സി.എച്ച് എന്ന നക്ഷത്രം പൊലിഞ്ഞിട്ട് 40 വര്‍ഷം
മൂന്നര പതിറ്റാണ്ട് കാലം രാഷ്ട്രീയ നഭോമണ്ഡലത്തില്‍ ജാജ്വല്യശോഭ വിതറിനിന്ന നക്ഷത്രമാണ് സി.എച്ച് എന്ന സി.എച്ച്. മുഹമ്മദ് കോയ വിട പറഞ്ഞ് നാളേക്ക് 40 വര്‍ഷം പൂര്‍ത്തിയാവുന്നു. 1983 സെപ്തംബര്‍ 28നാണ്, കേരള രാഷ്ട്രീയം ഒരിക്കലും മറക്കാത്ത മുന്‍ മുഖ്യമന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ സി.എച്ച് മുഹമ്മദ് കോയ ഈ ലോകത്തോട് വിട പറഞ്ഞത്.1927 ജൂലൈ 15ന് കേള്‍പ്പോരും കേള്‍വിയുമില്ലാത്ത അത്തോളിയെന്ന ഗ്രാമത്തില്‍ ആലി മുസ്ലിയാര്‍- മറിയമ്മ ദമ്പതികളുടെ മകനായി ജനനം. കോങ്ങന്നൂര്‍ എലിമെന്ററി സ്‌കൂള്‍, വേളൂര്‍ ബോര്‍ഡ് […]
മൂന്നര പതിറ്റാണ്ട് കാലം രാഷ്ട്രീയ നഭോമണ്ഡലത്തില്‍ ജാജ്വല്യശോഭ വിതറിനിന്ന നക്ഷത്രമാണ് സി.എച്ച് എന്ന സി.എച്ച്. മുഹമ്മദ് കോയ വിട പറഞ്ഞ് നാളേക്ക് 40 വര്‍ഷം പൂര്‍ത്തിയാവുന്നു. 1983 സെപ്തംബര്‍ 28നാണ്, കേരള രാഷ്ട്രീയം ഒരിക്കലും മറക്കാത്ത മുന്‍ മുഖ്യമന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ സി.എച്ച് മുഹമ്മദ് കോയ ഈ ലോകത്തോട് വിട പറഞ്ഞത്.1927 ജൂലൈ 15ന് കേള്‍പ്പോരും കേള്‍വിയുമില്ലാത്ത അത്തോളിയെന്ന ഗ്രാമത്തില്‍ ആലി മുസ്ലിയാര്‍- മറിയമ്മ ദമ്പതികളുടെ മകനായി ജനനം. കോങ്ങന്നൂര്‍ എലിമെന്ററി സ്‌കൂള്‍, വേളൂര്‍ ബോര്‍ഡ് […]

മൂന്നര പതിറ്റാണ്ട് കാലം രാഷ്ട്രീയ നഭോമണ്ഡലത്തില്‍ ജാജ്വല്യശോഭ വിതറിനിന്ന നക്ഷത്രമാണ് സി.എച്ച് എന്ന സി.എച്ച്. മുഹമ്മദ് കോയ വിട പറഞ്ഞ് നാളേക്ക് 40 വര്‍ഷം പൂര്‍ത്തിയാവുന്നു. 1983 സെപ്തംബര്‍ 28നാണ്, കേരള രാഷ്ട്രീയം ഒരിക്കലും മറക്കാത്ത മുന്‍ മുഖ്യമന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ സി.എച്ച് മുഹമ്മദ് കോയ ഈ ലോകത്തോട് വിട പറഞ്ഞത്.
1927 ജൂലൈ 15ന് കേള്‍പ്പോരും കേള്‍വിയുമില്ലാത്ത അത്തോളിയെന്ന ഗ്രാമത്തില്‍ ആലി മുസ്ലിയാര്‍- മറിയമ്മ ദമ്പതികളുടെ മകനായി ജനനം. കോങ്ങന്നൂര്‍ എലിമെന്ററി സ്‌കൂള്‍, വേളൂര്‍ ബോര്‍ഡ് മാപ്പിള എലിമെന്ററി, കൊയിലാണ്ടി ബോര്‍ഡ് ഹൈസ്‌കൂള്‍, കോഴിക്കോട് സാമൂതിരി കോളേജ് തുടങ്ങിയ ഇടങ്ങളിലായിരുന്നു വിദ്യാഭ്യാസം. 1946ല്‍ ചന്ദ്രികയില്‍ സഹപത്രാധിപരായി. 1952ല്‍ ചന്ദ്രികയുടെ പ്രമുഖ പത്രാധിപര്‍. കോഴിക്കോട് മുനിസിപ്പല്‍ കൗണ്‍സിലില്‍ നിന്നും തുടങ്ങി വിവിധ മന്ത്രിസഭയില്‍ വിദ്യാഭ്യാസം, ആഭ്യന്തരം തുടങ്ങി രാഷ്ട്രീയ കേരളത്തെ ശോഭ പരത്തി, സ്വതന്ത്രാനന്ത്ര ഭാരതത്തില്‍ മുസ്ലിം ലീഗിന് മുഖ്യമന്ത്രി പദം ലഭ്യമാവാനും സി.എച്ചിലൂടെ സാധിതമായി. പ്രഗല്‍ഭ ഭരണാധികാരി. ഒട്ടേറെ കൃതികളുടെ രചയിതാവ്. ഉജ്ജ്വല വാഗ്മി. അങ്ങനെ എല്ലാ രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച രാഷ്ട്രീയ തന്ത്രജ്ഞന്‍ കൂടിയാണ്.
സന്ധ്യയുടെ മറവില്‍ ഇരുട്ടിന്റെ നടുവിലൂടെ, മിന്നിത്തിളങ്ങുന്ന മാണിക്യം വിഴുങ്ങിയ സര്‍പ്പത്തിന്റെ കഥാപാത്രം പോലെ കേരള ജനമനസ്സുകളില്‍ പ്രകാശഗോപുരം പണിത് കാലയവനികയിലേക്ക് പോയ സി.എച്ചിന്റെ വിയോഗത്തിന് നാല് പതിറ്റാണ്ട് പിന്നിടുമ്പോഴും മാമലനാടിന്റെ മനസ്സിലെ ഓര്‍മ്മയില്‍ സി.എച്ചിന്റെ ശൂന്യത അനുഭവപ്പെടുന്നു. രാജ്യം പുരോഗതിയാര്‍ജിക്കണമെങ്കില്‍ വിദ്യാഭ്യാസം അനിവാര്യമാണെന്ന് അദ്ദേഹം വിശ്വസിച്ചു. ഏറ്റവും കൂടുതല്‍ കാലം കേരളത്തിലെ വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്ത മന്ത്രി സി.എച്ച് തന്നെ.
ആദരവും അംഗീകാരവും തേടിയെത്തിയപ്പോള്‍ വിനയവും അനുകമ്പയും കൂടി വരുന്ന അപൂര്‍വ്വം ചില നേതാക്കളില്‍ മാത്രമെ സി.എച്ചിനെ കാണാമായിരുന്നുള്ളൂ. രാഷ്ട്രീയത്തിലെന്ന പോലെ തൂലികയേയും സ്‌നേഹിച്ച അദ്ദേഹം സാഹിത്യ മേഖലയിലും തനതായ വ്യക്തിമുദ്ര പതിപ്പിച്ചു. സാഹിത്യവും രാഷ്ട്രീയവും സി.എച്ചിന്റെ ദ്വിമുഖങ്ങള്‍ ആയിരുന്നു. അവ അദ്ദേഹത്തിന്റെ വ്യക്തിത്വ സ്വരൂപത്തില്‍ പരസ്പര പൂരകങ്ങളായി വര്‍ത്തിച്ചിട്ടുണ്ട്. രാഷ്ട്രീയത്തിലെ കണ്ണാടിയായിരുന്നു സാഹിത്യത്തിലെ അദ്ദേഹത്തിന്റെ മുഖം. വിദ്യാഭ്യാസ വകുപ്പിന്റെ അമരത്തെത്തിയപ്പോള്‍ ചിലരെങ്കിലും ചിന്തിച്ചു. സി.എച്ചിന് എങ്ങനെ വിദ്യാഭ്യാസ വകുപ്പ് വഴങ്ങുമെന്ന്. ഡോ. മുണ്ടശ്ശേരി ഇരുന്ന കസേരയാണെന്ന ഓര്‍മ്മപ്പെടുത്തലും. അതിന് സി.എച്ചിന്റെ സ്വതസിദ്ധമായ മറുപടി ഇങ്ങനെയായിരുന്നു: ഞാന്‍ ഒരു വിദ്യഭ്യാസ വിദഗ്ദനല്ല, അലാവുദ്ദീന്റെ അല്‍ഭുത വിളക്കൊന്നും എന്റെ കയ്യിലില്ല.
എന്നാലും ചിലതൊക്കെ ചെയ്യാന്‍ ശ്രമിക്കും. കൊച്ചി വാണിജ്യ തിരുമുറ്റത്ത് തലയുയര്‍ത്തി നില്‍ക്കുന്ന യൂണിവേഴ്‌സിറ്റി ഓഫ് കൊച്ചിന്‍ സി.എച്ചിന്റെ കര്‍മ്മ നിരതയും ബുദ്ധി വിശാലതയും കൊണ്ട് സ്ഥാപിതമായി. യൂറോപ്യന്‍ സന്ദര്‍ശനം കഴിഞ്ഞു തിരിച്ചെത്തിയ സി.എച്ചിന് ഒരു സാങ്കേതിക സര്‍വ്വകലാശാല ഉണ്ടാക്കിയേ മതിയാവൂ എന്നായി. ഇന്ന് കാണുന്ന മനോഹരമായ കുസാറ്റ് കവാടത്തിലൂടെ കടന്നു പോകുമ്പോള്‍ ഏതൊരാളുടെ മനസ്സും സി.എച്ചിനെ ഓര്‍ത്തിരിക്കും. അമേരിക്കന്‍ യൂണിവേഴ്‌സിറ്റി തലത്തിലെ ഒരു മലയാളി പ്രൊഫസര്‍ വിദ്യഭ്യാസ സെമിനാര്‍ അറ്റന്റ് ചെയ്തപ്പോള്‍ കുസാറ്റ് അദ്ദേഹത്തിന്റെ ഓര്‍മ്മയില്‍ പതിഞ്ഞു. അവിടെ പഠിച്ചു വളര്‍ന്ന, അമേരിക്കയില്‍ തൊഴില്‍ ചെയ്യുന്ന കുട്ടികള്‍ ധാരാളം പ്രസ്തുത സെമിനാറില്‍ ഉണ്ടായിരുന്നു. അതിന്റെ വിത്ത് പാകിയ വിദ്യാഭ്യാസ മന്ത്രി സി.എച്ചാണെന്ന് അദ്ദേഹത്തിന് പറയേണ്ടി വന്നു. കുട്ടികള്‍ ഹര്‍ഷാരവത്തോടെ കൈയ്യടിച്ചു. അതാണ് സി.എച്ച്. കൊച്ചിന്‍ സര്‍വ്വകലാശാലയുടെ ബില്‍ നിയമസഭയില്‍ അവതരിപ്പിച്ച സി.എച്ചിനെ തന്റെ മുന്‍ഗാമി കൂടിയായ വിദ്യാഭ്യാസ മന്ത്രി പ്രൊഫ. മുണ്ടശ്ശേരി വളരെ വിശാലമായി ആശ്ലേഷിച്ച് പ്രസംഗിച്ചത് ചരിത്രം. അത് നിധിപോലെ നിയമസഭാ റിക്കോര്‍ഡ് പരിശോധിച്ചാല്‍ കാണാം.
പ്രതിഭാധനായ മുണ്ടശ്ശേരിയെ സര്‍വ്വ കലാശാലയുടെ പ്രഥമ വൈസ് ചാന്‍സലറായി നിയമിച്ചതും സി.എച്ച് തന്നെ. വിദ്യാഭ്യാസം സാര്‍വത്രികമാക്കാന്‍ അദ്ദേഹം അക്ഷീണം യത്‌നിച്ചു. മലബാറിലെ വിദ്യാഭ്യാസ പോരായ്മ നികത്താന്‍ പ്രകൃതി രമണീയമായ തേഞ്ഞിപ്പലം കുന്നിന്‍ മുകളില്‍ യൂണിവേഴ്‌സിറ്റി സ്ഥാപിച്ചു. കാലിക്കറ്റ് സര്‍വ്വകലാശാല. സ്ത്രീ വിദ്യാഭ്യാസത്തിന് ഏറെ പ്രാധാന്യം നല്‍കിയത് ഈ ദ്വാക്ഷരി തന്നെ. അതില്‍ നിന്ന് സി.എച്ചിനെ പിന്തിരിപ്പിക്കാന്‍ നോക്കിയെങ്കിലും തരിമ്പും പതറിയില്ല. പാറക്കല്ലുകള്‍ എന്റെ തലയില്‍ കൊണ്ടിട്ടാലും ഒരു കടുക് മണിയോളം പിന്നോട്ടില്ലന്ന് സി.എച്ച് ഓര്‍മ്മിപ്പിച്ചു. ഫലിതവും ഉപമയും കൊണ്ട് തന്റെ വാഗ്‌ധോരണി ജനമനസ്സുകളില്‍ എത്തിച്ച മഹാ പ്രതിഭാസമായിരുന്നു അദ്ദേഹം. ഒട്ടേറെ രാജ്യങ്ങള്‍ സന്ദര്‍ശിച്ച സി.എച്ച് യാത്രാ വിവരണങ്ങള്‍ എഴുതി വായനക്കാരെ അതിശയിപ്പിച്ചു. വിവിധ രാജ്യങ്ങളിലേക്കുള്ള സന്ദര്‍ശനം വഴി കിട്ടിയ അറിവുകള്‍ കൃതഹസ്തനായ എഴുത്തുകാരന്‍ കൂടിയായ സി.എച്ച് വരും തലമുറയ്ക്കായി കരുതി വെച്ചത് ഓര്‍ക്കാവുന്നതാണ്. അടിയുറച്ച വിശ്വാസിയായിട്ടും ഒരു സെക്കുലര്‍ രാജ്യത്തെ എങ്ങനെ നയിക്കണമെന്ന സന്ദേശം കൂടിയാണ് സി.എച്ച്. നമുക്ക് പകര്‍ന്ന് തന്നത്. കേരളത്തിലെ മിക്ക വകുപ്പിന്റെയും ചുമതല വഹിക്കാന്‍ അവസരം ലഭിച്ച അപൂര്‍വ്വം മന്ത്രിമാരില്‍ ഒരാളായിരുന്നു അദ്ദേഹം.
സ്പീക്കറായ ഒരാള്‍ മുഖ്യമന്ത്രിയായ ചരിത്രവും സി.എച്ചിന് സ്വന്തം. സി. അച്ചുതമേനോന്‍ സര്‍ക്കാറില്‍ ആഭ്യന്തര മന്ത്രിയായി നീതി പൂര്‍വ്വകമായി സേനയെ ചലിപ്പിക്കാനും കുറ്റകൃത്യം ചെയ്യുന്നവരുടെ പാര്‍ട്ടി നോക്കാതെ നടപടി സ്വീകരിക്കാനും അദ്ദേഹത്തിന് സാധിച്ചു. ചിലര്‍ ഭരിച്ച് കുളമാക്കിയ ആഭ്യന്തര വകുപ്പിനെ ഇന്ത്യന്‍ പ്രസിഡണ്ടിന്റെ തന്നെ അഭിനന്ദനങ്ങള്‍ നേടാന്‍ പ്രാപ്തമാക്കിയതില്‍ സി.എച്ചിന് അഭിമാനിക്കാം. സ്വന്തം പാര്‍ട്ടിയിലെ നേതാക്കളെ പോലും പൊലീസ് സ്റ്റേഷനില്‍ നീതിയുടെ ലക്ഷമണ രേഖ മറികടക്കാന്‍ അനുവദിച്ചില്ല. വാസ്തവത്തില്‍ നമ്മുടെ സേനയുടെ സുവര്‍ണ്ണ കാലമായിരുന്നു സി.എച്ച് ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്തിരുന്ന കാലം. കുറഞ്ഞ കാലം പൊതുമരാമത്ത് വകുപ്പും അദ്ദേഹത്തിന്റെ കരങ്ങളില്‍ ഉണ്ടായിരുന്നു.
എത്രയെത്ര നിറമാര്‍ന്ന, മനോഹരങ്ങളായ പൂക്കള്‍ കൊണ്ട് ആകര്‍ഷകമാക്കിയ ഒരു പുഷ്പമാല്യം പോലെ ചരിത്ര സത്യങ്ങളും കവിതകളും മഹദ് വചനങ്ങളും കൊണ്ട് കേരള നിയമസഭയെ പ്രകാശപൂരിതമാക്കിയ ഒരു നിയമസഭാ സാമാജികന്‍ സി.എച്ച് അല്ലാതെ നമുക്ക് വേറെയില്ല.
-എരിയാല്‍ മുഹമ്മദ് കുഞ്ഞി