ബാപ്പു ഉസ്താദ്: നേതാവല്ലെങ്കിലും ജനഹൃദയങ്ങളില്‍ ജീവിച്ച പണ്ഡിതന്‍

മനസ്സ് കൊണ്ട് ഏറെ ബഹുമാനിക്കുകയും സ്‌നേഹിക്കുകയും ആദരിക്കുകയും ചെയ്തിരുന്ന കാസര്‍കോട് മേല്‍പ്പറമ്പിലെ ബാപ്പു ഉസ്താദ് എന്ന ബാപ്പൂട്ടി ഉസ്താദ് നാഥനിലേക്ക് മടങ്ങിയിരിക്കുന്നു. ആളുകളാല്‍ അറിയപ്പെട്ട സൂഫി വര്യനോ മഹാ പണ്ഡിതനോ സംഘടനാ നേതാവോ ആയിരുന്നില്ല അദ്ദേഹം, മറിച്ച് അവരെക്കാള്‍ ഹൃദയാന്തരങ്ങളില്‍ ചലനം സൃഷ്ടിച്ച മഹാനായിരുന്നു. ഏകദേശം പത്ത് വര്‍ഷക്കാലം അദ്ദേഹവുമായി അടുത്ത ബന്ധം പുലര്‍ത്താന്‍ കഴിഞ്ഞത് ജീവിതത്തിലെ വലിയ അനുഗ്രഹമായി കാണുകയാണ്.കാസര്‍കോട് ബദിയടുക്കയിലാണ് സ്വന്തം നാട്, എന്നാല്‍ വിവാഹം ചെയ്തത് മേല്‍പറമ്പ് കടവത്ത് നിന്നായിരുന്നു.അവിടെ തന്നെയാണ് വീട് […]

മനസ്സ് കൊണ്ട് ഏറെ ബഹുമാനിക്കുകയും സ്‌നേഹിക്കുകയും ആദരിക്കുകയും ചെയ്തിരുന്ന കാസര്‍കോട് മേല്‍പ്പറമ്പിലെ ബാപ്പു ഉസ്താദ് എന്ന ബാപ്പൂട്ടി ഉസ്താദ് നാഥനിലേക്ക് മടങ്ങിയിരിക്കുന്നു. ആളുകളാല്‍ അറിയപ്പെട്ട സൂഫി വര്യനോ മഹാ പണ്ഡിതനോ സംഘടനാ നേതാവോ ആയിരുന്നില്ല അദ്ദേഹം, മറിച്ച് അവരെക്കാള്‍ ഹൃദയാന്തരങ്ങളില്‍ ചലനം സൃഷ്ടിച്ച മഹാനായിരുന്നു. ഏകദേശം പത്ത് വര്‍ഷക്കാലം അദ്ദേഹവുമായി അടുത്ത ബന്ധം പുലര്‍ത്താന്‍ കഴിഞ്ഞത് ജീവിതത്തിലെ വലിയ അനുഗ്രഹമായി കാണുകയാണ്.
കാസര്‍കോട് ബദിയടുക്കയിലാണ് സ്വന്തം നാട്, എന്നാല്‍ വിവാഹം ചെയ്തത് മേല്‍പറമ്പ് കടവത്ത് നിന്നായിരുന്നു.
അവിടെ തന്നെയാണ് വീട് വെച്ച് താമസമാക്കിയത്. നാല് മദ്ഹബുകളില്‍ ഫത്വ കൊടുക്കാന്‍ കഴിവുണ്ടായിരുന്ന കണ്ണൂര്‍ പുറത്തീല്‍ കുടുംബ പരമ്പരയില്‍പെട്ട പ്രമുഖ പണ്ഡിതനും മുദരിസുമായിരുന്ന കടവത്ത് കുഞ്ഞിപ്പ മുസ്ല്യാരുടെ മകളാണ് ഭാര്യ. ആടിനെ മേച്ചും റാതീബ്- ദിക്ര്‍-മൗലിദ് സദസ്സുകള്‍ക്ക് നേതൃത്വം നല്‍കിയാല്‍ ലഭിക്കുന്ന തുച്ഛമായ ഹദിയയും കൊണ്ടാണ് കഴിഞ്ഞ ഒരുപാട് കാലങ്ങളായി ജീവിച്ചിരുന്നത്. മൂത്ത രണ്ടു ആണ്‍മക്കള്‍ വീടിനടുത്തുള്ള പള്ളിക്കുളത്തില്‍ വീണ് മരിച്ചിരുന്നു. പലപ്പോഴും അവരുടെ ഓര്‍മ്മകള്‍ അയവിറക്കാറുണ്ടായിരുന്നെങ്കിലും എല്ലാം സഹിച്ചും ക്ഷമിച്ചും ജീവിതം മുന്നോട്ട് കൊണ്ടുപോയിരുന്നു.
ജാഡകളുടെ ഇക്കാലത്ത് ഒരു ജാഡയുമില്ലതെ പച്ചയായ ജീവിതം നയിച്ച വലിയ മഹാന്‍. തണ്ടന്‍കാല്‍ വരെയുള്ള മുണ്ടും നീലം മുക്കിയ നീളക്കുപ്പായവും വലിയ തലേക്കെട്ടും നീണ്ട ഇടതൂര്‍ന്ന താടിയും കൈയില്‍ സദാസമയവും കരുതാറുള്ള കാലന്‍ കുടയും സദാസമയവും ദികിറിലോ സ്വലാത്തിലോ മുഴുകിയ ചുണ്ടുകളും ഹൈബത്തും വഖാറും നിറഞ്ഞ ഒരു ആബിദായ ദാകിറിനെ നമുക്ക് മുമ്പില്‍ കാണിക്കുമായിരുന്നു.
ജലാലിയ്യ റാതീബ് രചിച്ച പ്രമുഖ പണ്ഡിതനും 'ഇമാമുല്‍അറൂസ് ' എന്ന പേരില്‍ പ്രസിദ്ധനായ സയ്യിദ് മുഹമ്മദ് മാപ്പിളൈ ലബ്ബൈ ആലിം എന്നിവരുടെ പൗത്രനും പ്രമുഖ അറബി ഭാഷ പണ്ഡിതനും സൂഫിവര്യനുമായ തമിഴ്‌നാട് കീളക്കരയിലെ തൈക്കാ ശുഹൈബ് ആലിം എന്നിവരില്‍ നിന്നുമാണ് റാത്തീബിന്റെ ഇജാസത്ത് ലഭിച്ചത്. ഒരുപാട് റാത്തീബ് മജ്ലിസുകള്‍ക്ക് തന്റെ സ്വതസിദ്ധമായ ശൈലിയും ശബ്ദഗാംഭീര്യവും കൊണ്ട് ഭംഗിയുള്ള രൂപത്തില്‍ നേതൃത്വം നല്‍കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു.
ശൈഖുനാ ശംസുല്‍ ഉലമാ ഇ.കെ അബൂബക്കര്‍ മുസ്ലിയാരെ വലിയ ഇഷ്ടമായിരുന്നു.
കേരളത്തിലെയും സമീപ പ്രദേശങ്ങളിലേയും മഹാന്മാരുടെ ദര്‍ഘകളില്‍ സ്ഥിരമായി സന്ദര്‍ശിക്കുകയും അവരുമായി ആത്മീയ ബന്ധം കാത്തു സൂക്ഷിക്കുകയും ചെയ്യുമായിരുന്നു.
കഴിഞ്ഞ പത്തിരുപത് വര്‍ഷക്കാലമായി തളങ്കര കണ്ടത്തില്‍ ജുമാ മസ്ജിദില്‍ ജുമുഅ നമസ്‌കാരത്തിനായി ഏറ്റവും ആദ്യം പളളിയില്‍ എത്താറുണ്ടായിരുന്നു. അല്ലാഹുവില്‍ അപാരമായ തവക്കുല്‍ അര്‍പ്പിച്ച് കൊണ്ട് ജീവിച്ചതിനാല്‍ തന്നെ ഒരു സൃഷ്ടിയോടും വിധേയത്വം കാണിക്കാറുണ്ടായിരുന്നില്ല.
ദിക്‌റിലും സ്വലാത്തിലും മറ്റു ആത്മീയ മജ്ലിസുകളിലുമായി ജീവിതം സമര്‍പ്പിച്ച ബാപ്പു മുസ്ലിയാരുടെ പരലോക ജീവിതത്തില്‍ സന്തോഷവും സമാധാനവും നല്‍കി അല്ലാഹു അനുഗ്രഹിക്കട്ടെ, നന്മകള്‍ സ്വീകരിച്ചും തിന്മകള്‍ പൊറുത്ത് കൊടുത്തും പരലോകത്ത് ഉന്നത സ്ഥാനം നല്‍കുമാറാകട്ടെ, ആമീന്‍.


-ബാസിം ഗസ്സാലി

Related Articles
Next Story
Share it