പടി തുറന്നുവന്നവന്‍ പൊടുന്നനെ ഇറങ്ങിപ്പോകുമ്പോള്‍...

'എന്നെങ്കിലും ചിരിയെപ്പറ്റി ആലോചിച്ചിട്ടുണ്ടോ? ഞാനുദ്ദേശിക്കുന്നത് തമാശക്കും പരിഹാസത്തിനും അനുകരണത്തിനും അപ്പുറം യഥാര്‍ത്ഥ ചിരിയെപ്പറ്റിയാണ്'-മിലന്‍ കുന്ദേര.അങ്ങനെയുള്ള ഒരു യഥാര്‍ത്ഥ ചിരിയോടെയാണ് പഴയ ഉത്തരദേശം ഓഫീസിന്റെ (പഴയ ബസ് സ്റ്റാന്‍ഡിലെ ഇന്ത്യന്‍ കോഫി ഹൗസിനുപിന്നിലെ കെട്ടിടം ) പടികള്‍ ക്രമം തെറ്റിച്ചും ചാടിയും ബിജു കയറിവന്നിരുന്നത്. എല്ലാ വ്യാഴാഴ്ചകളിലും ഉച്ച കഴിഞ്ഞ് തോളത്ത് ഒരു സഞ്ചിയുമായി നിറഞ്ഞ ചിരിയോടെ ഇടതു കൈ കൊണ്ട് തലയില്‍ തടവിയായിരുന്നു ആ വരവ്.പത്രപ്രവര്‍ത്തനത്തിന്റെ ബാലപാഠവും തുടക്കവും എല്ലാം ഉത്തരദേശത്തില്‍ ആയിരുന്നു. കെ എം അഹ്മദ് […]

'എന്നെങ്കിലും ചിരിയെപ്പറ്റി ആലോചിച്ചിട്ടുണ്ടോ? ഞാനുദ്ദേശിക്കുന്നത് തമാശക്കും പരിഹാസത്തിനും അനുകരണത്തിനും അപ്പുറം യഥാര്‍ത്ഥ ചിരിയെപ്പറ്റിയാണ്'-
മിലന്‍ കുന്ദേര.
അങ്ങനെയുള്ള ഒരു യഥാര്‍ത്ഥ ചിരിയോടെയാണ് പഴയ ഉത്തരദേശം ഓഫീസിന്റെ (പഴയ ബസ് സ്റ്റാന്‍ഡിലെ ഇന്ത്യന്‍ കോഫി ഹൗസിനുപിന്നിലെ കെട്ടിടം ) പടികള്‍ ക്രമം തെറ്റിച്ചും ചാടിയും ബിജു കയറിവന്നിരുന്നത്. എല്ലാ വ്യാഴാഴ്ചകളിലും ഉച്ച കഴിഞ്ഞ് തോളത്ത് ഒരു സഞ്ചിയുമായി നിറഞ്ഞ ചിരിയോടെ ഇടതു കൈ കൊണ്ട് തലയില്‍ തടവിയായിരുന്നു ആ വരവ്.
പത്രപ്രവര്‍ത്തനത്തിന്റെ ബാലപാഠവും തുടക്കവും എല്ലാം ഉത്തരദേശത്തില്‍ ആയിരുന്നു. കെ എം അഹ്മദ് എന്ന സിംഹമടയില്‍ തന്നെ. നിസാരമെന്ന് തോന്നുന്ന പലതും സാരമുള്ളതാണെന്നും സമൂഹത്തില്‍ അതുണ്ടാക്കുന്ന പ്രത്യാഘാതം വളരെ വലുതാണെന്നും അന്നേ മാഷ് പഠിപ്പിച്ചിരുന്നു. വ്യാജ വാര്‍ത്ത നിര്‍മിതിയുടെ ഇക്കാലത്ത്, അന്ന് മാഷ് പകര്‍ന്നു തന്ന ആ പാഠം ഇന്നും ഏറെ പ്രസക്തമാണെന്ന് സമീപകാല അനുഭവങ്ങള്‍ തെളിയിക്കുന്നു.
ഉത്തരദേശത്തിലെ പഠനകാലത്ത് പൊലീസ് സ്റ്റേഷന്‍, കോടതി, ആശുപത്രി, ജയില്‍ എന്നിങ്ങനെ റൗണ്ട്‌സ്. പുറമെ പ്രത്യേക സ്റ്റോറികള്‍ക്ക് വേണ്ടിയുള്ള നടത്തം അങ്ങനെയായിരുന്നു. വല്ലാത്ത ഹരമായി പത്രപ്രവര്‍ത്തനം മാറുന്നത് അനുഭവിച്ചറിഞ്ഞ നാളുകള്‍. അങ്ങനെയൊരു ദിവസം താലൂക്ക് ഓഫീസ് വളപ്പിലുള്ള ജെ എഫ് സി എം കോടതിയില്‍ നിന്നും കിട്ടിയ ഒരു പ്രധാന വിധിയുമായി തിരിച്ചുവരുമ്പോഴാണ് ബിജുവിനെ കാണുന്നത്. ബദിരിയ ഹോട്ടലില്‍ ചായകുടിക്കൊപ്പം- 'മാഷ് ണ്ടാ അപ്പീസില്', ഇതായിരുന്നു ആദ്യചോദ്യം. ഒരു വാര്‍ത്ത തേടി പോയി വരികയാണ്. അറിയില്ല, നോക്കാം എന്നായിരുന്നു എന്റെ മറുപടി.
ഞാന്‍ ഉത്തരദേശത്തിലാണ് എങ്ങനെ അറിഞ്ഞു എന്നൊന്നും ചോദിക്കാന്‍ നിന്നില്ല. (അല്ലെങ്കിലും വലിയ പത്രക്കാരന്‍ ആണെന്ന ജാഡയും അല്‍പ്പം ഉണ്ടായിരുന്നുതാനും. കാലമേറെ പോകെ മനസിലായി അന്നത്തെ ആ ധാരണ വെറും കുമിള മാത്രമാണെന്ന്). ബിജു തൂക്കിയിട്ട, ഏതോ സാഹിത്യക്യാമ്പിന്റെ ഉപഹാരമായ തുണിബാഗിന്റെ അരികില്‍ എഴുതിയ വാക്കുകള്‍ വായിച്ചുകൊണ്ട് ഉത്തരദേശം ഓഫീസിലേക്ക്. ഇതിനിടയില്‍ അഹ്മദ് മാഷ് എത്തി. കുറേ സൃഷ്ടികള്‍ എടുത്ത് ബിജുവിന്റെ കയ്യില്‍ കൊടുക്കുന്നു. ബിജു അത് വായിക്കുന്നു. പിന്നെ വരയോട് വര. ഏറ്റവും തൃപ്തി നിറഞ്ഞവ ബട്ടര്‍ ഷീറ്റില്‍ പകര്‍ത്തുന്നു. അന്നാണ് ഒപ്പമുണ്ടായിരുന്ന ചെങ്ങായി വാരാന്തപ്പതിപ്പില്‍ വരയ്ക്കുന്ന ബിജു കാഞ്ഞങ്ങാട് ആണെന്ന് ഞാന്‍ തിരിച്ചറിയുന്നത്. എന്റെ അതുവരെയുള്ള ധാരണ വലിയ ഘടാഘടിയന്‍ ആളെന്നായിരുന്നു. നേരത്തെയുള്ള സംസാരത്തിനിടെ പേര് ചോദിച്ചതുമില്ല. അനന്തരം ഒന്നര മാസം ഇതേ ബന്ധം തുടര്‍ന്നു. ഇതിനിടയില്‍ മാഷ് എന്നെ വിളിപ്പിക്കുന്നു. കുറേ സൃഷ്ടികള്‍ തരുന്നു, പിന്നാലെ പറയുന്നു- ഈയാഴ്ച മുതല്‍ വാരാന്തപ്പതിപ്പ് നോക്കണം. നടുങ്ങി നിക്കുന്ന എന്നെ നോക്കി മാഷ് പിന്നെയും- പേടിക്കേണ്ടറോ, ഇങ്ങന്നെ പഠിക്കല്. പിന്നെ ബിജു ഇണ്ട്. ലാസ്റ്റ് എന്നെ ഒന്ന് കാണിച്ചിട്ട് ഫൈനല്‍. ശരി എന്ന് ഞാനും. ആ കാലം മൊത്തം ബിജുവും ഞാനും നല്ല കൂട്ടായി. കലോത്സവത്തിന് പോകുമ്പോള്‍ മാഷായ ബിജുവിന്റെ സഹായം വലിയ ഉപകാരവുമായി. അടുത്തതോടെ ഞാന്‍ ചിരിച്ചും കളി പറഞ്ഞും ബിജു വരച്ചും കവിത ചൊല്ലിയും അങ്ങ് കൂട്ടായി മാറി.
ബിജു വരക്കുന്നത് കണ്ട് ഉണ്ണിയേട്ടനും ഷാഫിയും സന്തോഷും ഞാനുമൊക്കെ വാ പൊളിച്ച് നിന്നിട്ടുണ്ട്. കെ പി രാമനുണ്ണിയും ശത്രുഘ്‌നന്‍ ആറാട്ടുവഴിയും ഷിഹാബുദീന്‍ പൊയ്ത്തുംകടവും സുറാബും താജുദീന്‍ പുറവൂരും പി എ എം ഹനീഫയും കൃഷ്ണന്‍ മാഷും മാധവന്‍ പുറച്ചേരിയും സാദിഖ് കാവിലും റഹിം കടവത്തും ഹരീഷ് പന്തക്കലും സാറ അബൂബക്കറും വിദ്യാധരന്‍ പെരുമ്പളയും രാധാകൃഷ്ണന്‍ പെരുമ്പളയും ദിവാകരന്‍ വിഷ്ണുമംഗലവും നാലാപ്പാടം പത്മനാഭനും സുബൈദയും... അങ്ങനെയങ്ങനെ നിരവധിപേര്‍ ബിജു വഴി എന്റെയും കൂട്ടായി, വാരാന്തത്തിനൊപ്പമായി.
ഒരു പാക്കറ്റ് പോപ്പിന്‍സ് മുട്ടായി എപ്പോഴും ബിജു കൊണ്ടുനടക്കും. വരച്ചുകൊണ്ടിരിക്കെ ബിജുവിനെ നോക്കിയാല്‍ തലയാട്ടി വേണോന്ന് ചോദിക്കും. വാങ്ങി തിന്നുന്നതിനിടെ ഒരു ചിരി, എന്നിട്ട് കണ്ണാടി ഒന്ന് എടുത്ത് മാറ്റി വീണ്ടും വെച്ച ശേഷം വര തുടരും. ഓര്‍മ്മകള്‍ അങ്ങനെയാണ്. അതങ്ങനെ എവിടെ വെച്ചും നിര്‍ത്താനുമാകില്ല, തുടങ്ങാനും കഴിയില്ല.
അടുത്തിടെ മൂന്ന് മരണങ്ങള്‍ വല്ലാതെ അലട്ടിയിട്ടുണ്ട്. ഉത്തരദേശത്തിന്റെ ഉണ്ണിയേട്ടന്‍, ചെറുവത്തൂരിലെ രാമകൃഷ്ണന്‍ മാഷ്, ഇപ്പോള്‍ ബിജുവും. കുറേ ചിത്രങ്ങള്‍, നിറയെ പോപ്പിന്‍സ് മുട്ടായി, പിന്നെ ആ ചിരിയും- ബിജുവും പൊടുന്നനെ പടിയിറങ്ങി.
'ഏകനായ ഒരു മഞ്ഞുതുള്ളി അതിന്റെ അവസാന വിശ്രമ സ്ഥലത്തേക്ക് മെല്ലെ ഊര്‍ന്നിറങ്ങുന്നത് നോക്കിനിന്നു. അപ്പോള്‍ ഡിവൈന്‍ ലൈറ്റ് ടീ ഹൗസിന്റെ കവാടത്തിന് മുകളില്‍ പഴക്കമുള്ള മങ്ങിത്തുടങ്ങിയ ഒരു പോസ്റ്റര്‍ തൂങ്ങിക്കിടക്കുന്നത് ഫാസില്‍ ചൂണ്ടിക്കാണിച്ചു'-
ഓര്‍ഹന്‍ പാമുക്ക് (മഞ്ഞ്).
നേരത്തെ പറഞ്ഞതുപോലെ ഓര്‍മ്മകള്‍ അങ്ങനെ എവിടെ വെച്ചും നിര്‍ത്താന്‍ കഴിയില്ലല്ലോ.


-മനോജ് വാസുദേവ്

Related Articles
Next Story
Share it