വിയോഗം അതുണ്ടാക്കുന്ന വേദനയും വിടവും അനിര്‍വചനീയമാണ്. അതു ഓരോ വ്യക്തിയുടെ നന്മയുടെ ആഴവും പരപ്പുമനുസരിച്ച് വ്യത്യസ്തമാകുന്നു. വ്യക്തിയുടെ ഇടപെടലുകള്‍ക്കനുസരിച്ച് അത് കുടുംബത്തില്‍, നാട്ടില്‍ സമൂഹത്തില്‍ വലിയ തോതില്‍ പ്രതിഫലനങ്ങളുണ്ടാക്കുന്നു. ചിലര്‍ അങ്ങനെയാണ്. അവര്‍ ജീവിതം, സാമൂഹിക ഇടപെടല്‍, വ്യക്തിത്വം, പെരുമാറ്റം എന്നിവ കൊണ്ട് നാടിന്റെ, നാട്ടുകാരുടെ ആരൊക്കെയോ ആയി മാറുന്നു. അവിടെ മരണം ഉണക്കമില്ലാത്ത മുറിവുകളും നികത്താനാവാത്ത വിടവുകളുമുണ്ടാക്കുന്നു. അത്തരമൊരു വിയോഗമായിരുന്നു കഴിഞ്ഞ ദിവസം നിര്യാതനായ ബെദിരയിലെ ബി.എം.സി കുഞ്ഞഹമ്മദ് എന്ന നാടൊന്നാകെ വിളിക്കുന്ന കുഞ്ഞാമുച്ച.
ജനസേവനത്തിനായി ഒരായുസ് മാറ്റിവച്ച നാടറിഞ്ഞ കര്‍മയോഗിയായിരുന്നു ബെദിരയില്‍ നിര്യാതനായ ബി.എം.സി കുഞ്ഞഹമ്മദ്. സ്വകാര്യ ജീവിതത്തിനിടയിലും നാടിനെയും നാട്ടുകാരെയും നെഞ്ചോടുചേര്‍ക്കുകയായിരുന്നു അദ്ദേഹം. അതിന്റെ ബഹിര്‍സ്ഫുരണമാണ് അരങ്ങൊഴിഞ്ഞപ്പോഴുണ്ടായ ജനബാഹുല്യം. അനാവശ്യമായ അഭിപ്രായപ്രകടനങ്ങളില്‍ നിന്നും സ്വയമറിഞ്ഞ് മാറിനിന്നു. ഇടപെടേണ്ട നന്മയുടെ ഇടങ്ങളില്‍ സ്വയം മറന്ന് സജീവമായി. ലളിതമായ ജീവിതരീതി, വിനയാന്വിതമായ സമീപനം, കണിശമായ നിലപാട്, അളന്നു മുറിച്ച സംസാരം, സദാനേരവും പ്രസന്നത… ഇതൊക്കെയായിരുന്നു കുഞ്ഞാമുച്ചയെ വ്യത്യസ്തനാക്കിയത്.
നാടറിഞ്ഞ ജനസേവനകനായിരുന്നു കുഞ്ഞാമുച്ച. രണ്ടുപതിറ്റാണ്ടുകാലം ബെദിര മുഹ്‌യുദ്ദീന്‍ ജുമാമസ്ജിദ് ഭാരവാഹിത്വം, വാര്‍ഡ് ലീഗ് പ്രസിഡന്റ്, സെക്രട്ടറി സ്ഥാനമടക്കം രണ്ടര പതിറ്റാണ്ടുകാലം പാര്‍ട്ടിയില്‍ നിറസാന്നിധ്യം, ജനസേവനകന്‍, സമസ്തയുടെ സഹകാരി അങ്ങനെ നാടിന്റെ മത-സാമൂഹിക-സാംസ്‌കാരിക മേഖലയില്‍ നിറസാന്നിധ്യമായി. തന്നിലേക്കേല്‍പ്പിച്ച സ്ഥാനമാനങ്ങളെ അമാനത്തായി കൊണ്ടുനടന്ന അപൂര്‍വം വ്യക്തികളിലൊരാള്‍.
ഉപജീവനമാര്‍ഗമെന്നോണം അനാദിക്കട നടത്തിയിരുന്ന അദ്ദേഹത്തിന്റെ ഒറ്റമുറിപ്പീടിക ഒരു ജനസേവന കേന്ദ്രം പോലെ പ്രവര്‍ത്തിച്ചു. പള്ളിക്കാര്യങ്ങളും പാര്‍ട്ടിക്കാര്യങ്ങളുമെല്ലാം ഒറ്റമുറിപീടികയിലും സാധ്യമാകുന്ന തരത്തില്‍ മഹല്ലുകാരുടെ ആശാകേന്ദ്രമായി. പള്ളിയുമായി ബന്ധപ്പെട്ട എന്താവശ്യവും അടുത്ത വെള്ളിയാഴ്ച പള്ളിമുറ്റത്തെ സിറ്റിംഗിലേക്ക് കാത്തിരിക്കാതെ ആ ഒറ്റമുറിപ്പീടികയില്‍ ലഭ്യമാകും. തിരഞ്ഞെടുപ്പു കാലമായാല്‍ അവിടം ഏറെ വൈകിയും വിളക്കണയാറില്ല. കച്ചവടത്തിരക്കിനിടയിലും അവിടം തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കും തിരക്കേറും. വോട്ടര്‍ ലിസ്റ്റ് പരിശോധിക്കുന്നതു മുതല്‍ ബൂത്ത് പ്രവര്‍ത്തനങ്ങളുടെ ബഹളമായിരിക്കും രാത്രിവൈകുവോളം. ഫീല്‍ഡ് പ്രവര്‍ത്തനങ്ങള്‍ക്കും മുന്നിലുണ്ടാവും. സാധനങ്ങള്‍ വാങ്ങാനെത്തുന്നതു പോലെ പരാതി ബോധിപ്പിക്കാനും അഭിപ്രായം തേടാനും വിവിധ ആനുകൂല്യങ്ങളുടെയും മറ്റും അപേക്ഷകള്‍ പൂരിപ്പിക്കാനും വിവരങ്ങളറിയാനും സംശയങ്ങള്‍ തീര്‍ക്കാനും ഒരുപാട് പേര്‍ ആ പീടികയിലെത്തും.
ഒരു ജനപ്രതിനിധിയെ പോലെ ജനസേവനം കൊണ്ട് ജീവിതം അടയാളപ്പെടുത്തി. ജനപ്രതിനിധിയെക്കാളേറെ നാടിന് ആവശ്യമായിരുന്നു കുഞ്ഞാമുച്ചയെ. ഹരിത രാഷ്ട്രീയത്തെ നെഞ്ചേറ്റിയ അദ്ദേഹം തിരഞ്ഞെടുപ്പു കാലങ്ങളില്‍ പാര്‍ട്ടിക്കുള്ളിലെപ്പഴെങ്കിലും രൂപപ്പെടാറുള്ള അഭിപ്രായ ഭിന്നതകളില്‍ അലോസരപ്പെട്ടു. രാഷ്ട്രീയ വര്‍ത്തമാനങ്ങളില്‍ നല്ല പാഠവമുള്ള അദ്ദേഹം താല്‍പര്യങ്ങള്‍ക്ക് വഴങ്ങാതെ അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകനായി.
ചന്ദ്രികയിലെത്തുന്നതിനു മുമ്പെ ചന്ദ്രിക വായിച്ചു തുടങ്ങിയതും ആ പിടികയില്‍ നിന്നായിരുന്നു. സമസ്ത പ്രവര്‍ത്തനങ്ങളിലും അനുഭാവപൂര്‍വം കൂടെ നിന്നു. നാടിന്റെ പഴയ കാല ചരിത്രം പുസ്തകത്തിലാക്കാനുള്ള ഒരെളിയ ശ്രമവുമായി മുന്നോട്ടുവന്നപ്പോഴും കൂടെ നിന്നു. ഓര്‍മകളെ, നാടൊരുങ്ങിയ വഴികളെ ഏറ്റവും മനോഹരമായും കൃത്യതയോടെയും വിശദീകരിക്കാന്‍ അദ്ദേഹത്തിന് സാധ്യമായിരുന്നു. ബഹുമുഖ പ്രവര്‍ത്തന മേഖലകളില്‍ എളിമയോടെ പ്രവര്‍ത്തിച്ച അദ്ദേഹത്തിന്റെ വിട ഒരു പ്രദേശത്തിന്റെ മായ്ക്കപ്പെടാനാവാത്ത വിടവായി ബാക്കിയാവും.
-ശരീഫ് കരിപ്പൊടി