അഹ്മദ് മാഷ് എന്ന ഗുരുനാഥന്‍

അരനൂറ്റാണ്ടിലേറെ കാലം കാസര്‍കോടിന്റെ സര്‍ഗാത്മക പരിസരങ്ങളെ സജീവമാക്കുകയും നാടിന്റെ നന്മ നിറഞ്ഞ പ്രവര്‍ത്തനങ്ങളില്‍ നിറഞ്ഞ് നില്‍ക്കുകയും ചെയ്ത കെ.എം അഹ്മദ് മാഷ് വിടപറഞ്ഞിട്ട് 12 വര്‍ഷമാകുന്നു. പത്രപ്രവര്‍ത്തകന്‍, സാമൂഹ്യ-സാംസ്‌കാരിക പ്രവര്‍ത്തകന്‍, സാഹിത്യകാരന്‍, പ്രഭാഷകന്‍, ചരിത്രാന്വേഷകന്‍, വിദ്യഭ്യാസ പ്രവര്‍ത്തകന്‍, ഗവേഷകന്‍ എന്നതിനപ്പുറം അഹ്മദ് മാഷ് നല്ല ഒരധ്യാപകനുമായിരുന്നു.തളങ്കര പള്ളിക്കാല്‍ മുഹിസ്സുല്‍ ഇസ്ലാം എ.എല്‍.പി സ്‌കൂളില്‍ അധ്യാപകനായിരുന്ന അഹ്മദ് മാഷ് അക്കാലത്ത് എന്റെ ഗുരുനാഥന്‍ കൂടിയായിരുന്നു. ഉബൈദ് മാഷ്, പി.പി. ഗോപാലന്‍ മാഷ്, ടി.എ. അബൂബക്കര്‍ മാഷ്, കെ. അബ്ദുല്‍ […]

അരനൂറ്റാണ്ടിലേറെ കാലം കാസര്‍കോടിന്റെ സര്‍ഗാത്മക പരിസരങ്ങളെ സജീവമാക്കുകയും നാടിന്റെ നന്മ നിറഞ്ഞ പ്രവര്‍ത്തനങ്ങളില്‍ നിറഞ്ഞ് നില്‍ക്കുകയും ചെയ്ത കെ.എം അഹ്മദ് മാഷ് വിടപറഞ്ഞിട്ട് 12 വര്‍ഷമാകുന്നു. പത്രപ്രവര്‍ത്തകന്‍, സാമൂഹ്യ-സാംസ്‌കാരിക പ്രവര്‍ത്തകന്‍, സാഹിത്യകാരന്‍, പ്രഭാഷകന്‍, ചരിത്രാന്വേഷകന്‍, വിദ്യഭ്യാസ പ്രവര്‍ത്തകന്‍, ഗവേഷകന്‍ എന്നതിനപ്പുറം അഹ്മദ് മാഷ് നല്ല ഒരധ്യാപകനുമായിരുന്നു.
തളങ്കര പള്ളിക്കാല്‍ മുഹിസ്സുല്‍ ഇസ്ലാം എ.എല്‍.പി സ്‌കൂളില്‍ അധ്യാപകനായിരുന്ന അഹ്മദ് മാഷ് അക്കാലത്ത് എന്റെ ഗുരുനാഥന്‍ കൂടിയായിരുന്നു. ഉബൈദ് മാഷ്, പി.പി. ഗോപാലന്‍ മാഷ്, ടി.എ. അബൂബക്കര്‍ മാഷ്, കെ. അബ്ദുല്‍ ഖാദര്‍ മാഷ്, കെ.എം. അഹ്മദ് മാഷ്, കുഞ്ഞഹമ്മദ് മാഷ് കൂട്ടുകെട്ട് അന്ന് മുഹിസ്സുല്‍ ഇസ്ലാം എ.എല്‍.പി. സ്‌കൂളിന്റെ ബലമായിരുന്നു.
അമ്പത് വര്‍ഷത്തിലേറെ കാലം കാസര്‍കോടിന്റെ സമസ്ത മേഖലയിലെയും മുന്നേറ്റങ്ങള്‍ക്ക് ചാലകശക്തിയാവാനും അവിടെയൊക്കെ തന്റെ സാന്നിധ്യം അടയാളപ്പെടുത്താനും അഹ്മദ് മാഷിന് സാധിച്ചിട്ടുണ്ട്. കാസര്‍കോട് ജില്ലക്ക് വേണ്ടിയുള്ള ജനകീയ മുന്നേറ്റങ്ങളുടെയും പ്രക്ഷോഭങ്ങളുടെയും മുന്‍നിരയില്‍ അദ്ദേഹമുണ്ടായിരുന്നു. അതിന് ഊര്‍ജ്ജം പകരാന്‍ ഒരു പത്രം തന്നെ അദ്ദേഹം തുടങ്ങുകയുണ്ടായി.
എണ്‍പതുകളുടെ ആദ്യത്തില്‍ സ്പിരിറ്റ്-അധോലോക മാഫിയ സംഘങ്ങള്‍ക്കെതിരെ ശക്തമായ ചെറുത്ത് നില്‍പ്പ് നടത്തിയതിന്റെ പേരില്‍ കാസര്‍കോട്ടെ പത്രപ്രവര്‍ത്തകര്‍ നേരിടേണ്ടി വന്ന അക്രമങ്ങള്‍ക്കും പ്രയാസങ്ങള്‍ക്കുമെതിരെ ത്യാഗപൂര്‍ണ്ണമായ നേതൃത്വമാണ് മാഷ് നല്‍കിയത്. പത്രപ്രവര്‍ത്തകനായ കെ. കൃഷ്ണനെ വധിക്കാന്‍ അധോലോക സംഘം ശ്രമിച്ചപ്പോള്‍ ഈയുള്ളവനും ആക്രമണത്തിന് വിധേയനായിരുന്നു. ആ സംഭവത്തെ കാസര്‍കോട്ടെ ജനങ്ങള്‍ ഒന്നടങ്കം ഏറ്റെടുക്കുകയും ജനരോഷം ഉയര്‍ത്തുകയും ചെയ്തത് സമാനതകളില്ലാത്ത സംഭവമായിരുന്നു.
പത്രപ്രവര്‍ത്തകന്‍ എന്ന നിലയില്‍ അദ്ദേഹം ഉയര്‍ത്തിപ്പിടിച്ച നിലപാടുകള്‍ കാസര്‍കോടിന്റെ സാമൂഹ്യ പരിസരങ്ങളെ വല്ലാതെ സ്വാധീനിച്ചിരുന്നു. കാസര്‍കോടിന്റെ ചരിത്രവഴികളില്‍ തന്റേതായ അടയാളപ്പെടുത്തലുകള്‍ നടത്തിയതിന് ശേഷമാണ് മാഷ് വിടപറഞ്ഞത്. 2010 ഡിസംമ്പര്‍ 16ന് കാസര്‍കോടിന് ഇരുട്ട് പരത്തി കൊണ്ടാണ് അഹ്മദ് മാഷ് വിട്ട് പോയത്.
കാസര്‍കോട്ടെ ജനത പ്രയാസങ്ങള്‍ അനുഭവിക്കുമ്പോഴും അവഗണിക്കപ്പെടുമ്പോഴും ആദ്യം ഓര്‍മ്മിക്കുന്നത് അഹ്മദ് മാഷിനെയായിരിക്കും. കാസര്‍കോടിന്റെ നന്മക്കും അഭിവ്യദ്ധിക്കും പുരോഗമനത്തിനും വേണ്ടി ജീവിതകാലം മുഴുവന്‍ അണിയറയില്‍ പ്രവര്‍ത്തിച്ച അഹ്മദ് മാഷിന്റെ വിടവ് ഇന്നും നികത്താനായിട്ടില്ല.


-എ. അബ്ദുല്‍ റഹ്മാന്‍

Related Articles
Next Story
Share it