സ്വവ്യക്തിത്വം കൊണ്ട് അസ്തിത്വം ഉറപ്പിച്ച എയര്‍ലൈന്‍സ് അബ്ദുറഹിമാന്‍ ഹാജി
പഴയ കാലത്ത് 'മേനം' എന്നും അതിനും മുമ്പേ 'മെഴുകുന്നം' എന്നും ഒരു കാലയളവില്‍ സ്വത്വപ്രതിസന്ധി പൂണ്ട് തെക്കില്‍ എന്നും അറിയപ്പെട്ടിരുന്ന ഇന്നത്തെ ബേവിഞ്ചയില്‍ തലമുറ കൈമാറ്റം ഉണ്ടാകുന്നതുവരെയുള്ള ഒരു കാലഘട്ടത്തില്‍ ഹീറോയായി ഒരാളുണ്ടായിരുന്നു. അങ്ങോളമിങ്ങോളം എയര്‍ലൈന്‍സ് എന്ന കൂട്ടുപേരോടെ പിന്നീട് സുവിദിതനായ ബി.എ റഹിമാന്‍ ഹാജി. ഇന്നാട്ടിന്റെ രാഷ്ടീയത്തിനും പ്രാദേശിക മേല്‍ കോയ്മക്കുള്ള ബലാബല സമവാക്യത്തിനും നായകത്വമേകിയ ദൃഢഗാത്രനായിരുന്ന ഹീറോ.1964 മുതല്‍ ഈ പ്രദേശത്തിന് തീവ്രമായ വിഭാഗീയതയുടെ നീണ്ട ചരിത്രമുണ്ട്. എന്നാല്‍, കുറേ കാലമിപ്പുറം നാട് മിക്കവാറും […]
പഴയ കാലത്ത് 'മേനം' എന്നും അതിനും മുമ്പേ 'മെഴുകുന്നം' എന്നും ഒരു കാലയളവില്‍ സ്വത്വപ്രതിസന്ധി പൂണ്ട് തെക്കില്‍ എന്നും അറിയപ്പെട്ടിരുന്ന ഇന്നത്തെ ബേവിഞ്ചയില്‍ തലമുറ കൈമാറ്റം ഉണ്ടാകുന്നതുവരെയുള്ള ഒരു കാലഘട്ടത്തില്‍ ഹീറോയായി ഒരാളുണ്ടായിരുന്നു. അങ്ങോളമിങ്ങോളം എയര്‍ലൈന്‍സ് എന്ന കൂട്ടുപേരോടെ പിന്നീട് സുവിദിതനായ ബി.എ റഹിമാന്‍ ഹാജി. ഇന്നാട്ടിന്റെ രാഷ്ടീയത്തിനും പ്രാദേശിക മേല്‍ കോയ്മക്കുള്ള ബലാബല സമവാക്യത്തിനും നായകത്വമേകിയ ദൃഢഗാത്രനായിരുന്ന ഹീറോ.1964 മുതല്‍ ഈ പ്രദേശത്തിന് തീവ്രമായ വിഭാഗീയതയുടെ നീണ്ട ചരിത്രമുണ്ട്. എന്നാല്‍, കുറേ കാലമിപ്പുറം നാട് മിക്കവാറും […]
പഴയ കാലത്ത് 'മേനം' എന്നും അതിനും മുമ്പേ 'മെഴുകുന്നം' എന്നും ഒരു കാലയളവില്‍ സ്വത്വപ്രതിസന്ധി പൂണ്ട് തെക്കില്‍ എന്നും അറിയപ്പെട്ടിരുന്ന ഇന്നത്തെ ബേവിഞ്ചയില്‍ തലമുറ കൈമാറ്റം ഉണ്ടാകുന്നതുവരെയുള്ള ഒരു കാലഘട്ടത്തില്‍ ഹീറോയായി ഒരാളുണ്ടായിരുന്നു. അങ്ങോളമിങ്ങോളം എയര്‍ലൈന്‍സ് എന്ന കൂട്ടുപേരോടെ പിന്നീട് സുവിദിതനായ ബി.എ റഹിമാന്‍ ഹാജി. ഇന്നാട്ടിന്റെ രാഷ്ടീയത്തിനും പ്രാദേശിക മേല്‍ കോയ്മക്കുള്ള ബലാബല സമവാക്യത്തിനും നായകത്വമേകിയ ദൃഢഗാത്രനായിരുന്ന ഹീറോ.
1964 മുതല്‍ ഈ പ്രദേശത്തിന് തീവ്രമായ വിഭാഗീയതയുടെ നീണ്ട ചരിത്രമുണ്ട്. എന്നാല്‍, കുറേ കാലമിപ്പുറം നാട് മിക്കവാറും സമന്വയത്തിന്റെ പാതയിലൂടെ നീങ്ങുന്നത് ശുഭകരമാണ്. ഇതിന് വഴിയൊരുക്കിയതിന്റ മുന്നിലും എയര്‍ലൈന്‍സ് അന്തുമാന്‍ച്ച ഉണ്ടായിരുന്നു. ബേവിഞ്ച ജമാഅത്ത് പ്രസിഡണ്ടും ഖജാഞ്ചിയുമൊക്കെയായുള്ള അദ്ദേഹത്തിന്റെ സേവനം മികച്ചതായിരുന്നു. അറ്റുപോയ സൗഹൃദത്തിന്റെ കണ്ണികള്‍ വിളക്കി ചേര്‍ക്കാനും അദ്ദേഹം മുന്‍കയ്യെടുത്തു.
വര്‍ഷങ്ങള്‍ക്ക് മുമ്പ് ബേവിഞ്ച ജമാഅത്ത് പള്ളിക്ക് വന്‍ തുക ചെലവില്‍ ഇന്നുള്ള മുഖഛായ നല്‍കുന്നതില്‍ നേരിട്ടുള്ള നേതൃത്വം അദ്ദേഹത്തിന്റേതായിരുന്നു. അതിന് വേണ്ടിയിരുന്ന ധനശേഖരണത്തിനായി മറ്റൊരു ഭാരവാഹിയായിരുന്ന ഉക്കാസ് അബ്ദുല്‍ ഖാദര്‍ ഹാജിയുമൊത്ത് അദ്ദേഹം യു.എ.ഇയില്‍ വ്യാപകമായ പര്യടനം നടത്തി. എയര്‍ലൈന്‍സ് അന്തുമാന്‍ച്ചയെ അറിയുന്ന പല അയല്‍ നാട്ടുകാരും നല്ല സംഖ്യ സംഭാവന നല്‍കി. യു.എ.ഇയില്‍ അറിയപ്പെടുന്ന ചില അന്യനാട്ടുകാരെ അദ്ദേഹത്തിന്റെ അഭ്യര്‍ത്ഥന പ്രകാരം ഞാന്‍ ബന്ധപ്പെടുത്തി കൊടുത്തിരുന്നു. അപ്പോഴാണ് എയര്‍ലൈന്‍സ് അബ്ദുറഹിമാന്‍ ഹാജി അവരില്‍ മിക്കവര്‍ക്കും പരിചിതനാണെന്ന് ഞാനും കൂടി അറിയുന്നത്. അതിനും കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പേ, മീത്തലെ പള്ളിയെന്നും പട്ടാള പള്ളിയെന്നും അറിയപ്പെടുന്ന നാട്ടിലെ മറ്റൊരു പള്ളിയുടെ പുനരുദ്ധാരണത്തിനും അദ്ദേഹം മുന്നിട്ടിറങ്ങിയിരുന്നു. വടക്കേ മലബാറിലെത്തന്നെ ഏറ്റവും പുരാതനവും പ്രസിദ്ധവുമായ പള്ളിദര്‍സുകളിലൊന്ന് ആ പള്ളിയിലായിരുന്നു. കാസര്‍കോട്ടെ വിഖ്യാതമായ ഷംനാട് കുടുംബം വഖഫ് ചെയ്ത സ്വത്തുക്കളില്‍ നിന്നുള്ള വരുമാനത്തിലാണ് പള്ളിയും ദര്‍സും നടന്നിരുന്നത്. കാല ക്രമേണ ദര്‍സ് നിലച്ചു. പള്ളി ജീര്‍ണാവസ്ഥയിലായി.
ആ പള്ളി നടത്തിപ്പും അതില്‍ ദര്‍സ് നടത്താനുള്ള വഖഫ് വരുമാന സ്വത്തുക്കളും പൂര്‍ണമായും പിന്നീട് ബേവിഞ്ച ജമാഅത്ത് ഏറ്റെടുത്തു. അതിനിടയില്‍ തന്നെ പള്ളി ജീര്‍ണാവസ്ഥയിലായി. അത് പുനരുദ്ധരിക്കാനുള്ള ചുമതലയാണ് എയര്‍ലൈന്‍സ് അബ്ദുറഹിമാന്‍ ഹാജി ഏറ്റെടുത്തത്. പിരിവിനായി യു.എ.ഇയിലേക്ക് വരാന്‍ അദ്ദേഹത്തിന്നും ഒന്നിച്ച് വന്ന മുക്രി മുഹമ്മദ് കുഞ്ഞിക്കും വിസ നല്‍കിയത് എന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന പത്ര കമ്പനിയാണ്. അന്നാളുകളില്‍ സന്ദര്‍ശക വിസ അത്ര എളുപ്പമായിരുന്നില്ല. എയര്‍ലൈന്‍സ് അന്തുമാന്‍ചയുടെ പരിചയ വലയത്തില്‍ പെട്ടവര്‍ തന്നെയാണ് കൂടുതല്‍ സംഭാവനയും അന്നും നല്‍കിയത്. കഴിവനുസരിച്ച് നാട്ടുകാരും സഹകരിക്കുകയുണ്ടായി.
വിജ്ഞാനത്തോടും അത് ആര്‍ജിക്കുന്നവരോടും അദ്ദേഹം ആഭിമുഖ്യം പുലര്‍ത്തിയിരുന്നു. ഒരു പരിധിവരെ ബേവിഞ്ചയുടെ വിജ്ഞാന നവോത്ഥാനത്തിനും യുവതലമുറയില്‍ വായനയും-കായിക വിനോദവും വളര്‍ത്തുന്നതിനും തുടക്കം കുറിച്ചത് നാട്ടില്‍ 1963-65കാലത്തിനിടയില്‍ (ശരിയായ തിയതി ഓര്‍മയില്ല) സ്ഥാപിച്ച വൈ.എം.എ ലൈബ്രറി ആന്റ് റീഡിംഗ് റൂമിലൂടെയായിരുന്നു. അതിന്റെ സ്ഥാപക പ്രസിഡണ്ടായിരുന്നു അദ്ദേഹം. അത് പില്‍ക്കാലത്ത് പലഘട്ടങ്ങളിലൂടെ കടന്നു പോവുകയും അതിന്റെ ചരിത്രത്തില്‍ അക്ഷന്തവ്യമായ കൈ കടത്തലുകളും വക്രീകരണങ്ങളും ഉണ്ടായിട്ടുണ്ടെങ്കിലും വൈ.എം.എയുടെ സ്ഥാപനത്തിലും വളര്‍ച്ചയിലും ബി.എ. റഹ്മാന്റ പങ്ക് നിത്യസ്മരണീയം. ഇന്നും വൈ.എം.എ ഉണ്ട്. അത് ഇപ്പോള്‍ എങ്ങനെ സഞ്ചരിക്കുന്നുണ്ടെന്നറിയില്ല.
അക്കാലത്തെ യുവാക്കളുടെ സായാഹ്ന സന്ധികേന്ദ്രമായ കല്ലുകൂട്ടം എന്ന സ്ഥലത്ത് അദ്ദേഹത്തിന്റെ കുടുംബ വക കെട്ടിടത്തിന്റെ മുകള്‍ നില മുഴുവന്‍ വാടക നല്‍കാതെ ഉപയോഗിച്ചാണ് കുറേ കാലം വൈ.എം.എ പ്രവര്‍ത്തിച്ചത്. തുടക്കം എളിഞ്ചികയിലെ മുളി മേഞ്ഞ പഴയ പീടിക മുറിയിലായിരുന്നു. വലിയൊരു പുസ്തകശേഖരം വൈ.എം.എയില്‍ ഉണ്ടായിരുന്നു. വര്‍ഷം തോറും കേരള ഗ്രന്ഥശാലാ സംഘത്തില്‍ നിന്ന് ഗ്രാന്റും ലഭിച്ചിരുന്നു. കരാര്‍ ജോലി തിരക്കുകള്‍ക്കിടയിലും റഹ്മാന്‍ സാഹിബ് ലൈബ്രറിയിലേക്ക് വന്നു മണിക്കൂറുകള്‍ അംഗങ്ങള്‍ക്കിടയില്‍ ചെലവഴിക്കാറുണ്ടായിരുന്നു. ഒരു സുവര്‍ണ്ണ കാലഘട്ടമായിരുന്നു അത്. വലിയ ഹാളില്‍ ഭാഗം തിരിച്ച് വായനയും ചര്‍ച്ചകളും പ്രസംഗ പരിശീലന ക്ലാസും കേരംസ്, ചെസ്, പുലിക്കളി അങ്ങനെ പലവക വിനോദങ്ങളും... പ്രസിഡണ്ട് ബി.എ. റഹ്മാന്റ പ്രോത്സാഹനത്തില്‍ സര്‍വസജീവമായ സായാഹ്നങ്ങള്‍. വൈ.എം.എയുടെ തുടക്കക്കാരില്‍ ആദ്യ സെക്രട്ടറിയായ കൊളമ്പ അബ്ദുറഹിമാനും രണ്ടാമത് സെക്രട്ടറിയായ ഞാനും മാത്രമേ ഇന്ന് ബാക്കിയുള്ളൂ. അബ്ദുറഹിമാന്‍ ദശാബ്ദങ്ങളായി കോഴിക്കോട്ട് ജില്ലയിലെ നന്മണ്ടയിലാണ് സ്ഥിര താമസം.
ഔപചാരിക ഉന്നത വിദ്യാഭ്യാസത്തിന്റെ അകമ്പടിയില്ലായിരുന്നെങ്കിലും സാമൂഹിക, രാഷ്ട്രീയ, മത മുഖ്യധാരാ ഇടപെടലുകളില്‍ ബി.എ റഹ്മാന്‍ ഹാജിക്ക് ഉണ്ടായിരുന്നു. കാഴ്ചപ്പാടുകളും മേല്‍ക്കയ്യും അപ്രതിരോധ്യമായിരുന്നു. പക്ഷെ, എവിടെയും അനര്‍ഹമായി കയറി സ്വന്തം പ്രമാണിത്തം തിരുകിക്കയറ്റുന്ന പതിവ് അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല. കക്ഷിരാഷ്ട്രീയത്തിന്റെയും സാമൂഹിക സംഘടനാ പൊലിമയുടെയും തിണ്ണബലത്തില്‍ സ്വന്തം വ്യക്തിത്വം നിര്‍മ്മിക്കുകയായിരുന്നില്ല അദ്ദേഹത്തിന്റെ രീതി. സ്വന്തം നിലക്ക് ഉന്നതങ്ങളില്‍ ബന്ധം ഉണ്ടാക്കുകയും അത് സുദൃഢമാക്കുകയും ചെയ്യുക എന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രത്യേകത.
നവശിഖാന്തം മുസ്ലിം ലീഗുകാരനായിരുന്ന അന്തുമാന്‍ച്ചാക്ക് എത്രയോ ദശാബ്ദങ്ങള്‍ക്ക് മുമ്പേ ഉന്നത നേതാക്കളുമായി ബന്ധം സ്ഥാപിക്കാന്‍ കഴിഞ്ഞു. സി.എച്ച് മുഹമ്മദ് കോയ സാഹിബുമായി ദശാബ്ദങ്ങള്‍ക്ക് മുമ്പേ ഉണ്ടായിരുന്ന അഭിമാനപൂരിതമായ ബന്ധത്തിന്റെ ഓര്‍മ്മയുണര്‍ത്തുന്നതാണ് സി എച്ചും താനും മാത്രമായി ഒന്നിച്ചിരിക്കുന്ന, റഹ്മാന്‍ സാഹിബിന്റ ബെഡ് റൂമിലും സ്വീകരണ മുറിയിലും ഫ്രെയിം ഇട്ട് തൂക്കിയിരിക്കുന്ന വലിയ ഫോട്ടോകള്‍. ഇരുവരും അന്ന് ചെറുപ്പം.
പാണക്കാട് തങ്ങന്മാരടക്കം, അനേകം ഉന്നത സംസ്ഥാന രാഷ്ട്രീയ നേതാക്കളും മത നേതാക്കളുമായും എല്ലാ കക്ഷികളുടെയും ജില്ലാ നേതാക്കളുമായും അദ്ദേഹത്തിന് ഉറ്റബന്ധം ഉണ്ടായിരുന്നു. എന്നാല്‍ പാര്‍ട്ടിയുടെയോ മതസംഘടനയുടെയോ സംഘടനാ സംവിധാനങ്ങളിലെ ഉന്നതഘടകങ്ങളില്‍ കയറികൂടാനുള്ള കുറുക്കുവഴികള്‍ അദ്ദേഹം തേടിയിരുന്നില്ല. ലീഗ് ശാഖാ പ്രസിഡണ്ടിന് അപ്പുറം ഒരു സ്ഥാനത്തിനും അദ്ദേഹത്തിന് താല്‍പര്യമില്ലായിരുന്നു. ആ സ്ഥാനം അദ്ദേഹം പല തവണ വഹിച്ചു. താല്‍പര്യമുണ്ടായിരുന്നെങ്കില്‍ ബി.എ. റഹ്മാന് ലീഗില്‍ ഏകകണ്ഠ തിരഞ്ഞെടുപ്പോടെ എത്രയോ കാലം മുമ്പേ സംസ്ഥാന തലത്തിലേക്ക് എത്താമായിരുന്നു. പഞ്ചായത്ത്, ബ്ലോക്ക്, ജില്ലാതലം വരെയുള്ള തദ്ദേശ സ്വയംഭരണ സ്ഥാപന പ്രസിഡണ്ട് സ്ഥാനം പോലും നേടാമായിരുന്നു. എന്നാല്‍ പഞ്ചായത്ത് മെമ്പറാകാന്‍ പോലും അദ്ദേഹത്തിന് താല്‍പര്യമുണ്ടായിരുന്നില്ല. ചെര്‍ക്കളം അബ്ദുല്ല, എം.എസ് മുഹമ്മദ് കുഞ്ഞി, കെ.എസ്. അബ്ദുല്ല, എന്‍.എ. മുഹമ്മദ്, ടി.കെ. മൊയ്തീന്‍ കുട്ടി ഹാജി തുടങ്ങിയ എത്രയോ പേരുകളുണ്ടായിരുന്നു എയര്‍ലൈന്‍സിന്റ സമകാലീനരും ആത്മ മിത്രങ്ങളുമായി. എന്നാല്‍, അവര്‍ വഹിച്ചത് പോലെ ചില സ്ഥാനങ്ങള്‍ തനിക്കും എന്തേ നേടിക്കൂടെന്ന് അദ്ദേഹത്തിന് തോന്നിയില്ല. പക്ഷെ, വേണ്ടപ്പോള്‍ വേണ്ടിടത്ത് നിന്ന് സ്വന്തം വ്യക്തി പ്രഭാവം കൊണ്ട് അസ്തിത്വം നേടാനാവുമെന്ന ആത്മവിശ്വാസവും തന്റെ പരിധിയെയും പരിമിതിയെയും സംബന്ധിച്ച സ്വയം ബോധ്യവുമാണ് അദ്ദേഹത്തെ നയിച്ചിരുന്നത് എന്നതിനാലാണ് സംഘടനാ സംവിധാനത്തിന്റെ ചട്ടക്കൂടില്‍ കയറാതിരുന്നത്.
നാട്ടില്‍ പ്രാദേശിക രാഷ്ട്രീയ വിഭാഗീയത കൊടുമ്പിരിക്കൊണ്ടിരുന്ന അറുപതുകളുടെ അവസാന ഘട്ടത്തില്‍, ഒരു പ്രദേശത്തിന് ഒരു ലീഗ് ശാഖാ കമ്മിറ്റി എന്ന നിലവിലുണ്ടായിരുന്ന ലീഗ് ഭരണഘടനാ ചട്ടം മറികടന്ന് ഈസ്റ്റ് ബേവിഞ്ചക്ക് പ്രത്യേക ലീഗ് ശാഖ ഒറിജനല്‍ ശാഖയുടെ കടുത്ത എതിര്‍പ്പ് അവഗണിച്ച് നേടാന്‍ നേതൃത്വം നല്‍കി തന്റെ സ്വാധീനം തെളിയിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. തന്റെ തറവാടിനടുത്ത് ഒരു സര്‍ക്കാര്‍ സ്‌കൂള്‍ സ്ഥാപിക്കുന്നതിനെ ഒരു വിഭാഗം എതിര്‍ത്തപ്പോഴും സഹപ്രവര്‍ത്തകരെ ചേര്‍ത്ത് നിര്‍ത്തി അത് നേടുന്നതില്‍ അദ്ദേഹം മുന്നില്‍ നിന്നു. അന്ന് ഞാനടക്കം പലരും മറുചേരിയിലായിരുന്നുവെന്ന വസ്തുത മറച്ചു വെച്ചാല്‍ അത് ചരിത്രത്തോടുള്ള എന്റെ സത്യസന്ധതയില്ലായ്മയാകും.
ഞങ്ങള്‍ തമ്മിലുള്ള ബന്ധത്തിലെ ഊഷമളതയും അല്‍പകാലത്തെ അകല്‍ച്ചയും ചരിത്രാംശം തന്നെ. അദ്ദേഹം എന്റെ കുടുംബ ബന്ധുവാണ് എന്നിരിക്കെ പ്രത്യേകിച്ചും. ഒരു കാര്‍ഷിക കുടുംബത്തില്‍ ജനിക്കുകയും അതിലൂടെ ബാല്യം പിന്നിടുകയും ചെയ്ത റഹ്മാന്‍ ഹാജി ജില്ലയില്‍ തന്നെ അറിയപ്പെടുന്ന ധനാഢ്യനായത് കഠിനാധ്വാനം ചെയ്താണ്. പി.ഡബ്ല്യു.ഡി. കരാറായിരുന്നു അദ്ദേഹം അതിന് തിരഞ്ഞെടുത്തത്. നാട്ടില്‍ ധര്‍മ്മിഷ്ഠനും പരോപകാരിയും ആയിരുന്ന കുഞ്ഞിമാഹിന്‍ കുട്ടി ഹാജിയായിരുന്നു പി.ഡബ്ല്യു.ഡി കരാര്‍ രംഗത്ത് ഇന്നാട്ടിലെ വഴികാട്ടി. അദ്ദേഹത്തോടൊപ്പം ചേര്‍ന്ന് കരാര്‍ പണിയില്‍ മെച്ചപ്പെട്ട ധനസമ്പാദനം നടത്താന്‍ റഹ്മാനും ജ്യേഷ്ടന്മാരായ ആമു ഹാജിക്കും അബ്ദുല്‍ ഖാദര്‍ ഹാജിക്കും കഴിഞ്ഞു. പിന്നീട് ബി.എ റഹിമാനും സഹോദരന്മാരും സ്വതന്ത്രമായി കൂടുതല്‍ സമ്പന്നതയിലെത്തി. ഇളയ അനുജന്‍ മമ്മിഞ്ഞി എന്ന മുഹമ്മദ് കുഞ്ഞിയെയും കൂടെ നിര്‍ത്തി. ഇവരുടെ ഉടമസ്ഥതയില്‍ കാസര്‍കോട് നഗരത്തില്‍ ബി.ഇ.എം ഹൈസ്‌ക്കൂളിന് തൊട്ടടുത്ത് എയര്‍ലൈന്‍സ് ലോഡ്ജ് പണിതതോടെയാണ് ഈ സഹോദരന്മാരുടെ കൂട്ടുപേര് എയര്‍ലൈന്‍സ് എന്നായത്. അത് പണിയുന്നതിലും നടത്തിക്കൊണ്ട് പോകുന്നതിലും പ്രധാന പങ്ക് ബി.എ റഹ്മാന്റേതാണെന്നാണ് എന്റെ അറിവ്.
അരനൂറ്റാത്തിനപ്പുറത്തെ കാസര്‍കോട് പട്ടണത്തെ സങ്കല്‍പിക്കാമെങ്കില്‍ 'എയര്‍ലൈന്‍സ്' ഒരു ആര്‍ഭാട താമസ സാങ്കേതമായിരുന്നു. സ്റ്റേറ്റ് ഹോട്ടല്‍ എന്ന ഭേദപ്പെട്ട മറ്റൊരു ലോഡ്ജ് ഉണ്ടായിരുന്നുവെങ്കിലും ലൊക്കേഷനും വിപണന-ആതിഥ്യ നൈപുണ്യവും പുതുമയും കൊണ്ട് അന്ന് എയര്‍ലൈന്‍സ് മികച്ചുനിന്നു. അതിനാല്‍ തിരുവനന്തപുരത്ത് നിന്നും മറ്റിടങ്ങളില്‍ നിന്നും കാസര്‍കോട് വരുന്ന ഉന്നത പൊലീസ് ഉദ്യോഗസ്ഥരും സിവില്‍ ഉദ്യോഗസ്ഥരും അടക്കമുള്ളവര്‍ കാസര്‍കോട്ട് വരുമ്പോള്‍ തങ്ങിയിരുന്നത് 'എയര്‍ലൈന്‍സി'ലായിരുന്നു. അങ്ങനെ താമസിച്ചിരുന്ന എല്ലാ ഉന്നതരുമായും റഹ്മാന്‍ സാഹിബ് ഈടുറ്റ സൗഹൃദവും സ്വാധീനവും ഉറപ്പിച്ചിരുന്നു. സമ്പാദ്യത്തെ കുറിച്ചും അദ്ദേഹത്തിന്റെ കാഴ്ചപ്പാട് വേറെയായിരുന്നു. നേടിയത് മതിയെന്നും യുവത്വത്തിന്റെ നെറുകെയില്‍ നിന്നിറങ്ങിയെന്നും ബോധ്യമായപ്പോള്‍ കരാര്‍ രംഗത്തെ കിട മത്സരത്തില്‍ നിന്ന് സ്വയം ഒഴിഞ്ഞു നിന്ന് സ്വസ്ഥമായി മക്കളായ ജലീല്‍, ഷെരീഫ്, ബീവി, സാക്കിറ എന്നീ മക്കളുടെയും മരുമക്കളുടെയും പേരക്കുട്ടികളുടെയും സാമീപ്യത്തില്‍ സംഘര്‍ഷ രഹിതമായ അനായാസ ജീവിതത്തിലേക്ക് അന്തുമാന്‍ച്ച പിന്‍വലിഞ്ഞു; ജീവിതം ആസ്വദിച്ചു.
മാതൃകാ ദാമ്പത്യം അനുഭവിച്ച, പ്രതിസന്ധികളില്‍ പതറാറില്ലാത്ത അന്തുമാന്‍ച്ച, അഞ്ചുമാസങ്ങള്‍ക്ക് മുമ്പ് സഹധര്‍മിണി മരിച്ചതോടെ മാനസീകമായി തകര്‍ന്നുപോയിരുന്നതായി കുടുംബ വൃത്തങ്ങള്‍ പറയുന്നു.
നാട്ടില്‍ എന്ത് രാഷ്ട്രീയ, സാമൂഹിക-മതസംഘടനാ നീക്കമായാലും വിവാഹാലോചനയായാലും നിശ്ചയമായാലും കുടുംബ പ്രശ്‌നങ്ങളായാലും അഭിപ്രായങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കുമായി നാട്ടുകാരില്‍ നല്ലൊരു ഭാഗം അദ്ദേഹത്തിന്റെ മുമ്പിലെത്തുമായിരുന്നു. എയര്‍ലൈന്‍സ് അന്തുമാന്‍ച്ച എന്ന ബി.എ. റഹ്മാന്‍ ഹാജിയുടെ പേര് അടര്‍ത്തി ബേവിഞ്ച നാട്ടിന് ഒരു ചരിത്രമുണ്ടാവില്ല. തീര്‍ച്ച.
-അഡ്വ. ബേവിഞ്ച അബ്ദുല്ല