ഒരു കാലഘട്ടത്തിന്റെ ഓര്‍മ്മകള്‍ക്കൊപ്പം എരുതുംകടവ് മമ്മദ്ച്ച

ഒടുവില്‍ എരുതുംകടവ് മുഹമ്മദും (ചെമ്മനാട് മമ്മദ്ച്ച) വിട പറഞ്ഞുപോയി. മമ്മദ്ച്ച ജന്മം കൊണ്ട് ചെമ്മനാട് സ്വദേശിയും അരനൂറ്റാണ്ടിലേറെയായി വസിച്ചു വരുന്ന എരുതുംകടവുകാര്‍ക്ക് ചെമ്മനാട് മമ്മദ്ച്ചയുമാണ്. അദ്ദേഹം ഒരായുഷ്‌ക്കാലം മുഴുവന്‍ ജീവിച്ചു എന്ന് തന്നെ പറയാം. രണ്ടുമൂന്നു തലമുറയുടെ ഇഷ്ടവും ആദരവും നേടിയവനായി. തന്റെ എത്രയോ സമകാലികര്‍ മാരക രോഗ കാരണത്താലും മറ്റും കണ്മുന്നില്‍ മരണപ്പെട്ടു പോകുന്നതും അവരുടെ അന്ത്യകര്‍മ്മങ്ങള്‍ക്കൊക്കെ സാക്ഷിയാവാനും മമ്മദ്ച്ചക്ക് വിധിയുണ്ടായി. അവരില്‍ പലരും മരണപ്പെട്ടു എത്രയോ പതിറ്റാണ്ടുകള്‍ കടന്നു പോയിരിക്കുന്നു. ആദ്യം എന്റെ ഓര്‍മ്മയില്‍ […]

ഒടുവില്‍ എരുതുംകടവ് മുഹമ്മദും (ചെമ്മനാട് മമ്മദ്ച്ച) വിട പറഞ്ഞുപോയി. മമ്മദ്ച്ച ജന്മം കൊണ്ട് ചെമ്മനാട് സ്വദേശിയും അരനൂറ്റാണ്ടിലേറെയായി വസിച്ചു വരുന്ന എരുതുംകടവുകാര്‍ക്ക് ചെമ്മനാട് മമ്മദ്ച്ചയുമാണ്. അദ്ദേഹം ഒരായുഷ്‌ക്കാലം മുഴുവന്‍ ജീവിച്ചു എന്ന് തന്നെ പറയാം. രണ്ടുമൂന്നു തലമുറയുടെ ഇഷ്ടവും ആദരവും നേടിയവനായി. തന്റെ എത്രയോ സമകാലികര്‍ മാരക രോഗ കാരണത്താലും മറ്റും കണ്മുന്നില്‍ മരണപ്പെട്ടു പോകുന്നതും അവരുടെ അന്ത്യകര്‍മ്മങ്ങള്‍ക്കൊക്കെ സാക്ഷിയാവാനും മമ്മദ്ച്ചക്ക് വിധിയുണ്ടായി. അവരില്‍ പലരും മരണപ്പെട്ടു എത്രയോ പതിറ്റാണ്ടുകള്‍ കടന്നു പോയിരിക്കുന്നു. ആദ്യം എന്റെ ഓര്‍മ്മയില്‍ വരുന്നത് ടി.എ ഇബ്രാഹിം സാഹബ് തന്നെയാണ്. അദ്ദേഹം വിട പറഞ്ഞിട്ട് നാലര പതിറ്റാണ്ട് പിന്നിടുന്നു. ഇബ്രാഹിം സാഹബിന്റെ സന്തത സഹചാരികളില്‍ ഒരാളും ഏറെ വിശ്വസ്തനുമായിരുന്നു എരുതുംകടവ് മമ്മദ്ച്ച. ഇബ്രാഹിം സാഹബിന്റെ മരണം തിരുവനന്തപുരത്ത് വെച്ചായിരുന്നല്ലോ. അദ്ദേഹം അസുഖവുമായി മല്ലിടുമ്പോഴൊക്കെ കൂടെ തന്നെ നിന്നവരില്‍ ഒരാള്‍ മമ്മദ്ച്ചയായിരുന്നു. അന്ന് ചന്ദ്രിക ലേഖകനായിരുന്ന എനിക്ക് ഏറെക്കുറെ ഇബ്രാഹിം സാഹബിന്റെ പഴയകാല വിവരങ്ങള്‍ ശേഖരിച്ചു തന്നതും ഇദ്ദേഹം തന്നെ. ഇബ്രാഹിം സാഹബിനെക്കാളും ഇളയത് ആയിരിക്കും മമ്മദ്ച്ച. അദ്ദേഹം ഇബ്രാഞ്ച എന്നാണ് അഭിസംബോധന ചെയ്തിരുന്നത് എന്ന് ഞാനോര്‍ക്കുന്നു.
1977ന്റെ തിരഞ്ഞെടുപ്പിലാണ് ഇബ്രാഹിം സാഹബ് മത്സരിച്ചത്. ഇന്ദിരാഗാന്ധി കൊണ്ടുവന്ന അടിയന്തിരാവസ്ഥക്ക് ശേഷം വന്ന ആദ്യ തിരഞ്ഞെടുപ്പ്. ഞാനോര്‍ക്കുന്നു. 1947ല്‍ ഇന്ത്യ ആര്‍ജ്ജിച്ച സ്വാതന്ത്ര്യത്തിന് ഒരു വിടവ് സൃഷ്ടിച്ചുകൊണ്ട് വന്ന ഒരു ഭീതിതമായ കാലയളവിന് ശേഷം പിറന്ന പുലരി പോലെ. എല്ലാം പഴയതു പോലെയാകാന്‍ ശ്രമിക്കുന്ന ഇന്ത്യന്‍ ഗ്രാമങ്ങളും നഗരങ്ങളും. പഴയതിലേക്ക് നടന്നടുക്കുന്ന രാഷ്ട്രീയ സാമൂഹിക രംഗങ്ങള്‍. 21 മാര്‍ച്ചിനായിരുന്നു എമര്‍ജെന്‍സി പിന്‍വലിക്കപ്പെട്ടത്. അതിനു മുമ്പ് തന്നെ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടിരുന്നു. 16 മുതല്‍ 20 വരെയായിരുന്നു ഇന്ത്യയില്‍ ആ തിരഞ്ഞെടുപ്പ് നടന്നതെന്ന് എന്റെ ഓര്‍മ്മ. മാര്‍ച്ച് 19നായിരുന്നു കേരളത്തിലെ തിരഞ്ഞെടുപ്പ്. ആ തിരഞ്ഞെടുപ്പില്‍ കാസര്‍കോട്ടെ സ്ഥാനാര്‍ത്ഥിയെ തിരഞ്ഞെടുത്തത് മുതല്‍ എരുതുംകടവ് മമ്മദ്ച്ച സജീവമായി രംഗത്തുണ്ടായിരുന്നവരില്‍ ഒരാളാണ്. തിരഞ്ഞെടുപ്പിന്റെ ഭാഗമായി, ഇബ്രാഞ്ച, ഒരു സ്ഥാനാര്‍ഥി എന്ന നിലയില്‍ പല ഉന്നത വ്യക്തികളെയും കാണാന്‍ അവരുടെ വീട്ടില്‍ ചെല്ലുമ്പോള്‍ സ്ഥാനാര്‍ത്ഥിയുടെ കൂടെ ആരുണ്ടായിരുന്നു എന്ന് ചോദിച്ചറിയും. പക്ഷെ, കൂടെ മമ്മദ്ച്ച ഉണ്ടായിരുന്നോ എന്ന് ആരും ചോദിക്കാറുണ്ടായിരുന്നില്ല.
തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ ട്രഷറര്‍ സ്ഥാനം തന്നെ വഹിച്ചിരുന്നത് അദ്ദേഹമാണ് എന്നാണെന്റെ ഓര്‍മ്മ. സാധാരണ കമ്മിറ്റികളുടെ ട്രഷറര്‍ക്ക് കണക്കവതരിക്കുമ്പോള്‍ മാത്രമാണല്ലോ കാശും കണക്കും കാണാന്‍ പറ്റാറ്. പക്ഷെ അങ്ങനെയുള്ള ഖജാഞ്ചി ആയിരുന്നില്ല മമ്മദ്ച്ച. തിരഞ്ഞെടുപ്പിന്റെ ചെലവിനായി പുറത്തേക്ക് പോകുന്ന തുകയാകട്ടെ വരുന്ന തുകയാകട്ടെ, മമ്മദ്ച്ചായുടെ കൈയിലൂടെയല്ലാതെ അത് കടന്നു പോയിട്ടുണ്ടാവില്ല. അതിന്റെ വ്യക്തമായ കണക്കും അദ്ദേഹത്തിന്റെ കൈയില്‍ തന്നെ. ഇബ്രാഹിം സാഹബ് ഓരോരുത്തരെ ഓരോ ചുമതലകള്‍ ഏല്‍പ്പിക്കുമ്പോഴും ആ വ്യക്തിയെ അളന്നുതൂക്കി ആയിരിക്കും ഏല്‍പ്പിക്കുക എന്നത് സുവ്യക്തമല്ലോ. അതിനാല്‍ തന്നെ അതാരും ചോദ്യം ചെയ്യുകയുമില്ല. ആവശ്യം പോലെ കാശ് ഒഴുകാത്തതില്‍ താഴേക്കിട പ്രവര്‍ത്തന മേഖലയിലെ അണികള്‍ക്ക് അതൃപ്തി ഉണ്ടായിരുന്നു. പക്ഷെ എരുതുംകടവ് മമ്മദ്ച്ചയാകുമ്പോള്‍ അതവിടെ വിലപ്പോവില്ല. മുതിര്‍ന്നവര്‍ക്കും അറിയാം അത് ആവശ്യം നോക്കിയേ പുറത്തിറങ്ങുള്ളൂ എന്നും. ഇബ്രാഹിം സാഹബിന്റെ വിശ്വസ്തന്‍ അങ്ങനെ എല്ലാവരുടെയും വിശ്വസ്തനായി.
മമ്മദ്ച്ചായുടെ പ്രവര്‍ത്തന മണ്ഡലത്തില്‍ ഏറെ ശബ്ദ ഘോഷങ്ങളൊന്നും ഉണ്ടായില്ലെങ്കിലും അന്നത്തെ കാസര്‍കോട്ടെ (ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ്) താലൂക്ക് കമ്മിറ്റിയുടെ ഹൈപവര്‍ അംഗങ്ങളില്‍ ഒരാള്‍ ആയിരുന്നു അദ്ദേഹം. ഇതോടൊപ്പം മമ്മദ്ച്ച ഒരു തിങ്ക്ടാങ്ക് കൂടിയാണ്. തിരഞ്ഞെടുപ്പ് ഗോദയില്‍ പയറ്റുമ്പോള്‍ പലരും മമ്മദ്ക്കായുടെ അഭിപ്രായങ്ങള്‍ മുഖവിലക്കെടുത്തിപ്പോന്നിരുന്നു. അത്, അനൗദ്യോഗികമായി ഒരു കമ്മിറ്റി ചേരുന്നയിടത്ത് പോലും എരുതുംകടവിന്റെ സാന്നിധ്യം ഒരു അനിവാര്യമാക്കിയിരുന്നു. അതേപോലെ എന്തും, സംസാരം പോലും അധികമായി കോരിത്തൂവുകയോ ആവശ്യമുള്ളിടത്ത് മൗനം വിദ്വാന് ഭൂഷണം എന്ന മട്ടില്‍ ചുണ്ട് കൊട്ടിയിരിക്കുകയോ ചെയ്തില്ല. അതാ കണിശതയുടെ പ്രശ്‌നം കൂടിയായിരുന്നു.
എം.ജി. റോഡിലെ നിലവിലുള്ള ജില്ലാ ലീഗ് ഓഫീസ് കെട്ടിടത്തിന്റെ സ്ഥലം എരുതുംകടവ് മമ്മദ്ച്ചയുടെ ഒത്താശ കാരണം കൊണ്ടാണ് ലീഗ് കമ്മിറ്റിയുടേതായത് എന്നും കേട്ടിരുന്നു. അദ്ദേഹം അഡ്വാന്‍സ് കൊടുത്ത് കൈവശം വെച്ച സ്ഥലം പിന്നീട് ജില്ലാ കമ്മിറ്റിക്ക് മാറുകയായിരുന്നുവത്രെ. കാസര്‍കോട്ട് അദ്ദേഹത്തിന് ഒരു കടയുണ്ടായിരുന്നു. മാര്‍ക്കെറ്റിലേക്ക് പോകുന്ന വഴിയില്‍, ഫിര്‍ദൗസ് റോഡിലാണെന്ന് ഓര്‍മ്മ. അതുവഴിയാകും എന്റെ വാപ്പയുമായി പരിചയം. ഞാന്‍ എം.എസ.എഫ്. താലൂക്ക് പ്രസിഡണ്ടായിരിക്കെ കണ്ടറിയാമെങ്കിലും എയര്‍ലൈന്‍സിലേക്ക് ലീഗ് ഓഫീസ് മാറി തുടക്കത്തില്‍ ഓഫീസ് സെക്രട്ടറി ചുമതലയേറ്റതോട് കൂടിയാണ് ഞങ്ങള്‍ അടുത്ത് പരിചയപ്പെടുന്നത്. ആ ബന്ധത്തിന്, ഞാന്‍ നാട്ടിലില്ലാതിരുന്നപ്പോഴും പിന്നീട് രാഷ്ട്രീയവുമായി അകലം പാലിച്ചു വന്നപ്പോഴും പരസ്പരം കമ്മ്യൂണിക്കേഷന്‍ ഇല്ലാതെ പോയി എന്നല്ലാതെ ഒരു കുറവും വന്നില്ല എന്ന് മനസിലായത് വര്‍ഷങ്ങള്‍ക്ക് ശേഷം ഒരിക്കല്‍ സി.ടി. അഹമ്മദലി സാഹബിനോടൊപ്പം അവരുടെ ഏതോ യാത്രയില്‍ മുംബൈയില്‍ വെച്ച് കണ്ടപ്പോഴാണ്. ഇന്നലെ പിരിഞ്ഞ പോലെയായിരുന്നു ആ പെരുമാറ്റം. എപ്പോ കാണുകയാണെങ്കില്‍ എ.എസ് എന്ന് വിളിച്ചു കൊണ്ട്, കുശലം പറയാതെ പോവില്ല. ഈ അടുത്ത് വരെ. അദ്ദേഹത്തിന് കാറില്‍ നിന്നിറങ്ങി നടക്കാന്‍ വയ്യാത്ത അവസ്ഥയില്‍ ടൗണില്‍ വന്നപ്പോള്‍ എന്നെ വഴിയോരത്തു വെച്ച് കണ്ട് അടുത്തേക്ക് വിളിച്ചു സംസാരിക്കുകയുണ്ടായി. ഖബറിടം സ്വര്‍ഗീയാരാമമാവട്ടെ. മഗ്ഫിറത്തും മര്‍ഹമത്തും നേര്‍ന്നു കൊണ്ട്.


-എ.എസ് മുഹമ്മദ്കുഞ്ഞി

Related Articles
Next Story
Share it