ഇശല്‍ വിസ്മയം തീര്‍ത്തു കൊണ്ടിരിന്ന അസ്മ കൂട്ടായി എന്ന ഇശല്‍ നക്ഷത്രം വിട പറഞ്ഞു. പ്രശസ്ത ഗായകനും തബലിസ്റ്റുമായിരുന്ന വാപ്പ ചാവക്കാട് ഖാദര്‍ ഭായിയില്‍ നിന്നും ഗായിക കൂടിയായ ഉമ്മ ആമിനയില് നിന്നുമാണ് അസ്മ പാട്ടിന്റെയും സംഗീതത്തിന്റെയും അഭിരുചി പഠിച്ചെടുത്തത്.
ഇത് കണ്ടറിഞ്ഞ സംഗീത പാരമ്പര്യമുള്ള അമ്മാവന്മാരും ഉമ്മയുടെ അമ്മാവന്മാരുമായ പരേതരായ കെ.എം. ബാപ്പുട്ടി, കെ.എം. ബാവുട്ടി, കെ.എം. മുഹമ്മദ് കുട്ടി, കെ.എം. അബൂബക്കര്‍ തുടങ്ങിയവര്‍ അസ്മയെ ഇവരുടെ ശിക്ഷണത്തില്‍ പാട്ട് പഠിപ്പിക്കുകയായിരുന്നു. ഉമ്മയുടെ അനുജത്തിയും ഹാര്‍മോണിസ്റ്റുമായ കെ.എം. സുബൈദയുടെയും ശിഷ്യയായിരുന്നു.
അസ്മ ജനിച്ചതും പഠിച്ചതും വളര്‍ന്നതും മലപ്പുറം ജില്ലയിലെ തിരൂര്‍ കൂട്ടായിയിലാണ്. മദ്രസയിലും സ്കൂളിലും പാടുമായിരുന്നു. ഇത് കണ്ടറിയുകയും തിരിച്ചറിയുകയും ചെയ്ത ഉപ്പ തന്റെ ട്രൂപ്പിലും താന്‍ പോകുന്ന ട്രൂപ്പിലേക്കും അസ്മയെയും കൊണ്ടുപോകാന്‍ തുടങ്ങി. നാട്ടിലെ കല്യാണപന്തലുകളിലും മറ്റ് ആഘോഷ പരിപാടികളിലും അസ്മയുടെ സാന്നിധ്യം വേണമെന്ന് നാട്ടുകാര്‍ കൊതിച്ചു തുടങ്ങി.
1973ലായിരുന്നു ജനനം. അഞ്ചാം വയസ്സില്‍ പൊതുവേദിയില്‍ പാടി തുടങ്ങിയ അസ്മ അന്നുമുതലേ നാട്ടുകാര്‍ക്കിടയില്‍ വിസ്മയം തീര്‍ക്കുകയായിരുന്നു.
ഉപ്പ ഖാദര്‍ ഒരു പ്രൊഫഷണല്‍ തബലിസ്റ്റായതിനാല് മലയാളത്തിലെ ഒട്ടുമിക്ക ട്രൂപ്പുകളിലും പ്രത്യേകിച്ച് മാപ്പിളപ്പാട്ട് ഗായകരൊത്തും ട്രൂപ്പുകളൊത്തും തബല വായിച്ച പാരമ്പര്യമുണ്ട്. അതിനാല്‍ തന്നെ അന്നത്തെ പ്രശസ്ത മാപ്പിളപ്പാട്ട് ഗായകരും ഗുരുതുല്യരുമായ കെ.ടി. മുഹമ്മദ് കുട്ടി തിരൂരങ്ങാടി, എ.വി. മുഹമ്മദ്, കെ.ജി. സത്താര്‍, ഖമറുദ്ദീന് പൊന്നാനി, ബന്ധു കൂടിയായ റഹ്മാന് ചാവക്കാട്, ഹംസ രണ്ടത്താണി, പള്ളിക്കല്‍ മൊയ്തീന്… തുടങ്ങി ഒട്ടനവധി ഗായകരുമൊത്തും ട്രൂപ്പുകളുമൊത്തും അസ്മയ്ക്ക് പാടാന്‍ അവസരം ലഭിച്ചു. കെ.ടി. മുഹമ്മദ് കുട്ടിയുടെയും എ.വി. മുഹമ്മദിന്റെയും പള്ളിക്കല്‍ മൊയ്തീന്റെയും കൂടെ കേരളത്തിന് പുറത്തും പാടാന്‍ അസ്മയ്ക്ക് അവസരം ലഭിച്ചു.
ആന്ധ്ര, കര്‍ണാടക, മദിരാശി, തൃശ്നാപള്ളി പോലുള്ള ഇടങ്ങളില്‍ പാടാന്‍ ചെന്നിട്ടുണ്ട്. പാടിതുടങ്ങിയ കാലം മുതല്‍ ഉസ്താദുമാരായ തിരൂര്‍ ഷാ ഭായ്, വിന്‍സെന്റ് മാസ്റ്റര്‍, ചന്തു മാസ്റ്റര്‍, തിരൂര്‍ ഉണ്ണി, അന്ത്രുക്ക പൊന്നാനി, ഖലീല്‍ സാഹിബ്, ശിഹാബ് ഇരിങ്ങല്ലൂര്‍, കമ്മുക്കുട്ടി തിരൂര്‍, നാരായണന്, കുട്ടി, യൂസുഫ് താനൂര്‍, പൊന്നാനി ആലിക്കുട്ടി, ബഷീര്‍, യമുന പാലാട്ട്, മോളി റാവു, ഫാത്തിമ തിരൂര്‍, എടപ്പാള്‍ വിശ്വന് തുടങ്ങിയവരുടെ ശിഷ്യത്വം സ്വീകരിക്കുകയും അടുത്ത ബന്ധം പുലര്‍ത്തുകയും നിരവധി പ്രോഗ്രാമുകളില്‍ ഒരുമിച്ച് സഹകരിക്കുകയും ചെയ്തു.
കൂട്ടായി സ്കൂളിലെ പഠനത്തില്‍ പ്രശസ്ത പാടിപ്പറച്ചില്‍ വിദ്വാനും മാപ്പിളപ്പാട്ട് ചരിത്ര ഗവേഷകനും എഴുത്തുകാരനുമായ യോഗ്യന്‍ ഹംസ മാസ്റ്ററെ പോലുള്ള അധ്യാപകരും മറ്റും അസ്മക്ക് പ്രചോദനമായി.
സംഗീതജ്ഞനും തബലിസ്റ്റുമായ ബാവ എന്ന മുഹമ്മദലി (ഖത്തര്‍) ജീവിത പങ്കാളിയായി. മകന് ശഹിനാസ് തബല വായിക്കുകയും പാടുകയും ചെയ്യും. പാട്ടുകാരിയായ മകള്‍ ശംന ഉമ്മയുടെ പാതയില്‍ തന്നെ. ഖത്തറില്‍ നടക്കുന്ന ഏതാണ്ടെല്ലാം കലാ, സാംസ്കാരിക, ഗാനമേള പ്രോഗ്രാമുകള്‍ക്കും അസ്മയെ തേടി സംഘാടകര്‍ എത്തുമായിരുന്നു. ഖത്തര്‍ മലയാളികള്‍ക്കിടയില്‍ ഇത്തരം ഗാനമേള പ്രോഗ്രാമുകള്‍ക്കും മറ്റും ഏറെയും ചുക്കാന്‍ പിടിച്ചിരുന്നത് മുഹമ്മദ് ഈസ എന്ന ഈസക്കയായിരുന്നു.
ജയചന്ദ്രന്, മാര്‍ക്കോസ്, മധു ബാലകൃഷ്ണന്, വിധുപ്രതാപ് പോലുള്ള മുതിര്‍ന്ന, പ്രശസ്ത കലാകാരന്മാര് മുതല്ക്കുള്ള എല്ലാവരുടെയും പ്രോഗ്രാമുകളില്‍ അസ്മ നിറസാന്നിധ്യമായി. മാപ്പിളപ്പാട്ട് ഗായകരായ വി.എം. കുട്ടി, പീര്‍ മുഹമ്മദ്, മൂസ എരഞ്ഞോളി തുടങ്ങിയ നിരവധി കലാകാരന്മാരൊത്ത് ഖത്തറിലും യു.എ.ഇയിലും പങ്കെടുത്തു. നെല്ലറ ശംസുദ്ദീന്‍, മുഹമ്മദ് അക്രം സാഹിബ് തുടങ്ങിയ സംഘാടകരും ഗായകരായ മഹത് വ്യക്തിത്വങ്ങളുമായും പരിചയപ്പെടാനും ഇടപഴകാനും അസ്മക്ക് പ്രവാസ ജീവിതം വഴിയൊരുക്കി. ഇന്നത്തെ മുന്‍നിര ഗായികാ ഗായകരും യുവകലാകാരന്മാരുമായ കണ്ണൂര്‍ ശരീഫ്, ഫിറോസ് ബാബു, ആസിഫ്, സിബെല്ല, നാദിര്‍ഷ, ഖാദര്ഷ, അത്തു, സരിത റഹ്മാന് എന്നിവരോടൊത്തും പാടാനും വേദികള്‍ പങ്കിടാനും സാധിച്ചു.
അബൂദാബിയില്‍ നടന്ന ഒരു മഹാ സംഗമമായിരുന്നു ഇമ്പത്തിന് അമ്പ് എന്ന പ്രോഗ്രാം. ഈ പരിപാടിയിലും അസ്മ താരമായി.
അസ്മ കൂട്ടായി ചലചിത്ര പിന്നണി ഗായികയും അഭിനയേത്രിയും കൂടിയാണ്. ഈ അടുത്ത കാലത്തിറങ്ങിയ ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ലൗ എഫ്.എം എന്ന ചിത്രത്തില്‍ പാടുകയും അഭിനയിക്കുകയും ചെയ്തു. മറ്റൊരു ചിത്രത്തിന് വേണ്ടി പാടിയെങ്കിലും കോവിഡ് മൂലം ചിത്രം പൂര്‍ണമായില്ല. ദര്‍ശന ടി.വിയിലെ ജനകീയ പ്രോഗ്രാമായ കുട്ടിക്കുപ്പായം റിയാലിറ്റിഷോയിലെ ജൂറിയംഗമായിരുന്നു. ആദരവുകളും അംഗീകാരങ്ങളും ഈ പ്രതിഭയെ തേടി വന്നിട്ടുണ്ട്. ജന്മനാട് അസ്മയെ ആദരിച്ചിട്ടുണ്ട്. ഇശല്‍ മഹോത്സവം എന്ന പേരില്‍ തിരൂര്‍ ടൗണ്‍ ഹാളില്‍ നടന്ന ഈ ജനകീയ പരിപാടി സ്പീക്കര്‍ ശ്രീരാമകൃഷ്ണനാണ് ഉദ്ഘാടനം ചെയ്തത്.
അഞ്ചാം വയസ്സില്‍ തുടങ്ങിയ സംഗീതയാത്ര ഈണം തെറ്റാതെ 50-ാം വയസ്സിലും തുടര്‍ന്നുകൊണ്ടിരുന്നു. പക്ഷെ, അപ്പോഴേക്കും അവിചാരിതമായി മരണം തേടിയെത്തി.
-നസീര്‍ പള്ളിക്കല്‍/ ഹമീദ് കോളിയടുക്കം