അഹ്മദ് മാഷ് തന്ന ഊര്‍ജ്ജം

അഹ്മദ് മാഷ് കടന്നുപോയിട്ട് 13 വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു എന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ല. കാരണം, മുമ്പത്തെപ്പോലെ ഈ പതിമൂന്ന് വര്‍ഷവും മാഷ് നമ്മോടൊപ്പം തന്നെ ഉണ്ടല്ലോ, പല വേദികളിലായി, പലപല വ്യക്തികളുടെ ഹൃദയങ്ങളിലായി. എന്നാലും കാലം എന്തൊരു വേഗതയിലാണ് ഓടിപ്പോകുന്നത്!കാസര്‍കോട്ടെ സര്‍ഗ സാഹിത്യ, സാംസ്‌കാരിക, പത്രപ്രവര്‍ത്തക മേഖലയുമായി ബന്ധപ്പെട്ട ഒരു പരിപാടിയും അഹ്മദ് മാഷെ സ്മരിക്കാതെ കടന്നു പോകുന്നില്ല. ഇവിടത്തെ എത്രയോ എഴുത്തുകാരെ കൈയ്യയച്ച് സഹായിച്ചും പരിഗണന നല്‍കിയും വളര്‍ത്തിക്കൊണ്ടുവന്ന ഒരു വലിയ മനുഷ്യന്‍ തന്നെയായിരുന്നു മാഷ്. അദ്ദേഹത്തിന്റെ […]

അഹ്മദ് മാഷ് കടന്നുപോയിട്ട് 13 വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു എന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ല. കാരണം, മുമ്പത്തെപ്പോലെ ഈ പതിമൂന്ന് വര്‍ഷവും മാഷ് നമ്മോടൊപ്പം തന്നെ ഉണ്ടല്ലോ, പല വേദികളിലായി, പലപല വ്യക്തികളുടെ ഹൃദയങ്ങളിലായി. എന്നാലും കാലം എന്തൊരു വേഗതയിലാണ് ഓടിപ്പോകുന്നത്!
കാസര്‍കോട്ടെ സര്‍ഗ സാഹിത്യ, സാംസ്‌കാരിക, പത്രപ്രവര്‍ത്തക മേഖലയുമായി ബന്ധപ്പെട്ട ഒരു പരിപാടിയും അഹ്മദ് മാഷെ സ്മരിക്കാതെ കടന്നു പോകുന്നില്ല. ഇവിടത്തെ എത്രയോ എഴുത്തുകാരെ കൈയ്യയച്ച് സഹായിച്ചും പരിഗണന നല്‍കിയും വളര്‍ത്തിക്കൊണ്ടുവന്ന ഒരു വലിയ മനുഷ്യന്‍ തന്നെയായിരുന്നു മാഷ്. അദ്ദേഹത്തിന്റെ പ്രോത്സാഹനവും സ്‌നേഹമസൃണമായ തലോടലും ഇല്ലായിരുന്നുവെങ്കില്‍ ഇന്ന് കാസര്‍കോട്ടെ എഴുത്തിന്റെ ലോകത്ത് തിളങ്ങി നില്‍ക്കുന്ന പലരും ആരാലും ശ്രദ്ധിക്കപ്പെടാത്തവരായി അവഗണിക്കപ്പെട്ടു പോയേനേ. എഴുത്തില്‍ താല്‍പര്യമുണ്ടെങ്കിലും മുഖ്യധാരാ പ്രസിദ്ധീകരണങ്ങളില്‍ പ്രവേശം നിഷേധിക്കപ്പെട്ടവരുടെ മാധ്യമമായിരുന്നു ഉത്തരദേശവും അഹ്മദ് മാഷും.
അല്‍പം വായിച്ച് ഏറെ എഴുതാന്‍ സാഹസം കാണിച്ച ഈ അഞ്ചാം ക്ലാസുകാരനേയും ക്ലാസ്സില്‍ പഠിപ്പിക്കാതെ പഠിപ്പിച്ച മാഷായിരുന്നു അഹ്മദ് മാഷ്. വര്‍ത്തമാന സംഭവവികാസങ്ങളോട് മുമ്പിന്‍ നോക്കാതെ പ്രതികരിക്കാന്‍ തോന്നിയിരുന്ന കാലത്ത് മണ്ണെണ്ണ വിളക്കിന്റെ വെട്ടത്തില്‍ കരിയും പുകയും ശ്വസിച്ച് എഴുതിയ കുറിപ്പുകളുമായി ഉത്തരദേശത്തിന്റെ കാസര്‍കോട്ടെ കെട്ടിടത്തിന്റെ ഗ്രൗണ്ട് ഫ്‌ളോറിലുള്ള മേശയ്ക്കരികില്‍ എത്തുമായിരുന്നു, ഞാന്‍. അവിടെ അന്ന് ഇരുന്നിരുന്നത് മാനേജര്‍ ബാബുവേട്ടനായിരുന്നു. അദ്ദേഹം ചോദ്യഭാവത്തില്‍ നോക്കുമ്പോള്‍ ഞാന്‍ പറയും, 'ഒരു ലേഖനമുണ്ടായിരുന്നു.'
'അതില്‍ വെച്ചോളൂ' എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടിയ വാര്‍ത്തകളടക്കം എല്ലാ എഴുത്തുകളും നിക്ഷേപിക്കുന്ന പ്ലാസ്റ്റിക് ട്രേയില്‍ ഞാന്‍ എന്റെ വൃത്തിയില്ലാത്ത കൈപ്പടയില്‍ എഴുതിയ നാലും അഞ്ചും കടലാസുകള്‍ മടക്കു നിവര്‍ത്തി നിക്ഷേപിച്ച് മടങ്ങും. ചിലത് പ്രസിദ്ധീകരിച്ച് വരും. ചിലത് വരാതെയുമിരിക്കും.
ഒരു ദിവസം തീര്‍ത്തും അവിചാരിതമായി ഉത്തരദേശത്തില്‍ നിന്നും ഉണ്ണികൃഷ്ണന്‍ പുഷ്പഗിരിയുടെ ഫോണ്‍ വിളി വരുവോളം ബാബുവേട്ടന്‍ മാത്രമായിരുന്നു പാലം.
മൊബൈല്‍ ഫോണ്‍ ഒക്കെ അപ്രാപ്യമായിരുന്ന കാലത്തിനൊടുവില്‍ ഒരു സെക്കന്റ് ഹാന്‍ഡ് സെല്‍ഫോണ്‍ സ്വന്തമായ മൂച്ചിന് ഒരു കുറിപ്പിന്റെ താഴെ നമ്പറും വെച്ചിരുന്നു. അങ്ങനെയാണ് ഉണ്ണിയേട്ടന്റെ വിളി വന്നത്. നേരിട്ട് ഒരിക്കലും കണ്ടിട്ടില്ലാത്ത ഉണ്ണിയേട്ടന്‍ പറഞ്ഞു. 'നിങ്ങളുടെ കുറിപ്പുകള്‍ പത്രത്തില്‍ വരാറുണ്ടല്ലോ. പക്ഷേ, നമ്മള്‍ തമ്മില്‍ ഒരു പരിചയവുമില്ലല്ലോ! അഹ്മദ് മാഷിനെ അറിയാമോ?'
ഇല്ലെന്നു പറഞ്ഞത് സത്യമായിരുന്നു. മാഷെ ഒരിക്കല്‍പ്പോലും കണ്ടിരുന്നില്ല. സത്യം പറഞ്ഞാല്‍ ഉത്തരദേശം ആരുടേതാണ് എന്നു പോലും അന്നു ശ്രദ്ധിച്ചിരുന്നില്ല.
'മാഷ് നേരിട്ട് കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്. ഒരിക്കല്‍ മുകളില്‍ കയറി വരൂ,' ഉണ്ണിയേട്ടന്‍ പറഞ്ഞു.
ആ 'ഒരു ദിവസം' മുകളില്‍ കയറിച്ചെല്ലുമ്പോള്‍ മാഷ് അവിടെയില്ലായിരുന്നു. മാതൃഭൂമിയില്‍ ആയിരുന്നു. ഉണ്ണിയേട്ടന്‍ എന്ന പുതിയ പാലത്തെ പരിചയപ്പെട്ട ശേഷം മാതൃഭൂമിയില്‍ ചെല്ലുമ്പോള്‍ മാഷ് എന്തോ ജോലിയിലായിരുന്നു.
സങ്കോചത്തോടെയും തെല്ലൊരു ഭയത്തോടേയും അകത്തു കയറി സ്വയം പരിചയപ്പെടുത്തിയപ്പോള്‍ എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് മാഷ് എഴുന്നേറ്റുവന്നു.
അദ്ദേഹത്തിന്റെ ഡ്യൂട്ടി കഴിയാറായ ഒരു വൈകുന്നേരമായിരുന്നു അത്.
മാതൃഭൂമിയില്‍ നിന്നും എന്നോടൊപ്പം ഇറങ്ങിയ മാഷ് പതുക്കെ നേരേ നടന്നുകയറിയത് ഇന്നത്തെ എല്‍.ഐ.സി ഓഫീസിന്റെ തൊട്ടടുത്തുള്ള കനറാ ഐസ്‌ക്രീം പാര്‍ലറിലേക്കായിരുന്നു. നടത്തത്തിനിടയില്‍ തന്റെ പതിഞ്ഞ ശബ്ദത്തില്‍ അദ്ദേഹം കുറേ കാര്യങ്ങള്‍ പറയുകയുണ്ടായി.
രണ്ട് ഫ്രഷ് ജ്യൂസ് ഓര്‍ഡര്‍ ചെയ്തിട്ട് മാഷ് തുടര്‍ന്നു, 'നീ ...യുടെ (പേര് ഞാനിവിടെ പരാമര്‍ശിക്കുന്നില്ല-ലേഖകന്‍) മുഹമ്മദ് റഫിയെക്കുറിച്ചുള്ള ഒരു ലേഖനത്തിലെ തെറ്റുകള്‍ അക്കമിട്ട് നിരത്തി എഴുതിയ കുറിപ്പുണ്ടല്ലോ, അതാണ് എഴുത്ത്. അങ്ങനെ എഴുതണം. ആര്‍ക്കും നിഷേധിക്കാനും അവഗണിക്കാനും കഴിയില്ല, അങ്ങനെയുള്ള എഴുത്തിനെ. നീ ചൂണ്ടിക്കാട്ടിയ തെറ്റുകള്‍ അതേപോലെ പത്രത്തില്‍ കൊടുത്തിട്ടുള്ളത് കണ്ടു കാണുമല്ലോ? അവന്‍ എന്റെ സുഹൃത്ത് കൂടിയാണ്. അതുകൊണ്ടാണ് അവന്റെ കുറിപ്പിലെ നീ ചൂണ്ടിക്കാണിച്ച ആത്മപ്രശംസയുടെ ഭാഗം പ്രസിദ്ധീകരിക്കാതിരുന്നത്. പക്ഷേ, അവനെ നേരിട്ട് വിളിച്ചുവരുത്തി ഞാന്‍ നിന്റെ പ്രതികരണം മൊത്തമായി അവനെക്കൊണ്ട് വായിപ്പിച്ചു. അവന്‍ നിന്റെ പ്രതികരണം മുഴുവനായി അംഗീകരിച്ചു.'
ജ്യൂസ് കഴിച്ച് പുറത്തു കടന്ന ശേഷം മാഷ് തുടര്‍ന്ന് ഉപദേശിച്ചു. 'വാരിവലിച്ചും വാചാലമായും എഴുതാതിരിക്കുക. എല്ലാറ്റിനേയും അന്ധമായി വിമര്‍ശിക്കാതെ ക്രിയാത്മകമായും പോം വഴികള്‍ നിര്‍ദ്ദേശിച്ചും എഴുതുക' (ഇന്നുവരെ എനിക്ക് പാലിക്കാന്‍ കഴിഞ്ഞിട്ടില്ല).
ആദ്യ ദര്‍ശനത്തില്‍ തന്നെ എന്റെ പ്രിയപ്പെട്ട ഗുരുനാഥനായി മാറുകയായിരുന്നു മാഷ്. അക്ഷരങ്ങളുടെ ലോകത്ത് വഴികാട്ടിയും. അന്നു പിരിയാന്‍ നേരം ഒരു നിര്‍ദ്ദേശം കൂടി തന്നു. 'വെറും ലേഖനങ്ങള്‍ മാത്രം എഴുതാതെ ഷാഫിയൊക്കെ ചെയ്യുന്നതു പോലെ നല്ല സ്റ്റോറികളും അഭിമുഖങ്ങളുമൊക്കെ ചെയ്യാനും ശ്രമിക്കൂ.' എത്ര വിലപ്പെട്ട, കനപ്പെട്ട ഉപദേശം.
അദ്ദേഹത്തിന് ഈയുള്ളവനില്‍ എത്രത്തോളം പ്രതീക്ഷയും പരിഗണനയും ഉണ്ടായിരുന്നു എന്നുള്ളതിന്റെ മറ്റൊരു ഉദാഹരണമായിരുന്നു, 1995ല്‍ ആദ്യമായി ഗള്‍ഫില്‍ പ്രവാസിയായി പോവുകയാണെന്ന് അറിയിച്ചപ്പോള്‍ 'എവിടെ ചെന്നാലും എഴുത്തുമായുള്ള ടച്ച് വിട്ടേക്കരുത്' എന്ന ഉപദേശം!
മാഷ് വീശിത്തന്ന ചൂട്ടു വെളിച്ചത്തില്‍ ഇപ്പോഴും സധൈര്യം നടക്കുകയാണ്. മാഷുണ്ടായിരുന്നപ്പോള്‍ ലഭിച്ചിരുന്ന അതേ പരിഗണന മുജീബിന്റെയും ഷാഫിയുടേയും വര്‍ത്തമാന കാലത്തും ലഭിക്കുന്നുണ്ട് എന്നത് വലിയ ഭാഗ്യവും അംഗീകാരവും ആയിട്ടാണ് കരുതുന്നത്.
മാഷും മാഷിനോടടുപ്പിച്ച ഉണ്ണിയേട്ടനും ഇന്നില്ല എന്നത് ഒരു വേദനയായും വലിയ നഷ്ടമായും അനുഭവപ്പെടുന്നു. രണ്ടു പേര്‍ക്കും ബാഷ്പാഞ്ജലി അര്‍പ്പിക്കുന്നു.


-റഹ്മാന്‍ മുട്ടത്തൊടി

Related Articles
Next Story
Share it