ചെര്‍ക്കള കെട്ടുംക്കല്ലിലെ സി.എം അബൂബക്കര്‍ ഹാജിയെ 20 വര്‍ഷം മുമ്പ് ബന്ധുവായ സി.എം മുനീറിന്റെ പിതൃസഹോദരന് എന്ന നിലയിലാണ് പരിചയപ്പെടുന്നത്. മുനീറിന്റെ വീട്ടില്‍ വിശേഷപ്പെട്ട ചടങ്ങുകള്‍ക്ക് ചെല്ലുമ്പോഴൊക്കെ അബൂബക്കര്‍ ഹാജിയെ കാണും. ഏറെനേരം സംസാരിക്കും. ഏറെയും രാഷ്ട്രീയ വിഷയങ്ങളായിരിക്കും. പൊതുമരാമത്ത് കരാറ് രംഗത്ത് കര്‍ണാടകയും കേരളവും തമ്മിലുള്ള വ്യത്യാസങ്ങളും ചര്‍ച്ചാ വിഷയമാവും. എന്നെ കണ്ടില്ലെങ്കില്‍ അബൂബക്കര്‍ ഹാജി പ്രത്യേകം തിരക്കും. അദ്ദേഹത്തോട് സംസാരിച്ചിരിക്കുന്നത് എനിക്കും ഇഷ്ടമായിരുന്നു. നിലപാടുള്ളൊരു മനുഷ്യന്. പല വിഷയങ്ങളിലും ആ നിലപാടുകള്‍ക്ക് നല്ല കാര്‍ക്കശ്യവുമുണ്ടായിരുന്നു. പ്രത്യേകിച്ച് രാഷ്ട്രീയത്തിന്റെ കാര്യത്തില്‍. അബൂബക്കര്‍ ഹാജി തികഞ്ഞ നാഷണല്‍ ലീഗ് പ്രവര്‍ത്തകനായിരുന്നു. അതുകൊണ്ട് തന്നെ മുസ്ലിം ലീഗിന്റെ നിലപാടുകളിലുള്ള വിരോധവും സംസാരങ്ങളില്‍ തെളിഞ്ഞു കാണാമായിരുന്നു. മുസ്ലിംലീഗ് പ്രസ്ഥാനത്തിന്റെ ചില നിലപാടുകളെ കടുത്ത ഭാഷയില്‍ എതിര്‍ക്കുമ്പോഴും എതിര് പാര്‍ട്ടിയുടെ നേതാക്കളെ കുറിച്ച് മാന്യമല്ലാത്ത രീതിയില്‍ ഒരു വാക്കും അദ്ദേഹം സംസാരിക്കാറില്ല. തികഞ്ഞ പ്രതിപക്ഷ ബഹുമാനം പുലര്‍ത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. മുസ്ലിംലീഗിന്റെ സമുന്നതനായ നേതാവും മുന്‍ മന്ത്രിയുമായ ചെര്‍ക്കളം അബ്ദുല്ലയുടെ വീട് സി.എം അബൂബക്കര്‍ ഹാജിയുടെ വീടിന് ഏതാണ്ട് അടുത്ത് തന്നെയാണ്. ചെര്‍ക്കളം അബ്ദുല്ല മുസ്ലിംലീഗ് ജില്ലാ നേതൃത്വത്തില്‍ അധീശത്വം കാട്ടിയിരുന്ന കാലത്ത് അദ്ദേഹത്തിന്റെ ചില നിലപാടുകളോട് സി.എം അബൂബക്കര്‍ ഹാജിക്ക് കടുത്ത എതിര്‍പ്പുണ്ടായിരുന്നു. എന്നാല്‍ ഒരു നേതാവ് എന്ന നിലയില്‍ ചെര്‍ക്കളത്തിന്റെ പല ഗുണങ്ങളെയും അദ്ദേഹം എന്നോട് എണ്ണിപ്പറയുകയും ചെയ്തിട്ടുണ്ട്. ചെര്‍ക്കളത്തിന്റെ തന്റേടവും ഉദ്യോഗസ്ഥര്‍ക്ക് മുമ്പില്‍ കാര്യങ്ങള്‍ അവതരിപ്പിച്ച് അവ പ്രാവര്‍ത്തികമാക്കാനുള്ള കഴിവും അദ്ദേഹത്തിന്റെ സമയനിഷ്ഠയുമൊക്കെ അബൂബക്കര്‍ ഹാജി എണ്ണിനിരത്തുന്ന ഗുണങ്ങളായിരുന്നു. മുസ്ലിംലീഗ് പ്രസ്ഥാനത്തിന്റെ ചില തീരുമാനങ്ങളോട് വ്യക്തമായ എതിര്‍പ്പുണ്ടായിരുന്നുവെങ്കിലും അന്ധമായി എതിര്‍ക്കുന്ന ഒരു രീതിയായിരുന്നില്ല അദ്ദേഹത്തിന്റേത്.
സഹോദരങ്ങള്‍ക്കൊപ്പം കരാര്‍ മേഖലയില്‍ പ്രവര്‍ത്തിച്ചതിന്റെ അനുഭവ സമ്പത്ത് പില്ക്കാലത്ത് പിന് തലമുറക്ക് കൈമാറിയാണ് സി.എം അബൂബക്കര്‍ ഹാജി വിടവാങ്ങിയത്. ചെര്‍ക്കള വലിയ ജുമാ മസ്ജിദിന്റെ സാരഥ്യവും അദ്ദേഹം വഹിച്ചിട്ടുണ്ട്. അബൂബക്കര്‍ ഹാജിയെ അവസാനമായി കണ്ടത് ഏതാനും മാസം മുമ്പ് സീതാംഗോളിയിലെ അലയന്‍സ് ഹാളില്‍ ഒരു വിവാഹ ചടങ്ങില്‍ വെച്ചാണ്. എന്നെ കണ്ടതും അരികില്‍ വന്നിരുന്നു. പ്രായത്തിന്റെ അവശത അദ്ദേഹത്തില്‍ പ്രകടമായിരുന്നു. പഴയ ശൗര്യം കുറഞ്ഞതുപോലെ എനിക്ക് തോന്നി. വെറുതെ ഒരു ചര്‍ച്ചയാവട്ടെ എന്ന് കരുതി സമകാലീനമായ ചില രാഷ്ട്രീയ വിഷയങ്ങള്‍ ഞാന്‍ എടുത്തിട്ടു. പക്ഷെ, രാഷ്ട്രീയം മിണ്ടാന്‍ അപ്പോള്‍ അദ്ദേഹത്തിന് താല്പര്യമുണ്ടായിരുന്നില്ല. മതി, പോവുകയാണ് എന്ന സൂചന അന്ന് തന്നെ അദ്ദേഹം തന്നിരുന്നു. എന്റെ കൈകള്‍ പിടിച്ച് പ്രാര്‍ത്ഥിക്കണമെന്നും എപ്പോഴും ഓര്‍ക്കണമെന്നും പറഞ്ഞ് ഏറെനേരം എന്റെ കണ്ണുകളില്‍ തന്നെ നോക്കി ഇരുന്നു.
പരിശുദ്ധ റമദാന്റെ അവസാനത്തെ പത്തിന്റെ ആദ്യ ദിനത്തില്‍ തന്നെ സി.എം അബൂബക്കര്‍ ഹാജി യാത്രയായി. അല്ലാഹു സ്വര്‍ഗം നല്കി അനുഗ്രഹിക്കട്ടെ…ആമീന്‍.
-ടി.എ ഷാഫി