മുസ്ലിം ലീഗിനെ നെഞ്ചേറ്റി നടന്ന ബി.എ. റഹ്മാന്‍ ഹാജി എയര്‍ലൈന്‍സ്

കാസര്‍കോട് മേഖലയില്‍ ഒരു പുരുഷായുസ് മുഴുവന്‍ മുസ്ലിം ലീഗിനെ നെഞ്ചേറ്റി നടന്ന നേതാവായിരുന്നു കഴിഞ്ഞ ദിവസം വിട പറഞ്ഞ എയര്‍ലൈന്‍സ് അന്തുമായിച്ച എന്ന ബി.എ. റഹ്മാന്‍ ഹാജി എയര്‍ലൈന്‍സ്.പഴയ കാലത്ത് കാസര്‍കോട് മേഖലയില്‍ മുസ്ലിം ലീഗിന്റെ പ്രകടനങ്ങളും സമ്മേളനങ്ങളും നടക്കുമ്പോള്‍ മുന്‍ നിരയില്‍ നിന്ന് നേതൃത്വം നല്‍കിയ പ്രമുഖരില്‍ ഒരാളായിരുന്നു അദ്ദേഹം. നാടിന്റെ ഏത് മുക്കിലും മൂലയിലും പാര്‍ട്ടിയുടെ പരിപാടികള്‍ ഉണ്ടെന്നറിഞ്ഞാല്‍ സന്നാഹങ്ങളുമായി ഓടിയെത്തുന്ന ആവേശം നിറഞ്ഞ പോരാളിയായിരുന്നു.1975-80 കാലഘട്ടത്തില്‍ മുസ്ലിം ലീഗിന് താലൂക്ക് തലത്തില്‍ ഓഫീസ് […]

കാസര്‍കോട് മേഖലയില്‍ ഒരു പുരുഷായുസ് മുഴുവന്‍ മുസ്ലിം ലീഗിനെ നെഞ്ചേറ്റി നടന്ന നേതാവായിരുന്നു കഴിഞ്ഞ ദിവസം വിട പറഞ്ഞ എയര്‍ലൈന്‍സ് അന്തുമായിച്ച എന്ന ബി.എ. റഹ്മാന്‍ ഹാജി എയര്‍ലൈന്‍സ്.
പഴയ കാലത്ത് കാസര്‍കോട് മേഖലയില്‍ മുസ്ലിം ലീഗിന്റെ പ്രകടനങ്ങളും സമ്മേളനങ്ങളും നടക്കുമ്പോള്‍ മുന്‍ നിരയില്‍ നിന്ന് നേതൃത്വം നല്‍കിയ പ്രമുഖരില്‍ ഒരാളായിരുന്നു അദ്ദേഹം. നാടിന്റെ ഏത് മുക്കിലും മൂലയിലും പാര്‍ട്ടിയുടെ പരിപാടികള്‍ ഉണ്ടെന്നറിഞ്ഞാല്‍ സന്നാഹങ്ങളുമായി ഓടിയെത്തുന്ന ആവേശം നിറഞ്ഞ പോരാളിയായിരുന്നു.
1975-80 കാലഘട്ടത്തില്‍ മുസ്ലിം ലീഗിന് താലൂക്ക് തലത്തില്‍ ഓഫീസ് ഇല്ലാതിരുന്ന കാലത്ത് തന്റെ ഉടമസ്ഥതയിലുള്ള പ്രശസ്തമായ എയര്‍ലൈന്‍സ് ഹോട്ടലില്‍ പാര്‍ട്ടിക്ക് ഓഫീസ് മുറികള്‍ അനുവദിക്കുകയും ആവശ്യമായ സജ്ജീകരണങ്ങള്‍ ഒരുക്കുകയും ചെയ്ത അദ്ദേഹത്തിന് മുസ്ലിം ലീഗ് എന്നും ലഹരിയായിരുന്നു.
1977ല്‍ ടി.എ. ഇബ്രാഹിം സാഹിബ് നിയമസഭയിലേക്ക് മത്സരിച്ചപ്പോഴും 79ല്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ സി.ടി. അഹമദലി ആദ്യമായി മത്സരിച്ചപ്പോഴും 80ലും 82ലും നടന്ന തിരഞ്ഞെടുപ്പുകളിലും തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പ്രവര്‍ത്തിച്ചത് എയര്‍ലൈന്‍സ് ഹോട്ടലിലായിരുന്നു. സി.എച്ച്. മുഹമ്മദ് കോയ സാഹിബുമായും സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുമായും പി. സീതി ഹാജിയുമായും അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന അദ്ദേഹത്തിന്റെ ഹോട്ടലില്‍ സന്ദര്‍ശിക്കുകയും അദ്ദേഹത്തിന്റെ ആഥിത്യം സ്വീകരിക്കുകയും ചെയ്യാത്ത നേതാക്കള്‍ വിരളമാണ്.
ഒരു കാലത്ത് കാസര്‍കോടിന്റെ രാഷ്ട്രീയ ഗതിവിഗതികള്‍ നിര്‍ണയിച്ചിരുന്ന ചര്‍ച്ചകള്‍ക്കും ഉപശാലകള്‍ക്കും എയര്‍ലൈന്‍സ് ഹോട്ടല്‍ വേദിയായിരുന്നത് പഴയ തലമുറക്കാര്‍ക്ക് മറക്കാറായിട്ടില്ല. അദ്ദേഹത്തിന്റെ ബേവിഞ്ചയിലെ വസതിയും പ്രമുഖ നേതാക്കളുടെ സന്ദര്‍ശനത്തിനും ചര്‍ച്ചകള്‍ക്കും വേദിയായിരുന്നു.
അസുഖ ബാധിതനായി വീട്ടില്‍ വിശ്രമിക്കുമ്പോഴും പാര്‍ട്ടി കാര്യങ്ങള്‍ നിത്യവും ശ്രദ്ധിക്കുകയും ചോദിച്ചറിയുകയും ചെയ്തിരുന്ന ബി.എ. റഹ്മാന്‍ ഹാജി മുസ്ലിം ലീഗ് പാര്‍ട്ടിക്ക് തന്റെ ഇടനെഞ്ചില്‍ തന്നെ സ്ഥാനം നല്‍കി മരണം വരെ മുസ്ലിം ലീഗുകാരനായി ജീവിച്ചു. രാഷ്ട്രീയ രംഗത്ത് അദ്ദേഹത്തിന്റെ ആത്മാര്‍ത്ഥമായ പിന്തുണയും പ്രോത്സാഹനങ്ങളും എനിക്ക് നിര്‍ലോഭം ലഭിച്ചിട്ടുണ്ട്.
ഞാന്‍ അസുഖ ബാധിതനായപ്പോള്‍ എന്നെ നിരന്തരം സന്ദര്‍ശിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്ത അദ്ദേഹം നല്‍കിയ ആത്മധൈര്യം വിസ്മരിക്കാനാവില്ല.
മുസ്ലിം ലീഗിനെയും മുസ്ലിം ലീഗുകാരെയും ആത്മാര്‍ത്ഥമായി സ്‌നേഹിക്കുകയും ഇഷ്ടപ്പെടുകയും ചെയ്തിരുന്ന യഥാര്‍ത്ഥ മുസ്ലിം ലീഗുകാരനെയാണ് ഹാജിയുടെ വിയോഗത്തിലൂടെ പാര്‍ട്ടിക്ക് നഷ്ടപ്പെട്ടത്. സര്‍വ്വശക്തന്‍ സ്വര്‍ഗാവകാശികളില്‍ ഉള്‍പ്പെടുത്തട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു (ആമീന്‍).


-എ.അബ്ദുല്‍ റഹ്മാന്‍
(മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി)

Related Articles
Next Story
Share it