയില്ല അദ്ദേഹം. ഒരു സ്ഥാനവും മോഹിച്ചില്ല. വെട്ടിപിടിക്കാമായിരുന്ന സന്ദര്‍ഭങ്ങളെല്ലാം ഉണ്ടായിട്ടും അദ്ദേഹം ആ വഴിക്ക് ചിന്തിച്ചില്ല.
അദ്ദേഹത്തിനൊപ്പം തലയുയര്‍ത്തി നിന്ന നഗരത്തിലെ ആ വലിയ തറവാട് ഇന്നില്ല. പകരം വ്യാപാര സമുച്ചയം. 1987 മാര്‍ച്ച് 23നായിരുന്നു മരണം.
-ഷാഫി തെരുവത്ത്‌

Related Articles
Next Story
Share it