ബി.അബ്ദുല്‍ ഖാദര്‍ ഓര്‍മ്മയില്‍ നിറയുമ്പോള്‍

പാലോത്ത് ബടക്കംബാത്ത് അബ്ദുല്ലയുടെയും കടവത്ത് ഹസൈനാറിന്റെ മകള്‍ ബീഫാത്തിമ്മയുടെയും മകനായി 1945ലാണ് ബി. അബ്ദുല്‍ ഖാദര്‍ ജനിച്ചത്. പിതാവും മാതാവും നേരത്തെ തന്നെ ബന്ധുക്കളായിരുന്നു. കടവത്ത് ഹസൈനാറിന്റെ പെങ്ങള്‍ ഖദീജയുടെ മകനാണ് ബി. അബ്ദുല്ല. അന്തുക്കായിച്ച എന്റെ പിതാവിന്റെ സഹോദരി പുത്രനാണ്. ഇപ്പോള്‍ പാലോത്ത് താമസിക്കുന്നു. യുവാവായിരിക്കുന്നത് വരെ ബടക്കംബാത്താണ് താമസം. ചന്ദ്രഗിരിപ്പാലം വന്നതോടെ ഇവരുടെ പഴയവീടും സ്ഥലവും അക്വയര്‍ ചെയ്യപ്പെട്ടു. വിവാഹാനന്തരം പല സ്ഥലത്തും വാടക വീട്ടില്‍ താമസിച്ചിരുന്നു. ഒടുവില്‍ യു.എം. അഹമ്മദലിയുടെ ഉപ്പയുടെ പാലിച്ചിയടുക്കം […]

പാലോത്ത് ബടക്കംബാത്ത് അബ്ദുല്ലയുടെയും കടവത്ത് ഹസൈനാറിന്റെ മകള്‍ ബീഫാത്തിമ്മയുടെയും മകനായി 1945ലാണ് ബി. അബ്ദുല്‍ ഖാദര്‍ ജനിച്ചത്. പിതാവും മാതാവും നേരത്തെ തന്നെ ബന്ധുക്കളായിരുന്നു. കടവത്ത് ഹസൈനാറിന്റെ പെങ്ങള്‍ ഖദീജയുടെ മകനാണ് ബി. അബ്ദുല്ല. അന്തുക്കായിച്ച എന്റെ പിതാവിന്റെ സഹോദരി പുത്രനാണ്. ഇപ്പോള്‍ പാലോത്ത് താമസിക്കുന്നു. യുവാവായിരിക്കുന്നത് വരെ ബടക്കംബാത്താണ് താമസം. ചന്ദ്രഗിരിപ്പാലം വന്നതോടെ ഇവരുടെ പഴയവീടും സ്ഥലവും അക്വയര്‍ ചെയ്യപ്പെട്ടു. വിവാഹാനന്തരം പല സ്ഥലത്തും വാടക വീട്ടില്‍ താമസിച്ചിരുന്നു. ഒടുവില്‍ യു.എം. അഹമ്മദലിയുടെ ഉപ്പയുടെ പാലിച്ചിയടുക്കം വീട്ടില്‍ താമസിച്ചിരുന്നു.
എന്റെ ഓര്‍മ്മ വെച്ച് കാലം തൊട്ട് അദ്ദേഹം മുസ്ലീംലീഗുകാരനാണ്. എട്ടുംവളപ്പ് അബ്ദുല്‍ ഖാദര്‍ച്ച കേരള അസംബ്ലിയിലേക്ക് മത്സരിക്കുമ്പോഴും ശേഷം ബി.എം. അബ്ദുല്‍ റഹ്മാന്‍ സാഹിബ് എം.എല്‍.എ ആയി മത്സരിക്കുമ്പോഴും പ്രചരണ ജാഥയില്‍ മൈക്ക് തലയില്‍ ചുമന്ന് നടന്ന് പോയിരുന്നത് ഓര്‍മ്മയുണ്ട്. മുസ്ലീം ലീഗിന് വേണ്ടി ജീവാര്‍പ്പണം നടത്താന്‍ സന്നദ്ധനായ ഒരു അനുഭാവിയാണദ്ദേഹം. തന്റെ ജീവചരിത്രം എഴുതണമെന്ന് എന്നോട് പലപ്പോഴും പറയാറുണ്ടായിരുന്നു. വോളിബോള്‍ കളിയുമായി ബന്ധപ്പെടുത്തിയും അതില്‍ അദ്ദേഹത്തിന്റെ താല്‍പര്യത്തെ കുറിച്ചും എഴുതാനാണ് ആഗ്രഹം. 2020 ജനുവരിയില്‍ ഇടതുമുന്നണി ഒരു മനുഷ്യമഹാശൃംഖല സംഘടിപ്പിച്ചിരുന്നു. ചെമ്മനാട് മുണ്ടാങ്കുളത്ത് വെച്ച് അന്തുക്കായിച്ച ഈ ചങ്ങലയിലെ ഒരു കണ്ണിയായി നിന്നിരുന്നു. 2020 ഫെബ്രുവരി 1ന് പ്രസിദ്ധീകരിച്ച കേരള ശബ്ദം ദ്വൈവാരികയുടെ കവര്‍ പേജില്‍ അന്തുക്കായിച്ചയുടെ ഫോട്ടോ പ്രൊജക്ട് ചെയ്ത് കാണിച്ചിരുന്നു. ഫോട്ടോയുടെ താഴെ മുസ്ലീംലീഗ് ഇടത് മുന്നണിയിലേക്ക് ചായുന്നോ? എന്നൊരു അടിക്കുറിപ്പും നല്‍കിയിരുന്നു. ഇതോടെ അന്തുക്കായിച്ച ഹീറോയായി. അദ്ദേഹത്തിന്റെ ഫോട്ടോ വൈറലായി. പക്ഷെ, നിരക്ഷര കക്ഷിയായ പാവം മച്ചുനന്‍ ഇടതുപക്ഷ ചിന്താഗതിക്കാരനല്ല. മായം ചേര്‍ക്കാത്ത കപടമുഖമില്ലാത്ത യഥാര്‍ത്ഥ മുസ്ലിംലീഗുകാരനാണ്. ചെമ്മനാട് ഒട്ടനവധി ലീഗുകാരുണ്ട്. അന്തുക്കായിച്ച അധികാരം മോഹിച്ച ഒരാളായിരുന്നില്ല. തന്റെ ഭൗതീക ശരീരത്തില്‍ പച്ചത്തുണി പുതപ്പിക്കണമെന്നതും മാഹിന്‍ ഷംനാടിന്റെ ഖബറിനടുത്ത് മറവ് ചെയ്യണമെന്നതും അദ്ദേഹത്തിന്റെ ഒസ്യത്തായിരുന്നു.
വളരെ ചെറുപ്പം കാലം തൊട്ടേ കൂലിവേല ചെയ്തു ജീവിച്ചു. ഭാരമുള്ള സാധനങ്ങള്‍ തലയില്‍ ചുമന്ന് വിദൂര സ്ഥലങ്ങളില്‍ എത്തിച്ചിരുന്നു. ചെമ്മനാട് കടവില്‍ തന്റെ അമ്മാവന്‍ കടാരന്‍ അത്‌ലീന്‍ച്ച കടവ് ഏറ്റെടുത്ത് നടത്തിയിരുന്ന കാലത്ത് തോണി കുത്തിയിരുന്നു (തുഴഞ്ഞിരുന്നു). ഒരിക്കല്‍ തച്ചങ്ങാട് നിന്നും ചെമ്മനാട്ടെ തട്ടാന്‍ ഗോപാലന്റെ മരത്തിന്റെ അലമാര തലയില്‍ ചുമന്ന് 20 കിലോമീറ്റര്‍ നടന്ന് പാലിച്ചിയടുക്കം വീട്ടിലെത്തിച്ച കാര്യം അദ്ദേഹം ഓര്‍ത്തു പറഞ്ഞു. അന്ന് കൂലിയായി 40 രൂപ കിട്ടിയിരുന്നു പോലും. സി.എല്‍. ഹമീദ് ഉത്തരദേശം ദിനപത്രത്തില്‍ അന്തുക്കായിച്ചയെ 'ഹോബ്ബോള്‍ അന്തുക്ക എന്ന തലകെട്ടില്‍ ലേഖനമെഴുതിയിരുന്നു. കാസര്‍കോടിന്റെ മൂക്കിലും മൂലയിലും വിദൂര സ്ഥലങ്ങളിലും അരങ്ങേറിയിരുന്ന വോളിബോള്‍ കളി കാണാന്‍ ഉറക്കമൊഴിച്ച രാത്രികള്‍ എത്രയോ കടന്ന് പോയിട്ടുണ്ട്. പണ്ടത്തെ വോളിബോള്‍ കളിയിലെ ഫിനിഷിംഗ് പോയിന്റ് 14 ആണ്. ഇതിനെ ഗെയിംബോള്‍ എന്ന് പറയുന്നു. 13-ാമത്തെ പോയിന്റ് പ്രതീക്ഷ നല്‍കുന്ന പോയിന്റായതിനാല്‍ ഹോബ്ബോള്‍ (ഒീുല ആമഹഹ) എന്ന് പറഞ്ഞിരുന്നു. അന്തുക്കായിച്ച ഉരുവിട്ടിരുന്ന ഒരു പല്ലവി പദമാണ് ഹോബ്ബോള്‍. ഇക്കാരണത്താല്‍ ഹോബ്ബോള്‍ അന്തുക്ക എന്ന് വിശേഷിപ്പിച്ചതാവാം. ഇപ്പോഴത്തെ വോളിബോള്‍ കളിയിലെ പോയിന്റ് 24 ആണ്. Point Rally (side over) ആയിട്ടാണ് പോയിന്റ് കണക്കാക്കുന്നത്.
അന്തുക്കായിച്ചയുടെ ഉമ്മയുടെയും എന്റെ ഉപ്പയുടെയും വംശപരമ്പരയുടെ സെന്‍സസ് എടുക്കാന്‍ വേണ്ടി വീടുകളില്‍ പോകാന്‍ അദ്ദേഹത്തിന്റെ മകന്‍ റിയാസ് പരമാവധി സഹായിച്ചിട്ടുണ്ട്. കുടുംബസംഗമം നടന്ന് കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ച ആളാണദ്ദേഹം. അന്തുക്ക ചെമ്മനാട്ടെ വോളിബോള്‍ ടീമായിരുന്ന ഷാര്‍പ്പ് ഹിറ്റേര്‍സിന്റെ ക്യാപ്റ്റനായിരുന്നു. മാളിക പി. അന്‍സാരി (അന്‍ച്ച), പി.കെ. മാഹിന്‍, വെളിപ്പാടി മൂസ, സി.എല്‍. ഉമ്പു (അബ്ദുല്‍ റഹ്മാന്‍ കുത്തിവളപ്പ് മുഹമ്മദലി) (ആച്ച) എന്നിവര്‍ ടീമംഗങ്ങളായിരുന്നു. പണ്ടുകാലത്ത് ചെറിയ പെരുന്നാളിനും ബലിപെരുന്നാളിനും ഷഷ്ഠി ഉത്സവത്തിനും പൊല്‍സ് കൂട്ടുന്ന ഒരു വിനോദമായിരുന്നു തൊട്ടിലാട്ടം. തൊട്ടിലാട്ടമില്ലെങ്കില്‍ പെരുന്നാള്‍ ദിവസം നിര്‍ജീവമായി തീര്‍ന്നിരുന്നു. അന്തുക്കായിച്ചയോടൊപ്പം തൊട്ടില്‍ വലിച്ചിരുന്ന മറ്റെല്ലാവരും നേരത്തെ മരണപ്പെട്ടു. കുണ്ടക്കോഴി ആമല്‍ച്ചാന്റെ നേതൃത്വത്തില്‍ അന്തുക്കായിച്ചയും എന്റെ പിതാവ് ഹസനാര്‍ച്ചാന്റെ അന്തുക്കായിച്ച, എളേപ്പ ഹസനാര്‍ച്ചാന്റെ ആമുച്ച, കുന്നരിയത്ത് ഉമ്മര്‍ച്ച, മീശക്കാരന്‍ അത്‌ലീന്‍ച്ച, ചെറിയമൂല മുഹമ്മദ് കുഞ്ഞി, പാലിച്ചിയടുക്കം അപ്ലു മുഹമ്മദ് കുഞ്ഞി അമ്പാച്ച എന്നിവര്‍ നേരത്തെ മരണപ്പെട്ടു. ഇവരെയെല്ലാം കൂടി ഉപ്പ ഉച്ചഭക്ഷണം കഴിക്കാന്‍ വീട്ടിലേക്ക് വരാറുണ്ടായിരുന്നു. വൈകുന്നേരം കാശ് എണ്ണി തിട്ടപ്പെടുത്തിയിരുന്നത് ഞങ്ങളുടെ വീട്ടില്‍വെച്ചായിരുന്നു. പെരുന്നാള്‍ നമസ്‌കാരശേഷം വൈകുന്നേരം അസര്‍ നമസ്‌കാരം വരെ കുട്ടികളുടെ തൊട്ടിലാട്ടസമയമായിരുന്നു. അസറിന് ശേഷം മുതിര്‍ന്നവരുടെ 1/4 മണിക്കൂര്‍ തൊട്ടിലാട്ടമാണ് നടന്നിരുന്നത്. തൊട്ടിലിനിടയില്‍ കിടന്ന് തൊട്ടില്‍ വലിക്കുന്നതില്‍ ഈ അനുവാചകന്റെ പിതാവ് എക്‌സ്‌പേര്‍ട്ട് ആയിരുന്നു.
ഫരീദ, മാഹിന്‍, മുനീര്‍, ഷരീഫ്, റിയാസ്, ആബിദ്, അമീര്‍, റാബിയ എന്നിവര്‍ അന്തുക്കായിച്ചയുടെ മക്കളാണ്. 2015-2020 കാലഘട്ടത്തിലെ ചെമ്മനാട് പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന കല്ലട്ര അബ്ദുല്‍ ഖാദറിന്റെ മാതൃസഹോദരിയാണ് അന്തുക്കായിച്ചാന്റെ ഭാര്യ ബീഫാത്തിമ. 2021ല്‍ നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മകന്‍ അമീര്‍ പാലോത്ത് ചെമനാട് പഞ്ചായത്തിലെ 1-ാം വാര്‍ഡില്‍ മത്സരിച്ചു വിജയിച്ചു പഞ്ചായത്ത് മെമ്പറായി. അന്തുക്കായിച്ചാക്ക് എന്നോടും കുടുംബത്തോടുമുള്ള അളവറ്റ സ്‌നേഹവും അടുപ്പവും എന്നെ സ്വാധീനിച്ചിട്ടുണ്ട്.

-പ്രൊഫ. കെ. മുഹമ്മദ് കുഞ്ഞി ചെമ്മനാട്‌

Related Articles
Next Story
Share it